കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്നു ആ അധ്യാപിക. എല്ലാവരോടും നല്ല പെരുമാറ്റം. ജോലിയില്‍നിന്ന് വിരമിച്ചശേഷം ഇളയമകള്‍ക്കൊപ്പമായിരുന്നു താമസം. പെട്ടെന്നാണ് ഇവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ചില മാറ്റങ്ങളുണ്ടായത്. മറവിയും സംഭ്രമവുമെല്ലാം ആദ്യം ഒളിച്ചുവെക്കാന്‍ ശ്രമിച്ചു. പക്ഷേ, ദിവസം ചെല്ലുംതോറും പ്രശ്‌നങ്ങള്‍  രൂക്ഷമായി. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതും സാധനങ്ങള്‍ ഒളിച്ചുവയ്ക്കുന്നതും പതിവായി. നിസ്സാര കാര്യങ്ങള്‍ക്കുപോലും കുറ്റപ്പെടുത്തുകയും ദേഷ്യം പിടിക്കുകയും ചെയ്തു. വേലക്കാരിയെ കള്ളിയായി ചിത്രീകരിക്കാനും സംശയത്തോടെ നോക്കാനും തുടങ്ങി. പതിവുള്ള പത്രവായന ഉപേക്ഷിച്ചു. ഭക്ഷണം കഴിച്ച കാര്യം പലപ്പോഴും മറന്നു. മകള്‍ ഭക്ഷണം കൊടുക്കുന്നില്ലെന്നും പട്ടിണിക്കിടുകയാണെന്നും അയല്‍ക്കാരോട് പരാതിപ്പെട്ടു. മകള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നതില്‍ വരെ ആരോപണം എത്തി. 

വീട്ടില്‍നിന്ന് ഒരിക്കല്‍ ഇറങ്ങിപ്പോയതോടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം എല്ലാവര്‍ക്കും മനസ്സിലായത്. തുടര്‍ന്ന് ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോള്‍ അല്‍ഷിമേഴ്‌സ് രോഗമാണെന്ന് തിരിച്ചറിഞ്ഞു. പെരുമാറ്റത്തിലുണ്ടായ വ്യതിയാനം ഇതിന്റെ പ്രതിഫലനമായിരുന്നു. കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടതോടെ അവഗണിക്കാതെ ചേര്‍ത്തുപിടിച്ച് കൂടെ കൊണ്ടുപോകാനും അബോധാവസ്ഥയില്‍ ചെയ്യുന്ന കാര്യങ്ങള്‍ ക്ഷമിക്കാനും പരിചരിക്കാനുമെല്ലാം മക്കള്‍ ഒപ്പം നിന്നു. ഓര്‍മ ഏതാണ്ട് പൂര്‍ണമായിത്തന്നെ നശിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും മറ്റ് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ അവര്‍  കഴിയുന്നു. പരിചരണത്തിന്റെ തണലില്‍...

മറവിരോഗം അല്ലെങ്കില്‍ ഡിമെന്‍ഷ്യ ഇപ്പോള്‍ ഒറ്റപ്പെട്ട സംഭവമല്ലാതായിക്കഴിഞ്ഞു. ഓരോ നാലു സെക്കന്‍ഡിലും ഒരാളില്‍ മറവിരോഗം കണ്ടെത്തുന്നതായാണ് കണക്ക്. 2013 ലെ കണക്കനുസരിച്ച് ലോകത്താകെ 4.4 കോടി ആളുകള്‍ മറവിയുടെ ലോകത്ത് കഴിയുന്നുണ്ട്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത്് ഇരട്ടിയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയില്‍ 37 ലക്ഷം (2010 ലെ കണക്ക്) പേരാണ് മറവിരോഗം ബാധിച്ചവരായുള്ളത്. ഇതില്‍ ഒന്നര ലക്ഷവും കേരളത്തിലാണ്. ഇവരില്‍ വെറും പത്തു ശതമാനം പേര്‍ക്ക് മാത്രമേ ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുള്ളൂ. 

