യോഗപാഠങ്ങള്‍

യോഗശാസ്ത്രം

1/15

പ്രാചീനമായ യോഗശാസ്ത്രം ആധുനികകാലത്ത് വളരെയധികം പ്രയോജനകരമാണ്.  പ്രമേഹം, ആസ്ത്മ, അലര്‍ജി, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ബി.പി., മൈഗ്രേന്‍, അള്‍സര്‍, നടുവേദന, കഴുത്തുവേദന, സന്ധിവാതം, മാനസിക സംഘര്‍ഷം, ഡിപ്രഷന്‍ തുടങ്ങിയവയ്ക്ക് പരിഹാരം ലഭിക്കാന്‍ യോഗ ഏറെ ഫലപ്രദമാണ്.
യോഗ ഏതുപ്രായക്കാര്‍ക്കും ഏതുവിഭാഗക്കാര്‍ക്കും ജാതിമതഭേദമെന്യേ പരിശീലിക്കാവുന്നതാണ്.ഇന്ത്യന്‍ സര്‍ക്കാറിന്റെ കീഴിലുള്ള ആയുഷ് അംഗീകരിച്ച യോഗ പദ്ധതിയിലെ ഏതാനും പരിശീലനക്രമങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ദിവസവും അരമണിക്കൂര്‍ ചെയ്യാവുന്ന ഒരു പാക്കേജാണ് ഇത്. രാവിലെ ശരീരശുദ്ധീകരണത്തിനുശേഷം ഭക്ഷണം കഴിക്കാതെ വേണമെങ്കില്‍ ഒരു ഗ്ലാസ് വെള്ളംകുടിച്ച് യോഗ പരിശീലിക്കാം. പരിശീലിക്കാന്‍ തുറസ്സായ സ്ഥലം സൗകര്യപ്രദമാണെങ്കില്‍ അതാണ് നല്ലത്. പ്രത്യേകമായ അസുഖമുള്ളവര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്.

യോഗാചാര്യ പി. ഉണ്ണിരാമന്‍
ഫോട്ടോ: കെ.കെ. സന്തോഷ്

 

 

 പ്രാര്‍ഥന

2/15

 പ്രാര്‍ഥന

ഏതൊരു കാര്യം ചെയ്യുമ്പോഴും പ്രാര്‍ഥനയോടെ 
ആരംഭിക്കുന്നതാണ് നല്ലത്. പ്രാര്‍ഥനയ്ക്ക് ഉചിതമായ
ആസനമാണ് പത്മാസനം. പത്മാസനം 
സാധിക്കാത്തവര്‍ക്ക് അര്‍ധ പത്മാസനത്തിലോ 
സുഖാസനത്തിലോ വജ്രാസനത്തിലോ 
സുഖകരമായ അവസ്ഥയില്‍ ഇരിക്കാം.

താഡാസനം

3/15

താഡാസനം

ഇതിന് താലാസനം എന്നും പറയാറുണ്ട്. താലവൃക്ഷം എന്നത് പനയാണ്. താഡനം ചെയ്യുക എന്നാല്‍ അടിക്കുക, വലിക്കുക എന്നതാണ്.
പരിശീലിക്കുന്ന വിധം:- കാലുകള്‍ രണ്ടിഞ്ചകലത്തില്‍ വെക്കുക. ശ്വാസമെടുത്തുകൊണ്ട് കൈകള്‍ ഷോള്‍ഡറിന് മുന്നിലൂടെ ഉയര്‍ത്തുക. കൈവിരലുകള്‍ കോര്‍ത്തുപിടിച്ച് കൈ ഉള്ളനടി പുറത്തേയ്ക്ക് ആക്കി വെക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ഉപ്പൂറ്റി ഉയര്‍ത്തി കാല്‍ വിരലുകളില്‍ പൊങ്ങി നില്‍ക്കുക. സാധാരണ ശ്വാസഗതി. പത്തോ ഇരുപതോ സെക്കന്റ് അവിടെ നിര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് പാദം നിലത്ത് പതിക്കുക. കൈവിരലുകള്‍ വേര്‍പെടുത്തി ഇരുവശത്തുകൂടെ താഴ്ത്തുക. രണ്ടുതവണ.

