ര്‍ത്തമാന കാലഘട്ടം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന വിപത്ത് ലഹരിവസ്തുക്കളുടെ ഉപയോഗമാണ്. യുവാക്കളും വിദ്യാര്‍ഥികളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ അമര്‍ന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, സ്‌കൂളുകളുടെയും പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിപണനം ഏറെയും നടക്കുന്നത്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളാണ് വളരെപ്പെട്ടെന്ന് മയക്കുമരുന്ന് വിപണനക്കാരുടെ കെണിയില്‍ വീഴുന്നത്. ആദ്യമൊക്കെ സഹപാഠികള്‍ തന്നെ തമാശയ്ക്കായി ഇതു പരീക്ഷിക്കും. സൗജന്യമായി മയക്കുമരുന്ന് ലഭ്യമാകും. പിന്നെ അത് ഒരു ആവശ്യമായി മാറും. സൗജന്യമായി ആദ്യം കിട്ടിയിരുന്നത് പിന്നെപ്പിന്നെ അച്ഛനും അമ്മയും കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം അപഹരിച്ച് ആ പണം വാങ്ങി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. വിദ്യാര്‍ഥികളുടെ ഇടയിലാകുമ്പോള്‍ വലിയ ഒരു ഉപഭോഗ സമൂഹത്തെത്തന്നെ ഇവര്‍ക്കു കിട്ടും. ഇതിനെതിരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സന്നദ്ധ സേനകള്‍ എന്നിവരുടെ ഇടപെടലും താരതമ്യേന കുറവായിരിക്കും. ഈ ശാപം തടയുന്നതിന് പോലീസ്, എക്സൈസ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സന്നദ്ധ സംഘടനകള്‍ എന്നിവരോടൊപ്പം നമ്മള്‍ എല്ലാവരുടേയും ഒത്തൊരുമ ആവശ്യമാണ്. സാമൂഹിക പ്രവര്‍ത്തകരുടെ താത്പര്യവും വളരെയേറെ സഹായകമാകും.

ഞാന്‍ 1981ല്‍ കൊല്ലം ജില്ലയില്‍ കുണ്ടറ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കാലത്ത് അനുവദനീയ മദ്യവും അനധികൃത മദ്യവും സുലഭമായി ലഭിച്ചിരുന്നു. കള്ളുഷാപ്പുകളും ചാരായ ഷാപ്പുകളും അവയുടെ അനുവദിച്ചിട്ടുള്ള ഉപഷാപ്പുകളും അനധികൃത ഉപഷാപ്പുകളും ധാരാളമായിരുന്നു. ഇതു കൂടാതെ വാറ്റുചാരായവും എല്ലായിടത്തും ലഭ്യമായിരുന്നു. അതിനാല്‍ വാറ്റുചാരായം ഇല്ലാതാക്കുന്നതിന് പൊതുവേ താത്പര്യം ഇല്ലായിരുന്നു.

കള്ളുഷാപ്പുകളും ചാരായഷാപ്പുകളും നടത്തിവന്ന മുതലാളിമാര്‍ക്കു മാത്രമേ വാറ്റുചാരായം കണ്ടുപിടിച്ച് കേസുകള്‍ എടുക്കാന്‍ താത്പര്യം ഉണ്ടായിരുന്നുള്ളൂ. അന്ന് അവരുടെ താത്പര്യ പ്രകാരം എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥര്‍ ആ ജോലി ചെയ്തു വന്നിരുന്നു. എന്നാല്‍ മയക്കുമരുന്ന് വളരെ കുറവായി മാത്രമേ ലഭ്യമായിരുന്നുള്ളൂ. മയക്കുമരുന്നുകളില്‍ വളരെ വിലകുറഞ്ഞതും എളുപ്പം ലഭ്യതയുള്ളതുമായ കഞ്ചാവായിരുന്നു അന്ന് സാധാരണക്കാര്‍ക്ക് കിട്ടിയിരുന്നത്. 

ganja

കഞ്ചാവിന്റെ വിപണനം ആ കാലത്ത് കൂടുതലും തീരദേശ മേഖലകളിലായിരുന്നു. പാവങ്ങളായ തൊഴിലാളികളായിരുന്നു അതിനിരയായവരില്‍ കൂടുതലും. കേരളത്തിലെ ഇടുക്കി ജില്ലയിലെ വന പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് വ്യാപകമായി കഞ്ചാവ് കൃഷി നടത്തി വന്നിരുന്നു. സമൂഹത്തിലെ ഇന്നത്തെ വലിയ പണക്കാരും മാന്യന്മാരും നേരിട്ടും അല്ലാതെ പണം മുടക്കിയും ഈ കൃഷി നടത്തിയിരുന്നു. എല്ലാവരും അതു കണ്ടില്ലെന്ന് നടിച്ചു. ഏഴുവര്‍ഷം കഴിഞ്ഞാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കേരളാ പോലീസും എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റും വനംവകുപ്പും റവന്യൂവകുപ്പും ചേര്‍ന്ന് തുടര്‍ച്ചയായി പരിശ്രമിച്ച ശേഷമാണ് ആ വനമേഖലയിലെ വ്യാപകമായ കഞ്ചാവ് കൃഷി ഒരുവിധമെങ്കിലും അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ വീണ്ടും അവിടെ ഈ കൃഷി നാമ്പെടുക്കുന്നതായിട്ടാണ് പത്ര മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത്.

