നിങ്ങളെ അടിമയാക്കുന്ന 8 ആസക്തികള്‍

1.jpg

1/10

വ്യക്തികളെ ആകര്‍ഷിച്ച് ആസക്തിക്ക് അടിമകളാക്കുന്ന  നിരവധി സാഹചര്യങ്ങളും വസ്തുക്കളും ലോകത്തുണ്ട്. ആഗ്രഹിച്ചാലും വേണ്ടെന്നുവെക്കാന്‍ കഴിയാത്തവയാണ് പലപ്പോഴും ഇവയില്‍ പലതും. നാം പോലുമറിയാതെ നമ്മെ അടിമയാക്കുന്ന ആ ശീലങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ..

സ്മാര്‍ട്ട്ഫോണ്‍

ഒരുനിമിഷംപോലും വേര്‍പിരിയാന്‍ കഴിയാത്ത പങ്കാളിയാണ് ഇന്ന് പലര്‍ക്കും സ്മാര്‍ട്ട്ഫോണ്‍. അടിക്കടിയെത്തുന്ന സന്ദേശങ്ങളില്‍നിന്ന് നോക്കാതിരിക്കാന്‍ നമുക്ക് കഴിയാറില്ല. ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുവരെപോലും അവഗണിച്ച് കാതങ്ങള്‍ അകലെയുള്ളവരുമായി സ്മാര്‍ട്ട്ഫോണില്‍ സല്ലപിക്കുന്നവരാണ് പലരും. നാം പതുക്കെ ഡിജിറ്റല്‍ സാങ്കേതികതയുടെ പ്രതീതിലോകത്തിന് അടിമകളായിക്കൊണ്ടിരിക്കുകയാണോ?

 

 

2.jpg

2/10

കാപ്പി

പ്രഭാതത്തില്‍ ആവിപറക്കുന്ന ഒരു കപ്പ് കാപ്പിയുടെ സുഖാനുഭൂതിയോടെ ദിവസം ആരംഭിക്കുന്നവരാണ് നമ്മില്‍ പലരും. കാപ്പി ഒരു അഡിക് ഷനൊന്നുമല്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കും. എന്നാല്‍ ആശീലം പെട്ടെന്നൊരു ദിവസം നിര്‍ത്തി നോക്കൂ.. തലവേദന, അകാരണമായ ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടുന്നത് കാണാം.

3.jpg

3/10

ചോക്ക്ലേറ്റും മധുരപലഹാരങ്ങളും

ചിലര്‍ക്ക് ചോക്ലേറ്റും മധുരപലഹാരങ്ങളും വളരെ പ്രിയപ്പെട്ടതാണ്. കഴിച്ചാല്‍ കഴിച്ചുകൊണ്ടേയിരിക്കാന്‍ തോന്നും. എന്താണിതിന്റെ രഹസ്യമെന്നല്ലേ? ഇവയിലടങ്ങിയിരിക്കുന്ന പഞ്ചസാര, കൊഴുപ്പ് തുടങ്ങിയവ നമ്മുടെ തലച്ചോറില്‍ ഒരു മയക്കുമരുന്നു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വല്ലപ്പോഴുമൊരിക്കല്‍ കഴിക്കുന്ന മില്‍ക്ക്ഷേയ്‌ക്കോ ചോക്ലേറ്റോ നിങ്ങളെ അടിമയാക്കിക്കളയുമെന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ മധുരപലഹാരങ്ങള്‍ ശീലമാക്കുന്നത് ദന്തരോഗങ്ങള്‍ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

4.jpg

4/10

ഷോപ്പിംഗ്

ഷോപ്പിംഗ് സമയത്ത് നിങ്ങള്‍ വാങ്ങിക്കൂട്ടുന്നതെല്ലാം യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളവ തന്നെയാണോ? പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത് എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ഷോപ്പിംഗ് ശീലം അല്‍പം അപകടകരമായിട്ടുണ്ട് എന്നാണ് അര്‍ത്ഥം.

അതായത്, ആവശ്യമുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിലൂടെ നിങ്ങള്‍ ഒരുതരം ആനന്ദം അനുഭവിക്കുന്നു എന്ന്. ഈ ശീലം പെട്ടെന്നങ്ങ് നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിച്ചെന്നുവരില്ല. അങ്ങനെ ചെയ്താല്‍ ലഹരിക്കടിപ്പെട്ട ഒരാളുടെ പിന്‍വലിയല്‍ ലക്ഷണങ്ങളൊക്കെ നിങ്ങളും കാണിച്ചു തുടങ്ങും. ഇതു മാത്രമല്ല, ഷോപ്പിംഗ് ഒരു ശീലമാകുന്നത് സാമ്പത്തികവും സാമൂഹ്യവുമായ നിരവധി പ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം.

5.jpg

5/10

ചൂതുകളി

ചൂതുകളി ലഹരിയായുള്ളവര്‍ ഏറെയുണ്ട്. പണംവെച്ചുള്ള ചീട്ടുകളി മുതല്‍ ഓണ്‍ലൈന്‍ ചൂതുകളിവരെ വിപുലമായ ഒരു ലോകമാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. ചൂതുകളിയിലേര്‍പ്പെട്ടിരിക്കുന്ന ആളുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപമൈന്‍ എന്ന അമിനോ ആസിഡ് താല്‍കാലികമായ ഒരു ആനന്ദാനുഭൂതി നിറയ്ക്കുന്നു. ഇത് ആ പ്രവൃത്തി വീണ്ടും ആവര്‍ത്തിക്കാനുള്ള ത്വരയുണ്ടാക്കുകയും പലപ്പോഴും പണം, ജോലി, കുടുംബജീവിതം തുടങ്ങി എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നു.