ഓര്‍മയ്ക്കായി ഒരു ദിനം

രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ മറവിരോഗത്തെ നേരിടാന്‍ ആഗോളതലത്തില്‍ ശക്തമായ ബോധവത്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ്, രോഗമുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ച് ജനത്തെയും സര്‍ക്കാരുകളെയും ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സപ്തംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കുന്നത്. 'ഡിമെന്‍ഷ്യ: പ്രേരകഘടകങ്ങള്‍ എങ്ങനെ കുറയ്ക്കാം' എന്നതാണ് ഇക്കൊല്ലത്തെ അല്‍ഷിമേഴ്‌സ് ദിനത്തിന്റെ വിഷയം.  ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗസാധ്യത കുറയ്ക്കുകയാണ് ഉദ്ദേശ്യം. 

ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഈ നിലപാടിന് ഏറെ പ്രസക്തിയുണ്ട്. പ്രമേഹരോഗത്തിന്റെ ആസ്ഥാനമാണ് ഇന്ത്യയെന്നതാണ് ഒന്നാമത്തെ കാരണം. ഇതുകൂടാതെ, വര്‍ധിച്ചതോതിലുള്ള രക്തസമ്മര്‍ദവുമുണ്ട്. ഈ രണ്ടു ഘടകങ്ങളും മസ്തിഷ്‌കാഘാതം, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങള്‍ക്കു പുറമെ അല്‍ഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങളുമുണ്ടാക്കും. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള അറിവ് പൊതു ആരോഗ്യം മെച്ചപ്പെടുത്താനും മറവിരോഗ നിരക്കിലെ വര്‍ധന തടയാനും സഹായിക്കും.  

അല്‍ഷിമേഴ്‌സ്, വാസ്‌കുലാര്‍ ഡിമെന്‍ഷ്യ, തലച്ചോറിലെ അണുബാധ, ട്യൂമറുകള്‍, അപകടം മൂലമുണ്ടാകുന്ന ക്ഷതങ്ങള്‍, തൈറോയ്ഡ് േഹാര്‍മോണിന്റെയും ജീവകം-ബി 12 ന്റെയും കുറവ്, മസ്തിഷ്‌കാഘാതം തുടങ്ങി ഒട്ടേറെ കാരണങ്ങള്‍കൊണ്ട് മറവിരോഗം ഉണ്ടാകാം. ഇതില്‍ ഏറ്റവും പ്രധാനം അല്‍ഷിമേഴ്‌സാണ്. 60 ശതമാനം മറവിരോഗവും അല്‍ഷിമേഴ്‌സ് മൂലമുണ്ടാകുന്നതാണ്. 

എന്താണ് അല്‍ഷിമേഴ്‌സ്
'ഈ നൂറ്റാണ്ടിന്റെ രോഗം' എന്നാണ് അല്‍ഷിമേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. ജര്‍മന്‍ ന്യൂറോളജിസ്റ്റായ അലോയ്‌സ് അല്‍ഷിമര്‍ ആണ് ഈ രോഗത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. തലച്ചോറിലെ നാഡീകോശങ്ങള്‍ (ന്യൂറോണുകള്‍) ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതോടൊപ്പം പലപ്പോഴും തലച്ചേറിന്റെ വലുപ്പം ചുരുങ്ങുന്നതുപോലുള്ള ഘടനാപരമായ മാറ്റങ്ങളും ഉണ്ടാകും. സ്്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് കൂടുതലായി കണ്ടുവരുന്നത്.  
സാധാരണയായി 65 വയസ്സു മുതലാണ് അല്‍ഷിമേഴ്‌സ് ബാധിച്ചു തുടങ്ങുന്നതെങ്കിലും മുപ്പതിലും നാല്‍പ്പതിലുമൊക്കെ രോഗം പിടിപെട്ട കേസുകളും വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ 'ഏര്‍ലി ഓണ്‍സെറ്റ് അല്‍ഷിമേഴ്‌സ് ' എന്നു പറയും. ഇത് മൊത്തം അല്‍ഷിമേഴ്‌സ് രോഗികളില്‍ പത്തുശതമാനം മാത്രമേ വരൂ. 

കൂടുവിട്ട് കൂടുമാറ്റം
ശാരീരികവും മാനസികവും ബൗദ്ധികവുമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറായതിനാല്‍ നാഡീകോശങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ ഈ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കും. ഓര്‍മശക്തിയും ചിന്താശേഷിയും സ്ഥലകാലബോധവും ഭാഷാപരമായ കഴിവുകളും എല്ലാം പതിയെപ്പതിയെ നഷ്ടപ്പെടും. ഓരോ വ്യക്തിയിലും ഓരോ രീതിയിലായിരുക്കും ഇത് പ്രകടമാവുകയെന്നു മാത്രം. രോഗി തന്റെ സ്വഭാവ സവിശേഷതകളില്‍നിന്ന് അകന്ന് പൂര്‍ണമായും മറ്റൊരാളാകും. തുടക്കത്തില്‍ ചെറിയ തോതിലാണ് മാറ്റമെങ്കിലും രോഗം മൂര്‍ധന്യാവസ്ഥയിലെത്തുന്നതോടെ സ്വയം തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് രോഗിയെത്തും.