പ്രയോജനം:- എല്ലാ പേശികള്‍ക്കും നല്ല സങ്കോചവികാസം ലഭിക്കുന്നു. നട്ടെല്ലിന് നല്ല അയവ് ലഭിക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്തും ശരിയായ രക്തപ്രവാഹം ലഭിക്കുന്നു. നടുവേദന, കഴുത്തുവേദന, തരിപ്പ്, കടച്ചില്‍ എന്നിവയ്ക്ക് നല്ല പ്രയോജനം ലഭിക്കുന്നു.

വൃക്ഷാസനം

4/15

വൃക്ഷാസനം

വൃക്ഷത്തിന്റെ ആകൃതി തോന്നിക്കുന്നതുകൊണ്ടാണ് ഇതിന് വൃക്ഷാസനം എന്ന പേര് ലഭിച്ചത്.
പരിശീലിക്കുന്നവിധം:- പാദങ്ങള്‍ രണ്ടിഞ്ചകലത്തില്‍വെച്ച് നില്‍ക്കുക. വലതുകാല്‍മുട്ട് മടക്കി കൈകൊണ്ട് പിടിച്ച് ഇടതു തുടയുടെ മുകളില്‍ വിരലുകള്‍ താഴോട്ടാക്കി പതിക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകള്‍ ഇരുവശത്തുകൂടെ മുകളിലേക്ക് ഉയര്‍ത്തുക. മുകളില്‍ കൂപ്പിവെക്കുക. പത്തോ ഇരുപതോ സെക്കന്റ് സമയം അതേ അവസ്ഥയില്‍ സാധാരണ ശ്വാസഗതിയില്‍ നില്‍ക്കുക. ശ്വാസം വിട്ടുകൊണ്ട് കൈകള്‍ ഇരുവശത്തുകൂടെ താഴ്ത്തുക. രണ്ടുതവണ പരിശീലിക്കുക.

പ്രയോജനം:- ഏകാഗ്രത വര്‍ധിക്കുന്നു. മനസ്സ് ശാന്തമാകുന്നു. കാലിന്റെ പേശികള്‍ക്ക് ദൃഢതകൂട്ടുന്നു.

 

പാദഹസ്താസനം

5/15

പാദഹസ്താസനം

പാദവും ഹസ്തവും അടുത്തുവരുന്നതുകൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്.
പരിശീലിക്കുന്ന വിധം:- കാലുകള്‍ രണ്ടിഞ്ച് അകലത്തില്‍ വെക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകള്‍ മുന്‍വശത്തുകൂടെ കുത്തനെ ഉയര്‍ത്തുക. അവിടെനിന്ന് നല്ലപോലെ മുകളിലേക്ക് വലിയുക. ശ്വാസം വിട്ടുകൊണ്ട് കൈകള്‍ ചെവിയോട് ചേര്‍ന്ന് തലയും കൈകളും ഒരുമിച്ച് താഴ്ത്തുക. കൈകള്‍ കാല്‍വിരലില്‍ തൊടുവിക്കുക. അതിനുശേഷം അല്പം കൂടി അമര്‍ന്ന് നെറ്റി കാല്‍മുട്ടില്‍ തൊടുവിക്കുക. കൈപ്പത്തി പറ്റുന്നത്ര പാദത്തിനിരുവശത്തും പിറകില്‍ പതിക്കുക. അല്ലെങ്കില്‍ നെരിയാണിയില്‍ പിടിച്ചാലും മതി. സാധാരണ ശ്വാസഗതിയില്‍ പത്തോ ഇരുപതോ സെക്കന്റ് സമയം അതേ സ്ഥിതിയില്‍ ചെയ്യുക. അതിനുശേഷം ശ്വാസമെടുത്ത് കൈയും തലയും ഉയര്‍ത്തുക. കുത്തനെ എത്തിയതിനുശേഷം ശ്വാസം വിട്ടുകൊണ്ട് ഇരുവശത്തുകൂടെ താഴ്ത്തുക. രണ്ടുതവണ പരിശീലിക്കുക.

