ര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ്. തന്റെയുള്ളില്‍  മറ്റൊരു ജീവൻ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്ന് സ്ത്രീയുടെ ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുന്നു.  എന്നാൽ ഈ കാലഘട്ടം ഒരുപാട് ആശങ്കകളുടേതുമാണ്. 

എപ്പോഴാണ് പ്രെഗ്‌നന്‍സി ടെസ്റ്റ് ചെയ്യേണ്ടത്
ക്രമമായി ആര്‍ത്തവം ഉണ്ടാകുന്ന ഒരാള്‍ക്ക് മാസമുറ തെറ്റി രണ്ടുദിവസത്തിനകംതന്നെ താന്‍ പ്രെഗ്‌നന്റ് ആണോ എന്ന് മൂത്രം പരിശോധിച്ച് അറിയാം. ഈ ടെസ്റ്റ് വീട്ടില്‍വെച്ചുതന്നെ ചെയ്യാവുന്നതാണ്. ഇപ്പോള്‍ മാസമുറ തെറ്റുന്നതിന് മുന്‍പു തന്നെ മൂത്രം പരിശോധിച്ച് ഗര്‍ഭിണിയാണോ എന്നറിയാനും ടെസ്റ്റുകള്‍ ഉണ്ട്.

യൂറിന്‍ ടെസ്റ്റ് പോസിറ്റീവ് ആകുന്നതിന് ഒരാഴ്ച മുന്‍പുതന്നെ രക്തപരിശോധനയിലൂടെയും ഗര്‍ഭിണിയാണോ എന്ന് അറിയാന്‍പറ്റും. പക്ഷേ, ഇത് താരതമ്യേന ചെലവേറിയതാണ്.

ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരംഭ ലക്ഷണങ്ങള്‍  
ക്ഷീണം, ഓക്കാനം, ഛര്‍ദി, ചില പ്രത്യേക ആഹാരത്തോട് താല്പര്യം, സ്തനങ്ങള്‍ക്ക് വേദന, അടിവയറ്റില്‍ ചെറിയ അസ്വസ്ഥത, കൂടെക്കൂടെ മൂത്രം പോക്ക് എന്നിവയാണ് ഗര്‍ഭത്തിൻ്റെ ആദ്യ കാലഘട്ടങ്ങളിലുണ്ടാകുന്ന ലക്ഷണങ്ങൾ. 

ഏതൊക്കെ ആഹാരങ്ങള്‍ കഴിക്കാം?
ഭക്ഷണം പോഷകസമൃദ്ധവും സമീകൃതവും ആയിരിക്കണം. ഈ സമയത്ത് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ്. ദിവസം രണ്ടുഗ്ലാസ് പാലെങ്കിലും കഴിക്കണം. മീന്‍, മുട്ട, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ധാരാളം കഴിക്കണം.

ഗര്‍ഭമലസാന്‍ സാധ്യതയുള്ള ചില എന്‍സൈമുകള്‍ അടങ്ങിയ പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. വെള്ളം ധാരാളം കുടിക്കുക. പ്രസവശേഷം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

കടപ്പാട് ഡോ. ഷീലാമണി