''ടീച്ചറേ പൊടി കിട്ടിയില്ലെങ്കില്‍ ഉറക്കം വരില്ല, തലയ്ക്ക് കനം വരുന്ന പോലൊരു തോന്നല്‍. അതാണ് രാത്രിയാണെന്ന് പോലും നോക്കാതെ  ആരും കണാതെ വില്‍പ്പനക്കാരനെ തേടി പുറത്തിറങ്ങിയത്. ഒരു വര്‍ഷത്തോളമായി ഞാന്‍ ലഹരി ഉപയോഗിക്കുന്നു. എനിക്ക് വീട്ടുകാരോട് പറയണമെന്നും ജീവിതത്തിലേക്ക് തിരിച്ച് വരണമെന്നുമുണ്ട്. പക്ഷെ കഴിയുന്നില്ല''   

കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് താമസിക്കുന്ന ഒരു പതിനെട്ട് കാരിയില്‍ നിന്ന് കഴിഞ്ഞ മാസം ജില്ലാ സ്‌കൂള്‍ ജാഗ്രതാ സമിതിയിലെ ഒരു പ്രധാനാധ്യാപികയ്ക്ക് കേള്‍ക്കേണ്ടി വന്ന നിസ്സഹായതയുടെ വാക്കുകളാണിത്. ലഹരിയുടെ പിടിയില്‍ പെട്ട് എന്ത് ചെയ്യണമെന്നറിയാതെ ജീവിതം തകര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ കുട്ടികളുടെ നേര്‍ക്കാഴ്ച്ച. 

അന്ന് രാത്രി ഒമ്പതരയോടെ  ഓഫീസ് ജോലിയും തീര്‍ത്ത് വെസ്റ്റ്ഹില്‍ ഭാഗത്തെ വീട്ടിലേക്ക് പോവുകയായിരുന്നു ഈ അധ്യാപിക.  രാത്രി ഏറെ വൈകിയത് കൊണ്ട് നഗരത്തില്‍ നിന്നും ഓട്ടോ വിളിച്ചായിരുന്നു യാത്ര.  വെസ്റ്റ് ഹില്‍ ബാരക്സിനടുത്ത ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ കണ്ടത് ഒരു പതിനെട്ട് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി വരുന്ന വാഹനങ്ങള്‍ക്കൊക്കെ കൈ കാണിക്കുന്നതായിരുന്നു. Anti-drug

സംശയം തോന്നിയ അവര്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു.  കുട്ടിയെ  കൂടെ കയറ്റുകയും ചെയ്തു. എവിടേക്കാണ് രാത്രിയെന്ന ചോദ്യത്തിന് തന്നെ  ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് മൈതാനത്തിന്റെ ഭാഗത്ത് ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നെ കൂടുതലൊന്നും സംസാരിച്ചില്ല. ആരെയോ പ്രതീക്ഷിച്ച് അവരിലേക്ക് എത്തിച്ചേരാനുള്ള ഒരു തിടുക്കത്തിലായിരുന്നു അവള്‍. സ്ഥലത്ത് എത്തിയപ്പോള്‍ ആരെയോ ഫോണ്‍വിളിച്ച് കൊണ്ട്  അവിടെയുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് നടന്ന് പോവകും ചെയ്തു. പിന്നെ കണ്ടത് പെണ്‍കുട്ടിയുടെ പിറകെ ബൈക്കിലെത്തിയ ഒരാള്‍ എന്തോ ഒരു പൊതി കൊടുക്കുന്നതായിരുന്നു.  അത് വായിലിട്ട പെണ്‍കുട്ടി അതേ ബൈക്കില്‍ തിരിച്ച് റോഡിലേക്ക് പോരുകയും നേരത്തെ നിന്ന സ്ഥലത്തെത്തി വീണ്ടും വണ്ടിക്ക് കൈകാണിക്കാന്‍ തുടങ്ങുന്നതുമായിരുന്നു. സംഭവത്തില്‍ ദുരൂഹത തോന്നിയ ടീച്ചര്‍ വണ്ടി തിരിച്ച് വീണ്ടും പെണ്‍കുട്ടിയെ തന്റെ ഓട്ടോയില്‍ തന്നെ കയറ്റി. 