പ്രയോജനം:- നട്ടെല്ലിന് നല്ല അയവ് ലഭിക്കുന്നു. പുറംപേശികള്‍ക്കും കാലിലെ പേശികള്‍ക്കും നല്ല ദൃഢത ലഭിക്കുന്നു. അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കുടവയര്‍ കുറയുന്നു. ദഹനശക്തി വര്‍ധിക്കുന്നു. ആര്‍ത്തവ സംബന്ധമായ പ്രയാസങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:- കഴുത്തുവേദന, നടുവേദന എന്നിവ ഉള്ളവര്‍ ഈ ആസനം ചെയ്യരുത്. അധികം വേദന ഇല്ലാത്തവര്‍ മുന്നോട്ട് അധികം താഴാതെ പരിശീലിക്കാം.

അര്‍ധചക്രം

6/15

അര്‍ധചക്രം

കാലുകള്‍ രണ്ടിഞ്ച് അകലത്തില്‍വെക്കുക. കൈഉള്ളനടി അരക്കെട്ടിന്റെ പിന്‍ഭാഗത്ത് പതിക്കുക. ശ്വാസം എടുത്ത് പിന്നോട്ടുവളയുക. അവിടെനിന്ന് ശ്വാസമെടുക്കുകയും വിടുകയുംചെയ്യുക. ശ്വാസമെടുത്തുകൊണ്ട് നേരേ നിവര്‍ന്നുനില്‍ക്കുക. കൈകള്‍ താഴ്ത്തിവെക്കുക. രണ്ടുതവണ പരിശീലിക്കുക.

പ്രയോജനം: നട്ടെല്ലിന് നല്ല അയവുലഭിക്കുന്നു. നടുവേദനയുള്ളവര്‍ക്ക് ഈ ആസനം വളരെ പ്രയോജനകരമാണ്. വയറിന്റെയും നെഞ്ചിന്റെയും ഭാഗത്തെ പേശികള്‍ക്ക് നല്ല സങ്കോചവികാസം ലഭിക്കുന്നതുവഴി ആ ഭാഗത്തെ അവയവങ്ങള്‍ക്കും ഈ ആസനം വളരെ ഗുണം ചെയ്യുന്നു. ശ്വസനസംബന്ധമായ പ്രയാസമുള്ളവര്‍ക്കും അമിത വയറുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടുന്നു.

ത്രികോണാസനം

7/15

ത്രികോണാസനം

ത്രികോണത്തിന്റെ രൂപം തോന്നിക്കുന്നതുകൊണ്ടാണ് ത്രികോണാസനം എന്ന പേരുലഭിച്ചത്.
പരിശീലിക്കുന്നവിധം: കാലുകള്‍ രണ്ടിഞ്ച് അകലത്തില്‍വെച്ച് നില്‍ക്കുക. കൈകള്‍ അരക്കെട്ടില്‍ പതിക്കുക. അതിനുശേഷം കാലുകള്‍ അകലത്തില്‍വെക്കുക. ശ്വാസമെടുത്ത് കൈകള്‍ ഷോള്‍ഡറിന് (കൈപ്പലകകള്‍ക്ക് ) സമാന്തരമായി ഇരുവശത്തുകൂടെയും ഉയര്‍ത്തുക. അവിടെനിന്ന് കൈപ്പത്തി മുന്നിലേക്ക് അഭിമുഖമായി വെക്കുക. വലതുകാല്‍ വിരലുകള്‍ വലതുഭാഗത്തേക്ക് നീട്ടിവെക്കുക. വലതുഭാഗത്തേക്ക് നോക്കുക. ശ്വാസംവിട്ടുകൊണ്ട് വലതുവശത്തേക്ക് താഴുക. വലതുകൈ വലതുപാദത്തിന്റെ പിറകില്‍ തൊടുവിച്ചുവെക്കുക. ഇടതുകൈ മുകളിലേക്കുയര്‍ത്തി ഉള്ളനടി മുന്‍വശത്തേക്കഭിമുഖമായിവെക്കുക. ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക. പത്തോ ഇരുപതോ സെക്കന്‍ഡ് അവിടെ സ്ഥിതിചെയ്യുക. ശ്വാസമെടുത്ത് ഉയരുക. അതേപോലെ മറുവശത്തേക്കും പരിശീലിക്കുക. (രണ്ടുതവണ).

