കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ സ്‌കാനിങിന് വലിയ പങ്കുണ്ട്.  ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച കൃത്യമായി നിരീക്ഷിക്കാനും ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍ തിരിച്ചറിയാനും കൃത്യമായ സ്‌കാനിങ്ങിലൂടെ സാധിക്കും. 

ഗര്‍ഭിണിയില്‍ സങ്കീര്‍ണതകള്‍ ഒന്നുമില്ലെങ്കില്‍ ഒമ്പത് മാസത്തെ ഗര്‍ഭകാലയളവില്‍ നാല് സ്‌കാനിങ്ങുകളാണ് സാധാരണയായി ഉണ്ടാവുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റേയും അമ്മയുടേയും ആരോഗ്യസ്ഥിതിക്കനുസരിച്ച് സ്‌കാനിങുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. ഗര്‍ഭകാലത്തെ സ്‌കാനിങിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ..

  • എട്ടാഴ്ചയെത്തുമ്പോഴാണ് ആദ്യ സ്‌കാന്‍ നിര്‍ദ്ദേശിക്കുന്നത്. 
  • കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്താനായി 11.13 ആഴ്ചയ്ക്കുള്ളില്‍ എന്‍ടി സ്‌കാന്‍ നടത്തും. ഇത് അള്‍ട്രാ സൗണ്ട് സ്‌കാനിങ് തന്നെയാണ്. ഗര്‍ഭപാത്രത്തിനകത്ത് കുഞ്ഞിന്റെ കഴുത്തിന് അടിയിലുള്ള ദ്രവത്തിന്റെ അളവാണ് ഇതിലൂടെ കണക്കാക്കുന്നത്. ഈ അളവ് മൂന്ന് മില്ലി ലിറ്ററിന് താഴെയായിരിക്കണം. ഇത് 3.5ല്‍ കൂടുതലാണെങ്കില്‍ കുഞ്ഞിന് ഹൃദയസംബന്ധമായോ മറ്റോ തകരാറുകളുണ്ടാകാമെന്ന സൂചനയാണ് നല്‍കുന്നത്. 
  • 18 ആഴ്ചയെത്തുമ്പോള്‍ അനോമലി സ്‌കാന്‍ ചെയ്യും. കുഞ്ഞിന്റെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം ഇതിലൂടെ വിലയിരുത്തും. 
  • 36 ആഴ്ചയെത്തുമ്പോഴും സാധാരണമായി സ്‌കാനിങ് നടത്താറുണ്ട്. എന്നാല്‍ പ്രമേഹത്തിന്റേയോ അമിത ബിപിയുടേയോ പ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ കൂചുതല്‍ സ്‌കാനിങ് ആവശ്യമായി വരാറുണ്ട്. അത്തരത്തില്‍ ഹൈ റിസ്‌ക് ഉള്ളവരില്‍ നിലവില്‍ ചെയ്യുന്ന സ്‌കാനിങിന് പുറമേ 24 ആഴ്ചയിലും സ്‌കാന്‍ ചെയ്യും. ഏഴാം മാസം മുതല്‍ നാലാഴ്ച കൂടുമ്പോള്‍ സ്‌കാന്‍ നിര്‍ദ്ദേശിക്കും. കുഞ്ഞിന് പ്രമേഹത്തെ തുടര്‍ന്നുള്ള അമിത വണ്ണമുണ്ടെങ്കില്‍ അത് രണ്ടാഴ്ച കൂടുമ്പോള്‍ നടത്തേണ്ടിയും വരും. 

മാര്‍ച്ച്  ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