ഭാര്യമാരുടെ സീരിയല്‍ കാണലും ഭര്‍ത്താക്കന്‍മാരുടെ മദ്യപാനവും ഒരേ രീതിയിലാണ് കുടുംബങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കാണികളിലെ ഏറിയ പങ്ക് സ്ത്രീകളും നിശബ്ദരായിരുന്നു. പറയുന്നത് അവരുടെ പ്രിയപ്പെട്ട കാഞ്ചനേച്ചിയാണ്. മൊയ്തീന്റെ പ്രണയ നായിക മാത്രമല്ല മുക്കത്തുകാര്‍ക്ക് കാഞ്ചനമാല. സാമൂഹ്യവിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. മിക്ക ലഹരി വിരുദ്ധ പോരാട്ടങ്ങളിലെയും സജീവ സാന്നിദ്ധ്യം. 

club

മുക്കം കാഞ്ഞിരമുഴിയില്‍ ലഹരി വിരുദ്ധ കൂട്ടായ്മയുമായി മുന്നിട്ടിറങ്ങിയത് അവിടുത്തെ യുവാക്കള്‍ തന്നെയാണ്. കൂടെയുള്ളവരില്‍ പലരും മദ്യ-മയക്കുമരുന്ന് ലോബികളുടെ കൈപ്പിടിയിലമരുന്നത് ഇവര്‍ക്ക് കാണേണ്ടി വന്നു. വിദ്യാര്‍ഥികളും ഉന്നതവിദ്യാഭ്യാസം നേടിയവരും സാധാരണക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ ഈ ചെറുപ്പക്കാര്‍ തയ്യാറായിരുന്നില്ല.

ലഹരിമുക്ത ഗ്രാമത്തിനായി എന്ത് ചെയ്യാമെന്ന ആലോചന ഇവരെ കൊണ്ടെത്തിച്ചത് കൈരളി എന്ന ക്ലബ് രൂപീകരണത്തിലേക്കാണ്. ഐടി മേഖലയില്‍ ജോലിചെയ്യുന്ന അര്‍ജുനും കൂട്ടുകാരും പിന്നെ നേരെ പോയത് കാഞ്ചനമാലയെക്കാണാനാണ്. സര്‍വ പിന്തുണയുമായി കൂടെ നില്‍ക്കാമെന്നവര്‍ ഉറപ്പു നല്‍കി. ലഹരി വിരുദ്ധ ജാഥയും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.Anti-drug

വര്‍ധിച്ച് വരുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം,വില്‍പന തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് മുന്‍കൈ എടുത്ത് പരിഹാരം കാണേണ്ടത് പുതുതലമുറയില്‍ പെടുന്നവര്‍ തന്നെയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം നാട്ടുകൂട്ടങ്ങള്‍ കാലത്തിന്റെ അനിവാര്യതയാണെന്നാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ (നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്)അശോക് പറഞ്ഞത്. സ്വന്തം നാടിനെ ലഹരി മുക്തമാക്കാന്‍ നിരന്തര പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാര്‍.

club

 

Content highlights: Drug, Anti-drug campaign 2017, Liquor,