ദ്യത്തോടും മയക്കുമരുന്നുകളോടുമുള്ള ആസക്തി  ഇന്ന് കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. മദ്യത്തിനും മയക്കു മരുന്നിനും അടിമകളാകുന്നവരുടെ  എണ്ണം അനുദിനം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഇവ കൈവശം വയ്ക്കുന്നതും, ഇവയുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിനും ശക്തമായ നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലവില്‍ ഉണ്ട്. അബ്കാരി കേസ്സുകളുടെയും, മയക്കുമരുന്നു കേസുകളുടെയും വിചാരണയ്ക്കായി പ്രത്യേകം കോടതികളും കേരളത്തിലുണ്ട്.Anti-drug

ബ്രിട്ടീഷുകാരും മുഗളന്മാരും മദ്യത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. മുഗള്‍ സാമ്രാജ്യത്തിന് കീഴില്‍ കാലാന്തരത്തില്‍ മദ്യത്തിന്റെ ഉത്പാദനം നിയന്ത്രിക്കുന്നതിനും, നികുതി പിരിക്കുന്നതിനുമായി  അബ്കാരി ഡഫ്താര്‍ എന്ന പേരില്‍ പ്രത്യേകമായി ഒരു വകുപ്പിന് രൂപം നല്‍കി. 1973 മുതല്‍ മദ്യത്തിന്റെ ഉത്പാദനവും, വിപണനവും ഗവണ്‍മെന്റിന്റെ കുത്തകയായിത്തീര്‍ന്നു. 19-ാം നൂറ്റാണ്ടില്‍ മദ്യത്തിന്റെ ഉപയോഗം ഏറെ വര്‍ദ്ധിച്ചുവെങ്കിലും, ജനകീയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏറെ നിയന്ത്രണങ്ങള്‍ അവയുടെ മേല്‍ ഏര്‍പ്പെടുത്തി. സ്വതന്ത്ര ഭാരതത്തില്‍ ചില സംസ്ഥാനങ്ങളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും  ലക്ഷ്യ പ്രാപ്തിയിലേക്കെത്തുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ശക്തമായ നിയമ  സംവിധാനവും, നടത്തിപ്പും ഒപ്പം മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണവും വഴി മാത്രമേ അത്തരം അടിമത്തത്തില്‍ നിന്ന് ചിലരെയെങ്കിലും മോചിപ്പിക്കുവാന്‍ കഴിയുകയുള്ളു എന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നിലുണ്ട്.

ഇന്ത്യയില്‍ മയക്കു മരുന്നുകളുടെ ഉത്പാദനം, ഉപയോഗം, കൈവശം വയ്ക്കല്‍, വില്‍പ്പന എന്നിവയുടെ നിയന്ത്രണത്തിനായി നിലവിലുള്ള നിയമമാണ് നാര്‍ക്കോട്ടിക് ഡ്രോപ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ്. ഈ നിയമം നിലവില്‍ വന്നത് 1985-ലാണ്.

anti-drug
Photo: Mathrubhumi archive

കഞ്ചാവ്, ചരസ്, ഹാഷിഷ് ഓയില്‍, കൊക്കയിന്‍, ഒപ്പിയം, ബ്രൗണ്‍ഷുഗര്‍, പെത്തഡിന്‍, ബുപ്രിനോര്‍ഫിന്‍, ഡയസാപാം, എല്‍.എസ്.ഡി. തുടങ്ങിയ മയക്കുമരുന്നുകള്‍ ഭാരതത്തിലുണ്ട്. ഇവയില്‍ പലതിനും വലിയ വിലയാണുള്ളത്. എന്‍.സി.പി.എസ്. ആക്ട്റ്റില്‍ ഏതൊക്കെ പദവിയിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്കാണ് മയക്കുമരുന്നു കേസ്സെടുക്കുവാന്‍ അധികാരമുള്ളതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുപ്രകാരം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഫോറസ്റ്റ് വകുപ്പിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ എന്നീ പദവികളില്‍  കുറയാത്ത ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമേ  മയക്കുമരുന്നു കേസുകള്‍ കണ്ടെടുക്കുവാനുള്ള അധികാരമുള്ളു.

എല്‍.ഡി.പി.എസ്. ആക്റ്റ്, ഓരോ മയക്കുമരുന്നുകളുമായി ബന്ധപ്പെട്ടുള്ള ശിക്ഷകള്‍ നിര്‍ണ്ണയിക്കുവാന്‍, പിടിക്കപ്പെട്ട മയക്കുമരുന്നുകളുടെ അളവാണ് മാനദണ്ഡമാക്കിയിട്ടുള്ളത്. അതുമൂലം കണ്ടെത്തപ്പെടുന്ന മയക്കു മരുന്നുകള്‍ സ്മാള്‍ ക്വാണ്ടിറ്റിയില്‍പ്പെടുന്നതാണോ, മീഡിയം ക്വാണ്ടിറ്റിയില്‍ ഉള്ളതാണോ, കൊമേഴ്‌സ്യല്‍  ക്വാണ്ടിറ്റിയിലാണോ എന്നതിനെ ആശ്രയിച്ച് ശിക്ഷയുടെ കാലയളവിലും വ്യത്യാസം വരും. ഉദാഹരണത്തിന് കഞ്ചാവിന്റെ സ്മാള്‍ ക്വാണ്ടിറ്റി  ഒരു കിലോഗ്രാം വരെയും, മീഡിയം ക്വാണ്ടിറ്റി  1 കി. ഗ്രാം മുതല്‍ 20 കിലോഗ്രാം വരെയും കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി 20 കിലോയ്ക്ക് മുകളിലുമാണ്. 

