മാതൃത്വം ഒരു അനുഗ്രഹമാണ്. ഗര്‍ഭിണിയാവുന്നതോടെ സ്ത്രീക്ക് പലവിധ സംശയങ്ങളും ആശങ്കകളും തുടങ്ങുകയായി. അമ്മയാവാന്‍ തയ്യാറെടുക്കുന്നവര്‍ ഭക്ഷണകാര്യത്തിലും ജീവിതശൈലിയിലും ഏറെ ശ്രദ്ധാലുവാകേണ്ട കാലം കൂടിയാണിത്. കഴിക്കുന്നതെല്ലാം കുഞ്ഞിലേക്കും എത്തുമെന്നതിനാല്‍ ഭക്ഷണശീലങ്ങളില്‍ വളരെ ശ്രദ്ധിക്കണം. ഗര്‍ഭിണിയുടെ ജീവിതരീതി ഓരോ മൂന്നുമാസത്തിലും മാറും.

ആദ്യത്തെ മൂന്നു മാസം

ഉദരത്തിലെ ഭ്രൂണത്തിന് വികാസം സംഭവിക്കുന്ന സമയമാണ് ആദ്യത്തെ മൂന്നുമാസം. അതിനാല്‍ത്തന്നെ ഒരുപാട് ശാരീരികവും വൈകാരികവുമായ മാറ്റങ്ങളിലൂടെയാകും ഗര്‍ഭിണി ഈ സമയം കടന്നുപോകുക. ഈ കാലയളവില്‍ ഭ്രൂണത്തിന്റെ വികാസത്തിനായി ശരീരം കൂടുതല്‍ ജോലി ചെയ്യുന്നതിനാല്‍ ആദ്യ മൂന്നുമാസം ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ ക്ഷീണം അനുഭവപ്പെടും. 

ആദ്യത്തെ മൂന്നുമാസം ധാരാളം വിശ്രമിക്കണം. പകല്‍ സമയത്ത് ഉറക്കം വരുന്നുണ്ടെങ്കില്‍, ഉറങ്ങാന്‍  മടിക്കരുത്. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍, ഗര്‍ഭകാലത്തിനു മുമ്പും ഗര്‍ഭകാലത്തും പുകവലി ഒഴിവാക്കണം. ഗര്‍ഭിണിയാവുന്നതിനു മുന്‍പ് പുകവലിക്കുന്നത് ഗര്‍ഭം അലസുന്നതിന് കാരണമാകുന്നു. അതിലും ഭീകരമാണ് ഗര്‍ഭാവസ്ഥയില്‍ പുകവലിക്കുന്നത്. മദ്യപാനവും പൂര്‍ണമായും ഒഴിവാക്കണം. കാരണം ഗര്‍ഭിണിയുടെ രക്തത്തിലൂടെ കടന്നുപോകുന്ന മദ്യം പ്ലാസന്റയിലൂടെ കുഞ്ഞിലേക്കെത്തും. ഭ്രൂണവളര്‍ച്ച മന്ദീഭവിപ്പിക്കുന്നതിനും കുട്ടിക്ക് പഠന-ദൃശ്യ-ശ്രവ്യ വൈകല്യങ്ങളുള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനും ഗര്‍ഭാവസ്ഥയിലെ മദ്യപാനം കാരണമാകും. 

അതുപോലെ തന്നെ എന്ത് കഴിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മത്സ്യം ഒരു അനുയോജ്യമായ ഭക്ഷണമാണ്. അത്  പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടവുമാണ്. 

ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കക്കുറവ് എന്നിവയെ വര്‍ധിപ്പിക്കുന്നതിനാല്‍ കാഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. പകരം ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. 

രണ്ടാമത്തെ മൂന്നു മാസം 

ഗര്‍ഭിണിയുടെ മികച്ച കാലമാണിത്. ആദ്യത്തെ മൂന്നു മാസത്തില്‍ അനുഭവപ്പെട്ടിരുന്ന പല പ്രശ്‌നങ്ങളും ഈ കാലയളവില്‍ ഇല്ലാതാവും. ഗര്‍ഭിണിക്ക് കുറച്ചു കൂടുതല്‍ ആരോഗ്യവതിയായി അനുഭവപ്പെടാം. നിങ്ങളുടെ ഗര്‍ഭപാത്രം വലുപ്പം വയ്ക്കുന്നതിനനുസരിച്ച് നെഞ്ചെരിച്ചിലും, ദഹനക്കേടും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ദഹനപ്രക്രിയ പതുക്കെയാവുന്നത് മലബന്ധത്തിനും ഇടയാക്കിയേക്കാം. ദിവസത്തില്‍ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ചെറിയ ചെറിയ തവണകളായി ഭക്ഷണം കഴിക്കുന്നതാണ് ഈ കാലയളവില്‍ ഉചിതം. 

