കാൻസർ അതിന്റെ അവസാനഘട്ടത്തിലായിരിക്കും പലപ്പോഴും നമ്മൾ അറിയുക. വൈകിയറിയുന്നത് രോഗത്തെ സങ്കീർണമാക്കുന്നുണ്ട്. നേരത്തേ കണ്ടെത്തിയാൽ ഭേദമാക്കാൻ കഴിയും. അതിനുള്ള പരിശോധനകളും ഇപ്പോൾ ലഭ്യമാണ്.

ഗർഭാശയ ഗള കാൻസറും (സെർവിക്കൽ കാൻസർ) ഇങ്ങനെ മതിയായ സ്‌ക്രീനിങ്‌ നടത്തി നേരത്തേ കണ്ടെത്താനും കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാനും സാധിക്കും. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തു സ്ത്രീകളിൽ സെർവിക്കൽ കാൻസർ ഇപ്പോഴും ധാരാളമായി കണ്ടുവരുന്നു? സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള അറിവില്ലായ്മയാണോ കാരണം? ലോകത്ത് അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ.

ബ്രെസ്റ്റ് കാൻസർ കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാൻസർകൂടിയാണ്. ലോകത്തു പ്രതിവർഷം മൂന്നുലക്ഷം സ്ത്രീകൾ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല അഞ്ചു ലക്ഷം പുതിയ സെർവിക്കൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.

ഈ രോഗത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ അവബോധം കുറവാണെന്നത് ഒരു വലിയ പ്രശ്നമാണ്. അതുകൊണ്ട് ഇത് തടയാനുള്ള മാർഗങ്ങളെക്കുറിച്ചും പലർക്കുമറിയില്ല. ഹ്യൂമൻ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സെർവിക്കൽ കാൻസറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 70 ശതമാനം സെർവിക്കൽ കാൻസറും HPV 16, HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്.

80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം.
ഈ വൈറസുകൾ സെർവിക്കൽ കാൻസറിനു മാത്രമല്ല മലദ്വാരത്തിലും വായിലും തൊണ്ടയിലും പുരുഷലിംഗത്തിലും യോനിയിലെ കാൻസറിനും കാരണമായേക്കാം. സാധാരണ 15 മുതൽ 20 വർഷംവരെ എടുക്കും അണുബാധമൂലം സെർവിക്കൽ കാൻസർ ഉണ്ടാവാൻ. പക്ഷേ, പ്രതിരോധശേഷി കുറഞ്ഞവരിൽ അഞ്ചുമുതൽ 10 വർഷംകൊണ്ട് വരാം.

രോഗലക്ഷണങ്ങൾ
1. ആർത്തവം ക്രമംതെറ്റുക
2. ആർത്തവമില്ലാത്ത സമയങ്ങളിൽ രക്തസ്രാവം ഉണ്ടാകുക.
3. ലൈംഗികബന്ധത്തിനുശേഷം രക്തം കാണുക.
4. ക്ഷീണം, തൂക്കംകുറയുക, വിശപ്പില്ലായ്മ
5. വെള്ളപോക്ക്.
6. നടുവേദന
7. ഒരു കാലിൽമാത്രം നീരുവരുക.

എങ്ങനെ രോഗം വരാതെനോക്കാം
1.ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം അല്ലെങ്കിൽ മറ്റു സുരക്ഷിതമാർഗങ്ങൾ ഉപയോഗിക്കുക.
2. പുകയില ഉപയോഗം കുറയ്ക്കുക.
3. വൈറസിനെതിരായ കുത്തിവെപ്പെടുക്കുക.
4. കാൻസർ കണ്ടെത്താൻ സ്‌ക്രീനിങ്‌ ടെസ്റ്റുകൾ ചെയ്യുക.

രോഗനിർണയം
നാലുതരം പരിശോധനകളാണ് പ്രധാനമായും രോഗനിർണയത്തിന് നിലവിലുള്ളത്. 
1. പാപ് സ്മിയർ ടെസ്റ്റ് 
2. എൽ.ബി.സി.
3. എച്ച്‌.പി.വി. ടെസ്റ്റ്
4. വി.ഐ.എ. (V.I.A)

ഇതിൽ പാപ് സ്മിയർ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തിൽ ഗൈനക്കോളജിസ്റ്റുകളുള്ള ഒട്ടുമിക്ക ആസ്പത്രികളിലും ഈ സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങളുണ്ട്. ഗർഭാശയമുഖത്തെ (cervix) കോശങ്ങൾക്കു എന്തെങ്കിലും മാറ്റമുണ്ടോ, കാൻസർ ഉണ്ടോ, കാൻസർ വരാൻ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയാൻ സാധിക്കും. മാത്രവുമല്ല ഇത് ചെലവ്‌ വളരെ കുറഞ്ഞ പരിശോധനയുമാണ്. എല്ലാ സ്‌ത്രീകളും ഈ പരിശോധന നടത്തണം. 30 വയസ്സ് മുതലെങ്കിലും രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ സ്‌ക്രീനിങ് നടത്തുന്നത് നല്ലതാണ്. അതും പറ്റില്ലെങ്കിൽ ഒരിക്കലെങ്കിലും ചെയ്യുക.

ചികിത്സ
1. ക്രയോസർജറി
2. സർജറി
3. കീമോതെറാപ്പി
4. റേഡിയോതെറാപ്പി

പ്രതിരോധിക്കാൻ വാക്സിൻ
ഗർഭാശയഗള കാൻസർ വരാതിരിക്കാനുള്ള പ്രധാനമാർഗം പ്രതിരോധ കുത്തിവെപ്പെടുക്കുകയാണ്. വാക്സിനുകൾ വളരെ ഫലപ്രദമാണ്. ലോകാരോഗ്യ സംഘടന ഈ കുത്തിവെപ്പ് നിർദേശിക്കുന്നുമുണ്ട്. ഇന്ത്യയിൽ പ്രധാനമായും രണ്ടുതരം കുത്തിവെപ്പ് ലഭ്യമാണ്. രോഗംവന്നിട്ട് കുത്തിവെപ്പെടുത്തിട്ട് കാര്യമില്ല. അതുകൊണ്ട് ഒൻപതിനും പതിമ്മൂന്ന് വയസ്സിനുമിടയിൽ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. വളരെ നേരത്തേ പ്രതിരോധമാർഗം സ്വീകരിക്കുന്നതാണ് നല്ലത്. ഒരു പെൺകുട്ടി ശാരീരിക ബന്ധം  തുടങ്ങുന്ന കാലഘട്ടത്തിനു  മുൻപേ കുത്തിവെപ്പെടുക്കുമ്പോൾ കൂടുതൽ ഫലപ്രാപ്തി ഉണ്ടാവും.

ആറുമാസത്തിനുള്ളിൽ മൂന്നെണ്ണമായിട്ടാണ് ഇവ എടുക്കുന്നത്. വാക്സിനുകൾ കേരളത്തിലെ സർക്കാർ ആസ്പത്രികളിൽ ലഭ്യമല്ലെന്നത് ഒരു പ്രധാനപ്രശ്നമാണ്. വിലയും കൂടുതലാണ്. 2700 മുതൽ 3300 രൂപവരെ വരും. ഡൽഹി സർക്കാർ 2016 മുതൽ സൗജന്യമായി 13 വയസ്സുള്ള പെൺകുട്ടികൾക്ക് വാക്സിൻ കൊടുത്തുവരുന്നു. അങ്ങനെ കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ഡൽഹി.

2016 മുതൽ 65 രാജ്യങ്ങളിൽ കുത്തിവെപ്പ് നൽകിവരുന്നു എന്ന് ലോകാരോഗ്യസംഘടന പറയുന്നു. 
ലോകാരോഗ്യസംഘടന നിർദേശിക്കുന്ന കുത്തിവെപ്പ് തീർച്ചയായും നമ്മുടെ ജനങ്ങളിലേക്ക് എത്തേണ്ടതാണ്. സാധാരണക്കാർക്ക് ഗുണം ലഭിക്കണമെങ്കിൽ വിലകുറച്ച് വാക്സിൻ ലഭിക്കണം. അതിന് ഡൽഹിയിലെ മാതൃക കേരളത്തിലും സ്വീകരിക്കാവുന്നതാണ്.