അടുത്തകാലത്തുണ്ടായ കാര്യങ്ങള്‍ മറന്നുപോകുന്നതാണ് പലപ്പോഴും ആദ്യം പ്രകടമാവുക. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതും എപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാധനങ്ങള്‍ എവിടെയാണ് വച്ചതെന്ന് ഓര്‍മയില്ലാത്തതും ഏറ്റവും അടുത്ത ദിവസം കണ്ട ആളുകളെ മറക്കുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്. ഹ്രസ്വകാല ഓര്‍മകള്‍ നശിക്കുന്നതുകൊണ്ടാണിത്. ദീര്‍ഘകാല ഓര്‍മകളെ ആദ്യ ഘട്ടത്തില്‍ രോഗം ബാധിക്കാത്തതിനാല്‍ പഴയ കാര്യങ്ങളെക്കുറിച്ചെല്ലാം നല്ല ഓര്‍മ ഉണ്ടായിരിക്കും.  

രോഗികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ഭാഷ. കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള വാക്കുകള്‍ കിട്ടാതെ ഇവര്‍ പലപ്പോഴും ബുദ്ധിമുട്ടും. പറയുന്ന കാര്യങ്ങള്‍ മനസ്സിലാകണമെന്നുമില്ല. വായിക്കുന്നതിലും എഴുതുന്നതിലുമെല്ലാം പ്രയാസം േനരിടും. സ്വന്തം വീടിനുള്ളില്‍തന്നെ വഴിതെറ്റിപ്പോകുന്ന തരത്തിലും രാത്രിയും പകലും സമയവുമൊന്നും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലും സ്ഥലകാലബോധം നഷ്ടപ്പെടാം. വീടുവിട്ട് അലഞ്ഞുതിരിയാനുള്ള പ്രവണതയുണ്ടാകും. വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റമുണ്ടാകും. അമിത ദേഷ്യം, വിഷാദം, ഒന്നിലും താല്‍പര്യമില്ലായ്മ എന്നിവയെല്ലാം രോഗത്തിന്റെ പ്രത്യേകതകളാണ്. 

രോഗത്തെ  മനസ്സിലാക്കാം
ഒരിക്കല്‍ അല്‍ഷിമേഴ്‌സ് പിടിപെട്ടു കഴിഞ്ഞാല്‍ പിന്നീടൊരു തിരിച്ചുവരവില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ചികിത്സിച്ചു ഭേദമാക്കാവുന്ന തരത്തില്‍ മരുന്ന് ലോകത്തെവിടെയും കണ്ടുപിടിച്ചിട്ടുമില്ല. നാഡീകോശങ്ങള്‍ നശിക്കുന്നതിന്റെ വേഗവും രോഗതീവ്രതയും മരുന്നുകളുപയോഗിച്ച് കുറയ്ക്കുക മാത്രമേ പോംവഴിയുള്ളൂ. രോഗം മാറുന്നില്ലെങ്കിലും രോഗിയുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ ഇതുകൊണ്ട് സാധിക്കും. നേരത്തെതന്നെ അസുഖം കണ്ടെത്തുകയും ചികിത്സ തുടങ്ങുകയും ചെയ്താല്‍ രോഗിയുടെയും ഒപ്പം കുടുംബത്തിന്റെയും തുടര്‍ന്നുള്ള ജീവിതം വലിയ തോതില്‍ മെച്ചപ്പെടുത്താനാവും. അതിനാലാണ്, സൂചനകള്‍ ഉണ്ടായാല്‍ ആ വ്യക്തിയെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പറയുന്നത്. 

രോഗികളുടെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒട്ടേറെ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ചികിത്സ മെച്ചപ്പെടുത്തുന്ന കാര്യമായ ഒരു കണ്ടുപിടുത്തം ഉണ്ടാകാനിടയുണ്ടെന്നാണ് വൈദ്യശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു രോഗമല്ല അല്‍ഷിമേഴ്‌സ് എങ്കിലും 'അപോ-ഇ 4 'എന്ന ജീനുള്ളവരില്‍ രോഗം വരാന്‍ സാധ്യതയുള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. തൈറോയ്ഡ് ബാധയും പാര്‍ക്കിന്‍സണ്‍സ് രോഗവുമെല്ലാം അല്‍ഷിമേഴ്‌സിനെ സ്വാധീനിക്കാറുണ്ട്. 

മിനിമല്‍ കൊഗ്‌നിറ്റീവ് ഇംപയര്‍മെന്റ് (എം.സി.ഐ.) ഉള്ളവരില്‍ നല്ലൊരു ശതമാനത്തിനും പിന്നീട് ഓര്‍മത്തകരാര്‍ വന്നേക്കാം. രോഗം തുടങ്ങുന്നതിന് പത്തുവര്‍ഷം മുമ്പ് എം.സി. ഐ. ഉണ്ടോയെന്ന് അറിയാന്‍ സാധിക്കും. എം.സി.ഐ. തന്നെ പത്തുവര്‍ഷം മുമ്പ് കണ്ടുപിടിക്കുന്ന പ്രീ എം. സി.ഐയും ഇപ്പോള്‍ നിലവിലുണ്ട്. അല്‍ഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ മസ്തിഷ്‌കാരോഗ്യം പ്രധാന പങ്കുവഹിക്കുന്നുണ്ട്. പോഷകം നിറഞ്ഞ ഭക്ഷണം, മസ്തിഷ്‌ക വ്യായാമം എന്നിവയിലൂടെ തലച്ചോറിന്റെ കാര്യക്ഷമത കൂട്ടാം. ബി.പിയും  പ്രമേഹവും നിയന്ത്രിക്കുന്നതും യോഗ, ധ്യാനം എന്നിവ ശീലമാക്കുന്നതും തലച്ചോറിന് ആരോഗ്യം നല്‍കും. സെറിബ്രല്‍ വ്യായാമങ്ങളും തലച്ചോറിനെ പ്രവര്‍ത്തനനിരതമാക്കും. സുഡോകു, ചെസ്, പദപ്രശ്‌നങ്ങള്‍ എന്നിവ ഉദാഹരണം. പുതിയ ഭാഷകള്‍ പഠിക്കുന്നതും നല്ലതാണ്. 

മാറ്റിവക്കണം ഉദാസീനത
തലച്ചോറിന്റെ ഉപയോഗത്തില്‍ മിക്ക മലയാളികളും വളരെ ഉദാസീനരാണ്. ജോലിയില്‍നിന്ന് വിരമിക്കുന്നതോടെ ജീവിതം അവസാനിച്ചുവെന്നാണ് പലരുടെയും ധാരണ. 'ഞാന്‍ റിട്ടയേര്‍ഡായി. ഇനി ഒന്നും ചെയ്യാനില്ല' എന്നൊക്കെയാകും ചിന്തകള്‍. ഉണ്ടും ഉറങ്ങിയും ടെലിവിഷന്‍ കണ്ടും പിന്നീട് അലസജീവിതം നയിക്കും. ഉപയോഗിക്കാതിരിക്കും തോറും തലച്ചോറിന്റെ കഴിവ് നഷ്ടപ്പെടുകയും അപകടസാധ്യത കൂടുകയും ചെയ്യും. കായികാധ്വാനം കുറഞ്ഞതും ഓര്‍മക്കുറവിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഇക്കാര്യത്തില്‍ വിദേശികള്‍ മികച്ച മാതൃകയാണ്. ജോലിയില്‍നിന്ന് വിരമിച്ചശേഷം എന്തുചെയ്യണമെന്ന കാര്യത്തില്‍ കൃത്യമായ പദ്ധതി അവര്‍ക്കുണ്ട്. ഇതേപോലെ 55 വയസില്‍ വിരമിച്ചശേഷം എന്തുചെയ്യണമെന്നതിനേക്കുറിച്ച് നമ്മളും നേരത്തെ ചിന്തിച്ചു തുടങ്ങണം. താല്‍പര്യമുണ്ടെങ്കില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാം. സാമ്പത്തികമായി ഒന്നും തിരിച്ചുകിട്ടുന്നില്ലെങ്കിലും തന്റെ ശക്തിയും കഴിവും ബുദ്ധിയും കായികബലവുമെല്ലാം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നത് സന്തോഷം പകരും. 

