കേരളത്തില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.  2016-ല്‍ 950 കേസുകള്‍ മാത്രം ഉണ്ടായിരുന്നത് 2017 -ല്‍ 1800 വരെയെത്തി. 2017-ല്‍ പൂട്ടിയ മദ്യശാലകള്‍ പുന:സ്ഥാപിക്കുന്ന സമയത്ത് കേസുകളുടെ എണ്ണം 6804-ല്‍ എത്തികഴിഞ്ഞിരുന്നു.  മദ്യശാലകള്‍ പൂട്ടിയതിനുശേഷം കേസുകള്‍ പതിന്‍മടങ്ങ്  വര്‍ധിച്ചു എന്നുതന്നെയാണ് കാണുന്നത്.

ജൂണ്‍ 2016 മുതല്‍ ഒക്‌ടോബര്‍ 2017 വരെ മൂന്ന് ലക്ഷം ലിറ്റര്‍ വാഷ് ആണ് പിടിച്ചത്.  മൊത്തം അബ്കാരി കേസുകള്‍ 33,465 എണ്ണം വരെയെത്തി.  29,854 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  മദ്യശാലകള്‍ തുറന്നശേഷം അബ്കാരികേസുകളില്‍ കുറവ് വന്നതായാണ് കാണുന്നത്.  എന്നാല്‍ എന്‍.ഡി.പി.എസ് കേസുകളുടെ കാര്യത്തില്‍ കുറവു വന്നതായി കാണുന്നില്ല. മദ്യത്തിനു പകരമായ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചു ശീലിച്ചവര്‍ അതില്‍നിന്നും പിന്തിരിഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍.

അഞ്ചുവര്‍ഷം മുമ്പുവരെ പാന്‍പരാഗിന്റെ ഉപയോഗം അത്ര വലിയ തോതില്‍ ഇല്ലായിരുന്നു.  അഞ്ചുവര്‍ഷത്തിനിപ്പുറം ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചു വരുന്നു.  പ്രത്യേകിച്ച് വായിലെ ക്യാന്‍സര്‍. പുകയില ഉല്‍പന്നങ്ങളില്‍ ചെറിയ തോതിലാണെങ്കിലും അടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കള്‍ തന്നെയാണ് ഈ വര്‍ധനവിനു കാരണം എന്നുപറയാതിരിക്കാന്‍ കഴിയില്ല.  2016 ജൂണ്‍ മുതല്‍ 2017 സപ്തംബര്‍ വരെ 550 ടണ്‍ പുകയില ഉത്പന്നങ്ങളാണ് പിടിച്ച് നശിപ്പിച്ചിട്ടുള്ളത്.  പിഴ ഇനത്തില്‍ ഒരു കോടി 65 ലക്ഷത്തോളം രൂപ ഈടാക്കിയിട്ടുള്ളതുമാണ്.  

അടുത്ത കാലത്തായി സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വളരെയധികം വര്‍ധിച്ചിട്ടുള്ളതായിട്ടാണ് കാണുന്നത്.  ഇതിന്റെ ഉപയോഗം കുട്ടികളില്‍ കൂടുതല്‍ കടുത്ത ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിവിധ നിറത്തിലുള്ള ആകര്‍ഷണീയമായ പായ്ക്കറ്റുകളില്‍ ആയവ പലവഴിക്ക് കുട്ടികളിലേക്ക് എത്തുന്നു. കോട്പ (പുകയില ഉത്പന്നങ്ങള്‍ സംബന്ധിച്ചുള്ള നിയമം) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 യാര്‍ഡ് ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ പാടില്ലാത്തതാകുന്നു.

