Representative Image| Photo: GettyImages
Life is a flame that is always burning itself out, but it catches fire again every time a child is born.
- George Bernard Shaw
കുഞ്ഞുങ്ങളുടെ വരവ് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ വഴിത്തിരിവാണ്, വലിയൊരു നാഴികക്കല്ല്! ഒരുപാട് സന്തോഷങ്ങളും കൂടുതല്‍ ഉത്തരവാദിത്വങ്ങളും ഒപ്പം കുറേ ആശങ്കകളും അച്ഛനമ്മമാര്‍ക്ക് നല്‍കിക്കൊണ്ടാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. മാനസികവും ശാരീരികവും സാമൂഹികവുമായി വളരെയധികം മാറ്റങ്ങള്‍ ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ക്കുണ്ടാകാറുണ്ട്.
'അമ്മ' എന്ന അനുഭവം
ഏതാണ്ടെല്ലാ സ്ത്രീകളും, പ്രത്യേകിച്ച് ആദ്യമായി അമ്മയാകുന്നവര്‍, ഗര്‍ഭകാലത്തും പ്രസവാനന്തരവും വലിയ തോതിലുള്ള വൈകാരിക അനുഭവങ്ങളിലൂടെ കടന്നുപോകും. പ്രതീക്ഷകളും ആവേശവും ആനന്ദവും സാഫല്യവും മനസ്സില്‍ നിറയുന്നതിനോടൊപ്പംതന്നെ ഉത്കണ്ഠയും അസ്വസ്ഥതകളും നിരാശയും ആശയക്കുഴപ്പങ്ങളും കുറ്റബോധവും കടന്നുകയറ്റം നടത്തിയേക്കാം. അതിന്റെ തോത് പലരിലും പല തരത്തിലായിരിക്കും എന്നുമാത്രം. ഗര്‍ഭകാലത്ത് തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങള്‍, ഗര്‍ഭകാലത്തും പ്രസവശേഷവും സെക്സ് ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍, ജീവിതാനുഭവങ്ങള്‍, ചുറ്റുപാടുകള്‍ എന്നിവയെല്ലാം വൈകാരിക മാറ്റങ്ങള്‍ക്ക് ചരട് വലിക്കുന്നു. ഈ സമയം അമ്മമാരുടെ മനസ്സ് ചെറുതും വലുതുമായ സമ്മര്‍ദങ്ങള്‍ക്കും മാനസികരോഗാവസ്ഥകള്‍ക്കും പെട്ടെന്ന് വിധേയമായേക്കാം. എന്നാല്‍ വലിയൊരു ശതമാനം സ്ത്രീകള്‍ക്കും പ്രസവാനുബന്ധമായുണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ മറികടക്കാന്‍ ശരിയായ സഹായമോ പരിഗണനയോ കിട്ടാതെപോകുന്നു.
അമ്മക്കരച്ചിലിന്റെ കണക്കുകള്‍
ഗര്‍ഭിണികളായ ആയിരം സ്ത്രീകളെയെടുക്കുകയാണെങ്കില്‍, അവരില്‍ ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും പ്രസവാനന്തരം ആദ്യത്തെ നാലാഴ്ചക്കുള്ളില്‍തന്നെ വൈകാരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാം. ചിലരെല്ലാം ഗര്‍ഭകാലത്തുതന്നെ ഉത്കണ്ഠയും ഉറക്കമില്ലായ്മയും അനുഭവിക്കാറുണ്ട്. പലരിലും പ്രസവിച്ച് രണ്ടാംദിനം മുതലാണ് അസ്വാസ്ഥ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇരുപത്തഞ്ചുവയസ്സിന് താഴെയുള്ള അമ്മമാരില്‍ നൂറുപേരെയെടുത്താല്‍ എണ്‍പതിലധികംപേരിലും ഇത്തരം ഭാവമാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്.
അപ്രതീക്ഷിതമായും വളരെ പെട്ടെന്നും അമ്മമാര്‍ക്കുണ്ടാകുന്ന ഈ വൈകാരിക പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സ്ത്രീകള്‍ അവരുടെ യഥാര്‍ഥ പെരുമാറ്റത്തില്‍നിന്നും വ്യക്തിത്വത്തില്‍നിന്നും വല്ലാതെ മാറിയതായി പുറമേയുള്ളവര്‍ക്ക് തോന്നും.

