രുതൽ വേണ്ടസമയമാണ് ഗർഭകാലം. ഈ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ കാണണം. തെറ്റായ വിവരങ്ങൾക്ക് പിന്നാലെ പോയി അബദ്ധങ്ങൾ വരുത്തിവെക്കരുത്.

ഗർഭകാലത്തെക്കുറിച്ച് പൊതുവേ കേൾക്കുന്ന ചില തെറ്റിദ്ധാരണകൾ ഇവയാണ്.

വ്യായാമം ചെയ്യാൻ പാടില്ല

ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ഒരു ധാരണയുണ്ട്. ആക്ടീവായി ജീവിക്കുന്നത് ഗർഭകാലത്ത് ഗുണകരമാണ്. എങ്കിലും കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം. നടക്കുന്നത് വളരെ നല്ലവ്യായാമമാണ്.

രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കണം

ഗർഭകാലത്ത്‌കൂടുതൽ കലോറി ആവശ്യമാണ്. പക്ഷേ അതിന് രണ്ടു മുതിർന്നവർക്കുള്ള ഭക്ഷണം കഴിക്കേണ്ടതില്ല. എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കണം. എങ്കിലേ എല്ലാ പോഷകങ്ങളും ലഭിക്കൂ.

ലക്ഷണം നോക്കി ആണോ പെണ്ണോ എന്ന് നേരത്തെ പറയൽ

വയറിന്റെ ആകൃതി, രാവിലത്തെ ഛർദിയുടെ തീവ്രത, ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ്, ഗർഭകാലത്തെ ചർമത്തിലെ നിറവ്യത്യാസം എന്നിവ നോക്കി കുഞ്ഞ് ആണോ പെണ്ണോ എന്ന് പലരും പറയാറുണ്ട്. ഇത് അസംബന്ധമാണ്.

മസാല/ സുഗന്ധവ്യഞ്ജനങ്ങൾ ഒഴിവാക്കൽ

ഗർഭകാലത്ത് മസാലക്കൂട്ടും സുഗന്ധവ്യഞ്ജനങ്ങളും കഴിക്കുന്നത് കുഞ്ഞിന് അന്ധതയുണ്ടാക്കുമെന്ന് ഒരു ധാരണയുണ്ട്. അത് തെറ്റാണ്. ഗർഭകാലത്ത് കൂടുതൽ അളവിൽ മസാലകൾ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും ദഹനപ്രശ്നങ്ങൾക്കും കാരണമായേക്കാം എന്നു മാത്രം.

ചില ഭക്ഷണങ്ങൾ കഴിച്ചാൽ പ്രസവ വേദന വരും

ചില ഭക്ഷണങ്ങൾ കഴിച്ചാലും കുടിച്ചാലും പ്രസവ വേദന വരുമെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ആ വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. ഗർഭിണികൾ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കണം.

ലൈംഗികബന്ധം സുരക്ഷിതമല്ല

ആരോഗ്യകരമായ ഒരു ഗർഭകാലത്തിലൂടെ കടന്നുപോകുമ്പോൾ ലൈംഗികബന്ധത്തിലേർപ്പെടുന്നത് സുരക്ഷിതമല്ല എന്ന വാദം ശരിയല്ല. ഗര്‍ഭകാലത്ത് ലെെം​ഗിക ബന്ധത്തിലേർപ്പെടുന്നതിൽ പ്രശ്നമില്ല. ഇക്കാര്യത്തിൽ ഡോക്ടറുടെ അഭിപ്രായം തേടണം. വയറിന് അമിത സമ്മർദം കൊടുക്കാത്ത തരത്തിൽ വേണം ബന്ധപ്പെടാൻ.

മുടി ഡൈ ചെയ്യരുത്

ഗർഭകാലത്ത് മുടി കളർ ചെയ്യുന്നത് കുഴപ്പമില്ലെന്നാണ് ഗവേഷണങ്ങളിൽ പറയുന്നത്. നാച്ചുറൽ കളറുകൾ അല്ലെങ്കിൽ ഹെർബൽ ഡൈ ഉപയോഗിക്കാം.

കാപ്പി കുടിക്കരുത്

ഗർഭിണികൾക്ക് കാപ്പി മിതമായ അളവിൽ കുടിക്കാം. കാപ്പി ഇഷ്ടമല്ലെങ്കിൽ ആരോഗ്യകരമായ ഷെയ്ക്കുകളും സ്മൂത്തികളും കഴിക്കാം.

Content Highlights:Should not exercise during pregnancy Is this true pregnancy myths, Women's Health, Pregnancy, Health