സ്മാള്‍ ക്വാണ്ടിറ്റി കഞ്ചാവ് കൈവശം വച്ച കേസ്സില്‍ ഒരു പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 6 മാസം കഠിന തടവും 10,000/-രൂപ പിഴയുമാണ്. എന്നാല്‍ മീഡിയം അളവാണ് കണ്ടെത്തിയതെങ്കില്‍ അതിനുള്ള ശിക്ഷ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ്. കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റിയാണെങ്കില്‍ ശിക്ഷയുടെ കാലാവധി മിനിമം 10 വര്‍ഷവും പരമാവധി 20 വര്‍ഷവും ആണ്. പിഴയായി നല്‍കേണ്ടത് ഒരു ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെയുമാണ്.  

എല്‍.ഡി.പി.എസ്. നിയമപ്രകാരം ഓരോ  മയക്കു മരുന്നുകളുടെയും ക്വാണ്ടിറ്റി നിശ്ചയിക്കുന്ന അളവുകളിലും വ്യത്യാസമുണ്ട്. കഞ്ചാവിന്റെ  സ്ഥാനത്ത് ബ്രൗണ്‍ ഷുഗര്‍ ആണെങ്കില്‍ സ്മാള്‍ ക്വാണ്ടിറ്റി 5 ഗ്രാം വരെയും  മീഡിയം ക്വാണ്ടിറ്റി 5 മുതല്‍ 250 ഗ്രാം വരെയും കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി 250 ഗ്രാമിന് മുകളിലുമാണ്. സ്മാള്‍ ക്വാണ്ടിറ്റി കേസ്സുകളില്‍ വിചാരണ നടത്തുവാനുള്ള അധികാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതികള്‍ക്കുണ്ട്. എന്നാല്‍ മീഡിയം ക്വാണ്ടിറ്റി, കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി എന്നിവ സംബന്ധിച്ച കേസ്സുകള്‍ വിചാരണ ചെയ്യപ്പെടണ്ടത് മയക്കു മരുന്നു കേസുകള്‍ക്കായി  രൂപീകരിച്ച  പ്രത്യേക കോടതികളിലോ സെഷന്‍സ് കോടതികളിലോ ആണ്. 

ഏറെ കര്‍ശനമായ വ്യവസ്ഥകള്‍ ഈ നിയമത്തിനുണ്ട്. നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം മയക്കു മരുന്നുകളുടെ ഉപയോഗവും ശിക്ഷ ക്ഷണിച്ച് വരുത്തുന്നു. മയക്കുമരുന്നു കേസ്സുകളിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക, അവരെ ഒളിവില്‍ പാര്‍ക്കുവാന്‍ സഹായിക്കുക, തുടങ്ങിയവയ്ക്ക്  27 (അ) വകുപ്പ് കര്‍ശനമായ ശിക്ഷ നല്‍കാമെന്ന് നിയത്തില്‍ പറയുന്നു.  

Anti-drug
Photo: Mathrubhumi archive

മയക്കു മരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും, കേസ്സില്‍ ഗൂഡാലോചന നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരത്തിലുള്ള കേസ്സുകളില്‍ ഒരു തവണ ശിക്ഷിക്കപ്പെട്ട ആളുകള്‍ അതേ കുറ്റം ആവര്‍ത്തിക്കുകയും കുറ്റക്കാരനായി കോടതി കണ്ടെത്തുകയും ചെയ്താല്‍  വലിയ ശിക്ഷ പ്രതി അനുഭവിക്കേണ്ടിവരും.

ഒരു തവണ കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസ്സില്‍ (വന്‍തോതില്‍ മയക്കുമരുന്നുമായി പിടിക്കപ്പെട്ടാല്‍) ശിക്ഷിക്കപ്പെട്ടയാളെ കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസ്സില്‍  പിന്നീട് കുറ്റക്കാരനായി കണ്ടാല്‍ അയാള്‍ക്ക് വധശിക്ഷ നല്‍കാമെന്ന് നിയമത്തിലെ  31 (അ) വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.