പ്രയോജനം: വാരിയെല്ലുകളുടെ ഇടയ്ക്കുള്ള ഇന്റര്‍കോസ്റ്റല്‍ മസിലുകള്‍ക്ക് നല്ല സങ്കോജവികാസം ലഭിക്കുന്നു. അതുകൊ ണ്ട് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുന്നു.

ദണ്ഡാസനം

8/15

ദണ്ഡാസനം

നട്ടെല്ലിനെ ദണ്ഡുപോലെയാക്കി നിവര്‍ന്നിരിക്കുന്നതുകൊണ്ടാണ് ഇതിന് ദണ്ഡാസനം എന്ന പേരുലഭിച്ചത്.
പരിശീലിക്കുന്ന വിധം: കാലുകള്‍ നീട്ടി ചേര്‍ത്തുവെച്ച് കൈ ഉള്ളനടി അരക്കെട്ടിനടുത്ത് തറയില്‍പതിച്ച് നിവര്‍ന്നിരിക്കുക. സാധാരണ ശ്വാസഗതി. ഇരുപതോ മുപ്പതോ സെക്കന്‍ഡ് ഇരിക്കാം.

 പ്രയോജനം: നട്ടെല്ലിന് നല്ല അയവുലഭിക്കുന്നു. പുറംപേശികള്‍ക്ക്, കൈയുടെ പേശികള്‍ക്ക് വളരെനല്ല ദൃഢത ലഭിക്കുന്നു. നടുവേദന, കഴുത്തുവേദന ഉള്ളവര്‍ക്ക് ഈ ആസനം വളരെനല്ലതാണ്.

ഉഷ്ട്രാസനം

9/15

ഉഷ്ട്രാസനം

ദണ്ഡാസനത്തില്‍ നിന്ന് കാല്‍മുട്ടുകളില്‍ നിവര്‍ന്നുനില്‍ക്കുക. ശ്വാസമെടുത്തുകൊണ്ട് പിന്നോട്ടുവളഞ്ഞ് കൈകള്‍കൊണ്ട് അതാത് ഉപ്പൂറ്റിയില്‍ പിടിക്കുക. ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക. പത്തോ ഇരുപതോ സെക്കന്‍ഡ് സമയം പരിശീലിക്കുക.

പ്രയോജനം: നട്ടെല്ലിനും നട്ടെല്ലിനോടനുബന്ധിച്ച പേശികള്‍ക്കും നല്ലപ്രയോജനം ലഭിക്കുന്നു. നടുവേദനയുള്ളവര്‍ക്ക് ഈ ആസനം നല്ല ആശ്വാസം നല്‍കുന്നു. അമിതവയര്‍, അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ദഹനശേഷി വര്‍ധിപ്പിക്കുന്നു. 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: സ്‌പോണ്ട്ലൈറ്റിസ് ഉള്ളവര്‍ തല അധികം പിന്നോട്ടുവളയ്ക്കരുത്. കടുത്ത നടുവേദനയുള്ളവര്‍ അവര്‍ക്ക് സുഖംതോന്നുന്ന തരത്തില്‍ മാത്രമേ പിന്നോട്ടു വളയ്ക്കാവൂ.