drugകുണ്ടറയെന്ന പ്രദേശം കാഞ്ഞിരോട് കായലിന്റെ തീരപ്രദേശമാണ്. കായലില്‍ മത്സ്യബന്ധനം നടത്തിയും മറ്റു കൃഷി ജോലികള്‍ ചെയ്തും കയര്‍, കശുവണ്ടി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചും സാധാരണക്കാര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. അവിടെയും കഞ്ചാവിന്റെ രുചി നുണഞ്ഞു തുടങ്ങി.

ഓരോ പ്രദേശത്തും പത്തും പതിനഞ്ചും ആള്‍ക്കാര്‍ ഇതിന്റെ ഉപയോഗത്തില്‍ വീണുപോയി. 25 പൈസ കൊടുത്താല്‍ ഒരു ബീഡി കിട്ടും. അത് കത്തിച്ച് വലിച്ചാല്‍ വലിയ അനുഭൂതിയായിരുന്നു. ആ പ്രദേശത്തെ പള്ളിയിലെ പുരോഹിതനും മറ്റും ഇതിന്റെ വിവരങ്ങള്‍ എത്തിച്ചു തരുന്നുണ്ടായിരുന്നു. കിട്ടുന്ന വിവരം അനുസരിച്ച് മഫ്തിയില്‍ മിടുക്കന്മാരായ എന്റെ സഹപ്രവര്‍ത്തകര്‍ വളരെയേറെ മിനക്കെട്ടു. ഇതിന്റെ വിപണനത്തില്‍ ഏര്‍പ്പെട്ട ആള്‍ക്കാരെ തൊണ്ടിമുതലായ കഞ്ചാവോടെ പിടികൂടി കേസുകള്‍ എടുത്ത് അവരെ ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഈ വിപണനത്തില്‍പ്പെട്ട ആളിനെപ്പിടിക്കുമ്പോള്‍ അയാളുടെ കൈവശം മയക്കുമരുന്നു ഇല്ലെങ്കില്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ സാധ്യമല്ല. ചെറിയ രീതിയില്‍ ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നല്ലാതെ അത് അമര്‍ച്ചചെയ്യാന്‍ കഴിയാതെ വന്നു. കഞ്ചാവിന് അടിമപ്പെട്ടവരെ ചികിത്സയ്ക്കും കൗണ്‍സലിങിനും വിധേയമാക്കുകയും ചെയ്തിരുന്നു. 1981ല്‍ മയക്കുമരുന്നിന് എതിരായ നിയമം വളരെ ദുര്‍ബലമായിരുന്നു. അന്ന് മയക്കുമരുന്നിന് വിധേയമായവരെ ചികിത്സിക്കുന്ന ഡി അഡിക്ഷന്‍ സെന്ററുകളോ കൗണ്‍സിലിങ് സെന്ററുകളോ ഇല്ലായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

കുറച്ചുകഴിഞ്ഞപ്പോള്‍ കുണ്ടറ കാഞ്ഞിരോട് സ്‌കൂളിലെ വിദ്യാര്‍ഥികളിലേക്കും ഈ ദുര്‍വിധിയെത്തി. കേരളത്തില്‍ പ്രസിദ്ധയായിരുന്ന വിഷചികിത്സാ ഡോക്ടറുടെ മകനെയും അയാളുടെ ഒരു കൂട്ടുകാരനേയും ഓരോ ചെറിയ പൊതി കഞ്ചാവുമായി പിടികൂടാന്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു.

വിദ്യാര്‍ഥികളിലേക്ക് ഈ ശാപം പടര്‍ന്നപ്പോള്‍ ഞങ്ങളും പോലീസ് ഡിപാര്‍ട്മെന്റും അതു വളരെയേറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. അന്ന് കൊല്ലം ജില്ലാ പോലീസ് സുപ്രണ്ട് ആയിരുന്ന വിശ്വനാഥപിള്ള കുണ്ടറ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു വേണ്ട നിര്‍ദ്ദേശം തന്നു. 