മെഡിക്കല്‍ കോളേജ് ഭാഗത്താണ് വീടെന്നും അടയാളവും പെണ്‍കുട്ടി യാത്രയ്ക്കിടെ ടീച്ചറോട് പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ എന്തൊക്കെയോ തന്നോട് സംസാരിക്കുകയും കരയുകയും ചെയ്തതായി അവര്‍ ഓര്‍ക്കുന്നു.  വീട്ടിലെത്തുമ്പോഴേക്കും ലഹരി തലയ്ക്ക് പിടിച്ച് വണ്ടിയില്‍ ബോധമില്ലാതെ അവസ്ഥയിലുമായി.  രാത്രിയില്‍ വീട് അന്വേഷിച്ച് എത്തിയ അധ്യാപിക അമ്മയോട് കുട്ടിയെ പറ്റി ചോദിച്ചപ്പോള്‍ അവള്‍ മുകളിലത്തെ മുറിയില്‍ ഇരിക്കുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. അവര്‍ അറിഞ്ഞിട്ട് പോലുമുണ്ടായിരുന്നില്ല തന്റെ കുട്ടി വീട്ടിന് പുറത്തേക്ക് പോയതും ഇത്രയും സമയം എവിടെയായിരുന്നുവെന്നതും.  

ഒന്ന് വിളിക്കാന്‍ പറഞ്ഞപ്പോള്‍ അന്വേഷിച്ച് മുകളിലത്തെ മുറിയില്‍ എത്തിയപ്പോള്‍ മാത്രമാണ് കുട്ടി അവിടെ ഇല്ലെന്ന ബോധം രക്ഷിതാക്കള്‍ക്ക് പോലുമുണ്ടായത്. തന്റെ മകള്‍ മാരകമായ ലഹരിക്ക് അടിമപ്പെട്ട് പോയി എന്ന തിരിച്ചറിവും അവര്‍ക്കുണ്ടായത് അന്നുമാത്രമാണ്. ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികളിലും മറ്റും സജീവമായി പങ്കെടുക്കുന്ന ഒരാള്‍ കൂടിയായ ഈ അധ്യാപികയുടെ സഹായത്തോടെ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ കഴിഞ്ഞെങ്കിലും ഇത്തരത്തിലുള്ള കുട്ടികള്‍ നമ്മുടെ ഓരോ വീടീലും ഉണ്ടാവാനുള്ള സാഹചര്യം ഇപ്പോള്‍ ഏറെ വര്‍ധിച്ച് വരുന്നതായി ഇവര്‍ ഓര്‍മിപ്പിക്കുന്നു. കാരണം അത്ര ഭീകരമായി ആയിരം കൈകളുള്ള നീരാളിയെ പോലെ നമ്മുടെ കുട്ടികളെ വരിഞ്ഞ് മുറുക്കിയിരിക്കുകാണ് ഓരോ സ്‌കൂളിനെയും ലക്ഷ്യമിട്ട് ലഹരി മാഫിയകള്‍.

സ്വന്തം കുട്ടികള്‍ക്ക് വേണ്ടി ഒരു മണിക്കൂര്‍ പോലും തന്റെ തിരക്കുള്ള ജീവിതത്തിനിടെ ഇന്ന് പല രക്ഷിതാക്കള്‍ക്കും മാറ്റിവെക്കാനാവുന്നില്ല. അത് കുട്ടികളില്‍ ഉണ്ടാക്കുന്ന അപകടത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഈ പതിനെട്ടുകാരി. ജോലി തിരക്കും മാറിയ ജീവിത സാഹചര്യങ്ങളുമൊക്കെയാണ് സമയമില്ലായ്മയുടെ പ്രധാന കാരണമെങ്കിലും അവര്‍ക്ക് തങ്ങളുടെ കുട്ടികളോട് സ്‌നേഹമില്ലെന്ന് ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ല. പലപ്പോഴും  സമയമില്ലായ്മയെ കുട്ടികള്‍ ചോദിക്കുമ്പോള്‍ എന്തും നടത്തിക്കൊടുത്ത് കൊണ്ടാണ് ഓരോ രക്ഷിതാവും അതിനെ മറികടക്കുന്നത്. 