വക്രാസനം

10/15

വക്രാസനം

നട്ടെല്ലിനെ പിന്നോട്ടു വളച്ചുചെയ്യുന്നതുകൊണ്ടാണ് ഇതിനു വക്രാസനം എന്ന പേര് ലഭിച്ചത്.
പരിശീലിക്കുന്നവിധം: ദണ്ഡാസനത്തില്‍ നിവര്‍ന്നിരിക്കുക. വലതുകാല്‍മുട്ട് മടക്കി ഇടതുകാല്‍മുട്ടിന്നടുത്ത് പതിക്കുക. വലതുകൈ പിന്നില്‍ പതിച്ച് ഇടതുകൈ വലതുപാദത്തിനടുത്ത് തറയില്‍പതിക്കുക. വലതുകാല്‍മുട്ട് ഇടതുകക്ഷത്തില്‍ വരണം. നേരെ പിന്നിലേക്ക് നോക്കുക. സാധാരണശ്വാസഗതി. ഇരുപതോമുപ്പതോ സെക്കന്‍ഡ് ആ അവസ്ഥയില്‍ സ്ഥിതി ചെയ്യുക. വിരമിക്കുമ്പോള്‍ ഇടതുകൈ പിന്നില്‍പ്പതിക്കുക. വലതുകാല്‍ നീട്ടിവെക്കുക. മറുഭാഗവും ഇതേപോലെ പരിശീലിക്കുക. (രണ്ടുതവണ).

പ്രയോജനം: നട്ടെല്ലിന് നല്ല അയവുലഭിക്കുന്നു. നട്ടെല്ലിനും അതിനോടനുബന്ധിച്ച പേശികള്‍ക്കും ഉദരഭാഗത്തെ പേശികള്‍ക്കും ഗുണംലഭിക്കുന്നു. ഹെര്‍ണിയ ഉള്ളവര്‍ക്ക് ഈ ആസനം പ്രയോജനകരമാണ്.

ശശാങ്കാസനം

11/15

ശശാങ്കാസനം 

ഈ ആസനം മുയലിന്റെ ആകൃതിയെ സൂചിപ്പിക്കുന്നു. കാലുകള്‍ പിറകിലേക്കുമടക്കി പെരുവിരലുകള്‍ പരസ്പരം തൊടുവിച്ച് നിലത്ത് അമര്‍ന്നിരിക്കുക. കാല്‍മുട്ടുകള്‍ വിടര്‍ത്തിവെക്കുക. കൈകള്‍ മുന്‍വശം തറയില്‍ പതിക്കുക. ശ്വാസംവിട്ടുകൊണ്ട് കൈകള്‍ മുന്നോട്ടുനീട്ടി തറയില്‍ നല്ലപോലെ അമര്‍ന്നുകിടക്കുക. താടി തറയില്‍ പതിക്കുക. ആസനത്തില്‍ ശ്വാസം എടുക്കുകയും വിടുകയുംചെയ്യുക. ശ്വാസമെടുത്ത് പൂര്‍വസ്ഥിതി പ്രാപിക്കുക. രണ്ടുതവണ പരിശീലിക്കുക. 

പ്രയോജനം: മാനസിക സംഘര്‍ഷം നല്ലപോലെ ലഘൂകരിക്കുന്നു. ദഹനപ്രക്രിയ ശരിയായവിധം നടക്കുന്നു. ഉദരഭാഗത്തെ അവയവങ്ങള്‍ക്ക് വളരെ ഗുണംലഭിക്കുന്നു. ആര്‍ത്തവസംബന്ധമായ പ്രയാസമുള്ളവര്‍ക്ക് വളരെ നല്ലതാണ്. നടുവേദന, കഴുത്തുവേദന ഉള്ളവര്‍ക്ക് നല്ല ആശ്വാസംലഭിക്കും.

പവനമുക്താസനം

12/15

പവനമുക്താസനം

പവനന്‍ എന്നാല്‍ വായു. മുക്ത എന്നാല്‍ ഒഴിവാക്കുക അല്ലെങ്കില്‍ മുക്തമാക്കുക. ഈ പേര് സൂചിപ്പിക്കുന്നതുപോലെ ഈ ആസനം ആമാശയം കുടല്‍ എന്നിവയില്‍നിന്ന് അശുദ്ധവായു പുറത്തുകളയാന്‍ സഹായിക്കുന്നു.
പരിശീലിക്കുന്ന വിധം: കാലുകള്‍ ചേര്‍ത്ത്വെച്ച് കിടക്കുക. ശ്വാസം എടുത്ത് കാലുകള്‍ മുട്ടുമടക്കി ഉയര്‍ത്തി കൈകൊണ്ട് കോര്‍ത്ത് പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് തല ഉയര്‍ത്തി കാല്‍മുട്ടും താടിയും തൊടുവിക്കുക. ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ഇരുപതോ മുപ്പതോ സെക്കന്റ് സമയം തല താഴ്ത്തുക. ശ്വാസംവിട്ട് കാല്‍മുട്ട് മടക്കി പാദം നിലത്ത് പതിക്കുക. വീണ്ടും ഒരുതവണ ഇതേപോലെ പരിശീലിക്കുക. രണ്ട് തവണ.

പ്രയോജനം: ഉദരഭാഗത്ത് നല്ല അമര്‍ച്ച ലഭിക്കുന്നതുവഴി അവിടെയുള്ള അവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത വര്‍ധിക്കുന്നു. അമിതവണ്ണം, കുടവയര്‍ എന്നിവ കുറയുന്നു. കൊളസ്ട്രോള്‍, പ്രമേഹം എന്നിവയ്ക്ക് നല്ല ശമനം ലഭിക്കുന്നു. നട്ടെല്ലിനും നല്ല അയവ് ലഭിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നടുവേദന, കഴുത്ത്വേദന ഉള്ളവര്‍ തല ഉയര്‍ത്താതെ പരിശീലിക്കുക.

സേതുബന്ധനം

13/15

സേതുബന്ധനം

സേതു എന്നാല്‍ ചിറ. ബന്ധനം ബന്ധിപ്പിക്കുന്നത്. പാലത്തിന്റെ ആകൃതി തോന്നിക്കുന്നതുകൊണ്ടാണ് 
സേതുബന്ധനം എന്ന പേര് ലഭിച്ചത്.
പരിശീലിക്കുന്നവിധം: മലര്‍ന്നുകിടക്കുക. കാല്‍മുട്ടുകള്‍ മടക്കിവെയ്ക്കുക. കൈകള്‍കൊണ്ട് അതത് ആംഗിളില്‍ പിടിക്കുക. ശ്വാസം എടുത്ത് അരക്കെട്ടും ശരീരവും നല്ലപോലെ ഉയര്‍ത്തുക. താടിയും നെഞ്ചും തൊട്ടിരിക്കും. സാധാരണ ശ്വാസഗതി. ഇരുപതോ മുപ്പതോ സെക്കന്റ് ഈ ആസനത്തില്‍ സ്ഥിതിചെയ്യുക. ശ്വാസംവിട്ട് താഴുക. രണ്ട് തവണ.

പ്രയോജനം: നട്ടെല്ലിന് നല്ല പ്രയോജനം ലഭിക്കുന്നു. നടുവേദനക്കാര്‍ക്ക് ഈ ആസനം നല്ല ആശ്വാസം നല്‍കുന്നു. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ഇത് വളരെ പ്രയോജനപ്പെടുന്നു. ദഹനപ്രക്രിയ ശരിയായി നടക്കുന്നു. ഗ്യാസ്ട്രബിളിന് നല്ല ശമനം ലഭിക്കുന്നു. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അമിതമായ ബി.പി. ഉള്ളവര്‍ ഈ ആസനം ഒഴിവാക്കുന്നതാണ് നല്ലത്.

ഭുജംഗം

14/15

ഭുജംഗം

ഭുജംഗം എന്നാല്‍ സര്‍പ്പം. സര്‍പ്പത്തിന്റെ ആകൃതി തോന്നിക്കുന്നതുകൊണ്ടാണ് ഭുജംഗാസനം എന്ന പേരുലഭിച്ചത്.
പരിശീലിക്കുന്ന വിധം: മകരാസനത്തില്‍ വിശ്രമിക്കുക. കമിഴ്ന്നുകിടന്ന് കൈത്തലം കമിഴ്ത്തി നെറ്റിയുടെ താഴെ പതിക്കുക. കാലുകള്‍ അകലത്തില്‍വെക്കുക. സാധാരണ ശ്വാസഗതി. കമിഴ്ന്നുകിടന്നുചെയ്യാവുന്ന ആസനങ്ങള്‍ക്കുള്ള വിശ്രമമാണിത്.
  കാലുകള്‍ ചേര്‍ത്തുവെക്കുക. താടി തറയില്‍ പതിക്കുക. കൈത്തലം ഷോള്‍ഡറിനു താഴെ പതിക്കുക. ശ്വാസമെടുത്ത് തലയും നെഞ്ചിന്റെ ഭാഗവും പൊക്കിളിന്റെ അല്പം താഴെവരെ ഉയര്‍ത്തുക. അവിടെനിന്ന് ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. പത്തോ ഇരുപതോ സെക്കന്‍ഡ് അവിടെ സ്ഥിതിചെയ്യുക. ശ്വാസം വിട്ടുകൊണ്ട് താഴുക. രണ്ടുതവണ.

 പ്രയോജനം: നട്ടെല്ലിനും അതിനോടനുബന്ധിച്ച പേശികള്‍ക്കും പ്രയോജനപ്പെടുന്നു. നടുവേദനയുള്ളവര്‍ക്ക് നല്ല പ്രയോജനംലഭിക്കുന്നു. അമിതവണ്ണവും കുടവയറും കുറയുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് വളരെനല്ല ഗുണംലഭിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഹെര്‍ണിയ, പൈല്‍സ് ഉള്ളവര്‍ പരിശീലിക്കരുത്. ഗര്‍ഭപാത്രത്തിന് സ്ഥാനചലനം, ഫൈബ്രോയ്ഡ്, പോളിസിസ്റ്റ് ഓവറി ഡിസീസ് ഉള്ളവര്‍ പരിശീലിക്കരുത്.

ദ്വിപാദോത്ഥാനാസനം  (അര്‍ധഹലാസനം)

15/15

ദ്വിപാദോത്ഥാനാസനം 
(അര്‍ധഹലാസനം)

ഉത്ഥാനം എന്നാല്‍ ഉയര്‍ത്തുക. ഇരു പാദങ്ങളും കുത്തനെ ഉയര്‍ത്തുന്നതുകൊണ്ട് പാദോത്ഥാനം എന്ന പേര് ലഭിച്ചു.
പരിശീലിക്കുന്ന വിധം: കാലുകള്‍ ചേര്‍ത്ത് മലര്‍ന്ന് കിടക്കുക. കൈകള്‍ തറയില്‍ ശരീരത്തിന്നിരുഭാഗത്തും കമിഴ്ത്തിവെക്കുക. ശ്വാസം എടുത്ത് കാലുകള്‍ കുത്തനെ ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ താഴ്ത്തിക്കൊണ്ട് വരിക. ആവര്‍ത്തിക്കുക.

പ്രയോജനം: വയറിന്റെ പേശികള്‍ക്കും ഉള്‍ഭാഗത്തെ അവയവങ്ങള്‍ക്കും ഈ ആസനം നല്ല ഗുണം ചെയ്യുന്നു. പ്രമേഹം, ഫേറ്റിലിവര്‍, കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങിയവ ഉള്ളവര്‍ക്ക് ഈ ആസനപരിശീലനം വളരെ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നല്ല നടുവേദന ഉള്ളവര്‍, അമിത രക്തസമ്മര്‍ദം ഉള്ളവര്‍ ഈ ആസനം പരിശീലിക്കരുത്.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section