ഗര്‍ഭം ധരിക്കുന്നതിനെക്കുറിച്ചും പ്രസവത്തെ കുറിച്ചും ഒരിക്കലും തീരാത്ത സംശയങ്ങളാണ് സ്ത്രീകള്‍ക്കുള്ളത്. സ്വന്തം ആരോഗ്യത്തിനൊപ്പം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ കുറിച്ചും അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഇതാ ഗര്‍ഭിണിയാവാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കുണ്ടാവുന്ന ചില സംശയങ്ങളും മറുപടിയും.
1. ആദ്യ പ്രസവം ഏതുപ്രായത്തില്‍ വേണം?
ഗര്‍ഭിണിയാവാന്‍ ഏറ്റവും നല്ലത് 20-25 വയസ്സാണ്. ഈ സമയത്ത് സ്ത്രീയുടെ ശരീരഘടന നല്ലതായിരിക്കും. ഇതിനേക്കാള്‍ ചെറിയ പ്രായത്തില്‍ ഗര്‍ഭം ധരിക്കുന്നത് ബുദ്ധിമുട്ടാണ്. പ്രായം കൂടുമ്പോഴും അതിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. പരമാവധി 30 വയസ്സിനുള്ളില്‍ ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്.
2. നേരത്തെത്തന്നെ എന്തൊക്കെ തയ്യാറെടുപ്പ് വേണം?
ആദ്യ രക്തപരിശോധന നടത്തണം. ഗര്‍ഭിണിയാവും മുന്നേ ചില പ്രതിരോധ കുത്തിവെപ്പുകളെടുക്കുന്നതും നല്ലതാണ്. ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍, സെര്‍വിക്കല്‍ കാന്‍സറിനുള്ള വാക്‌സിന്‍, ചിക്കന്‍പോക്‌സിന്റെ വാക്‌സിന്‍, എംആര്‍ഐ വാക്‌സിന്‍ തുടങ്ങിയവയെല്ലാം വിവിധ രോഗങ്ങളില്‍ നിന്നും പ്രതിരോധം ഉറപ്പുവരുത്തും. സര്‍വൈക്കല്‍ കാന്‍സറിന്റേയും ചിക്കന്‍പോക്‌സിന്റേയും വാക്‌സിന്‍ എടുത്തിട്ട് ഒരുമാസം കഴിഞ്ഞിട്ടേ ഗര്‍ഭം ധരിക്കാവൂ എന്നും ശ്രദ്ധിക്കണം.
3. തുടക്കത്തില്‍ തന്നെ എന്തൊക്കെ പരിശോധനകള്‍ വേണം?
ഗര്‍ഭിണിയായി എന്ന് സംശയം തോന്നുന്ന സമയത്തുതന്നെ ഗൈനക്കോളജിസ്റ്റിനെ കാണുക. ആദ്യത്തെ ചെക്കപ്പില്‍ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, അമ്മയുടെ രക്തഗ്രൂപ്പ്, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, വിഡിആര്‍എല്‍ തുടങ്ങിയ രക്തത്തിലെ അണുബാധകളുടെ സ്‌ക്രീനിങ് ടെസ്റ്റ്, തൈറോയിഡ് തുടങ്ങിയവ പരിശോധിക്കണം. 75 ഗ്രാം ഗ്ലൂക്കോസ് കലക്കി കുടിച്ചതിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവും നോക്കും. പറ്റുമെങ്കില്‍ 11-14 ആഴ്ചകളുടെ ഇടയ്ക്ക് ഒരു സ്‌കാനിങ് നല്ലതാണ്. 18-20 ആഴ്ചകള്‍ക്ക് ഇടയ്ക്ക് അംഗവൈകല്യം ഉണ്ടോ എന്നറിയാനുള്ള സ്‌കാനിങ് നടത്തണം. 24-28 ആഴ്ചയ്ക്കിടയിലും 32-36 ആഴ്ചയ്ക്കിടയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും പരിശോധിക്കാം. എല്ലാ മൂന്നുമാസം കൂടുമ്പോഴും രക്തത്തിലെ ഹീമോഗ്ലാബിന്റെ അളവും മൂത്രത്തില്‍ പഴുപ്പും ഉണ്ടോ എന്നതും നോക്കണം.
4. അമ്മയുടെ മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും കുഞ്ഞിനെ ബാധിക്കുമോ?
അമ്മയ്ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും കുഞ്ഞിന് വളര്‍ച്ചക്കുറവും തൂക്കക്കുറവും ഉണ്ടാവാന്‍ ഇടയാക്കാം. ഇത്തരക്കാരില്‍ മാസം തികയാതെ പ്രസവവേദന വരാനും പ്രസവിക്കാനുമുള്ള സാധ്യതയുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികളിലുണ്ടായേക്കാവുന്ന ശ്രദ്ധയില്ലായ്മ, അമിത പ്രസരിപ്പ്, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയ്ക്കും ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദവുമായി ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
5. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ വഴിയുണ്ടോ?
കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവുകള്‍ കുറേയൊക്കെ ജന്മസിദ്ധമാണ്. എന്നാല്‍ കുഞ്ഞിന്റെ തലച്ചോറിന്റേയും നാഡീവ്യൂഹത്തിന്റെയും വളര്‍ച്ചയെ ബാധിക്കാന്‍ സാധ്യതയുള്ള അംഗവൈകല്യങ്ങള്‍ കുറയ്ക്കാനായി ഗര്‍ഭത്തിന് ശ്രമിക്കുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ ഫോളിക് ആസിഡ് എന്ന വൈറ്റമിന്‍ ഗുളിക കഴിക്കാം. അമ്മയ്ക്ക് തൈറോയിഡ് ഹോര്‍മോണിന്റെ കുറവുണ്ടെങ്കില്‍ അത് നോര്‍മല്‍ ലെവല്‍ ആക്കിയിട്ടേ ഗര്‍ഭം ധരിക്കാവൂ. തൈറോയിഡ് ഹോര്‍മോണിന്റെ കുറവ് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കാന്‍ ഇടയുണ്ട്.
6. സാധാരണപ്രസവത്തിനുള്ള സാധ്യത കൂട്ടാന്‍ വഴിയുണ്ടോ?
സുഖപ്രസവ സാധ്യത കൂട്ടാനായി നിത്യേനെ ചെറിയ വ്യായാമങ്ങള്‍ ശീലിക്കാം. അത് രാവിലെയും വൈകുന്നേരവും കൈവീശിയുള്ള നടത്തമാവാം., യോഗയാവാം, ബ്രീത്തിങ് എക്‌സര്‍സൈസുകളാവാം. എന്നാല്‍ മുമ്പ് ശീലമില്ലാത്ത വ്യായാമങ്ങള്‍ ഗര്‍ഭകാലത്ത് പുതുതായി തുടങ്ങരുത്.
7. ഗര്‍ഭിണികള്‍ യോഗ ചെയ്യുന്നത് നല്ലതാണോ?
നേരത്തെ യോഗ അഭ്യസിച്ച് ശീലമുള്ളവര്‍ ഗര്‍ഭകാലത്ത് അത് തുടരുന്നതില്‍ അപാകമില്ല. എന്നാല് യോഗയിലെ ചില ആസനങ്ങള്‍ ഗര്‍ഭകാലത്ത് ചെയ്യുന്നത് അത്ര ഉത്തമമാവില്ല.അതേക്കുറിച്ച് വിദഗ്ധരുടെ ഉപദേശം തേടണം.
മെയ് ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlight: right age to get pregnant, Pregnancy Care, Ageing and Pregnancy