മറവിക്കു പിന്നാലെ അനാഥത്വവും 
ഗ്രാമങ്ങള്‍ പോലും അണുകുടുംബത്തിലേക്കു ചുരുങ്ങിയതോടെ രോഗബാധിതരുടെ സംരക്ഷണം നമ്മുടെ നാട്ടില്‍ ഒരു ബാധ്യതയായി മാറി. തനിച്ചു താമസിക്കേണ്ടി വരുന്ന അവസ്ഥയിലാണ് പലപ്പോഴും അല്‍ഷിമേഴ്‌സ് പോലുള്ള മറവിരോഗം ഇവരെ കീഴ്‌പ്പെടുത്തുക. സര്‍ക്കാരുകളൊന്നും ഈ പ്രായോഗിക ബുദ്ധിമുട്ടിനേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷേ, ഈ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. ദേശീയതലത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി 'നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍' രൂപംകൊള്ളാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ 'സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍' കേരളത്തിലും ഉണ്ടാകും. ഇക്കാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒരുപടി മുന്നിലാണ്. സര്‍ക്കാരിലുണ്ടായ ഉണര്‍വ് സന്തോഷകരമാണെങ്കിലും ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. 
വയോജന സംരക്ഷണത്തെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കണം. ഭക്ഷണവും വസ്ത്രവും കിടക്കാനൊരിടവും കൊടുത്താല്‍ പോര, അവര്‍ അര്‍ഹിക്കുന്ന ബഹുമാനവും ശ്രദ്ധയും നല്‍കി മാന്യമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കണം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളെ ഇതില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനം ഒരുക്കണം. 

മെമ്മറി ക്ലിനിക്കുകള്‍
രോഗം തിരിച്ചറിയാതെ പോകുന്നതിന്റെ പ്രധാന കാരണം അജ്ഞതയാണ്. മറവിയും ഒരു രോഗമായി മാറാമെന്ന കാര്യം പലരും മനസ്സിലാക്കുന്നില്ല. പ്രായമായവരുടെ ആരോഗ്യപ്രശ്‌നങ്ങളെ വളരെ ലാഘവത്തോടെ കാണുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. പനി, നെഞ്ചുവേദന തുടങ്ങിയവയാണെങ്കില്‍ ആസ്പത്രിയില്‍ കൊണ്ടുപോകുന്നവര്‍ ഓര്‍മക്കുറവിനെ നിസാരവത്കരിക്കുകയാണ് പതിവ്്. 
ഈ സാഹചര്യത്തില്‍ രോഗസ്ഥിരീകരണത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ഥിതി മെച്ചപ്പെടുത്തണമെങ്കില്‍ രോഗം കണ്ടുപിടിക്കണം. മെമ്മറി ക്ലിനിക്കുകളാണ് അതിനുള്ള ഒരു പ്രധാന മാര്‍ഗം. വളരെ ചെലവുകുറഞ്ഞ രീതിയില്‍ മെമ്മറി ക്ലിനിക്കില്‍ രോഗനിര്‍ണയം നടത്താം.
 
ഓര്‍മക്കുറവ് മൂലം ൈദനംദിന ജീവിതം ബുദ്ധിമുട്ടിലാകുന്ന അവസ്ഥയിലേക്ക് വന്നാല്‍ ഏറ്റവും അടുത്ത മെമ്മറി ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. ക്ലിനിക്കിലെ സാമൂഹിക പ്രവര്‍ത്തകരാകും രോഗിയെ ആദ്യം സ്വീകരിക്കുക. മെമ്മറി ക്ലിനിക്കില്‍ ഒരു അംഗീകൃത ചോദ്യാവലി (മിനി മെന്റല്‍ സ്റ്റാറ്റസ് എക്‌സാമിനേഷന്‍-എം.എം.എസ്.ഇ.)യുണ്ടാകും. എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ടതായ സാമാന്യ വിവരങ്ങളാണ് ഇതിലുണ്ടാകുക. സാമൂഹിക പ്രവര്‍ത്തകര്‍ ഇതിലെ ചോദ്യങ്ങള്‍ രോഗിയോട് ചോദിച്ചശേഷം സ്‌കോര്‍ പരിശോധിക്കും. സ്‌കോര്‍ കുറവാണെങ്കില്‍ കാര്യമായ ഓര്‍മത്തകരാറുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍തന്നെ മനസ്സിലായിക്കഴിഞ്ഞു. ഈ രോഗിയെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് അയയ്ക്കുന്നതാണ് അടുത്തപടി. അദ്ദേഹം രോഗിയുമായി സംസാരിച്ച് പശ്ചാത്തലം മനസ്സിലാക്കിയശേഷം വിശദമായ പരിശോധനകള്‍ നടത്തും. രക്തപരിശോധനയ്ക്കും എം.ആര്‍.ഐ. സ്‌കാനിങ്ങിനും രോഗിയെ വിധേയമാക്കും. 