പണമായാലും ബൈക്കായാലും വിലകൂടിയ മൊബൈല്‍ ഫോണായാലും കുട്ടികള്‍ പറയുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ  നടത്തിക്കൊടുക്കുന്ന ഒരു നൂതന രക്ഷാകര്‍തൃ സംവിധാനം. അതിലൂടെ  തങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞുവെന്ന് ചിന്തിക്കുന്ന രക്ഷിതാക്കള്‍. ഇത് കുട്ടികളുടെ ഇടയ്ക്ക് ആരെയും പേടിയില്ലാത്തെ എന്തിനെയും സ്വീകരിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കിയെടുത്തിട്ടുമുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇത്തരം കുട്ടികളെ കാത്ത് പുറത്ത് തക്കം പാര്‍ത്തിരിക്കുന്നത് ലഹരി മാഫിയകളുടെ അഴിക്കാന്‍ കഴിയാത്ത കണ്ണികളാണ്. ലഹരിയുടെ  പിടിയില്‍ പെട്ട് പോവുന്ന പല കുട്ടികളും ഇത്തരം ജീവിത സാഹചര്യങ്ങളില്‍ നിന്ന് സ്‌കൂളിലേക്കോ കോളേജിലേക്കോ എത്തുന്നവരായിരിക്കുമെന്ന് ഇതിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍  തങ്ങളുടെ അനുഭവം കൊണ്ട് ബോധ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ബോധവത്കരണത്തിനും ക്ലാസുകള്‍ക്കുമപ്പുറം ഇതിനെതിരേ ആദ്യ പ്രതിരോധം തീര്‍ക്കേണ്ടതും വീടുകളില്‍ നിന്നായിരിക്കണമെന്നത് ഇനിയെങ്കിലും നമുക്ക് മറക്കാതിരിക്കാം.

 

തിരിച്ചറിഞ്ഞ് തടയാം
കുട്ടികള്‍ മയക്കുമരുന്നിന്റെ പിടിയില്‍ പെട്ടിട്ടുണ്ടോ എന്ന സംശയം തോന്നിയാല്‍ അവരുടെ പെരുമാറ്റം കൃത്യമായി നീരീക്ഷിക്കുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്. കണ്ണിലും വായിലും ശാരീരിക ചലനങ്ങളിലുമൊക്കെ കാണുന്ന അസ്വാഭാവിക മാറ്റങ്ങള്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തെളിവാകാം. 

ലഹരിക്ക് അടിമപ്പെടുന്ന കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ കൗണ്‍ലിങ്ങിനും സൈക്കോ തെറാപ്പിക്കുമെല്ലാം കഴിയും. കൂടുതല്‍ സമയം മുറിയടച്ചിരിക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്‍കരുത്. പതിവിന് വിപരീതമായി സ്‌കൂളില്‍ പോകാനുള്ള മടി, ഉറക്കക്കുറവ്, ഭക്ഷണത്തോടുള്ള അമിതമായ ആര്‍ത്തി അല്ലെങ്കില്‍ വിരക്തി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാലും ശ്രദ്ധിക്കണം. 

രക്ഷിതാക്കള്‍ അധ്യാപകര്‍ നാട്ടുകാര്‍ എന്നിവര്‍ അടങ്ങിയ ജാഗ്രതാ സമതികള്‍ രൂപീകരിക്കുന്നതും ഒരു പരിധിവരെ കുട്ടികളെ പ്രലോഭനങ്ങളില്‍ പെടാതിരിക്കാന്‍ സാധിക്കും. സ്‌കൂള്‍ പരിസരത്തെ വീട്ടുകാര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ കട നടത്തുന്നവര്‍ എന്നിവരെയെല്ലാം ജാഗ്രതാ സമിതികളില്‍ അംഗങ്ങളാക്കാം. ഇത് കുട്ടികളെ നിരീക്ഷിക്കാനും ഇവരെ സ്വാധീനിക്കുന്ന ഗ്യാങ്ങുകളെ കണ്ടെത്താനും സഹായിക്കും.

കുട്ടികള്‍ സാധാരണ സമയത്ത് നിന്നും വീട്ടില്‍ വൈകിയെത്തുന്നതും സ്‌കൂളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിക്കുന്നതുമെല്ലാം പതിവാക്കുക. അതുപോലെ അവരുടെ അധ്യാപകരുമായുള്ള സംസാരവും ശീലത്തിന്റ ഭാഗമാക്കുക. തനിക്ക് ഏറ്റവും വലിയ ഉത്തരവാദിത്വം വീട്ടുകാരോടാണെന്നുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കുകയും ഏറ്റവും നല്ല സൗഹൃദത്തിന്റെ വലയം വീട്ടിനുള്ളില്‍ തീര്‍ക്കുകയും ചെയ്താല്‍ ഒരു പരിധിവരെ ലഹരിയെ കുട്ടികളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.