വീട്ടില്‍ ഗര്‍ഭിണിയോ കുഞ്ഞുങ്ങളോ ഉണ്ടോ? മാതൃശിശു സംരക്ഷണ കാര്‍ഡിനെക്കുറിച്ച് അറിയണം


ഏതൊരു നാടിന്റെയും വളര്‍ച്ചയെ നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് ഗര്‍ഭിണികളുടെയും ശിശുക്കളുടെയും ആരോഗ്യം 

Representative Image | Photo: Gettyimages.in

വിവിധ ആരോഗ്യസൂചകങ്ങൾ പരിശോധിച്ചാൽ കേരളം ബഹുദൂരം മുന്നിലാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഉയർന്ന സാക്ഷരതയും ശാസ്ത്ര അവബോധവുമാണ് ഇതിനു പിന്നിലെന്ന് നിസംശ്ശയം പറയാൻ സാധിക്കും. അതിലുപരി കേരളത്തിലെ ഉയർന്ന സ്ത്രീ സാക്ഷരതയും ഇതിനെ സഹായിക്കുന്ന ഒരു ഘടകമാണ്.

എന്നിരുന്നാലും ചില കാര്യങ്ങൾ നാം ഇനിയും പഠിക്കേണ്ടതുണ്ട്. മാത്രമല്ല അത്തരം കാര്യങ്ങൾ ശരിയായ രീതിയിൽ പ്രാവർത്തികമാക്കിയാൽ മാത്രമേ ആരോഗ്യ രംഗത്ത് ഇനിയും കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധിക്കൂ. അതിൽ പ്രധാനം എം.സി.പി. കാർഡ് (Mother and Child Protection Card) അഥവാ മാതൃ ശിശു സംരക്ഷണ കാർഡുകളെ പറ്റിയുള്ള അവബോധനമാണ്. മാതൃമരണങ്ങളും ശിശുമരണങ്ങളും തടയുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പു വരുത്തുന്നതിനും ഒരുപോലെ സഹായകരമായ എം.സി.പി. കാർഡുകളെക്കുറിച്ച് കൂടുതലായി നമുക്ക് മനസ്സിലാക്കാം.

എന്താണ് എം.സി.പി. കാർഡ്

ഗർഭിണികൾക്കും ശിശുക്കൾക്കും ഒരു പോലെ പ്രയോജനപ്രദമായ ഒരു സംവിധാനമാണ് മാതൃ ശിശു സംരക്ഷണ കാർഡ്. വനിതാ ശിശുവികസനവകുപ്പ്, ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയോജിതമായ പ്രവർത്തനങ്ങളിലൂടെയാണ് മാതൃ ശിശു സംരക്ഷണ കാർഡുകൾ രൂപംകൊണ്ടത്. ഓരോ സംസ്ഥാനത്തിലും അവിടത്തെ ഭാഷയിലാണ് മാതൃ ശിശു സംരക്ഷണ കാർഡുകൾ തയ്യാറാക്കിയിരിക്കുന്നത്.

ഓരോ പ്രദേശത്തെയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാർ ഫീൽഡ്തല പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ പ്രദേശത്തുള്ള ഒരു സ്ത്രീ ഗർഭിണിയാണെന്നറിയുന്ന സമയത്ത് തന്നെ അവർക്ക് ഈ പുസ്തകം കൈമാറുന്നു. അതോടൊപ്പം അവരുടെ വിവരങ്ങൾ അതിൽ രേഖപ്പെടുത്തുകയും ഒരു പ്രത്യേക UID നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. ഈ നമ്പർ ഉപയോഗിച്ച് ഈ അമ്മയെയും അവർക്കു ജനിക്കുന്ന കുഞ്ഞിനെയും അവർ ഇന്ത്യയിൽ എവിടെയാണെങ്കിലും നിരീക്ഷിക്കാൻ സാധിക്കുന്നു. അവർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ഏർപ്പെടുത്താനും സാധിക്കുന്നു.

അമ്മമാരുടെ ഗർഭസ്ഥകാല പരിചരണം, ശിശു സംരക്ഷണ സംബന്ധിയായ അറിവുകളും അമ്മയെയും കുഞ്ഞിനെയും സംബന്ധിക്കുന്ന നിർണായകമായ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സ്ഥലവും ഈ പുസ്തകത്തിലുണ്ട്. അമ്മമാർക്ക് ചികിത്സയും ധനസഹായവും ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികളായ ജനനി സുരക്ഷാ യോജന, ജനനി ശിശു സുരക്ഷാ കാര്യക്രം, പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. വ്യക്തിഗത വിവരങ്ങളും, ബന്ധപ്പെടാനുള്ള നമ്പറും, വിലാസവും, ബാങ്ക് അക്കൗണ്ട് നമ്പറും, ആ പ്രദേശത്തെ ജെ.പി.എച്ച്.എൻ, അംഗൻവാടി വർക്കർ, ആശാ വർക്കർ എന്നിവരുടെ പേരും ഫോൺ നമ്പറുമെല്ലാം രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഗർഭകാലത്തെ ആഹാരക്രമവും വ്യായാമവും കൂടാതെ നവജാത ശിശുപരിചരണത്തിന്റെ അടിസ്ഥാന കാര്യങ്ങളും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പുറമേ അമ്മയുടെ ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന വിവരങ്ങൾ, ഗർഭസ്ഥാവസ്ഥയിലെ ആരോഗ്യപ്രശ്നങ്ങൾ, ആന്റിനാറ്റൽ പരിശോധന വിവരങ്ങൾ, സ്കാൻ റിപ്പോർട്ടുകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ, മരുന്നുകൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുമുണ്ട്. ചുരുക്കത്തിൽ സങ്കീർണതകൾ മുൻകൂട്ടി കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പുവരുത്താനും റഫറൽ സംവിധാനം കാര്യക്ഷമമാക്കാനും എം.സി.പി. കാർഡുകൾ സഹായിക്കുന്നു.

പ്രസവ സംബന്ധമായ വിശദവിവരങ്ങൾ രേഖപ്പെടുത്തുന്നു

പ്രസവ തിയ്യതി, സമയം, ജനന സമയത്തെ കുഞ്ഞിന്റെ തൂക്കം, തലയുടെ ചുറ്റളവ്, ആ സമയത്ത് ഉണ്ടായ പ്രശ്നങ്ങൾ, സ്ക്രീനിങ് ടെസ്റ്റുകൾ നടത്തിയതിന്റെ വിശദ വിവരങ്ങൾ (കേൾവി പരിശോധന, ഹൃദയവൈകല്യ പരിശോധന, പുറമേ കാണാവുന്ന ജൻമ വൈകല്യങ്ങളുടെ പരിശോധന, ചില രോഗങ്ങൾ കണ്ടെത്താനുള്ള രക്തപരിശോധന (മെറ്റബോളിക് സ്ക്രീനിങ്) തുടങ്ങിയവ ഈ കാർഡിൽ രേഖപ്പെടുത്തുന്നു.

ഇതിനു പുറമേ ഗർഭനിരോധന മാർഗങ്ങൾ, കുടുംബാസൂത്രണത്തിന്റെ ആവശ്യകത, മുലയൂട്ടൽ സംബന്ധിച്ച വിവരങ്ങൾ വിവിധ പ്രായത്തിൽ കുഞ്ഞിന്റെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള വിശദീകരണങ്ങൾ, സമീകൃതാഹാരത്തെക്കുറിച്ചുള്ള വിവരങ്ങൾ, കുഞ്ഞിന്റെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട നാഴികക്കല്ലുകൾ, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയൊക്കെ ചിത്രസഹിതം വിശദീകരിച്ചിരിക്കുന്നു.

പ്രായത്തിനനുസരിച്ച് സംഭവിക്കേണ്ട കാര്യങ്ങൾ പച്ചനിറത്തിലും അപകട സൂചനകൾ ചുവപ്പ് നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഏവർക്കും കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ എളുപ്പമാണ്.

പ്രതിരോധകുത്തിവയ്പ്പുകൾ

ഏതൊക്കെ പ്രായത്തിൽ ഏതൊക്കെ വാക്സിനുകളാണ് നൽകേണ്ടതെന്നു വളരെ വ്യക്തമായി ഈ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുത്തിവയ്പ്പിനായി എത്തിച്ചേരേണ്ട തിയതിയും വാക്സിനേഷൻ നൽകിയ തിയതിയും രേഖപ്പെടുത്താൻ പ്രത്യേകം സ്ഥലം കാർഡിലുണ്ട്. ദേശീയ പ്രതിരോധ ചികിത്സാ പട്ടികയിലുള്ള സാജന്യമായി ലഭ്യമാകുന്ന വാക്സിനുകളും, അഭിലഷണീയമായ മറ്റു വാക്സിനുകൾ (അതേ സമയം പണം കൊടുത്ത് വാങ്ങേണ്ടുന്ന) അഥവാ ഓപ്ഷണൽ വാക്സിനുകളും ഏതൊക്കെയാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്.

കുഞ്ഞിന്റെ വളർച്ച മനസ്സിലാക്കാൻ ഗ്രോത്ത് ചാർട്ട്

ഓരോ കാലത്തേയും കുഞ്ഞിന്റെ തൂക്കം, നീളം, തലയുടെ ചുറ്റളവ് എന്നിവ ഇതിൽ രേഖപ്പെടുത്താവുന്നതാണ്. കുഞ്ഞിന്റെ വളർച്ച ഓരോ കാലത്തും ശരിയായ രീതിയിലാണോ നടക്കുന്നതെന്നു മനസ്സിലാക്കാൻ ഗ്രോത്ത് ചാർട്ടുകൾ സഹായിക്കുന്നു. ഗർഭകാലം മുതൽ കുഞ്ഞിന് അഞ്ചു വയസ്സുവരെ ആകുന്നതുവരെയുള്ള വിശദാംശങ്ങൾ ഇതിലൂടെ ലഭിക്കുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിക്കുന്ന വേളയിൽ എം.സി.പി. കാർഡ് കൂടി കയ്യിൽ കരുതിയാൽ ഇതിലൂടെ ആ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ശരിയായ ഉപദേശം നൽകുന്നതിനും സഹായിക്കുന്നു.

ആരോഗ്യപ്രവർത്തകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

 • എം.സി.പി. കാർഡുകൾ നൽകുമ്പോൾ എല്ലാ വ്യക്തിഗത വിവരങ്ങളും ബന്ധപ്പെട്ട യുണീക്ക് ഐ.ഡി നമ്പരും കൃത്യമായും എഴുതി കൊടുക്കേണ്ടതാണ്.
 • ഈ കാർഡ് സംബന്ധിച്ച കൃത്യമായ വിവരം ഗർഭിണികൾക്കു നൽകേണ്ടതാണ്.
 • കാർഡിലെ കാര്യങ്ങൾ വായിച്ചുമനസ്സിലാക്കി പ്രാവർത്തികമാക്കാനുള്ള പ്രേരണയും കൊടുക്കേണ്ടതാണ്.
 • ഗർഭകാല പരിശോധനകൾ അടക്കമുള്ള എല്ലാ വിവരങ്ങളും താമസംവിനാ കൃത്യമായി പൂരിപ്പിക്കാൻ ജെ.പി.എച്ച്.എൻ. ശ്രദ്ധിക്കണം.
 • ഗർഭകാല പരിശോധനകളുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ഡോക്ടർ ഒപ്പ് വെക്കുകയും വേണം.
 • പ്രതിരോധ കുത്തിവയ്പ്പുകൾ സംബന്ധിച്ച വിശദവിവരങ്ങൾ നൽകുകയും അവ എവിടെയൊക്കെ ലഭ്യമാകുമെന്ന വിശദവിവരം നൽകാനും മറക്കരുത്.
 • ബുക്ക് കൊടുക്കുന്ന വേളയിൽ തന്നെ ജെ.പി.എച്ച്.എൻമാർ ഒരു കൗണ്ടർ ഫോയിൽ പൂരിപ്പിച്ചു കയ്യിൽ സൂക്ഷിക്കേണ്ടതാണ്.
 • ഓരോ കുത്തിവയ്പ്പ് തീരുമ്പോഴും അത് എം.സി.പി. കാർഡിൽ രേഖപ്പെടുത്തുകയും കൗണ്ടർ ഫോയിലുകൾ പുതുക്കുകയും വേണം.
 • വാക്സിനേഷൻ മുടങ്ങിപ്പോയ കുട്ടികളുടെ വിവരപ്പട്ടിക തയ്യാറാക്കാനും ഇതിലൂടെ സഹായിക്കുന്നു.
 • മാത്രമല്ല വാക്സിനേഷന് വിധേയരാകേണ്ടവരുടെ പട്ടിക തയ്യാറാക്കാനും സാധിക്കുന്നു.
 • മറ്റേതൊരു രേഖയും സൂക്ഷിക്കുന്നത് പോലെ നിർബന്ധമായും സൂക്ഷിക്കേണ്ട ഒരു രേഖയാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.
ഗുണഭോക്താക്കൾ അറിയാൻ

 • ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാതൃ ശിശു സംരക്ഷണ കാർഡുകൾ സൂക്ഷിച്ചുവയ്ക്കേണ്ടതാണ്.
 • നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കി പ്രാവർത്തികമാക്കേണ്ടതാണ്.
 • ഗർഭസ്ഥ വേളയിലെ കൺസൾട്ടേഷൻ സമയത്തും പ്രസവവേളയിലും ഈ കാർഡ് കയ്യിൽ കരുതാൻ മറക്കരുത്.
 • ആരോഗ്യപ്രവർത്തകരെ കാണുന്ന വേളയിൽ നിർബമായും കാർഡ് കയ്യിൽ കരുതേണ്ടതാണ്
 • ശരിയായ പാരന്റിങ്ങ് എന്താണെന്ന് മനസ്സിലാക്കാൻ ഈ കാർഡുകൾ സഹായിക്കുന്നു.
Content Highlights: What is Mother and Child Protection Card all things you needs to know, Health, Pregnancy, Women's Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented