ഏറെ ശ്രദ്ധയോടെയും കരുതലോടെയും സ്ത്രീകള്‍ ഇരിക്കേണ്ട കാലമാണു ഗര്‍ഭകാലം. മരുന്നുകള്‍ കഴിക്കുന്നതിലും വ്യായാമം ചെയ്യുന്നതിലുമൊക്കെ അതീവ ശ്രദ്ധവേണം. ഗര്‍ഭകാലത്തു വേദനസംഹാരികഴിക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം. ഗര്‍ഭകാലത്തു വേദനസംഹാരികള്‍ കഴിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയിലെ പ്രത്യുല്‍പാദനശേഷിയേ ബാധിക്കുമെന്നു പഠനഫലം. വേദനസംഹാരികളുടെ ഉപയോഗം ഡി.എന്‍.എ. ഘടനയില്‍ മാറ്റമുണ്ടാക്കുമെന്നാണ് എഡന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഡി.എന്‍.എ.ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ ഭാവി തലമുറകളിലെ പ്രത്യുത്പ്പാദനശേഷിയെ പ്രതികൂലമായി ബാധിക്കും. ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ പോലും വളരെ കരുതലോടെ വേണം ഉപയോഗിക്കാന്‍. അത്യവശ്യഘട്ടം വന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ പാരസെറ്റമോള്‍ കഴിക്കാവു. ഐബുപ്രോഫന്‍ വിഭാഗം മരുന്നുകള്‍ ഒഴിവാക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഗര്‍ഭസ്ഥശിശുക്കളുടെ വൃഷണത്തിന്റെയും അണ്ഡാശയത്തിന്റെയും സാമ്പിളുകളില്‍ പാരസെറ്റമോളും ഐബുപ്രോഫിനും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചു നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍. ലാബില്‍ നടത്തിയ പരീക്ഷണത്തില്‍ പാരാസെറ്റമോളിന്റെ സ്വാധീനത്തിനു വിധയമായ അണ്ഡാശയത്തില്‍ അണ്ഡോല്‍പാദന കോശങ്ങളുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായതായി കണ്ടെത്തി.

ഐബുപ്രോഫിന്‍ ഉപയോഗിച്ചപ്പോള്‍ അണ്ഡോത്പാദനകോശങ്ങളുടെ എണ്ണം 50 ശതമാനത്തിലേറെ കുറഞ്ഞു. അണ്ഡങ്ങള്‍ മുഴുവന്‍രൂപം കൊള്ളുന്നത് അണ്ഡാശയത്തിലാണ്. അണ്ഡോല്‍പാദനകോശങ്ങളുടെ എണ്ണം വലിയതോതില്‍ കുറയുമ്പോള്‍ സ്ത്രീയുടെ പ്രത്യുത്പാദന കാലഘട്ടത്തില്‍ പുറത്തുവരാന്‍ മാത്രം അണ്ഡങ്ങള്‍ ഉണ്ടാവില്ല. ഇതുമൂലം ആര്‍ത്തവവിരാമം വളരെ നേരത്തെ സംഭവിക്കും. ആണ്‍കുട്ടികളെയും ഈ മരുന്നുകളുെട ഉപയോഗം പ്രതികൂലമായി ബാധിച്ചു. പാരസെറ്റമോളിന്റെയും ഐബുപ്രോഫന്റെയും ഉപയോഗം ബീജോല്‍പാദന കോശങ്ങളുടെ കാല്‍ഭാഗത്തോളം കുറച്ചതായി കണക്കുകള്‍ പറയുന്നു.

content highlight: pregnancy care