ള്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ദിവസവും എന്ത് ഭക്ഷണം നല്‍കുംഎന്നത് ഒരു വെല്ലുവിളിയാണ്. അത്തരക്കാര്‍ക്ക് എന്തൊക്കെ ഭക്ഷണം നല്‍കണമെന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല. പലരും അതിനെക്കുറിച്ച് അത്ര ബോധവാന്മാരുമല്ല. സാധാരണ കഴിക്കുന്നതിലും കൂടുതൽ പോഷകഗുണങ്ങളുള്ളവ വേണം അള്‍ഷിമേഴ്‌സ് രോഗികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍. ഓര്‍മശക്തി കുറവുള്ളവരായതു കൊണ്ട് തന്നെ ഭക്ഷണത്തോട് മടുപ്പുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ അള്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ഭക്ഷണത്തോട് താല്‍പര്യം ഉണ്ടാക്കുന്നതിനും അവർക്ക് എന്തൊക്കെ ഭക്ഷണങ്ങള്‍ നല്‍കുന്നഉ എന്നതിലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍. 

പോഷകാഹാരങ്ങള്‍

സാധാരണ പോഷകഗുണങ്ങളുള്ള ഭക്ഷണളെല്ലാം അള്‍ഷിമേഴ്‌സ് രോഗികള്‍ക്കും നല്‍കാവുന്നതാണ്. രോഗികളുടെ ആരോഗ്യത്തിനും അവര്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നതിനും ആവശ്യമായ ഭക്ഷണം നല്‍കാവുന്നതാണ്. സാധാരണ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ രോഗിയുടെ ആരോഗ്യം മോശമാക്കുകയും രോഗലക്ഷണങ്ങള്‍ അമിതമായ രീതിയില്‍ പ്രകടമാകുവാനും ഇടയാകും. രോഗിയെ പരിചരിക്കുന്ന ആളെ പോലെ തന്നെ പ്രധാനമാണ് രോഗിയുടെ ആരോഗ്യവും. സാധാരണ സമീകൃതാഹോരത്തോടൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും നല്‍കുക.

സാധാരണ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ എന്നിവ നല്‍കാവുന്നതാണ്. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഞ്ചസാരയുടെ അളവ് കുറയ്ക്കുക. ശുദ്ധമായ പഞ്ചസാരയില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ടെങ്കിലും വിറ്റാമിന്‍, ഫൈബര്‍ എന്നിവ കുറവായിരിക്കും. അള്‍ഷിമേഴ്‌സിന്റെ അവസാന ഘട്ടത്തില്‍ വിശപ്പില്ലായ്മ മൂലം രോഗികള്‍ ഭക്ഷണം കഴിക്കുന്നത് വളരെ കുറവാണ്. അത്തരം സാഹചര്യത്തില്‍ ഭക്ഷണത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്താല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

രോഗം മൂര്‍ച്ചിക്കുന്നതനുസരിച്ച് രോഗിയില്‍ വിശപ്പില്ലായ്മയും ശരീരഭാരം കുറയുന്നതും സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ്. അത്തരം സാഹചര്യത്തില്‍ ധാരാളം കലോറി അടങ്ങിട്ടുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കുന്നതാണ് ഉത്തമം. കൂടാതെ ശരീരത്തിലെ ജലാംശം കുറയുന്നതും ഒരു പ്രധാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം അടങ്ങിയിട്ടുള്ള പഴങ്ങള്‍, സൂപ്പ്, മില്‍ക്ക് ഷെയ്ക്ക് എന്നിവ നല്‍കാവുന്നതാണ്. 

വിശപ്പില്ലായ്മയുടെ പ്രധാന കാരണങ്ങള്‍:

1. തിരിച്ചറിവില്ലായ്മ: സ്വന്തം പാത്രത്തിലിരിക്കുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ പോലും അള്‍ഷിമേഴ്‌സ് രോഗികള്‍ക്ക് സാധിക്കില്ല. ഇത് ഭക്ഷണം ഒഴിവാക്കുന്നതിനുള്ള ഒരു കാരണമാകുന്നു.

2. ശരിയായ രീതിയിലല്ലാത്ത കൃത്രിമപ്പല്ലുകള്‍: രോഗികളില്‍ വെക്കുന്ന കൃത്രിമപ്പല്ലുകള്‍ ശരിയായ രീതിയില്‍ വെക്കാത്തതു മൂലം ഭക്ഷണം കഴിക്കാന്‍ മടി കാണിക്കാം. കഴിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ വേദന കൊണ്ടാവാം ഭക്ഷണത്തോട് വിരക്തി കാണിക്കുന്നത്. എന്നാല്‍ അത് തുറന്നുപറയാന്‍  പോലും കഴിയുന്നില്ല എന്നതാണ് വാസ്തവം. 

3. മരുന്നുകള്‍: ഓരോ ഘട്ടത്തിലും നല്‍കുന്ന വ്യത്യസ്ത മരുന്നുകളുടെ ഡോസുകള്‍ അള്‍ഷിമേഴ്‌സ് രോഗികളിലെ വിശപ്പില്ലായ്മയ്ക്ക് കാരണമാകുന്നു. 

4. വ്യായാമില്ലായ്മ: വ്യായാമക്കുറവ് വിശപ്പില്ലായ്മ വിളിച്ചു വരുത്തുന്നതാണ്. നടത്തം, ഗാര്‍ഡനിങ്, തുടങ്ങിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യിപ്പിക്കാവുന്നതാണ്.

ഭക്ഷണസമയം ക്രമീകരിക്കുക

അള്‍ഷിമേഴ്‌സിന്റെ മധ്യത്തിലും അവസാന ഘട്ടത്തിലും നിരവധി അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്ന സമയമാണ്. ഭക്ഷണത്തിന്റെ രുചിയോ മണമോ ഗുണമോ ഒന്നും തന്നെ അറിയാതെ ഭക്ഷണം കഴിപ്പിക്കാന്‍ വളരെ അധികം ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. അത്തരം സാഹചര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. അസ്വസ്ഥതകള്‍ ഇല്ലാതാക്കുക: ടിവിക്ക് മുമ്പിലിരുന്ന് ഭക്ഷണം നല്‍കാതിരിക്കുക. എല്ലാ അസ്വസ്ഥതകളില്‍ നിന്നും മാറി നിശബ്ദമായ ചുറ്റുപാടിലായിരിക്കണം ഭക്ഷണം നല്‍കാന്‍. 

2. ലളിതമായിരിക്കണം തീന്‍ മേശ: തീന്‍ മേശയക്ക് മുകളില്‍ നിന്ന് അലങ്കാര വസ്തുക്കള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക് പഴങ്ങള്‍, പൂച്ചെട്ടി തുടങ്ങിയ വസ്തുക്കള്‍ രോഗികൾക്ക് ആശയക്കുഴപ്പമുണ്ടാക്കാൻ ഇടയുണ്ട്. ഭക്ഷണത്തിനാവശ്യമായ പാത്രങ്ങള്‍ മാത്രം തീന്‍ മേശയില്‍ വെക്കുന്നതാണ് ഉത്തമം. 

3. ഭക്ഷണത്തിന്റെ ചൂട്: ചൂടുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ച് പൊള്ളിയാല്‍ അത് തുറന്നു പറയാനുള്ള കഴിവ് രോഗിക്ക് ഉണ്ടാകണമെന്നില്ല. എപ്പോഴും മിതമായ ചൂടിൽ വേണം ഭക്ഷണം നല്‍കാന്‍. 

4. ഒന്നോ രണ്ടോ ഭക്ഷണസാധനങ്ങള്‍ മാത്രം നല്‍കുക: ഒരേ സമയം രണ്ടില്‍ കൂടുതല്‍ ഭക്ഷണസാധനങ്ങള്‍ നല്‍കാതിരിക്കുക. അല്ലാത്തപക്ഷം ഭക്ഷണത്തോട് വിരക്തിയാവും. 

5. വ്യത്യസ്ത ഭക്ഷണങ്ങള്‍ നല്‍കുക:  എല്ലാ ദിവസവും ഒരേ ഭക്ഷണം നല്‍കാതെ വ്യത്യസ്ത വിഭവങ്ങള്‍ നല്‍കാവുന്നതാണ്. വ്യത്യസ്തമായ ഭക്ഷമണസാധനങ്ങള്‍ രോഗിയില്‍ ഭക്ഷണത്തോടുള്ള താല്‍പര്യമുണ്ടാക്കാന്‍ സഹായിക്കുന്നതാണ്. 

6. ഭക്ഷണസമയം:  ഭക്ഷണം കഴിക്കുന്നതിനായി ധാരാളം സമയം നല്‍കേണ്ടതുണ്ട്. ശ്രദ്ധയോടെ മെല്ലെ ചവച്ചരച്ചു വേണം ഭക്ഷണം കഴിക്കാന്‍. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്നതിനായി മണിക്കൂറുകളെടുത്താലും കാര്യമാക്കേണ്ടതില്ല.

7. ഒരുമിച്ചിരുന്ന് കഴിക്കുക: എല്ലാവരും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്നത് രോഗിയിലെ മാനസിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. 

ഭക്ഷണകാര്യത്തില്‍ സ്വതന്ത്രരാക്കുക

കഴിവതും ഭക്ഷണം സ്വയം കഴിക്കാന്‍ അനുവദിക്കേണ്ടതാണ്. സഹായം ആവശ്യമാകുന്ന ഘട്ടത്തിലല്ലാതെ രോഗികളെ അവരുടെ ഇഷ്ടത്തിന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണം. എളുപ്പത്തില്‍ കഴിക്കാന്‍ സാധിക്കുന്ന പാത്രങ്ങളിൽ വേണം ഭക്ഷണം നല്‍കാന്‍. ഫോര്‍ക്ക് പിടിച്ച് കഴിക്കുന്നതിലും വലിയ ടേബിള്‍സ്പൂണുകള്‍ നല്‍കാവുന്നതാണ്. സ്പൂണില്ലാതെ കൈ കൊണ്ട് കഴിക്കാനാണ് താല്‍പര്യപ്പെടുന്നതെങ്കില്‍ അതിനനുവദിച്ചു കൊടുക്കാവുന്നതാണ്. ഓരോ ഭക്ഷണവും എങ്ങനെ കഴിക്കണമെന്ന് കാണിച്ചു കൊടുക്കുന്നതും രോഗികളെ ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ്.

വിവരങ്ങൾക്ക് കടപ്പാട്: alzheimers association

Content Highlights: alzhimer's patient food