പരിഹരിക്കാനാവുന്ന തകരാറുകളാണ് കണ്ടെത്തുന്നതെങ്കില്‍ അതിനുള്ള മരുന്നു നല്‍കി ഭേദപ്പെടുത്തും. അല്‍ഷിമേഴ്‌സാണ് പ്രശ്‌നമെങ്കില്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതിന്റെ വേഗം ലഘൂകരിക്കുന്ന മരുന്നുകള്‍ നല്‍കുകയും രോഗത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും രോഗിയുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കുകയും െചയ്യും. രോഗിയെ ക്ഷമയോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത ഈ കണ്‍സലിങ്ങിലൂടെ ബോധ്യപ്പെടുത്തും. 

പരിചരണം വീടുകളിലാവട്ടെ
വെള്ളവും വളവും നല്‍കി പരിചരിക്കുന്ന ചെടിപോലെയാണ് ഓരോ രോഗിയും. ശ്രദ്ധകൊടുത്ത് പരിചരിച്ചാല്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തോടെ കൂടുതല്‍കാലം ജീവിക്കാം. ഇത് രോഗിക്കു ലഭിക്കുന്ന പരിചരണവും ചികിത്സയും അനുസരിച്ച് ഇരിക്കും. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു അസുഖമാണിത്. രോഗികളെ വീടുകളില്‍തന്നെ പരിചരിക്കുന്നതിനു വേണം പ്രമുഖ്യം നല്‍കാന്‍. സ്ഥാപനത്തില്‍ വിട്ട് നോക്കുന്നത് ഏറ്റവും ഒടുവിലത്തെ മാര്‍ഗമായി മാത്രം ചിന്തിച്ചാല്‍ മതി. 

എല്ലാ ഓര്‍മക്കുറവും അല്‍ഷിമേഴ്‌സല്ല
ഓര്‍മക്കുറവാണ് പ്രധാന ലക്ഷണമെങ്കിലും എല്ലാ ഓര്‍മക്കുറവുകളും അല്‍ഷിമേഴ്‌സ് ആകണമെന്നില്ല. അനുദിനം വര്‍ധിച്ചു വരുന്ന ഓര്‍മക്കുറവിനെ മാത്രം പേടിച്ചാല്‍ മതി. ചിലപ്പോള്‍ ചില പേരുകള്‍ നമ്മുടെ നാവിന്‍ തുമ്പിലുണ്ടാകും. പക്ഷേ, ആവശ്യമുള്ള സമയത്ത് ഓര്‍മിച്ചെടുക്കാനാവില്ല. കുറച്ചു കഴിയുമ്പോള്‍ ഓര്‍മയില്‍ വരികയും ചെയ്യും. ചിലപ്പോള്‍ കണ്ണട, താക്കോല്‍ തുടങ്ങിയവ എവിടെയാണ് വച്ചതെന്ന ഓര്‍മയില്ലാതെ അതും പരതി നടക്കും. എന്നാല്‍, ഇവയൊന്നും ഒരിക്കലും ഓര്‍മക്കുറവായി കണേണ്ടതില്ല. മാനസിക സംഘര്‍ഷവും ഏര്‍പ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരുന്നതും ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളില്‍ ശ്രദ്ധിക്കുന്നതുമെല്ലാം ഇതിന് കാരണമാകാം. പരിഭ്രമം ഉണ്ടായാല്‍ ഒരു കാര്യം പോലും ഓര്‍മയില്‍നിന്ന് തിരിച്ചെടുക്കാനാവില്ല. ജോലിക്കും മറ്റുമുള്ള അഭിമുഖങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നത് ഇതാണ്. പരിഭ്രമത്തിലാകുന്നതോടെ അറിയാവുന്ന കാര്യങ്ങള്‍ പോലും അവതരിപ്പിക്കാന്‍ കഴിയാതെ വരും. ഇത്തരം ഓര്‍മപ്രശ്‌നങ്ങളെ മറവിരോഗമായി കരുതി ആശങ്കപ്പെടേണ്ടതില്ല. 

മറവിരോഗം: 10 ലക്ഷണങ്ങള്‍
* മറവിമൂലം ജോലിയില്‍ പ്രശ്‌നം.
* സുപരിചിതമായ ജോലികള്‍ ക്ലേശകരമാവുക.
* ഭാഷ സംബന്ധിച്ച ബുദ്ധിമുട്ട്.
* സ്ഥലകാല ബോധം നഷ്ടപ്പെടുക.
* കാര്യകാരണ സഹിതം ചിന്തിക്കാനുള്ള ബുദ്ധിമുട്ട്.
* സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാനും
പ്രവര്‍ത്തിക്കാനുമുള്ള ബുദ്ധിമുട്ട്.
* സാധനങ്ങള്‍ എവിടെയെങ്കിലും വച്ച് മറക്കുക.
* വികാരപ്രകടനങ്ങളില്‍ മാറ്റമുണ്ടാവുക.
* സ്വതസിദ്ധമായ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം.
* സ്വമേധയാ പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ട്.

ഘട്ടമായെത്തുന്ന മറവി ആദ്യഘട്ടം
* അടുത്തകാലത്തുണ്ടായ കാര്യങ്ങളില്‍ മറവി.
* രോഗി നിസ്സംഗനും നിഷ്‌ക്രിയനുമാകും.
* വീട്ടുകാര്യം, വിനോദം എന്നിവയില്‍ താല്‍പര്യം കുറയും.
* പുതിയ മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
* തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട്.
* കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസം.
* മിഥ്യാധാരണ.
* സ്വാര്‍ഥരും മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാത്തവരുമാകും.

രണ്ടാംഘട്ടം
* ദൈനംദിന കാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം വേണ്ടിവരും.
* മറവി കൂടും.
* സ്ഥലകാലബോധം നഷ്ടപ്പെടും.
* പരിചിതമായ കാര്യങ്ങളും വഴികളും മറക്കും.
* അടുത്ത ആളുകളെ മറക്കും.
* ജോലികള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ വരും.
* വീടുവിടാനും അലഞ്ഞുതിരിയാനുമുള്ള പ്രവണത കൂടും.
* സംശയരോഗം കൂടും.

മൂന്നാം ഘട്ടം
* ഓര്‍മ പൂര്‍ണമായും നഷ്ടപ്പെടും.
* പരാശ്രയം കൂടും.
* ആശയവിനിമയത്തിനുള്ള കഴിവ് നഷ്ടപ്പെടും.
* ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും കഴിയാതെ വരും.
* മലമൂത്ര വിസര്‍ജനം അറിയാതെ നടക്കും.
* മയക്കവും അപസ്മാരവും ഉണ്ടാകാം.
* ഒടുവില്‍ പൂര്‍ണമായും കിടപ്പിലാകും.

പരിചരിക്കാം ക്ഷമയോടെ
മറവിരോഗം ബാധിചവരുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ക്ഷയോടും ശ്രദ്ധയോടും കൂടി പരിചരിക്കണം. ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് മുന്‍തൂക്കം നല്‍കിയുള്ള പരിചരണമാണ് അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള മറവിരോഗമുള്ളവര്‍ക്ക് നല്‍കേണ്ടത്. കഴിവതും സാധാരണ ജീവിതരീതി തുടരാന്‍ ശ്രമിക്കണം. ദിനചര്യകള്‍  തനിയെ ചെയ്യുകയാണെങ്കില്‍  പ്രോത്സാഹിപ്പിക്കണം. ഓര്‍മത്തകരാറുള്ളതിനാല്‍ വ്യക്തിയുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്.  ഒട്ടേറെ പെരുമാറ്റ പ്രശ്‌നങ്ങള്‍ രോഗി പ്രകടിപ്പിക്കാം. അവയെല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യണം. രോഗിയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ശല്യമായി കാണരുത്. അത് രോഗത്തിന്റെ ഭാഗമായി കണക്കാക്കി പ്രത്യേകം ശ്രദ്ധയും പരിചരണവും നല്‍കണം.