പഠനങ്ങള്‍ പ്രകാരം പുതിയ അമ്മമാരില്‍ 50 മുതല്‍ 80 ശതമാനം പേര്‍ക്കുവരെ 'മറ്റേര്‍ണിറ്റി ബ്ലൂസ്' കാണപ്പെടുന്നു. പ്രസവാനുബന്ധിയായ വിഷാദം നൂറില്‍ പതിമ്മൂന്നോളംപേരിലാണ് കാണപ്പെടാറുള്ളത്. കൗമാരക്കാരായ അമ്മമാരില്‍ ഇതിന്റെ തോത് ഇരട്ടിയാണ്. മാനസികരോഗം അനുഭവിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രസവാനന്തര മാനസികാസ്വസ്ഥ്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
പ്രസവാനന്തര പ്രശ്നങ്ങള്‍
പ്രസവാനുബന്ധ മാനസിക അസ്വാസ്ഥ്യങ്ങളെ പ്രധാനമായും അഞ്ചായി തിരിക്കാം.
മറ്റേര്‍ണിറ്റി ബ്ലൂസ് (Maternity Blues)
കുഞ്ഞുണ്ടായി രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യക്ഷമാവുകയും ഏറിയാല്‍ പത്തുദിവസംവരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നതാണ്, 'ബേബി ബ്ലൂസ്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈയവസ്ഥ. കൂടെക്കൂടെയുള്ള കരച്ചില്‍, ഇടയ്ക്കിടെ മാറിമറിഞ്ഞുവരുന്ന അനിയന്ത്രിതമായ സന്തോഷം, ദേഷ്യം, ഉത്കണ്ഠ, സംഭ്രമം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. അസ്വസ്ഥ ജനകമാണെങ്കിലും പൊതുവേ, പുതുമാതാക്കളുടെ സാമൂഹികവും തൊഴില്‍പരവുമായ ഇടപെടലുകളെ താറുമാറാക്കാതെ കടന്നുപോകുന്ന അവസ്ഥയാണിത്.
ആദ്യത്തെ അഞ്ചുദിവസങ്ങളില്‍, ലക്ഷണങ്ങള്‍ അവയുടെ മൂര്‍ധന്യത്തിലെത്തും. അധികമാളുകളിലും മതിയായ മാനസിക പിന്തുണ നല്‍കിയാല്‍, കാര്യമായ ചികിത്സകളൊന്നും കൂടാതെതന്നെ കാര്യങ്ങള്‍ സാധാരണനിലയിലേക്ക് തിരിച്ചെത്തും. എന്നാല്‍ രണ്ടാഴ്ചയില്‍കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ബേബി ബ്ലൂസ് കൂടുതല്‍ ഗുരുതരമായ വൈകാരികപ്രശ്നങ്ങളിലേക്ക് വഴിതെളിച്ചേക്കാം. പ്രസവസമയത്തെ ശാരീരിക അസ്വസ്ഥകളും തുടര്‍ന്നുള്ള സമ്മര്‍ദങ്ങളും അനിശ്ചിതാവസ്ഥയും ഹോര്‍മോണുകളുടെ കയറ്റിറക്കങ്ങളുമൊക്കെ ഈയവസ്ഥയ്ക്ക് കാരണമാകുന്നു.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (Postpartum Depression)
പ്രസവശേഷം ഏറ്റവും കൂടുതലായി കാണപ്പെടുന്ന മാനസികവസ്ഥയാണിത്. കുഞ്ഞുണ്ടായി രണ്ടോ മൂന്നോ ദിവസങ്ങള്‍ മുതല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകും. എപ്പോഴുമുള്ള സങ്കടാവസ്ഥ, ഏറ്റവും ആസ്വദിച്ചിരുന്നതും പ്രിയപ്പെട്ടതുമായ കാര്യങ്ങളോടുപോലും തോന്നുന്ന താത്പര്യമില്ലായ്മ, കഠിനമായ ക്ഷീണവും തളര്‍ച്ചയും, ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലായ്മ, സഹായിക്കാനാരുമില്ലെന്ന തോന്നല്‍, സ്വയംമതിപ്പില്ലായ്മ, മരണചിന്തകള്‍, ആത്മഹത്യാ പ്രവണത, ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിങ്ങനെ സാധാരണ വിഷാദരോഗത്തിന്റെ പ്രശ്നങ്ങള്‍ ഇവിടെയും പ്രകടമാകും.
