''എന്റെ ചാരത്ത് അമ്മയും പെങ്ങളുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ബലാത്സംഗക്കേസിലോ കൊലപാതകക്കേസിലോ പ്രതിയായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലോ മറ്റെവിടെയെങ്കിലുമോ ഉണ്ടാകും. അല്ലെങ്കില്‍ നാട്ടില്‍ തെണ്ടിത്തിരിഞ്ഞു നടക്കുന്ന അവസ്ഥയായിരിക്കും'.  ഇത് ഒരു തിരിച്ചറിവാണ്. മലപ്പുറം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഫിലിപ്പ് മമ്പാട് തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കിയ ചില യാഥാര്‍ഥ്യങ്ങള്‍.

ജീവിതം സമ്മാനിച്ച കരിനിഴലുകളില്‍ നിന്നും ലഹരി തേടിപ്പോയപ്പോള്‍ പെട്ടെന്നൊരു ദിവസം ദൈവത്തിന് തന്നെ ആവശ്യമുണ്ടെന്നൊരു തോന്നല്‍. തനിക്ക് എന്തൊക്കെയോ സമൂഹത്തിന് വേണ്ടി ചെയ്യാനുണ്ടെന്ന തിരിച്ചറിവ്. പരിഗണന ലഭിക്കാതെ വളര്‍ന്ന ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മകളിലൂടെയുള്ള ഒരു യാത്രയാണ് ഫിലിപ്പ് നടത്തുന്നത്. 

പഴയകാല ജീവിതത്തിന്റെ വേദനിക്കുന്ന കാഴ്ചകള്‍ ഒരിക്കല്‍ക്കൂടി കണ്‍മുന്നില്‍ തെളിയുന്നു. പട്ടിണി കിടന്ന് അങ്ങേയറ്റം സഹനം അനുഭവിച്ച കുട്ടിയില്‍ നിന്നും ഫിലിപ്പ് മമ്പാട് എന്ന പോലീസ് ഉദ്യോഗസ്ഥനിലേക്കുള്ള യാത്ര ദുര്‍ഘടം നിറഞ്ഞ വഴിയിലൂടെയായിരുന്നു. ഇന്ന് ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളുമായി സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ പലരുടെയും കണ്ണുകളില്‍ വിശ്വാസത്തിന്റെ തിളക്കം കാണാന്‍ ഇദ്ദേഹത്തിന് കഴിയുന്നുണ്ട്.drug

ലഹരിയുടെ കടുത്ത സമയങ്ങളില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ടും കത്തിമുനകളാലും വളരെ പ്രാകൃതമായ രീതിയിലായിരുന്നു സ്വന്തം ശരീരത്തോട് താന്‍ പ്രതികരിച്ചതെന്ന് ഫിലിപ്പ് പറയുന്നു. ഇന്ന് ഏറ്റവും നല്ല രീതിയില്‍ താന്‍ സ്വയം സ്‌നേഹിക്കുന്നു. സ്വന്തം ആത്മാവിനെ സ്‌നേഹിക്കുന്നു. അങ്ങനെയൊരു മാറ്റത്തിന് കാരണമായ ജീവിതാനുഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

പി.എസ്.സി പരീക്ഷ എഴുതാന്‍ മദ്യപിച്ചെത്തിയ ദിനം

' എന്റെ കുട്ടിക്കാലത്ത് ചേര്‍ത്തു പിടിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ പുകവലിക്കാന്‍ തുടങ്ങി. ഒമ്പതാം ക്ലാസില്‍ എത്തിയപ്പോള്‍ മദ്യപിക്കാനും പഠിച്ചു. സ്‌കൂളുകളിലെ വരാന്തകളിലായിരുന്നു എന്റെ സ്ഥാനം. ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു പുകഞ്ഞ കൊള്ളിയായിരുന്നു ഞാന്‍.

പഠനം പലപ്പോഴും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ഗവ.പോളിടെക്‌നിക്കില്‍ കൂടെ പഠിക്കുന്ന വിദ്യാര്‍ഥികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചതിന് രണ്ടു വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തുവെന്നൊരു വാര്‍ത്തയുണ്ടായിരുന്നു. അതിലൊരു ഹതഭാഗ്യനായ വിദ്യാര്‍ഥി ഞാനായിരുന്നു. അങ്ങനെ കോയമ്പത്തൂരിലേക്ക് പോയി. സഹോദരിയാണ് പി.എസ്.സിക്ക് അപേക്ഷ അയച്ചത്. 240 ഒഴിവുകളിലേക്ക് രണ്ടു ലക്ഷത്തില്‍ക്കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്ന മത്സര പരീക്ഷ. തലേന്ന് രാത്രി മദ്യപിച്ച് ഓട്ടോക്കാരനോട് വഴക്കുണ്ടാക്കി പരീക്ഷ നടക്കുന്ന സ്‌കൂളിലെത്തി.

drugരാത്രി പന്ത്രണ്ട് മണിക്ക് സ്‌കൂളിന്റെ ഇളകുന്ന ജനലുകള്‍ എടുത്തുമാറ്റി അകത്തുകയറി ബഞ്ചുകള്‍ കൂട്ടിയിട്ട് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് സ്‌കൂള്‍ മുറ്റത്തു നിന്ന് മുഖം കഴുകി പരീക്ഷാ ഹാളില്‍ പോയി. മാസങ്ങള്‍ക്കു ശേഷം സഹോദരി എന്നെ വിളിച്ചു പറഞ്ഞു-'എടാ, നിന്റെ പേര് റാങ്ക് ലിസ്റ്റിലുണ്ട്'. അന്നാണ് എനിക്ക് ഈശ്വര വിശ്വാസം തോന്നിയത്. നാല് മാസം കഴിഞ്ഞപ്പോള്‍ ഫിസിക്കല്‍ ടെസ്റ്റിന് വിളിച്ചു. അവിടെ കുട്ടികള്‍ക്കൊപ്പം വന്ന മാതാപിതാക്കളുടെ സ്‌നേഹവായ്പാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. പക്ഷേ ഞാന്‍ മാത്രം ഒറ്റയ്ക്കായിരുന്നു. എന്റെ സമീപത്ത് അമ്മ വേണമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്. '

പോലീസ് ട്രെയിനിങ്ങ് ക്യാമ്പിലും ലഹരി തേടിപ്പോയ ദിനങ്ങള്‍

'കേരള പോലീസില്‍ സെലക്ഷന്‍ കിട്ടിയ ശേഷം ട്രെയിനിങ്ങ് ക്യാമ്പിലും ഞാന്‍ ലഹരി തേടിപ്പോയി. അവിടെ മുടി വെട്ടാന്‍ വരുന്ന ആളുകള്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ഉപയോഗിച്ച് ലഹരിയുടെ ദാഹം തീര്‍ത്തിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ടാല്‍ എവിടുന്നെങ്കിലും കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കുമെന്നതാണ് ഭീകരമായ സ്ഥിതിവിശേഷം.'

പരിശീലനം കഴിഞ്ഞു. മഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ ജോലിയായി. അങ്ങനെയിരിക്കെ കല്യാണവും കഴിഞ്ഞു. മദ്യപിക്കില്ലെന്ന് ഭാര്യയോട് കള്ളം പറഞ്ഞു. കല്യാണം കഴിഞ്ഞ് എന്നോടൊപ്പം വന്ന ഭാര്യ മഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ പട്ടിണി കിടന്നു. ആറ് ദിവസം വെള്ളം മാത്രം കുടിച്ചായിരുന്നു പ്രതിഷേധം. ലഹരിക്കെതിരെയുള്ള ഭാര്യയുടെ പോരാട്ടത്തിനു മുന്നിലാണ് ഫിലിപ്പ് കീഴടങ്ങിയത്. ഭാര്യയുടെ തലയില്‍ കൈവെച്ച് ചെയ്ത സത്യവും ബൈബിള്‍ തൊട്ട് ചെയ്ത സത്യങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയ ഫിലിപ്പ് ആസ്പത്രിയില്‍ വെച്ച് അവസാനമായി ചെയ്ത സത്യം ഫലവത്തായി.

പരീക്ഷണത്തിന്റെ നാളുകള്‍; ഒരു ഡി അഡിക്ഷന്‍ സെന്ററിലും പോയില്ല

പിന്നീട് പരീക്ഷണത്തിന്റെ നാളുകളായിരുന്നുവെന്ന് ഫിലിപ്പ് പറയുന്നു. 'കാല്‍ അകന്നു പോകുന്നു, കൈ അകന്നു പോകുന്നു. പള്ളിയില്‍ നില്‍ക്കാന്‍ കഴിയുന്നില്ല. കുരിശ് വരയ്ക്കാന്‍ കഴിയുന്നില്ല. കുരുമുളക് ഡപ്പിക്കകത്താക്കി കൊണ്ടു നടന്ന് ആ എരിവ് ഇറക്കി അതിലൂടെ ഒരു പിടിച്ചുനിര്‍ത്തല്‍ നടത്താന്‍ എന്നെ ഉപദേശിച്ചത് ഉമ്മര്‍ സാറാണ്. ഒരു ഡി-അഡിക്ഷന്‍ സെന്ററിലും ഞാന്‍ പോയിട്ടില്ല. ഭാര്യയുടെ മുഖവും അമ്മയുടെ മുഖവും എല്ലാം ഓര്‍ത്തുകൊണ്ട് ലഹരിയില്‍ മുങ്ങിയ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. 

എന്തുകൊണ്ട് ലഹരിയ്‌ക്കെതിരെ ബോധവത്കരണം നടത്തിക്കൂടെന്ന ചിന്തയായിരുന്നു പിന്നീട്. ഞാനും എന്റെ  സുഹൃത്ത് മഹേഷ് ചിത്രവര്‍ണവും ചേര്‍ന്ന് ഒരു സാമ്പത്തികവും വാങ്ങാതെ കലാലായങ്ങളിലും കവലകളിലും എല്ലാം പോയി ലഹരിക്കെതിരെയുള്ള ബോധവത്കരണം നടത്തി. വൈകുന്നേരങ്ങളില്‍ പ്രൊജക്റ്റര്‍ വെച്ച് ക്ലാസ് എടുക്കും. ലഹരിക്കെതിരെ 'തിരിച്ചറിവ് 2017' എന്ന പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം ഞങ്ങള്‍ സഞ്ചരിച്ചു. ഏകദേശം അറുന്നൂറില്‍ക്കൂടുതല്‍ ആളുകളെ ഞാനും എന്റെ സുഹൃത്ത് മഹേഷും ചേര്‍ന്ന് ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. '

anti മനസിനേറ്റ മുറിവുകളാണ് കുട്ടികളെ ലഹരിക്ക് അടിമയാക്കുന്നത്

കുട്ടികളെ ലഹരിക്ക് അടിമയാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് അവരുടെ ഭൗതിക-ഗാര്‍ഹിക ചുറ്റുപാടുകളാണെന്ന് ഫിലിപ്പ് പറയുന്നു. നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

'ഒരു അമ്മ നൊന്തു പ്രസവിച്ച മകനായിരുന്നു കൗശല്‍ കുമാര്‍. അവന്‍ വളര്‍ന്നു വലുതായപ്പോള്‍ സമൂഹം അവന് ബണ്ടി ചോര്‍ എന്ന് പേരിട്ടു. അവന്‍ നല്ല കഴിവുള്ള കുട്ടിയായിരുന്നു. ഒരു വയറും ഒരു പ്ലെയറും ഉപയോഗിച്ചാണ് തിരുവനന്തപുരത്തെ സമ്പന്നന്റെ വീട്ടില്‍ക്കയറി ബെന്‍സ് കാറിലെ ജി.പി.ആര്‍.എസ് സംവിധാനത്തെ ബ്രെയ്ക്ക് ചെയ്ത് ഒരു അലാറം പോലും അടിക്കാതെ അവന്‍ കര്‍ണാടകയിലെത്തിച്ചത്. അവിടെ വെച്ചാണ് കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായി ആ വ്യക്തിയെ പിടിച്ചത്. ഇന്ന് അദ്ദേഹത്തെ പിടിച്ച് പൂജപ്പുര ജയിലില്‍ കൊണ്ടിട്ടിരിക്കുന്നു.

അതുപോലെയുള്ള ഒരുപാട് ആള്‍ക്കാരുണ്ടിവിടെ. നമ്മളൊക്കെ സുരക്ഷിതമായി വെയ്ക്കുന്ന പണം തിരുവനന്തപുരത്തെ എ.ടി.എം കൗണ്ടറില്‍ കയറി ഒരു വയറും ഒരു ക്യാമറയുടെ സെന്‍സറും ഉപയോഗിച്ച് അതീവ സുരക്ഷ സെക്യൂരിറ്റി സംവിധാനത്തെ ബ്രെയ്ക്ക് ചെയ്ത് ലക്ഷക്കണക്കിന് രൂപ ചാക്കിലിട്ട് തോളത്തിട്ട് കൊണ്ടുപോയത് അഞ്ച് അമ്മ പെറ്റ മക്കളാണ്. അവരുടെ കുട്ടിക്കാലത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 

ഇത്തരത്തിലുള്ള കുട്ടികളെ നമ്മള്‍ പാകപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. അവരുടെ ഭൗതിക-ഗാര്‍ഹിക സാമൂഹിക ചുറ്റുപാടുകളാണ് അവനെ അങ്ങനെയാക്കി മാറ്റുന്നത്. കലാലയത്തില്‍ നിന്നോ വീട്ടില്‍ നിന്നോയുള്ള മുറിവുകളാണ് ആ കുഞ്ഞിനെ അത്തരത്തിലൊരു മനുഷ്യനായി രൂപാന്തരപ്പെടുത്തുന്നത്.' 

കുഞ്ഞുങ്ങളുടെ തോളത്ത് തട്ടണം; അഴിഞ്ഞ ബട്ടണുകള്‍ ഇട്ടുകൊടുക്കണം

'സ്‌കൂളുകളില്‍ നന്മ നിറഞ്ഞ മനസ്സുള്ള അധ്യാപകരുണ്ടാകണം. കുഞ്ഞുങ്ങളുടെ തോളത്ത് തട്ടണം. അഴിഞ്ഞ ബട്ടണുകള്‍ ഇട്ട് കൊടുക്കണം. അവന്റെ കൈകളില്‍ തൊടണം. ഇന്ന് കേരളത്തില്‍ ഒരുപാട് കലാലയങ്ങളിdrugല്‍ ലഹരിക്കെതിരെ ഞാന്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. ക്ലാസുകള്‍ക്കു ശേഷം 'സാര്‍, ഞാന്‍ കഞ്ചാവിന് അടിമപ്പെട്ടിട്ടുണ്ട്' എന്ന് എന്നോട് പറഞ്ഞവരുണ്ട്.

ഇന്നുവരെയും കുട്ടികളുടെ അച്ഛന്‍മാര്‍ എന്നെ വിളിച്ചിട്ടില്ല. ലഹരി ഉപയോഗിക്കുന്ന വീടുകളില്‍ നിന്നൊക്കെ അമ്മമാരാണ് പൊട്ടിക്കരഞ്ഞുകൊണ്ട് വിളിക്കുന്നത്. അത്തരം വീടുകളിലൊക്കെ അച്ഛനായിരിക്കും ലഹരിക്ക് അടിമപ്പെട്ട വ്യക്തി. അമ്മമാര്‍ ലഹരിക്ക് അടിമപ്പെട്ടതായി വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമേ നമ്മള്‍ കാണാറുള്ളു. പല വീടുകളുടെയും ചുവരുകളില്‍ സാമ്പാറും പരിപ്പുമൊക്കെ എറിഞ്ഞിരിക്കുന്നു. അച്ഛന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന ഭവനമാണ് കാണാന്‍ കഴിയുന്നത്.'

നിങ്ങളാണ് സ്വന്തം കുഞ്ഞുങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍

'ഹരിത കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ യേശുദാസാണ്. യേശുദാസിനെ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. യേശുദാസിനെ ഇഷ്ടപ്പെടുന്നവര്‍ ചെടികളെ നട്ടുനനയ്ക്കുമെന്ന് വിശ്വാസമുണ്ട്.  അതുകൊണ്ടാണ് യേശുദാസിനെ ബ്രാന്‍ഡ് അംബാസഡറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ മിലിട്ടറിയുടെ ബ്രാന്‍ഡ് അംബാസഡറാണ് മഹേന്ദ്ര സിങ്ങ് ധോണി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറും ടെറിട്ടോറിയല്‍ ആര്‍മിക്ക് മോഹന്‍ലാലുമുണ്ട്. ഇവരെയൊക്കെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി വെച്ചിരിക്കുന്നത് അവരെക്കണ്ടു പഠിക്കാനാണ്. 

സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും മഹേന്ദ്ര സിങ്ങ് ധോണിയെയും കുഞ്ഞുങ്ങള്‍ക്ക് അറിയില്ല. അവനെ കുളിപ്പിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്ന നിങ്ങളാണ് അവന്റെ ബ്രാന്‍ഡ് അംബാസഡര്‍. അവന്‍ നിക്കര്‍ ഇടുന്നതും ഷര്‍ട്ട് ധരിക്കുന്നതും നിങ്ങളെ കണ്ടിട്ടാണ്. നിങ്ങളുടെ ചുണ്ടുകളില്‍ സിഗരറ്റിന്റെയോ പുകയിലയുടെയോ ഗന്ധം ഉണ്ടാകാതിരിക്കട്ടെ. അവന്‍ എന്നെക്കണ്ട് പഠിക്കണം എന്ന് പറയാനുള്ള ആര്‍ജവം ഉണ്ടാക്കിയെടുക്കാന്‍ ഓരോ അച്ഛനും കഴിയണം.' കുട്ടികളെ ലഹരിയുടെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ഊഷ്മളമായ കുടുംബ ബന്ധങ്ങള്‍ക്കുള്ള സ്ഥാനമാണ് ഇദ്ദേഹത്തിന്റെ വാക്കുകളില്‍ തെളിയുന്നത്‌.

പ്രവാസികളുടെ സങ്കടങ്ങള്‍; മകന്‍ ലഹരിയില്‍ മുങ്ങുന്ന കാഴ്ച

'വിദേശത്ത് മണലില്‍ക്കിടന്ന് പണിയെടുക്കുന്ന ഭര്‍ത്താവ് വിഷമിക്കുമെന്ന് കരുതി ഒരു അമ്മയും ഭര്‍ത്താവിനോട് മകന്‍ ലഹരിക്ക് അടിമയാണെന്ന് പറയാറില്ല. ഭര്‍ത്താക്കന്‍മാര്‍ നെഞ്ചുപൊട്ടി മരിക്കുമെന്നാണ് പലരും പറയാറുള്ളത്. 

നീട്ടിവളര്‍ത്തിയ മുടിയും ഊരിച്ചാടാറായ പാന്റുമായി രൂപവും ഭാവവുമെല്ലാം മാറിയ മകനെയാണ് ആ പ്രവാസി കാണുന്നത്. എന്തു പറഞ്ഞാലും തര്‍ക്കുത്തരം പറയുന്ന അവസ്ഥ.. ലഹരിക്കടിമപ്പെട്ട മകനെക്കണ്ടിട്ടാണ് അയാള്‍ വിങ്ങിപ്പൊട്ടുന്നത്. ഒരുപാട് കുടുംബങ്ങളുണ്ട് ഇങ്ങനെ.' ഫിലിപ്പ് പറഞ്ഞു നിര്‍ത്തുന്നു.

drug

ലഹരിയുടെ ദൂഷ്യവശങ്ങള്‍ തുടച്ചു നീക്കൂ

ലഹരിയുമായി ബന്ധപ്പെട്ട ആകുലതകളും സംശയങ്ങളുമായി നിരവധി ആളുകള്‍ ഫിലിപ്പിനെ വിളിക്കുന്നു. ഒരു സിഗരറ്റിന്റെ കവര്‍ എടുത്ത് കളഞ്ഞാല്‍പ്പോലും ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനമാണെന്ന് ഇദ്ദേഹം പറയുന്നു. മാനവസേവ ചെയ്യുമ്പോളാണ് തിളങ്ങുന്ന മുഖവും ആരോഗ്യമുള്ള ശരീരവും ദൈവം സമ്മാനിക്കുക. 

ഒരു ഓക്‌സിജന്‍ തന്‍മാത്രയും രണ്ടു ഹൈഡ്രജന്‍ തന്‍മാത്രയും കൂടിച്ചേരുമ്പോള്‍ ജലമുണ്ടാകുന്നുവെന്നത് അറിവാണ്. പക്ഷേ അത് ദാഹിച്ചു വലഞ്ഞു വരുന്നവന് കൊടുക്കുക എന്നുള്ളതാണ് തിരിച്ചറിവ്. ആ തിരിച്ചറിവിലാണ് ജീവിതം തുടങ്ങുന്നതെന്ന് ഫിലിപ്പ് ഓര്‍മിപ്പിക്കുന്നു. കലാലയങ്ങളില്‍ നിന്നും കോളനികളില്‍ നിന്നുമെല്ലാം ലഹരിയുടെ ദൂഷ്യവശങ്ങള്‍ തുടച്ചു നീക്കാനും സമാധാനപരമായ കുടുംബാന്തരീക്ഷമുണ്ടാക്കാനുമുള്ള പ്രചോദനം നല്‍കുന്നതാണ് ഇത്തരം ജീവിതാനുഭവങ്ങള്‍.