ഇതിന്റെ ഇരകളായ വിദ്യാര്‍ഥികളെ കണ്ടു പിടിച്ച് കേസെടുക്കുന്നതിന് ഉപരിയായി മയക്കുമരുന്ന് ഈ പ്രദേശത്തു എത്തിക്കുന്ന ആള്‍ക്കാരെ മയക്കുമരുന്നുമായി പിടികൂടിയാല്‍ മാത്രമേ ഇതിനെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അതില്‍ ഉള്‍പ്പെട്ട ആള്‍ക്കാരെ തിരിച്ചറിയുന്നതിനും അവരെ മയക്കുമരുന്നുമായി കസ്റ്റഡിയില്‍ എടുക്കുന്നതിനും അവര്‍ മയക്കു മരുന്നു സൂക്ഷിക്കുന്ന സ്ഥലം കണ്ടുപിടിക്കുന്നതിനും ശ്രമം തുടങ്ങി. 

കുണ്ടറ എം.എല്‍.എ ആയിരുന്ന വി.വി ജോസഫ് സാറിനെ ഞാന്‍ സമീപിച്ചു. അധ്യാപകനായിരുന്ന ജോസഫ്സാര്‍ അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായിരുന്നു. അതിന് ശേഷമായിരുന്നു കുണ്ടറ എം.എല്‍.എ ആയി നിന്നു മത്സരിച്ച് ജയിച്ചതും. പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയായിരുന്നു ജോസഫ് സാര്‍. ഒരു ഇടതുപക്ഷ പ്രവര്‍ത്തകന് നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ട എളിമയും അറിവും നേതൃത്വപാടവും ഒത്തിണങ്ങിയ ഒരു പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 

Ganja

എന്നെ വളരെ ക്ഷമയോടെ ഇരുന്നു കേട്ടശേഷം ഈ ദുരന്തം നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതാക്കാന്‍ അദ്ദേഹം തന്നെ ഞങ്ങളോടൊപ്പം കൂടി. കിട്ടുന്ന അറിവുകള്‍ വിശകലനം ചെയ്തു മുന്നോട്ടുപോകാന്‍ എന്റെയും അദ്ദേഹത്തിന്റെയും മിടുക്കന്മാരായ സഹപ്രവര്‍ത്തകര്‍ തയ്യാറായി. വളരെ ക്ഷമയോടും നിരാശയില്ലാതെയും മുന്നോട്ടു പോയാല്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂ. പക്ഷേ 10 ദിവസത്തിനുള്ളില്‍ കഞ്ചാവ് ഈ മേഖലയില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും എത്തിക്കുന്ന മൊത്തക്കച്ചവടക്കാരായ നാലു മാന്യന്മാരെ വലിയ തോതിലുള്ള കഞ്ചാവ് ശേഖരവുമായി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞുവെന്നത്് അഭിമാനത്തോടെ ഓര്‍മിക്കുന്നു. 

രണ്ടുമാസത്തോളം ഞങ്ങള്‍ മാത്രം നടത്തിയ പരിശ്രമങ്ങളെക്കാള്‍ വിജയം കൈവരിച്ചത് കൂട്ടായ പ്രവര്‍ത്തനമാണ്. കസ്റ്റഡിയിലെടുത്ത നാലു പേരും സമൂഹത്തിലെ മാന്യന്മാരായിരുന്നു. അവര്‍ക്ക് കഞ്ചാവ് വലിയ തോതില്‍ എത്തിച്ചിരുന്ന കോട്ടയത്തുകാരനായ ഒരാളെയും തുടര്‍ന്ന് പിടികൂടാന്‍ കഴിഞ്ഞു. ഞാന്‍ ഈ വിവരം ഇവിടെ പങ്കുവച്ചത് ഇതുപോലുള്ള വിപത്തുകള്‍ തടയുന്നതിന് ജോസഫ് സാറിനെപ്പോലെ സാമൂഹ്യപ്രതിബദ്ധതയുള്ള ആള്‍ക്കാരുടെ സേവനവും സഹായവും ആവശ്യമാണ്. അന്ന് ദുര്‍ബലമായിരുന്ന നിയമം മാറി.

ഇന്ന് വളരെ കര്‍ക്കശമായ നിയമം നിലവിലുണ്ട്. അന്നത്തെ പോലീസ്, എക്സൈസ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവയേക്കാള്‍ വളരെ പ്രവര്‍ത്തന സൗകര്യങ്ങളുള്ളതുമായ സംവിധാനം ഇന്നുണ്ട്. പക്ഷേ വി.വി ജോസഫ് സാറിനെപ്പോലെയുള്ള ആള്‍ക്കാര്‍ കൂടെ കൂടിയാല്‍ മാത്രമേ മദ്യ-മയക്കുമരുന്നു വേട്ട വിജയകരമായി നടത്താന്‍ കഴിയുകയുള്ളൂ.