ഈ കാലയളവില്‍ നിങ്ങളുടെ കുഞ്ഞിനെ ശ്വാസംമുട്ടിക്കുമെന്നതിനാല്‍ ഒരിക്കലും കമിഴ്ന്നുകിടന്ന് ഉറങ്ങരുത്. കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കും എന്നതിനാല്‍ ഹൈ ഹീല്‍ ചെരിപ്പുകള്‍ ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ ഒഴിവാക്കണം.

കഠിനമായ അധ്വാനമോ വസ്തുക്കള്‍ എടുത്ത് ഉയര്‍ത്തുകയോ ചെയ്യരുത്. മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ഇരുന്ന ഇരുപ്പ് ഇരിക്കരുത്. കുറച്ച് സമയത്തേക്ക് അങ്ങോടുമിങ്ങോടും നീങ്ങുക, കുറച്ചു നടക്കുക, തുടര്‍ന്ന് വീണ്ടും ആവര്‍ത്തിക്കുക. നിങ്ങള്‍ വേദന, രക്തസ്രാവം അല്ലെങ്കില്‍ സംശയാസ്പദമായി തോന്നുന്ന മറ്റേതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. 

അവസാനത്തെ മൂന്നുമാസം 

ആദ്യത്തെ മൂന്നുമാസത്തെപ്പോലെ അവസാനത്തെ മൂന്ന് മാസങ്ങളും അമ്മയ്ക്കും കുഞ്ഞിനും പ്രാധാന്യപ്പെട്ടതാണ്. ഈ കാലഘട്ടത്തില്‍ കുഞ്ഞ് പൂര്‍ണ്ണമായും പക്വത പ്രാപിക്കുകയും അമ്മ പ്രസവിക്കാന്‍ പൂര്‍ണമായും തയ്യാറെടുക്കയും ചെയ്യും. ഈ സമയം ക്ഷീണം, ഓക്കാനം, ക്ഷീണം എന്നിവ തിരിച്ചെത്തും. അതുകൊണ്ട് തന്നെ അമ്മ വേണ്ട മുന്‍കരുതലെടുക്കണം.ഏഴാം മാസം മുതല്‍ ജനന കാലമാണ്. അമ്മയില്‍ പല ശാരീരിക മാറ്റങ്ങളും ഉണ്ടാകും. പ്രതിമാസം 1-3 കി.ഗ്രാം വരെ ശരീരഭാരം വര്‍ദ്ധിക്കും കൂടാതെ ഗര്‍ഭപാത്രത്തിന്റെ പേശികള്‍ ദൃഢങ്ങളാകും.

കുഞ്ഞിനെ ബാധിച്ചേക്കാവുന്നതിനാല്‍, കടുത്ത ഭാരം ചുമക്കുന്നത് തീര്‍ത്തും ഒഴിവാക്കണം. കോവണിപ്പടികള്‍ കയറുന്നതും ഒഴിവാക്കേണ്ടതാണ്. ഓരോ ദിവസവും കുറച്ചു സമയം നടക്കുക കൂടാതെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശ്വസന വ്യായാമങ്ങള്‍ ചെയ്യുക. 

ഈ കാലയളവില്‍ നല്ല ഉറക്കം ആവശ്യമാണ്. ശരിയായ ഭക്ഷണവും വ്യായാമവും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. ശ്വാസം മുട്ടുന്നത് ഉറക്കാം നശിപ്പിക്കാനിടയുണ്ട്. അതിനാല്‍, നിങ്ങളുടെ വലതു ഭാഗം ചരിഞ്ഞുറങ്ങുന്നത് ഒഴിവാക്കണം പകരം, ഇടത് ഭാഗ ത്തക്ക് ചരിഞ്ഞു കിടക്കുക. ഇത് രക്തപ്രവാഹം മെച്ചപ്പെടുത്താനും ഉറക്കത്തെ സഹായിക്കുവാനും സഹായിക്കും. ഈ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.

കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് എട്ടാമത് മാസം നിര്‍ണ്ണായകമാണ്, കുഞ്ഞ്  ജനനത്തിനായി ഒരുങ്ങിയിരിക്കുന്നു. കൂടാതെ, ഈ മാസം ശിശു വേഗത്തില്‍ വളരുന്നു. അതിനാല്‍, നിങ്ങളുടെ ശരീരം നിങ്ങള്‍ക്കു നല്‍കുന്ന അടയാളങ്ങളെല്ലാം തന്നെ ശ്രദ്ധിക്കുക .കഠിനാധ്വാനം ഒഴിവാക്കുക, മലബന്ധം ഇല്ലാതിരിക്കാന്‍  ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. യഥാര്‍ത്ഥ പ്രസവത്തിനുമുമ്പുള്ള Braxton Hicks സങ്കോചങ്ങള്‍ വരുമ്പോള്‍ മുന്‍കരുതല്‍ എന്നനിലയ്ക്ക് മലര്‍ന്നു കിടക്കുക.

നിര്‍ണായകമാണ് ഈ കാലയളവ്. ഏതെങ്കിലും തരത്തിലുള്ള ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. 

അവലംബം: ഐഎംഎ ലൈവ്

content highlight: pre pregnancy care, pregnancy care, nine months of pregnancy, Things do care before pregnancy