അതോടൊപ്പം നവജാതശിശുവുമായി ബന്ധപ്പെട്ട അശുഭ ചിന്തകള്‍, കുഞ്ഞിന്റെ സംരക്ഷണത്തെയും പരിചരണത്തെയുംകുറിച്ചുള്ള ആധിയും പരിഭ്രമവും, അമ്മയെന്ന നിലയില്‍ തന്റെ കഴിവില്ലായ്മകളെക്കുറിച്ചുള്ള ആശങ്കയും കുറ്റബോധവുംകൂടി ചേര്‍ന്നാലത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനായി. നൂറില്‍ പതിനഞ്ച് അമ്മമാരും ഈ അവസ്ഥയ്ക്ക് കീഴ്‌പ്പെടാറുണ്ട്.
സാധാരണ ആറുമാസംവരെ നീണ്ടുനില്‍ക്കാവുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമായേക്കാം. അങ്ങനെയുള്ളവരില്‍ ഒരുവര്‍ഷമോ അതിലധികമോ ഈയവസ്ഥ നീണ്ടുനില്‍ക്കാം. ഗര്‍ഭാവസ്ഥയിലോ അതിനുമുന്‍പോ വിഷാദരോഗമുണ്ടായവര്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത ഇരുപത്തഞ്ചുശതമാനം കൂടുതലാണ്. ഒരുതവണ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വന്നിട്ടുള്ളവര്‍ക്ക് അടുത്ത പ്രസവത്തോടനുബന്ധിച്ചും ഈ പ്രശ്നമുണ്ടാകാനുള്ള സാധ്യത അമ്പതുശതമാനം അധികമാണ്.
പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് (Postpartum psychosis)
കുഞ്ഞ് ജനിച്ച് രണ്ടാഴ്ച മുതല്‍ മൂന്നുമാസം വരെയുള്ള കാലയളവില്‍ ഈ അവസ്ഥയുണ്ടാകാം. പൊടുന്നനെയുണ്ടാകുന്ന ഭയം, എത്ര തിരുത്തിയാലും വിശദീകരിച്ചാലും മാറാത്ത അകാരണമായ സംശയങ്ങള്‍, അസ്വാഭാവികമായ പെരുമാറ്റങ്ങള്‍, ഉന്മാദാവസ്ഥ, മറ്റുള്ളവര്‍ തന്നെയോ കുഞ്ഞിനെയോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നുള്ള തോന്നല്‍, പരസ്പര ബന്ധമില്ലാത്ത സംസാരം, മറ്റേതോ ലോകത്തിലെന്നപോലെ മൂകത, ആരും സമീപത്തില്ലെങ്കിലും പേടിപ്പെടുത്തുന്ന സംഭാഷണങ്ങളും ആജ്ഞകളും കേള്‍ക്കുന്നുവെന്ന തോന്നല്‍, മുലയൂട്ടാനും കുഞ്ഞിനെ പരിചരിക്കാനും പേടിയും വിസമ്മതവും കുഞ്ഞ് തന്റേതല്ലെന്നും ഏതോ ദുഷ്ടശക്തി രൂപം മാറി വന്നതാണെന്നുമൊക്കെയുള്ള ഭയാശങ്കള്‍, അക്രമാസക്തി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ലക്ഷണങ്ങള്‍ പെട്ടെന്ന് മാറിമറിയാനും അതിന്റെ തീവ്രതയില്‍ അപ്രതീക്ഷിതമായി ഏറ്റക്കുറച്ചില്‍ സംഭവിക്കാനും സാധ്യതയുള്ളതുകൊണ്ട് ഈയവസ്ഥ വളരെ സങ്കീര്‍ണമാണ്. ജാഗ്രതയുണ്ടായില്ലെങ്കില്‍ ആത്മഹത്യചെയ്യാനും കുഞ്ഞിനെ ഉപദ്രവിക്കാനുമൊക്കെ സാധ്യതയുണ്ട്. അതുകൊണ്ട് ഈ അവസ്ഥയെ സൈക്യാട്രിക് എമര്‍ജന്‍സിയായി കണക്കാക്കണം. എത്രയും പെട്ടെന്ന് വൈദ്യസഹായം നല്‍കണം. സാരമായ മാനസിക രോഗങ്ങളുണ്ടായിട്ടുള്ള കുടുംബാംഗങ്ങള്‍ ഉള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
പോസ്റ്റ്പാര്‍ട്ടം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ (Postpartum PTSD)
അഞ്ചുശതമാനത്തോളം അമ്മമാരില്‍ പ്രസവാനന്തരം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ കാണപ്പെടാറുണ്ട്. ഭയാശങ്കകളും പിരിമുറുക്കവും പേടിസ്വപ്നങ്ങളുമെല്ലാമായി വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന, ആഴ്ചകളോളം നീണ്ടുനില്‍ക്കാവുന്ന അവസ്ഥയാണിത്. ഓരോ ഗര്‍ഭകാലത്തും പ്രസവശേഷവും ആവര്‍ത്തിച്ചുണ്ടാകാന്‍ സാധ്യതയുള്ള അവസ്ഥയാണിത്. പ്രസവത്തെ അകാരണമായി പേടിക്കുന്ന ടോക്കോഫോബിയ (Tokophobia) എന്ന അവസ്ഥവരെ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡറിന്റെ അനന്തര ഫലമായി ഉണ്ടാകാറുണ്ട്.