6.jpg

6/10

വ്യായാമം

വ്യായാമം ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെയേറെ സഹായകരമാണെന്ന് നമുക്കെല്ലാം അറിയാം. പല ദുശ്ശീലങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കാന്‍ ശരിയായ വ്യായാമത്തിന് സാധിക്കും. എന്നാല്‍ വ്യായാമത്തിനുതന്നെ നിങ്ങള്‍ അടിമയായാലോ? അതെ, അമിതമായി വ്യായാമം ചെയ്യുന്നത് ഇക്കാലത്ത് ഒരു അഡിക് ഷനായി മാറുന്നതായാണ് സൂചന. ശാരീരികമായ വയ്യായ്കകളെപോലും അവഗണിച്ച് വ്യായാമം ചെയ്യുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്ന് ഓര്‍മിക്കുന്നത് നന്ന്.

7.jpg

7/10

സോഷ്യല്‍ മീഡിയ

ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ ദിവസത്തില്‍ ഏറിയ സമയവും ചെലവഴിക്കുന്നവരാണോ നിങ്ങള്‍? സോഷ്യല്‍മീഡിയയ്ക്ക് അടിമയായതായി നിങ്ങള്‍ക്കുതന്നെ തോന്നിത്തുടങ്ങിയോ? എങ്കില്‍ സൂക്ഷിക്കണം. സോഷ്യല്‍മീഡിയ ഉപയോക്താക്കളില്‍ പത്ത് ശതമാനം പേരും അതിന് അടിമകളായി മാറിക്കഴിഞ്ഞു എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യന്റെ തലച്ചോറിനെ കൊക്കെയ്ന്‍ എങ്ങനെ ബാധിക്കുന്നുവോ അപ്രകാരം സോഷ്യല്‍ മീഡിയയും ബാധിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ അപരിചിതരുമായി സ്വകാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് ഒരുതരം സുഖാനുഭൂതി നല്‍കുകയും അതിനായി വീണ്ടും വീണ്ടും ആഗ്രഹിക്കുകയും ചെയ്യുന്നത് ഇതിന്റെ ഫലമായാണ്.

8.jpg

8/10

ലൈംഗികത

ലൈംഗികകാര്യങ്ങളില്‍ അമിതമായി താത്പര്യം ഉണ്ടായിരിക്കുക, എന്നാല്‍ അത് ശരിയായി ആസ്വദിക്കാനാവാതിരിക്കുക, അതിനായി ശ്രമിച്ച് വലിയ അപകടങ്ങളില്‍ ചെന്നുചാടുക എന്നിവയൊക്കെ ചിലരുടെയെങ്കിലും ജീവിതത്തില്‍ സംഭവിക്കാറുണ്ട്. ഹൈപ്പര്‍സെക്ഷ്വല്‍ ഡിസോഡര്‍ എന്ന ഒരു രോഗാവസ്ഥയായി ചിലപ്പോഴിത് മാറിയേക്കാം. മയക്കുമരുന്നോ ചൂതുകളിയോ പോലെ നമ്മെ അടിമയാക്കാന്‍ ഈ അവസ്ഥയ്ക്ക് കഴിയും.

9.jpg

9/10

എന്താണ് ആസക്തി?

നിങ്ങളുടെ മനസിനെ അടിമയാക്കിമാറ്റുന്ന എന്തു ശീലവും അഡിക് ഷനായി മാറാം. വേദനകളെ, അസ്വസ്തതകളെ ശമിപ്പിക്കാനുള്ള മരുന്നായി ആ ശീലം നിങ്ങളെ ആവേശിക്കുന്നു- അത് ചിലപ്പോള്‍ ഒരു ടെക്സ്റ്റ് മെസേജിന്റെ മണികിലുക്കം കേള്‍ക്കുമ്പോള്‍ നിങ്ങളിലുണ്ടാകുന്ന ആനന്ദമാകാം, മോഹിച്ചതുപോലെയുള്ള ചെരിപ്പുകള്‍ കണ്ടെത്തുമ്പോള്‍ അനുഭവിക്കുന്ന ആശ്വാസമാകാം ചീട്ടുകളിക്കുമ്പോള്‍ കിട്ടുന്ന ആവേശമാകാം. എന്തായാലും അതില്ലാതെ ജീവിക്കാനാവില്ലെന്ന് നിങ്ങള്‍ക്കു തോന്നലുണ്ടാക്കുന്ന ആ അവസ്ഥതന്നെയാണ് അഡിക് ഷന്‍ എന്ന് മനസ്സിലാക്കുക.

10.jpg

10/10

എല്ലാ ആസക്തികളും ഒരുപോലെയാണോ?

മയക്കുമരുന്നിനെയും മദ്യത്തേയും പോലെയാണോ സ്മാര്‍ട്ട് ഫോണും ഷോപ്പിംഗും ഓരോരുത്തരെയും അടിമകളാക്കുന്നത് ?  ഇക്കാര്യത്തില്‍ വിദഗ്ധര്‍ക്ക് വ്യത്യസ്താഭിപ്രായങ്ങളുണ്ട് എന്നത് സത്യമാണ്. എന്നാല്‍ വ്യത്യസ്ത രീതിയിലാണെങ്കിലും തലച്ചോറിനെ ഈ അഡിക് ഷനുകളെല്ലാം സമാനമായാണ് ബാധിക്കുന്നതെന്നതാണ് വസ്തുത. ശ്രദ്ധിക്കുക, സ്വയം നിയന്ത്രിക്കാനാകാത്ത ഒരു ശീലം നിങ്ങളെ അടിപ്പെടുത്തുന്നതായി തോന്നുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

തയ്യാറാക്കിയത്: ശ്യാം മുരളി

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented