ശുശ്രൂഷകരുടെ  ശ്രദ്ധയ്ക്ക് 

കുഞ്ഞിനെ എന്ന പോലെ വേണം മറവിരോഗമുള്ളവരെ ശുശ്രൂഷിക്കാന്‍.നിര്‍ദേശങ്ങള്‍ അവര്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ലളിതമായി നല്‍കണം.

 • രോഗിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വില കല്‍പ്പിക്കണം.
 • രോഗിക്ക് ശരിയായി കാണാനും കേള്‍ക്കാനും കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
 • അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയശേഷം സംസാരിക്കുക.
 • അവര്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കണം.
 • സംസാരിക്കാന്‍ പ്രേരിപ്പിക്കണം.
 • കണ്ണുകളുടെ അതേ നിരപ്പില്‍നിന്ന് താഴ്ന്ന് മുഖാമുഖമായി സംസാരിക്കുക.
 • ഇടയ്ക്കിടെ പേരെടുത്തു വിളിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന ബോധം ഉണ്ടാക്കാന്‍ സഹായിക്കും. 
 • സംസാരം വ്യക്തവും സാവധാനവുമായിരിക്കണം.
 • കൈകളില്‍ സ്പര്‍ശിക്കുന്നതും ചേര്‍ത്തുപിടിക്കുന്നതും അവരില്‍ സുരക്ഷിതത്വബോധം നല്‍കും.
 • രോഗിയുടെ ശരീരഭാഷ ശ്രദ്ധിക്കണം. ഭാഷാപരമായ വൈകല്യം ഉണ്ടെങ്കില്‍ ഇതരമാര്‍ഗങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നതിനാലാണിത്.
 • രോഗിയോട് എല്ലായ്‌പ്പോഴും അവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം സംസാരിക്കുക.
 • ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി വേണ്ട. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശ്രദ്ധ മറ്റു വസ്തുക്കളിലേക്ക് തിരിച്ചുവിടാം.
 • അവരുടെ ശുചിത്വകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലും (ഉദാ: ചൂടുവെള്ളം, തണുത്തവെള്ളം) സമയത്തും കുളിപ്പിക്കാന്‍ ശ്രദ്ധിക്കണം.
 • കുളിക്കുമ്പോള്‍ വെള്ളമൊഴിക്കുന്നതും സോപ്പു തേക്കുന്നതും രോഗിക്ക് െചയ്യാനാകുമെങ്കില്‍ അതിന് അനുവദിക്കുക.
 • കുളിക്കാന്‍ വിസമ്മതിക്കുന്നെങ്കില്‍ നിര്‍ബന്ധിക്കരുത്. ആ മാനസികാവസ്ഥ മാറിയശേഷം മാത്രം കുളിപ്പിക്കുക. 
 • ഇരുന്നു കുളിക്കുന്നത് പ്രോത്സാഹിപ്പിക്കുക. ഇതു വീഴ്ചയുടെ സാധ്യത കുറയ്ക്കും.
 • വേഷവിധാനത്തിന്റെ പേരില്‍ രോഗിയോട് ദേഷ്യപ്പെടരുത്. കൂടുതല്‍ ആശയക്കുഴപ്പവും ഭയവും ഉണ്ടാക്കാന്‍ മാത്രമെ ദേഷ്യം 
 • ഉപകരിക്കൂ.
 • പൈജാമയോ പാന്റ്‌സോ പോലെ ഉപയോഗിക്കാന്‍ എളുപ്പമുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുക. 
 • ഇലാസ്റ്റിക് ഉള്ള പൈജാമകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
 • സമയം കിട്ടുമ്പോഴെല്ലാം മുടിയൊക്കെ ചീകി വൃത്തിയോടെ ഇരിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
 • രോഗിക്ക് പോഷകാഹാരവും ആവശ്യത്തിന് വ്യായാമവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
 • ഒരേ സ്ഥലത്തുതന്നെ എന്നും ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കണം.
 • ചവയ്ക്കാനും വിഴുങ്ങാനും പ്രയാസമുള്ള ഭക്ഷണങ്ങള്‍ നല്‍കാതിരിക്കുക. 
 • ചവയ്ക്കാന്‍ പ്രയാസമുള്ള രോഗികള്‍ക്ക് ഭക്ഷണം കുഴമ്പു രൂപത്തിലോ കുടിക്കാന്‍ പാകത്തിലോ നല്‍കാം.
 • ഭക്ഷണം കഴിച്ചകാര്യം മറന്നുപോകുന്ന രോഗികളാണെങ്കില്‍ പ്രധാന ആഹാരം പലതായി ഭാഗിച്ച് ഓരോ മണിക്കൂര്‍ ഇടവിട്ടോ ആവശ്യപ്പെടുമ്പോഴോ നല്‍കാം. 
 • ആഹാരം കഴിച്ചു കഴിഞ്ഞും ഉറങ്ങുന്നതിനു മുമ്പും വിസര്‍ജനം നടത്തിക്കണം.
 • കക്കൂസില്‍ പോകാനും പല്ലു തേക്കാനുമെല്ലാം ഒരു സമയക്രമം ഉണ്ടാക്കുക.
 • എളുപ്പത്തില്‍ എഴുന്നേല്‍ക്കാവുന്ന രീതിയിലുള്ള കസേരയില്‍ ഇരുത്തുന്നതാണ് നല്ലത്.
 • കിടക്കും മുമ്പ് ദ്രവഭക്ഷണങ്ങള്‍ നല്‍കുന്നത് കുറയ്ക്കണം.
 • കട്ടിലിനു സമീപം മലവിസര്‍ജനത്തിന് പാത്രം വയ്ക്കുന്നത് രാത്രിയിലെ ബുദ്ധിമുട്ട് ഒഴിവാക്കും.
 • കിടപ്പിലായ രോഗികളാണെങ്കില്‍ കിടക്ക നനയാത്ത വിധത്തില്‍ റബര്‍ ഷീറ്റുളോ പ്ലാസ്റ്റിക് ഷീറ്റുകളോ ഉപയോഗിക്കണം.
 • അപരിചിതരായ ഒരുപാട് പേരേക്കാള്‍ പരിചയമുള്ള ഏതാനും പേരെ പതിവായി ശുശ്രൂഷയ്ക്ക് നിയോഗിക്കുന്നതാണ് നല്ലത്.
 • ആശ്രയത്വം അധികമാകാതെ ശ്രദ്ധിക്കണം.
 • രോഗി ആക്രമണസ്വഭാവം പ്രകടിപ്പിച്ചാല്‍ അതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശ്രമിക്കണം. ഭാവിയില്‍ അത് ഒഴിവാക്കണം.
 • ശാന്തമായി, നിയന്ത്രണം വിടാതെ രോഗിയെ സമീപിക്കുക. നിങ്ങള്‍ക്ക് ദേഷ്യം വരുന്നപക്ഷം അല്പസമയം രോഗിയില്‍നിന്ന് മാറിനില്‍ക്കുന്നത് നല്ലതാണ്.
 • രോഗിയെ തള്ളുകയോ വലിക്കുകയോ തടഞ്ഞുനിര്‍ത്തുകയോ ചെയ്യരുത്. അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഘട്ടങ്ങളില്‍ മാത്രമെ ഇങ്ങനെ ചെയ്യാവൂ.
 • അലഞ്ഞുതിരിയുന്ന സ്വഭാവമുണ്ടെങ്കില്‍ രോഗിക്ക് അല്പം നിയന്ത്രണമേര്‍പ്പെടുത്താം.
 • കെട്ടിയിടുകയോ മുറിയില്‍ അടച്ചിടുകയോ ചെയ്യരുത്.
 • മുറ്റത്തും പൂന്തോട്ടത്തിലുമെല്ലാം അല്പസമയം ചുറ്റിത്തിരിയാന്‍ അനുവദിക്കാം. 
 • അപകടകരമായേക്കാവുന്ന വസ്തുക്കള്‍ രോഗി എടുക്കാത്ത വിധം സൂക്ഷിക്കണം.
 •  സംഗീതം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിനായി സമയം നീക്കിവെക്കാം.
 • കഴിവുകള്‍ക്കപ്പുറമുള്ളതും താല്‍പര്യമില്ലാത്തതുമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുത്.
 • ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍, കാര്യങ്ങള്‍ ഓരോന്നായി ചെയ്യിക്കുക.
 • ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കുക.
 • സാധനങ്ങള്‍ മറന്നുവച്ചശേഷം അന്വേഷിച്ചു നടക്കുന്നത് ഒഴിവാക്കാന്‍ ഇവ എല്ലായ്‌പ്പോഴും ഒരേ സ്ഥലത്തുതന്നെ സൂക്ഷിക്കുക.
 • രോഗിയുടെ വസ്ത്രത്തിന്റെ പോക്കറ്റിലോ പഴ്‌സിലോ ഇവരുടെ പേരും മേല്‍വിലാസവും ഫോണ്‍നമ്പരും രേഖപ്പെടുത്തി വയ്ക്കണം. വഴിതെറ്റിപ്പോകുന്ന പക്ഷം തിരിച്ചെത്താന്‍ ഇത് സഹായിക്കും.
 • നഷ്ടപ്പെടാതെ നില്‍ക്കുന്ന കഴിവുകള്‍ സ്വതന്ത്രമായി വിനിയോഗിക്കാന്‍ രോഗിയെ അനുവദിക്കണം.
 • രോഗിയുടെ സാന്നിധ്യത്തില്‍ രോഗെത്തക്കുറിച്ചും രോഗിയുടെ ന്യൂനതകളെക്കുറിച്ചും ചര്‍ച്ചചെയ്യാതിരിക്കുക.
 • രോഗിയോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.
 • രോഗിയെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്.രോഗിയെ തനിച്ചാക്കി പോകരുത്.