പോസ്റ്റ്പാര്‍ട്ടം ഒബ്‌സെസ്സിവ് കംപല്‍സിവ് ഡിസോര്‍ഡര്‍ (Postpartum OCD)
ഗര്‍ഭകാലത്ത് തുടങ്ങി പ്രസവശേഷമുള്ള ആദ്യത്തെ ആറാഴ്ച വരെ ഒ.സി.ഡി. പ്രകടമാകാറുണ്ട്. കൂടെക്കൂടെ തികട്ടിവരുന്ന, അപ്രിയമായ, അമര്‍ത്തിവയ്ക്കാന്‍ ശ്രമിക്കുന്ന, നിയന്ത്രണാതീതമായ ചിന്തകളാണിവിടെ (obsession) വില്ലന്‍. ഈ ചിന്തകളെ തടയാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെട്ടേക്കാം. അങ്ങനെയുണ്ടാക്കുന്ന ഉത്കണ്ഠയില്‍ നിന്ന് രക്ഷനേടാന്‍ ചില പ്രവൃത്തികള്‍ ആവര്‍ത്തിച്ച് ചെയ്യും (Compulsion).
കുഞ്ഞുറങ്ങുമ്പോള്‍ പുതപ്പ് മുഖത്തുവീണ് കുഞ്ഞിന് ശ്വാസംമുട്ടുമോ എന്ന ചിന്ത വരുന്ന അമ്മ തുടരെത്തുടരെ പുതപ്പ് ശരിയായ രീതിയിലാണോ എന്ന് നോക്കുന്നത് ഒബ്‌സഷനും കംപല്‍ഷനും ഉദാഹരണമാണ്. സ്വാഭാവിക ജീവിതത്തിന് തടസ്സമാകുമ്പോഴാണ് ഇതിനെയൊരു രോഗാവസ്ഥയായി ഗണിക്കുന്നത്. ഉദാഹരണത്തിന്, കുഞ്ഞുറങ്ങുമ്പോഴെല്ലാം കുഞ്ഞിന് കാവലിരുന്ന് സ്വന്തം കാര്യങ്ങളൊന്നും ചെയ്യാനോ ഭക്ഷണം കഴിക്കാനോ പോലും അമ്മയ്ക്ക് സാധിക്കാതെ വരുമ്പോള്‍.
കുഞ്ഞുമായി ബന്ധപ്പെട്ട ഒബ്‌സെഷനുകളാണ് പോസ്റ്റ്പാര്‍ട്ടം ഒ.സി.ഡി.യില്‍ പൊതുവേ കാണാറുള്ളത്്. കുഞ്ഞിനെ മറ്റുള്ളവര്‍ കൈകാര്യം ചെയ്യുമ്പോള്‍ അപകടം സംഭവിക്കുമോ, മുലയൂട്ടുമ്പോള്‍ കുഞ്ഞിന് ശ്വാസതടസ്സമുണ്ടാകുമോ, കുഞ്ഞിനെയെടുക്കുമ്പോള്‍ കൈയില്‍നിന്ന് താഴെ വീണാലോ തുടങ്ങിയ ചിന്തകള്‍ കടന്നുവരാം.
ചിലരില്‍ കുഞ്ഞിനെ ചുറ്റിപ്പറ്റിയുള്ള ചിന്തകളില്‍ സ്വന്തം ലൈംഗികതയ്ക്ക് തടസമാകുമോ എന്ന ഭയവും അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്. കുഞ്ഞ് തനിക്ക് ഉപദ്രവമുണ്ടാക്കുമെന്നും കുഞ്ഞിന്റെ ശരീരത്തില്‍ പിശാച് ബാധിച്ചിരിക്കുകയാണെന്നുമൊക്കെയുള്ള ചിന്തകളും ഗുരുതരമാണ്. ഇത്തരം ആശങ്കകളും കുറ്റബോധവും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചേക്കാം. ചിലരെല്ലാം ഇത്തരം ചിന്തകള്‍മൂലം കുഞ്ഞിനെ തൊടാനും താലോലിക്കാനും പരിപാലിക്കാനും വിസമ്മതിക്കുകയോ കുഞ്ഞിനെ ഉപദ്രവിക്കുകയോ കൊലപ്പെടുത്താന്‍ ശ്രമിക്കുകയോപോലും ചെയ്തെന്നുവരാം.
അനന്തരഫലങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അഞ്ചില്‍ ഒരമ്മയ്ക്ക് പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, ആയിരത്തില്‍ എട്ടുപേരില്‍ മാത്രമേ ഇത് തിരിച്ചറിയപ്പെടുന്നുള്ളൂ. ശരിയായ ചികിത്സ ലഭിക്കുന്നവരുടെ എണ്ണം അതിലും കുറയും. അമ്മയുടെയും കുഞ്ഞിന്റെയും ജീവിതത്തില്‍ ദൂരവ്യാപകമായ അനന്തര ഫലങ്ങളാണ് പ്രസവാനന്തര മാനസികരോഗങ്ങള്‍ ഉണ്ടാക്കാറുള്ളത്.
പ്രസവശേഷം സ്വന്തം കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ അമ്മയ്ക്ക് സാധിക്കാതെ വരികയും തന്മൂലം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. അമ്മയും കുടുംബാംഗങ്ങളുമായുള്ള ബന്ധം മോശമാവാനും ഇടവന്നേക്കാം. അത് സാധ്യമായ കൈത്താങ്ങുകള്‍പോലും ഇല്ലാതാക്കാനും അതുവഴി അമ്മയുടെ മാനസികാവസ്ഥ കൂടുതല്‍ മോശമാകാനും കാരണമാകും. ജോലിസംബന്ധമായ പ്രശ്നങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ഇവരുടെ ജീവിതത്തില്‍ കൂടുതലാകാം. ലഹരിയുപയോഗത്തിലേക്ക് വഴുതിവീഴുന്ന അമ്മമാരും കുറവല്ല. അതുകൊണ്ടുതന്നെ എത്രയും നേരത്തെ ഈയവസ്ഥകള്‍ തിരിച്ചറിയേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്.
അമ്മയും കുഞ്ഞും തമ്മില്‍ മാനസികമായ അടുപ്പവും വിനിമയങ്ങളും നടക്കേണ്ട ആദ്യനാളുകളെയാണ് പലപ്പോഴും പ്രസവാനന്തര മാനസികാസ്വാസ്ഥ്യങ്ങള്‍ തട്ടിയെടുക്കാറ്. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ വൈകാരികമായ വികാസത്തിന് ഇതൊരു വെല്ലുവിളിയായി മാറും. സൈക്കോസിസ്‌പോലുള്ള അവസ്ഥകളിലൂടെ പോയ അമ്മമാരുടെ കുഞ്ഞുങ്ങളില്‍ പ്രസരിപ്പും ചുറുചുറുക്കും കുറയുന്നതായും ഭാവിയിലവര്‍ക്ക് വൈകാരിക പ്രശ്നങ്ങളുണ്ടാകുന്നതായും പഠനങ്ങള്‍ പറയുന്നു.
വേറെയുമുണ്ട് അസ്വസ്ഥതകള്‍
കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റിയും സുരക്ഷയെപ്പറ്റിയുമുള്ള അമിതമായ ആശങ്ക ആദ്യമായി അമ്മയാകുന്നവരില്‍ സര്‍വസാധാരണമാണ്. ഇതിനെ മറ്റേര്‍ണിറ്റി ന്യൂറോസിസ് (Maternity Neurosis) എന്നുപറയുന്നു.

പാനിക്ക് അറ്റാക്കുകളും പ്രസവശേഷം സ്ത്രീകളില്‍ കണ്ടുവരുന്നു. പ്രത്യേകിച്ച് കാരണമോ പ്രേരണകളോ ഇല്ലാതെ അടിക്കടിയുണ്ടാകുന്ന നെഞ്ചിടിപ്പ്, പേശികള്‍ വലിഞ്ഞുമുറുകല്‍, വിയര്‍പ്പ്, ശ്വാസതടസ്സം, നെഞ്ചില്‍ ഭാരം കയറ്റിവെച്ചപോലെയോ വലിഞ്ഞുമുറുകുന്ന പോലെയോ തോന്നല്‍, വായുംതൊണ്ടയും വരണ്ടുണങ്ങിയപോലെയും വയറിനകത്ത് ഇളകിമറിയുന്ന പോലെയുമുള്ള അനുഭവം, ഭയം, വിശ്രമിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമാകാത്ത അവസ്ഥ, സമനില തെറ്റിപ്പോകുമോ മരണം സംഭവിക്കുമോ തുടങ്ങിയ ആശങ്കകള്‍, കൈകാല്‍ വിറയല്‍, വിരലുകള്‍ തണുത്തുപോകല്‍, ഇരിപ്പുറയ്ക്കായ്ക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
അപകട നിഴലില്‍
പ്രസവാനുബന്ധിയായ മാനസികപ്രശ്നങ്ങളും രോഗങ്ങളും ഉണ്ടാവാന്‍ സാധ്യത കൂടുതലുള്ളവര്‍ ആരെല്ലാമെന്ന് നോക്കാം.
ഗര്‍ഭാവസ്ഥയിലോ അതിനുമുന്‍പോ എന്തെങ്കിലും വിധത്തിലുള്ള മാനസികരോഗമുണ്ടായിട്ടുള്ളവര്‍ക്ക് റിസ്‌ക് കൂടുതലാണ്. അതുപോലെത്തന്നെയാണ് അടുത്തബന്ധുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാനസികരോഗമുണ്ടെങ്കിലും.
കുട്ടിക്കാലത്തോ ഗര്‍ഭാവസ്ഥയിലോ അതിന് തൊട്ടുമുന്‍പോ തീവ്രമായ തിക്താനുഭവങ്ങളും പീഡനങ്ങളും അനുഭവിച്ചവര്‍, പൊതുവേ ഉത്കണ്ഠ കൂടുതലുള്ളവര്‍, ഗര്‍ഭധാരണത്തെയും പ്രസവത്തെയുംകുറിച്ച് ഭയാശങ്കകളുള്ളവര്‍, കൗമാരക്കാര്‍, ബലാത്സംഗം അതിജീവിച്ചവര്‍, അവിവാഹിതരായ ഗര്‍ഭിണികള്‍, അമ്മയാവാന്‍ മാനസികമായി തയ്യാറല്ലാത്ത വേളയില്‍ അപ്രതീക്ഷിതമായി ഗര്‍ഭം ധരിച്ചവര്‍, കടിഞ്ഞൂല്‍ അമ്മമാര്‍, ഗര്‍ഭാവസ്ഥയില്‍ വിധവകളായവര്‍, വിവാഹമോചിതരായവര്‍ തുടങ്ങിയവര്‍ക്ക് പ്രസവാനന്തര വിഷാദ സാധ്യത കൂടുതലാണ്.
ചാപിള്ളയെ പ്രസവിക്കേണ്ടി വരുന്നതും പ്രസവാനന്തരം കുഞ്ഞ് മരിക്കുന്നതും കുഞ്ഞിന് ശാരീരികമായ വൈകല്യങ്ങളോ രോഗങ്ങളോ ഉണ്ടാകുന്നതും അമ്മമാരുടെ മാനസിക പ്രശ്നങ്ങള്‍ക്ക് സാധ്യത കൂട്ടും.
കുടുംബത്തിന്റെയോ പ്രിയപ്പെട്ടവരുടെയോ കൈത്താങ്ങില്ലാത്തവര്‍, ദാമ്പത്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവര്‍, ലഹരിയുപയോഗിക്കുന്നവര്‍, ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുള്ളവര്‍, സാമ്പത്തികബാധ്യതകളുള്ളവര്‍, സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവര്‍ ഒക്കെയും പ്രസവാനന്തര മാനസിക പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് വിധേയരായേക്കാം.
