അവളെ കണ്ടാലേ അറിയാം, വയറ്റിലുള്ള കുട്ടി ആണാണെന്ന്..! ഗര്‍ഭിണിയായ പെണ്ണുങ്ങളെ നോക്കി ചിലരെങ്കിലും ഇങ്ങനെ പറയാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ബാഹ്യ ശാരീരിക ലക്ഷണങ്ങളെ നോക്കി കുട്ടി ആണോ പെണ്ണോ എന്ന് അറിയാന്‍ പറ്റുമോ?
ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് രാവിലെ അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ കൂടുതലാണെങ്കില്‍ കുട്ടി പെണ്ണാണെന്നും അസ്വസ്ഥകള്‍ കുറഞ്ഞാല്‍ ആണാണെന്നും ചിലരെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ പ്രഭാതത്തിലെ അസ്വസ്ഥതകള്‍ പല സ്ത്രീകള്‍ക്കും വ്യത്യസ്ത പ്രസവങ്ങളിലും വ്യത്യസ്തമായിരിക്കുമെന്നതാണ് യാഥാര്‍ഥ്യം. അസ്വസ്ഥകളും കുട്ടി ഏതാവുമെന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ചുരുക്കം.
വയറ്റിലുള്ള പെണ്‍കുട്ടി അമ്മയുടെ സൗന്ദര്യം നശിപ്പിക്കുമെന്നാണ് ചിലരുടെ വിശ്വാസം. ആണ്‍കുട്ടികളാണെങ്കില്‍ മുഖക്കുരു പോലുമുണ്ടാകില്ലെന്നും. മുടിയെ സംബന്ധിച്ചും ഇത്തരം കഥകളുണ്ട്. എന്നാല്‍ ഇതിലൊന്നും ഒരു കാര്യവുമില്ല. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാവുന്ന ഇത്തരം ഏറ്റക്കുറച്ചിലുകള്‍ പലര്‍ക്കും പല രീതിയിലാണ് അനുഭവപ്പെടുക.
ആണ്‍കുട്ടിയാണെങ്കില്‍ ഉപ്പു കൂടിയ അച്ചാറുകളോടും ഉപ്പേരികളോടും കൊതിയേറുമെങ്കില്‍ പെണ്‍കുട്ടികളാണെങ്കില്‍ മധുരത്തോടും ചോക്ലേറ്റുകളോടുമായിരിക്കും കൊതിയേറുകയെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം തെളിയിക്കാനായിട്ടില്ല. ഗര്‍ഭിണിയുടെ ശരീരത്തിന്റെ പോഷകാവശ്യങ്ങള്‍ക്കനുസരിച്ചാണ് ഏതെങ്കിലും ആഹാരത്തോട് കൊതി തോന്നുന്നത്.
ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക് മിനിട്ടില്‍ 140 താഴെ ആണെങ്കില്‍ ആണ്‍കുട്ടിയാണെന്നും അതില്‍ കൂടുതലാണെങ്കില്‍ പെണ്‍കുട്ടിയായിരിക്കുമെന്നുമാണ് മറ്റൊരു വിശ്വാസം. വയറിനുള്ളില്‍ വളരുന്നത് ആണാണെങ്കിലും പെണ്ണാണെങ്കിലും അത് അമ്മയുടെ ഹൃദയസ്പന്ദനത്തെ യാതൊരു വിധത്തിലും സ്വാധീനിക്കില്ല.
ഗര്‍ഭത്തിന്റെ സ്ഥാനം അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ ആകൃതിയും ശരീരത്തിന്റെ രീതിയും അടിവയറിലെ പേശികളുടെ ഘടനയുമനുസരിച്ചാണ് വ്യത്യാസപ്പെടുന്നത്. ഗര്‍ഭം താഴോട്ടാണെങ്കില്‍ കുട്ടി ആണ്, മുകളിലേക്കാണെങ്കില്‍ കുട്ടി പെണ്ണ് എന്ന പറച്ചിലുകളിലൊന്നും കഴമ്പില്ല.
Content Highlight: Pregnancy Myths, Sex detection of child
അവലംബം: ഐഎംഎ ലൈവ്