പഴമോ, പച്ചക്കറിയോ? രസകരമായ വസ്തുതകള്‍ അറിയാം

tomato

1/7

തക്കാളി പഴമോ അതോ പച്ചക്കറിയോ

തക്കാളി ഒരു പഴമാണ്. എന്നാല്‍ നിയമപരമായി അതൊരു പച്ചക്കറിയാണ്. ആശ്ചര്യപ്പെടേണ്ട. രസകരമായൊരു കഥയുണ്ട് ഇതിന് പിന്നില്‍. 1800കളിലാണ്, ന്യൂയോര്‍ക്ക് തുറമുഖത്ത് പച്ചക്കറികള്‍ക്ക് നികുതി ഈടാക്കിയിരുന്നു. എന്നാല്‍ പഴങ്ങള്‍ക്ക് അത് ഉണ്ടായിരുന്നില്ല. ഇങ്ങനെയിരിക്കെയാണ് ഒരു കച്ചവടക്കാരന്‍ കോടതിയ സമീപിച്ചത്. തന്റെ തക്കാളികള്‍ പഴങ്ങളാണെന്നായിരുന്നു അയാളുടെ വാദം. ചെലവ് ചുരുക്കാനുദ്ദേശിച്ചായിരുന്നു ഈ നീക്കം. കേസ് അവസാനം സുപ്രീംകോടതിയിലെത്തി.  സാധാരണഗതിയില്‍ ഇറച്ചിക്കും മത്സ്യത്തിനുമൊപ്പം സ്ഥിരമായി വിളമ്പുന്ന തക്കാളി പച്ചക്കറിയാണെന്നായിരുന്നു കോടതിവിധി. അതോടെ ആ കച്ചവടക്കാരന് പച്ചക്കറിയ്ക്കുള്ള നികുതിയടയ്‌ക്കേണ്ടി വന്നു. 

bell peppers

2/7

കാപ്‌സിക്കം പഴമാണത്രേ

ഞെട്ടിപ്പോയോ? പൂക്കളില്‍ നിന്നുണ്ടാവുന്നതും വിത്തുകളുണ്ടാകുന്നതുമായ  സസ്യഭാഗമായാണ് ശാസ്ത്രജ്ഞര്‍ പഴങ്ങളെ നിര്‍വ്വചിക്കുന്നത്. അതായത് കുമ്പളം, വെള്ളരി, മത്തന്‍ എന്നിവയെ പോലെ കാപ്‌സിക്കവും ഒരു പഴമാണ്. എന്തൊക്കെയായാലും ഇനി അടുത്തതവണ ഫ്രൂട്‌സ് സലാഡ് ഉണ്ടാക്കുമ്പോള്‍ ഇതൊക്കെ അതില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

blackberry

3/7

ബ്ലാക്ക്‌ബെറി യഥാര്‍ത്ഥത്തില്‍ 'ബെറി' അല്ല

ബ്ലാക്ക്‌ബെറി എന്ന പേര് കേട്ട് അത് ബെറി വിഭാഗത്തില്‍പ്പെടുന്ന പഴമാണെന്ന് ധരിക്കേണ്ട. ബ്ലാക്ക്‌ബെറി മാത്രമല്ല റാസ്പ്‌ബെറികളും എന്തിന് സ്‌ട്രോബെറിപോലും യഥാര്‍ത്ഥത്തില്‍ ബെറിയിനത്തില്‍ പെടുന്നതല്ല. എന്നാല്‍ ഇവയിലെല്ലാം ചെറിയ പഴങ്ങള്‍ ഒന്നിച്ച് വളരുന്നുണ്ട്. എന്തൊക്കെയായാലും ഇവയ്‌ക്കെല്ലാം കുത്തുന്ന മധുരമാണ്.

banana is berry

4/7

എന്നാല്‍ പഴം ഒരു 'ബെറി'യാണ്

ഒരു പൂവില്‍ നിന്നും ഒരു അണ്ഡകോശത്തില്‍ നിന്നും രൂപപ്പെട്ടുവരുന്ന പഴമാണ് ശരിയായ ബെറി. പൂവിന്റെ സ്‌ത്രൈണ ഭാഗമാണ് അണ്ഡകോശം. അതായത്, മുന്തിരി, കിവി, എന്നിവയെ പോലെ പഴവും ബെറി ഇനത്തില്‍പ്പെടുന്നതു തന്നെ. അടുത്ത തവണ പഴം കഴിക്കുമ്പോള്‍ അതൊന്നു ആലോചിച്ചു നോക്കൂ...  

apple

5/7

റോസാപ്പൂവിന്റെ ബന്ധുവാണത്രെ ആപ്പിള്‍

ഫൈബറിന്റേയും വിറ്റാമിന്‍ സി യുടേയും മികച്ച ഉറവിടമാണ് ആപ്പിള്‍.  ഒരു കഷ്ണം കടിച്ചെടുക്കുമ്പോള്‍ അതിന്റെ മധുരമൂറുന്ന മണം നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? എന്തുകൊണ്ടാണെന്നോ? റോസാ പൂവിന്റെ അതേ സസ്യഗണത്തില്‍ നിന്നും വരുന്നവയാണ്. ഇത് നിങ്ങള്‍ക്ക് മുമ്പ് അറിയുമായിരുന്നോ? ഇനി ആപ്പിള്‍ കഴിക്കുമ്പോള്‍ ആ മധുര ഗന്ധവും നല്ലപോലെ ആസ്വദിച്ചോളൂ...

kiwis

6/7

ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി കിവി പഴത്തിലുണ്ട്

പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് കിവി പഴത്തില്‍. ഒറഞ്ചിലുള്ളതിനേക്കാളും ഇരട്ടി വിറ്റാമിന്‍ സി കിവി പഴത്തിലുണ്ട്. കൂടാതെ പൊട്ടാസ്യവും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിന് പകരക്കാരന്‍ കൂടിയാണിത്. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങളും മറ്റ് വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

figs

7/7

അത്തിപ്പഴം

കാത്സ്യം ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാറുണ്ടോ?  പാല്‍ കുടിക്കുകയാണ് പലപ്പോഴും അതിന് ചെയ്യാറ്. നമ്മുടെ നാട്ടില്‍ പരിചിതമായ അത്തിപ്പഴം കാത്സ്യത്തിന്റെ നല്ലൊരു ഉറവിടമാണെന്ന് അറിയാമോ. എങ്കില്‍ ഇനി പാലിന് പകരം അത്തിപ്പഴം കഴിച്ചു നോക്കൂ. ഫൈബറും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് അമിതമായി കഴിക്കരുത്. കാരണം ഇതില്‍ ധാരാളം പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്.

തയ്യാറാക്കിയത്: ഷിനോയ് എ.കെ

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented