ഇരിട്ടിയിലെ കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സലിങ്ങില്‍ നിന്നു കാണുമ്പോള്‍ ടി.ടി.ജോസഫിന്റെ മുഖത്ത് ശാന്തമായൊരു ചിരിയുണ്ടായിരുന്നു. മദ്യം എന്ന ബാധ ഒഴിഞ്ഞുപോയതിന്റെ സമാധാനവും സന്തോഷവുമാണത്. തന്നെ കീഴടക്കിയ മദ്യത്തെ അതേ മദ്യംകൊണ്ട് തന്നെ നേരിടുകയായിരുന്നു ജോസഫ്. joseph

''ഞാന്‍ പഠിച്ചത് ചങ്ങനാശ്ശേരി എസ്.ബി. കോളേജിലാണ്. ഞങ്ങളുടെ അധ്യാപകര്‍ അധികവും വൈദികരായിരുന്നു. സ്വാഭാവികമായും മദ്യത്തിന് എതിരായൊക്കെ ചെറുപ്പത്തിലേ കേട്ടു വളര്‍ന്നതാണ്. മദ്യപിക്കുന്നവരെ കാണുന്നതുപോലും വെറുത്തിരുന്ന കാലം. 27-ാം വയസ്സില്‍ ഞാന്‍ ഡി.സി.സി. അംഗമായി. ഒരു കോളേജില്‍ ഗസ്റ്റ് ലക്ചററും. പക്ഷേ ഇത്തിരികൂടെ മുതിര്‍ന്നപ്പോള്‍ ജീവിതത്തിലെ പലതും നഷ്ടപ്പെട്ടതായി തോന്നി. ജോലി സ്ഥിരപ്പെടാതെ വന്നു. രാഷ്ട്രീയത്തിലും പൊളിഞ്ഞുപാളീസായി. അതോടെ ഞാന്‍ മദ്യത്തില്‍ അഭയം തേടി..''Anti-drug

മദ്യലഹരിയില്‍ അലഞ്ഞുതിരിഞ്ഞ നാളുകളിലൊന്നാണ് ജോസഫ് വയനാട്ടില്‍ ഒരു കോണ്‍വെന്റിലേക്ക് പോവുന്നത്. ബന്ധുവായ കന്യാസ്ത്രീയെ കാണാനായിരുന്നു യാത്ര. ജോസഫിനെ കണ്ടപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു. അവിടെ പ്രാര്‍ത്ഥനകളും ചികിത്സകളുമായി നാല് ദിനങ്ങള്‍. ഇനി മദ്യപിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ജോസഫ് തിരിച്ചുവന്നത്.

തുടര്‍ന്ന് ലഹരിമുക്ത ചികിത്സാകേന്ദ്രമായ തലശ്ശേരി പ്രതീക്ഷയില്‍ ക്ലാസെടുക്കാന്‍ തുടങ്ങി. പതുക്കെ പ്രതീക്ഷ കേന്ദ്രത്തിന്റെ പ്രോജക്ട് ഓഫീസറുടെ ചുമതലയും ജോസഫിനായി. അതിനുശേഷം സൈക്കോളജിയിലും കൗണ്‍സലിങ്ങിലും എം.എസ്.സി. ബിരുദം നേടി. ഇപ്പോള്‍ ഇതേവിഷയത്തില്‍ ഡോക്ടറേറ്റ് നേടാനുള്ള ഗവേഷണത്തിലാണ്. ജോസഫ് പഠിച്ചതില്‍ എല്ലാം മുഖ്യവിഷയം ലഹരിവിമുക്തി തന്നെ.

''ഇതെല്ലാം ശരിക്കും പഠിച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ രീതികള്‍ മാറി. പാമ്പ് അതിന്റെ പടം പൊഴിച്ചുകളയുന്നപോലെ ഞാന്‍ മദ്യത്തില്‍നിന്ന് അകന്നുപോയി. മദ്യത്തെക്കുറിച്ച് ശരിക്കും പഠിച്ചൊരാള്‍ക്ക് പിന്നെയൊരിക്കലും മദ്യപിക്കാന്‍ തോന്നില്ല.''ജോസഫ് ഉറപ്പിച്ച് പറയുന്നു. ഇപ്പോള്‍ മദ്യപിക്കുന്നവരെ മുന്നില്‍ കണ്ട് ഇരിട്ടിയില്‍ പരിശീലനങ്ങളും കോഴ്‌സുകളും നടത്തുകയാണ് ജോസഫ്.

മദ്യപാനത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ക്കായി ജോസഫിനെ വിളിക്കാം. ഫോണ്‍-9400751874


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.