പാന്‍പരാഗ്, കൂള്‍ലിപ്, ശംഭു ഗുഡ്ക, ഹാന്‍സ്, ഖൈനി, ശാന്തി, ജര്‍ദ പോലുള്ളവ കേരളത്തില്‍ നിരോധിച്ചിട്ടുള്ളതുമാകുന്നു.  വളരെ ലഘുവായ ശിക്ഷാ നിയമങ്ങളാണ് കേന്ദ്ര നിയമമായ കോട്പ ആക്ടില്‍ നിലവിലുള്ളത്.  200 രൂപ പിഴ ഈടാക്കുവാനുള്ള വ്യവസ്ഥ മാത്രമാണ് ഉള്ളത്.  ഇവയുടെ  കടത്തും വില്‍പനയും തടയുന്നതിന് നിയമത്തില്‍ കടുത്ത വ്യവസ്ഥകള്‍ ഉണ്ടായാലേ ആയത് സാധ്യമാകുകയുള്ളൂ.  ഇത് കേന്ദ്ര നിയമമായതിനാല്‍ കടുത്ത ശിക്ഷകള്‍ ഉള്‍പ്പെടുത്തി നിയമത്തില്‍ മാറ്റം വരുത്തുന്നതിന് ആവശ്യമായ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളതാണ്.  

ഈ അടുത്ത കാലത്തായി ലഹരിയുടെ മേഖലയില്‍ പ്രിസ്‌ക്രിപ്ഷന്‍ ഡ്രഗ്‌സുകളുടെ ഉപയോഗം കൂടിവരുന്നതായാണ് കാണുന്നത്. മിക്കവാറും എല്ലാ ജില്ലകളിലും നൈട്രോസെഫാം,നൈട്രോവിറ്റ്, ബ്രുപ്പര്‍നോര്‍ഫിന്‍,നൈട്രോസം, പ്രാസ്‌മോപ്രോക്‌സി വോണ്‍ പ്ലസ് തുടങ്ങിയ മരുന്നുകള്‍ ഉള്‍പ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.  പോണ്ടിച്ചേരി, മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് യാതൊരു രേഖയുമില്ലാതെ ചാക്കുകളിലും മറ്റും കെട്ടി വരുന്ന ഗുളികകളാണ് കൂടുതലായും ഈ മേഖലയില്‍ വിപണനം ചെയ്യപ്പെടുന്നത്. 

കഴിഞ്ഞ മാസം ബാംഗ്ലൂരില്‍ നിന്നും വ്യാജമായി ബസ്സില്‍ കടത്തികൊണ്ടുവന്ന 17821 പ്രാസ്‌മോപ്രോക്‌സി വോണ്‍ ടാബ്‌ലറ്റുകള്‍ പിടിച്ചെടുത്തതുതന്നെ ഇതിന് ഉദാഹരണമാണ്.  മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും കുറച്ചെങ്കിലും ലഹരി ഉപയോഗത്തിനായി ഇത്തരം ലഹരിഗുളികകള്‍ എത്തിചേരുന്നുണ്ട്.  ഇരുപതിനായിരത്തിപ്പരം മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്ള കേരളത്തില്‍ അതു പരിശോധിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴില്‍ ആകെ ഉള്ളത് നാല്‍പത്തിമൂന്നോളം ഉദ്യോഗസ്ഥര്‍ മാത്രമാണ്.  ഇത് തീരെ അപര്യാപ്തമാണ്. 

ലഹരിപദാര്‍ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നത് കഞ്ചാവ് തന്നെയാണ്.  1500 കിലോയോളം കഞ്ചാവാണ് 2016 ജൂണ്‍ മുതല്‍  2017 സപ്തംബര്‍  വരെ പിടിച്ചെടുത്തത്. ഇപ്പോള്‍ കേരളത്തില്‍ കഞ്ചാവ് ഒറ്റപ്പെട്ട രീതിയില്‍ പറമ്പിലോ ടെറസ്സിന്റെ മുകളിലോ കൃഷി ചെയ്യുന്നതല്ലാതെ വന്‍തോതില്‍ കൃഷി ചെയ്യപ്പെടുന്നില്ല.  ഇടുക്കിജില്ലയിലായിരുന്നു അത്തരം കൃഷിക്കാര്‍ ഉണ്ടായിരുന്നത്. അടുത്ത കാലത്തായി എസ്റ്റിമേറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം എക്‌സൈസും ഫോറസ്റ്റും ചേര്‍ന്ന് സംയുക്തപരിശോധന നടത്തിയെങ്കിലും അത്തരം കൃഷി ഒന്നും കണ്ടെത്താനായിട്ടില്ല.

ഇപ്പോള്‍ തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് കൂടുതലും കടന്നു വരുന്നത്.  അന്യസംസ്ഥാനതൊഴിലാളികളില്‍ ചിലരെങ്കിലും ലഹരിപദാര്‍ഥങ്ങള്‍ കടത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു.  

ഇത്രയധികം ലഹരി വസ്തുക്കള്‍ വ്യാപകമാകുന്നതിന് ഒരു കാരണം എന്‍.ഡി.പി.എസ് (മയക്കുമരുന്ന് സംബന്ധിച്ചുള്ള നിയമം) നിയമത്തിലെ ചില ഇളവുകള്‍ ആണ്.  ഒരു കിലോഗ്രാം വരെ കഞ്ചാവ് കൈവശം വച്ചാല്‍ ജാമ്യം കിട്ടുന്നതാണ്.  ആയത് മനസ്സിലാക്കി കടത്തുകാര്‍ കൂടുതലും ഒരു കിലോയില്‍ താഴെ മാത്രമേ കൈവശം വയ്ക്കാറുള്ളൂ.  അത്തരം എല്ലാ കേസുകളിലും കോടതിയില്‍ നിന്നും അപ്പോള്‍ തന്നെ ജാമ്യം ലഭിക്കുന്നു.  അവര്‍ സ്വതന്ത്രര്‍ ആകുന്നു.  എന്‍.ഡി.പി.എസ് ആക്ട് കേന്ദ്രനിയമം ആയതിനാല്‍ ഇതില്‍ മാറ്റം ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്.  

കുട്ടികള്‍ക്കിടയില്‍ ചെറിയ അളവില്‍ പ്പോലും ലഹരിവസ്തുക്കള്‍ വില്‍പന നടത്തിയാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടുത്ത ശിക്ഷ നല്‍കാവുന്നതാണ്.  ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൈകാര്യം ചെയ്യുന്നതിന് എക്‌സൈസ് വകുപ്പിന് നിലവില്‍ അധികാരം നല്‍കിയിട്ടില്ലാത്തതാകുന്നു.  ആയത് ലഭിക്കുന്ന പക്ഷം ഈ മേഖലയില്‍ എക്‌സൈസിന് ഫലപ്രദമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുന്നതാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് എക്‌സൈസ് വകുപ്പിനെ കൂടെ ചുമതലപ്പെടുത്തണമെന്ന ശുപാര്‍ശയും നല്‍കിയിട്ടുള്ളതാണ്. സംസ്ഥാനത്ത് നിലവില്‍ സ്‌ക്കൂളുകളില്‍ 2542 ലഹരി വിരുദ്ധ ക്ലബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.  1385 പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളതും എല്ലാ റെയിഞ്ച് ഇന്‍സപെക്ടര്‍മാരും ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തില്‍ പരാതികള്‍ പരിശോധിച്ച് വരുന്നതുമാണ്.

എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി തുടങ്ങിയ യൂണിറ്റുകളും സ്‌ക്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നു.  അവരെയെല്ലാം ഉള്‍പ്പെടുത്തി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.  പൊതു ജനങ്ങള്‍ക്കിടയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ കിട്ടുന്നില്ല.  വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം വിദ്യാലയങ്ങളിലാണ്.  വീട്ടില്‍ രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ അധ്യാപകരും പൊതുസ്ഥലത്ത് നിയമപാലകരും വിദ്യാര്‍ഥികളെ ശ്രദ്ധിക്കാന്‍ ബാധ്യസ്ഥരാകുന്നു.

സ്‌ക്കൂള്‍ അധികൃതരും അധ്യാപകരും സ്‌ക്കൂളുകളില്‍ നടക്കുന്ന കാര്യങ്ങള്‍ അധികാരികളെ അറിയിക്കുവാന്‍ പല കാരണങ്ങള്‍ കൊണ്ടും മടി കാണിക്കുന്നു.  കേസ് കണ്ടുപിടിക്കുന്നതില്‍ പൊതുജനങ്ങളില്‍ നിന്നുമുള്ള സഹകരണം അത്യന്താപേക്ഷിതമാണ്.  എന്‍.ഡി.പി.എസ് നിയമത്തില്‍  ഉള്ള ഇളവുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പോലുള്ള നിയമങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ഇല്ലാത്തതും പുകയില ഉല്‍പന്നങ്ങള്‍, പാന്‍മസാല തുടങ്ങിയവ പോലുള്ളവയില്‍ നിയമം നടത്താനുള്ള പൂര്‍ണ്ണ അധികാരമില്ലായ്മയും വകുപ്പിന് പ്രതിബന്ധങ്ങള്‍ ആയി കാണുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യാജവാറ്റ്, വിദേശമദ്യം, പാന്‍പരാഗ്, മയക്കുമരുന്ന്, മുതലായവയുടെ കേസുകള്‍ പിടിച്ചത് കേരളത്തിലാണ്. കേസുകളുടെ എണ്ണം  ഒരുലക്ഷത്തി ഇരുപതിനായിരം വരും. ഇതിനര്‍ഥം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യവും മയക്കുമരുന്നും, കഞ്ചാവും മറ്റ് ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നത് എന്നല്ല. നിയമങ്ങള്‍ക്ക് വിധേയമായി ശിക്ഷയും പിഴയുമൊക്കെ കുറവാണെങ്കിലും കേരളത്തില്‍ കേസ് എടുക്കുന്നതില്‍ യാതൊരു മടിയും കാണിക്കുന്നില്ല.

ഉത്തര്‍പ്രദേശില്‍ 23 കോടി ജനങ്ങള്‍ ഉണ്ടെങ്കിലും അബ്കാരി കേസുകളും എന്‍.ഡി.പി.എസ് കേസുകളും കുറവാണ്.  മയക്കുമരുന്ന് കേസുകള്‍ പിടിക്കുന്നതിലും കേരളം മുന്‍ഗണന നല്‍കുന്നു.  മറ്റ് സംസ്ഥാനങ്ങള്‍ കേസുകളെടുക്കുന്നതില്‍ ഇത്രത്തോളം പ്രാധാന്യം നല്‍കുന്നില്ല. കേരളത്തിലെ എക്‌സൈസ് ജീവനക്കാര്‍ എല്ലാം തന്നെ ഊര്‍ജസ്വലതയോടെ അവസരത്തിനൊത്ത്  ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കേസുകളുടെ എണ്ണത്തിലും പിടികൂടുന്ന ലഹരി വസ്തുക്കളുകളുടെ അളവിലും വര്‍ധന ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.

മികച്ച പ്രവര്‍ത്തനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോച്ച് അവാര്‍ഡ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഈ വര്‍ഷം ലഭിച്ചിട്ടുള്ളതാണ്. പൊതുജനങ്ങള്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതികള്‍ നേരിട്ട് നല്‍കാവുന്നതാണ്. ആയതിന് 9447178000, 9061178000 എന്ന നമ്പറിലേക്കോ eckerala.exc@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയക്കാവുന്നതാണ്.  18004251727 എന്ന ടോള്‍ ഫ്രീ നമ്പറിലും പരാതികള്‍ അറിയിക്കാവുന്നതാണ്.