മയക്കു മരുന്നു കേസ്സുകളില്‍ 10 വര്‍ഷവും അതിലധികവും തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളും അവരുടെ ബന്ധുക്കളുടെയും സ്ഥാവര ജംഗമ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തി അതാതു വസ്തുവകകള്‍ നേടിയത് മയക്കു മരുന്ന് ബിസ്സിനസ്സിലൂടെയാണെന്ന്  അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ബോദ്ധ്യം വന്നാല്‍ അത്തരം സ്ഥാവര ജംഗമ വസ്തുക്കള്‍ മരവിപ്പിക്കാനുള്ള വിപുലമായ അധികാരം ഉദ്യോഗസ്ഥര്‍ക്ക്  ഈ ബൃഹത്തായ  നിയമം നല്‍കുന്നു. ചില കേസ്സുകളില്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്.

 എന്‍.ഡി.പി.എസ്. നിയമത്തില്‍ വിവക്ഷിക്കുന്ന നടപടി ക്രമങ്ങളുടെ വീഴ്ചകളാണ് മിക്കപ്പോഴും പ്രതികള്‍ രക്ഷപെട്ടുപോകുന്നതിനുള്ള സാഹചര്യം ഒരുക്കുന്നത്. കേസ്സെടുക്കുന്നതില്‍ നിയമം നിഷ്‌കര്‍ഷിക്കുന്ന നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥന്‍മാര്‍ പാലിക്കാത്തതോ  നടപടി ക്രമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ കേസ്സുകള്‍ കോടതിയില്‍ വിചാരണയ്ക്ക് എത്തുന്ന സമയം പ്രതികള്‍ക്ക് അനുകൂലമായി മാറുന്നു. പ്രതികള്‍ ശിക്ഷയില്‍ നിന്നും  രക്ഷപെടാന്‍ വഴിയൊരുക്കുന്നതും എന്നാല്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും വീഴ്ച വരുത്തുന്നതുമായ നിയമത്തിലെ  ഇതുസംബന്ധമായ വകുപ്പുകളില്‍ പറഞ്ഞിരിക്കുന്ന  നടപടികള്‍ പാലിക്കേണ്ടതായ  ആവശ്യകത നിരവധി പ്രസ്താവനകളില്‍ ബഹു: സുപ്രീം കോടതിയും, ഹൈക്കോടതിയും  ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.  

 പ്രധാന വകുപ്പുകള്‍ 42 (1) 42 (2) 50, 57  എന്നിവയാണ്. അതുകൊണ്ട് പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഈ നടപടി ക്രമങ്ങളെക്കുറിച്ച് നല്ല രീതിയില്‍ അവബോധം നല്‍കുന്നതിലൂടെ മാത്രമെ മയക്കു മരുന്നു കേസ്സുകളില്‍ നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ പ്രതികള്‍ക്ക് നല്‍കുവാന്‍ കഴിയുകയുള്ളു.

1902-ല്‍ കൊച്ചി രാജാവ് നടപ്പിലാക്കിയ അബ്കാരി നിയമം 1953-ല്‍ കേരളത്തില്‍ മുഴുവന്‍ ബാധകമാക്കിയതോടെ കേരളത്തില്‍ മദ്യത്തിന്റെ നിര്‍മ്മാണം, വ്യാപാരം, കൈവശം വെയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമമായി അബ്കാരി നിയമം മാറി. കേരളത്തില്‍ ചാരായ നിരോധനം നടപ്പിലാക്കിയതോടെയാണ് അബ്കാരി കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായത്. അബ്കാരി നിയമപ്രകാരം ചാരായം  കൈവശം വെയ്ക്കുന്നതും, നിര്‍മ്മിക്കുന്നതും, സൂക്ഷിക്കുന്നതും, വില്‍ക്കുന്നതും, കടത്തുന്നതും കുറ്റകരമായ പ്രവൃത്തിയാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമത്തിന്റെ 8 (2) വകുപ്പ്  പ്രകാരം പരമാവധി നല്‍കാവുന്ന ശിക്ഷ 10 വര്‍ഷം കഠിന തടവും, പിഴ ഒരു ലക്ഷം രൂപയുമാണ്. കൂടാതെ 55 -ാംവകുപ്പ് പ്രകാരം  നിയമ വിരുദ്ധമായി മദ്യം കൈവശം വയ്ക്കുകയും കടത്തുകയും ചെയ്താല്‍ അയാള്‍ക്ക് 10 വര്‍ഷം വരെ കഠിന തടവോ ഒരു ലക്ഷം രൂപാ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

നിയമങ്ങള്‍ കര്‍ശനമായി നടപ്പില്‍ വരുത്തുന്നതിലൂടെയും, മദ്യത്തിനും മയക്കു മരുന്നുകള്‍ക്കുമെതിരായ  ബോധവല്‍ക്കരണത്തിലൂടെയും, കേരള സമൂഹത്തെ  മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ നമുക്ക് കൂട്ടായി ശ്രമിക്കാം.

(മുന്‍ അഡീ: ഗവ: പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമാണ് ലേഖകന്‍)