കഴിഞ്ഞമാസമാണ് കോഴിക്കോട് ആന്റി നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ലഹരിയുടെ പിടിയില്‍ പെട്ട ഒരു എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. വലിയ കാശുള്ള കുടുംബത്തില്‍പെട്ട യുവാവായിരുന്നുവെങ്കിലും പഠന സ്ഥലത്ത് നിന്നും കൂട്ടുകാരൊടൊപ്പം ചേര്‍ന്ന് മയക്കുമരുന്നിന്റെ ലഹരിയറിഞ്ഞതാണ്. പിന്നെ പഠനം താറുമാറായി. പൂര്‍ണ ശ്രദ്ധ ലഹരി ഉപയോഗിക്കുക എന്നതില്‍ മാത്രമായി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ അടച്ചിട്ട മുറിയില്‍ അസ്വസ്ഥനായി കിടുന്നു. പുറത്ത് പോവുന്നത് ലഹരി ഉപയോഗിക്കാന്‍ മാത്രമായി. ഒടുവില്‍ നിസ്സഹായരായ വീട്ടുകാര്‍ക്ക് സ്വന്തം മകനെ പേടിയായി. പെണ്‍കുട്ടിയടക്കമുള്ള വീട്ടില്‍ നിന്ന് പുറത്ത് പോവാന്‍ പോലും വീട്ടുകാര്‍ മടിച്ചു. സമൂഹത്തിലെ തങ്ങളുടെ മാന്യത കൊണ്ട് പുറത്ത് പറയാനും പറ്റാതായി. ഇതിനിടെയാണ് അവന്‍ ഉദ്യോഗസ്ഥരുടെ പിടിയില്‍ പെടുന്നത്. 

എന്തിന് ലഹരി ഉപയോഗിക്കുന്നുവെന്ന ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് യുവാവ് നല്‍കിയ മറുപടി കേട്ട് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അവന്‍ പറഞ്ഞു ' സര്‍ എനിക്കിതൊരു മിഠായി തിന്നുന്നത് പോലെയാണ്. ദിവസേന കിട്ടിയില്ലെങ്കില്‍ ഒരു ചായ കുടിക്കാത്തത് പോലുള്ള അസ്വസ്ഥതയുണ്ടാവും'. അതുകൊണ്ട് എപ്പോഴും സാധനം കയ്യില്‍വെക്കുകയും ചെയ്യും. ശീലമായാല്‍ അല്‍പ്പം അളവ് കൂട്ടി ഉപയോഗിച്ചാലും പ്രശ്നമില്ലെന്നാണ് അവന്റെ വാദം.

Lahari 

അന്യ സംസ്ഥാനത്താണ് ഈ യുവാവ്  എന്‍ജിനിയറിംഗിന് പഠിച്ചതെങ്കിലും പഠനം നിര്‍ത്തിയപ്പോഴും പലപ്പോഴും അവിടെയുള്ള ഹോസ്റ്റലില്‍ പോവാറുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിനുള്ള സാധനം നാട്ടിലെത്തിച്ച് ഉപയോഗിക്കും. എക്സൈസ് ഉദ്യോഗസ്ഥരുടെ താക്കീതും കൗണ്‍സിലിങ്ങും കൊണ്ട് ഇപ്പോള്‍ ലഹരിയല്‍ നിന്നും വിട്ട് നില്‍ക്കുന്നുണ്ടെങ്കിലും ഇത് കോഴിക്കോടുള്ള ഒരു വിദ്യാര്‍ഥിയുടെ കഥമാത്രമല്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശനിയാഴ്ച 16.30 ലക്ഷത്തിന്റെ എല്‍.എസ്.ഡി മയക്ക്മരുന്നുമായി  കോഴിക്കോട് നിന്നും ഒരു മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ കസബ സി.ഐ യുടെ നേതൃത്വത്തില്‍ പിടികൂടിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ എല്‍.എസ്.ഡി വേട്ടകൂടിയായി ശനിയാഴ്ചത്ത സംഭവവും മാറി. 

നേപ്പാളില്‍ നിന്നാണ് അവന്റെ കയ്യില്‍ മയക്ക് മരുന്ന് എത്തിയത് എന്നത് അറിയുമ്പോഴാണ് എത്ര വിശാലമായതാണ് ലഹരി വില്‍പ്പനക്കാരുടെ കണ്ണികള്‍ ഉള്ളത് എന്ന് നമുക്ക് മനസ്സിലാവുന്നത്. 