2000-ല്‍ ഞാന്‍ കായംകുളം ഡി.വൈ.എസ്.പി. ആയിരിക്കുമ്പോള്‍ കഞ്ചാവ് കൂടാതെ വിദേശരാജ്യങ്ങളില്‍ഉപയോഗിക്കുന്ന ലഹരി വസ്തുക്കള്‍ ഗ്രാമപ്രദേശങ്ങളില്‍പ്പോലും ലഭ്യമായി തുടങ്ങി. സാമ്പത്തിക ശാസ്ത്രത്തിലെ തത്വം പോലെ 'ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ സാധനം ലഭ്യമാകും'. 2004 കാലഘട്ടത്തില്‍ ചാരായം നിരോധിച്ച കാലമായിരുന്നു. കള്ളുഷാപ്പുകള്‍ മാത്രമേ നിലവിലുള്ളൂ. ചാരായഷാപ്പുകള്‍ ഇല്ലാതായി. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം മാത്രം ലഭ്യമായിരുന്നു.

ചാരായഷാപ്പുകള്‍ ഇല്ലാതായതില്‍പ്പിന്നെ കള്ളുഷാപ്പുകളില്‍ ചാരായത്തില്‍ കള്ളൊഴിച്ചു കള്ളെന്ന പേരില്‍ വില്‍പന തുടങ്ങി. ലോറിക്കണക്കിന് ചാരായം കേരളത്തിന് പുറത്തുനിന്ന് കേരളത്തിലേക്ക് ഒഴുകി. ഈ വ്യവസായത്തെ കണ്ടില്ല എന്നു നടിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഒരു തലവേദനയായി മാറി. 

എന്തു നല്ല ഉദ്ദേശത്തില്‍ ഒരു പരിഷ്‌കാരം വരുത്തിയാലും അതിനെ വളച്ചൊടിച്ചു താറുമാറാക്കുന്നതില്‍ വളരെ മിടുക്കന്മാരാണ് പലരും. അതുപോലെ കഞ്ചാവും മറ്റു മയക്കുമരുന്നുകളുടെയും ലഭ്യത കൂടി വന്നു. കോളേജുകളിലും അതിന്റെ ഹോസ്റ്റലുകളിലും മാത്രമല്ല, സ്‌കൂള്‍ പരിസരത്തും ഇതിന്റെ ലഭ്യത കൂടി വന്നു. വിദ്യാര്‍ഥികള്‍ പോലും ഈ മയക്കുമരുന്നിന്റെ വിപണനത്തില്‍ പങ്കാളികളായി മാറി. പുതിയ എക്സൈസ് കമ്മീഷണര്‍ ചാര്‍ജെടുത്ത ശേഷം എക്സൈസ് ഡിപ്പാര്‍ട്മെന്റ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും പനിപിടിച്ച അവസ്ഥയാണ്. 

കോളേജുകളിലും അതിനോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലും മറ്റ് ഹോസ്റ്റലുകളിലും പരിശോധന നടത്തുന്നതിന് പോലീസ്, എക്സൈസ്, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നീ വകുപ്പുകള്‍ മടിച്ചു നില്‍ക്കുകയാണ്. ഇപ്പോള്‍ ലഭ്യമായ വിവരം അനുസരിച്ച് സുരക്ഷിതമായി ലഹരി വസ്തുക്കള്‍ വലിയ തോതില്‍ ശേഖരിക്കുന്ന ഈ സ്ഥലങ്ങളില്‍ ദൂതനാല്‍ മനസ്സിലാക്കുന്നത് വി.വി ജോസഫ് സാറിനെപ്പോലെ പൊതുപ്രവര്‍ത്തകര്‍ പോലീസ്, എക്സൈസ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കൊപ്പം പങ്കാളികളായവര്‍ എന്നിവര്‍ക്ക് ഒരു പരിധിവരെ ഈ വിനാശം നിയന്ത്രിക്കാനാകും എന്നാണ് എന്റെ വിശ്വാസം. ഒരു കിലോഗ്രാം കഞ്ചാവില്‍ താഴെയുള്ളവ കൈവശം വച്ചിരിക്കുന്നതും ഒരു ലഘുവായ കുറ്റമായി നിയമത്തിലുള്ളതും മയക്കു മരുന്നു കച്ചവടക്കാര്‍ക്ക് ഒരു സഹായമായി മാറി.

പരിമിതമായ പോലീസ് സേനയായിരുന്നിട്ടും1981ല്‍  മയക്കുമരുന്നിന്റെ വേരുകള്‍ വരെ അറുത്തുമാറ്റാന്‍ കഴിഞ്ഞു. വി.വി ജോസഫിനെപ്പോലെയുള്ള പൊതുപ്രവര്‍ത്തകരുടെ താത്പര്യവും സഹകരണവും ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ വിപത്തിനെ വേരോടെ പിഴുതെറിയാന്‍ കഴിയുകയുള്ളു.

Content Highlights: anti-drug campaign Kollam, Ganja