ചിലപ്പോഴൊക്കെ കുഞ്ഞിന്റെ പ്രകൃതവും രീതികളും അമ്മയുടെ മാനസികാവസ്ഥയെ തകിടംമറിക്കാന്‍ കാരണമാകാറുണ്ട്. ഉറക്കത്തിനും കരച്ചിലിനും മുലയൂട്ടലിനും വ്യക്തമായ പാറ്റേണുകളോ രീതികളോ പിന്തുടരാത്ത പ്രകൃതമുള്ള (Temperament) കുഞ്ഞുങ്ങളുടെ അമ്മമാര്‍ കൂടുതല്‍ മാനസികസംഘര്‍ഷത്തിനടിമപ്പെടും.
തണലൊരുക്കാന്‍
സ്വന്തം മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാനും പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാനും സാധ്യമായ ഒരവസ്ഥയിലായിരിക്കില്ല പ്രസവശേഷം അധികപേരും. പുതിയ ഉത്തരവാദിത്വങ്ങളും ഉറക്കമില്ലായ്മയും താളംതെറ്റിയ ദിനചര്യകളുമെല്ലാം അവരെ പരിക്ഷീണിതരാക്കും. കുടുംബാംഗങ്ങളുടെ കരുതലുണ്ടെങ്കില്‍ മാത്രമേ പ്രസവാനന്തര വൈകാരികപ്രശ്നങ്ങളെ തിരിച്ചറിയാനും ചികിത്സിക്കാനുമാകൂ. അതുകൊണ്ടുതന്നെ ഗര്‍ഭിണിയും പങ്കാളിയും അടുത്ത കുടുംബാംഗങ്ങളും പ്രസവാനുബന്ധിയായ മാനസിക പ്രശ്നങ്ങളെക്കുറിച്ച് അറിവ് ശേഖരിക്കാന്‍ ആദ്യമേ ശ്രമിക്കണം.

കുഞ്ഞിന്റെയും അമ്മയുടെയും പരിചരണത്തില്‍ അച്ഛന്റെ പങ്ക് ഉറപ്പാക്കാണം. പങ്കാളിയുടെ സാന്നിധ്യവും പരിഗണനയും അമ്മയുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുമെന്ന് പുരുഷന്മാര്‍ തിരിച്ചറിയുക.
അമ്മക്കരുതലുകള്‍
- ഗര്‍ഭധാരണം കഴിയുന്നത്ര മുന്‍കൂട്ടി നിശ്ചയിക്കുക.
- ശാരീരികവും മാനസികവുമായ അസുഖങ്ങളുള്ളവര്‍, കൃത്യമായ വിവരങ്ങള്‍ ഡോക്ടറില്‍നിന്ന് സ്വീകരിച്ചശേഷംമാത്രം ഗര്‍ഭധാരണത്തിനൊരുങ്ങുക.
- ദിനചര്യകളുടെ താളവും മിതമായ വ്യായാമവും സമീകൃതാഹാരവും അതോടൊപ്പം മനസ്സിനും ശരീരത്തിനും വിശ്രമവും ഉറപ്പുവരുത്തുക.
- ഓരോ ദിവസത്തെയും അനുഭവങ്ങള്‍ കുറിച്ചുവയ്ക്കാന്‍ ശീലിക്കുക. ഇത്തരം കുറിപ്പുകള്‍ അനുഭവങ്ങള്‍ എന്ത് പഠിപ്പിച്ചു എന്ന് ചിന്തിക്കാനും അതില്‍നിന്ന് മുന്നോട്ടുള്ള ജീവിതം പ്ലാന്‍ ചെയ്യാനും സഹായിക്കും.
- ആരുമായും തര്‍ക്കങ്ങള്‍ക്ക് പോകാതിരിക്കുക. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടായാല്‍, കഴിയുന്നത്ര വേഗം സംസാരിച്ച് മയപ്പെടുത്താന്‍ ശ്രമിക്കുക.
- ഇന്റര്‍നെറ്റ് നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാതെ ആധികാരികമായ അഭിപ്രായങ്ങളും ഉപദേശങ്ങളും തേടുക.
- തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും ഡോക്ടറോട് വ്യക്തമായി ചോദിച്ച് മനസ്സിലാക്കാന്‍ മടിക്കരുത്.
Content Highlights: What is post partum depression, Maternity Blues, Postpartum psychosis, Postpartum PTSD, Postpartum OCD, Health, Mental Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..