പന്ത്രണ്ട് മണിക്കൂര്‍ ലഹരി നല്‍കുന്ന എല്‍.എസ്.ഡി

മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കി മാത്രം നല്‍കേണ്ട മരുന്നുകള്‍ യാതൊരു നിബന്ധനയും പാലിക്കാതെ പല മെഡിക്കല്‍ സ്റ്റോറുകളും വില്‍ക്കാന്‍ തയ്യാറാവുന്നുവെന്നതാണ് കേരളത്തിന്റെ മറ്റൊരു ദുരന്തം. എ്ല്ലാവരുടെയും ലക്ഷ്യം പണം മാത്രമായി. രോഗികളെ വേദനയറിയാതെ മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന മല ഗുളികകളും ലഹരിക്കായി ദുരുപയോഗം ചെയ്യപ്പെടുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് വേദനയറിയാതിരിക്കാന്‍ കുത്തിവയ്ക്കുന്ന മരുന്നുകള്‍ മുതല്‍ കഫ് സിറപ്പ് വരെ ഇതില്‍പ്പെടും.  കാന്‍സര്‍ രോഗികള്‍ക്ക് വേദനയറിയാതിരിക്കാന്‍ നല്‍കുന്ന മരുന്നുകളും നേര്‍പ്പിച്ച് ലഹരിക്കായി ഉപയോഗിക്കുന്നവരുണ്ട് എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. 

ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈന്‍ അമൈഡ് എന്ന മയക്ക് മരുന്നിന്റെ ചുരുക്കപ്പേരാണ് എല്‍.എസ്.ഡി. ചെറിയ സ്റ്റിക്കര്‍ രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും  കാണപ്പെടുന്ന ഇത് നാക്കിനടിയിലോ മറ്റോ വെച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇത്തരത്തില്‍ 163 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നാണ് കഴിഞ്ഞ ദിവസം കസബ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒരു ഗ്രാമിന് 10,000 രൂപ വരെ വില വരുന്ന ഇത് എട്ട് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് ലഹരി നല്‍കുകയെന്ന് ഉദ്യോഗസര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സെന്റിമീറ്റര്‍ വലുപ്പമുള്ള സ്റ്റാമ്പിന് രണ്ടായിരം രൂപവരെയാണ് വില. 

ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നതും ഉപയോഗത്തിനുള്ള എളുപ്പവുമാണ് യുവാക്കളെ എല്‍.എസ്.ഡിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അന്യ സംസ്ഥാനങ്ങളിലെത്തുന്ന വിദ്യാര്‍ഥികളെ കാത്ത് വില്‍പ്പനക്കാര്‍ എപ്പോഴും കാത്തിരിക്കുന്നുമുണ്ടാവും. 

ലഹരിക്കായി ഒരു വിനോദയാത്ര

കേരളത്തിലേക്കെത്തുന്ന അനധികൃത മയക്ക്മരുന്ന് ലഹരിയുടെ ഉറവിടമന്വേഷിച്ചപ്പോഴാണ് ഊട്ടി, മൈസൂര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ നടത്തുന്ന വിനോദയാത്രയുടെ അപകടത്തെ പറ്റി ബന്ധപ്പെട്ടവര്‍ പറഞ്ഞ് തന്നത്. എല്‍.എസ്. ഡി പോലുള്ള ദേഹത്ത് ഒട്ടിച്ച് വെക്കാവുന്ന മയക്ക്മരുന്നുകള്‍, ലഹരിക്കൂണുകള്‍ എന്നിവയെല്ലാം വലിയ തോതില്‍ കേരളത്തില്‍ എത്തുന്നത് അന്യ സംസ്ഥാനത്ത് നിന്നുമാണ്.

പലപ്പോഴായി കൂട്ടുകൂടി യാത്രപോവുന്ന വിദ്യാര്‍ഥികളെ കാത്ത് വലിയൊരു മാഫിയ തന്നെ ഇവിടെ കാത്തിരിക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുതായി മുറിച്ചെടുത്ത് നാക്കിനടിയില്‍ പോലും ഒട്ടിച്ച് വെക്കാവുന്ന തരത്തിലുള്ളതാണ് എല്‍. എസ്.ഡി സ്റ്റിക്കര്‍. പാര്‍ട്ടി ഡ്രഗ്‌സ് എന്നറിയപ്പെടുന്ന ഇത് ഗോവയിലും മറ്റും നടക്കുന്ന വലിയ പാര്‍ട്ടിക്കിടെയാണ് വിദ്യാര്‍ഥികളുടെ കൈകളിലെത്തുന്നത്.

ആരുമറിയില്ലെന്നതും ഏറെ നേരം ലഹരിയുട ഉന്മാദാവസ്ഥയില്‍ എത്താമെന്നത് കൊണ്ടും വിദ്യാര്‍ഥികളുടെ കൈവശം പലപ്പോഴായി ഇത്തരം സ്റ്റിക്കറുകള്‍ കണ്ട് വരുന്നുണ്ട്. ഇതേ അവസ്ഥയാണ് ലഹരിക്കുണ്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ച് ഉന്മാദത്തിന്റെ മൂര്‍ദന്യാവസ്ഥയില്‍ എത്തിയവര്‍ക്ക് പിന്നെ അതില്‍ കുറഞ്ഞ മറ്റൊരു ലഹരിയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയില്ലെന്നതും ഇതിന്റെ  അപകടാവസ്ഥയാണെന്ന് അധികൃതര്‍ പറയുന്നു.