ര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ തുടങ്ങും സ്ത്രീകളുടെ സംശയങ്ങളും ആശങ്കകളും. എന്തൊക്കെ ചെയ്യണം, ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്,  ഭക്ഷണം  എങ്ങനെയാവണം എന്നിങ്ങനെ പോകുന്നു സംശയങ്ങൾ. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി ഗര്‍ഭിണികൾ നിര്‍ബന്ധമായും കഴിക്കേണ്ട പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളും കഴിക്കാൻ പാടില്ലാത്ത വിഭവങ്ങളും ഏതാണെന്നറിയാം

ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കാനാവാത്ത പോഷകസമ്പുഷ്ടമായ ചില ഭക്ഷണങ്ങള്‍ 

പാല്‍
കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച സ്രോതസ്സാണ് പാല്‍. ഗര്‍ഭിണികള്‍ക്ക് ഒരു ദിവസം ലഭിക്കേണ്ട കാത്സ്യത്തിന്റെ അളവ് 1200 മില്ലി ഗ്രാമാണ്.   ഒരു കപ്പ് പാലില്‍ ഏകദേശം 300 മില്ലിഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. 

മുട്ട
അമിനോ ആസിഡുകളുടെ സ്രോതസ്സാണ് മുട്ട.  മുട്ട കഴിക്കുന്നതിലൂടെ ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകള്‍ ശരീരത്തിലെത്തും. ഗര്‍ഭാവസ്ഥയില്‍ മുട്ട കഴിക്കുന്നത് കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് സഹായിക്കും.  മുട്ടയിലടങ്ങിയിരിക്കുന്ന നിരവധി ധാതുക്കളും വൈറ്റമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളുമെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിന്  ഉത്തമമാണ്.  എന്നാൽ ശരിയായ വേവിക്കാത്ത മുട്ട കഴിക്കുന്നത്  ഒഴിവാക്കണം.

ചുവന്ന ചീര
ഫോളിക് ആസിഡുകളാല്‍ സമ്പുഷ്ടമായതിനാൽ ഗര്‍ഭിണികള്‍ ചുവന്ന ചീര ഒഴിവാക്കരുത്. ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ മിക്ക ധാതുക്കളുടെയും വൈറ്റമിനുകളുടെയും കലവറയാണ് ചീര.  ഗര്‍ഭിണിക്ക് വിളര്‍ച്ച ബാധിക്കാതിരിക്കാനും ചീര നല്ലതാണ്.

ചെമ്പല്ലി/ കോര
ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്  ചെമ്പല്ലി/ കോര മത്സ്യം. പ്രോട്ടീന്‍, വൈറ്റമിന്‍ ബി എന്നിവയുടെ   സ്രോതസ്സാണ് ഈ മത്സ്യം. ഗര്‍ഭിണികള്‍ ആഴ്ചയില്‍ 2 തവണ ഇത് കഴിക്കുന്നത് നല്ലതാണ്.

 ഗര്‍ഭാവസ്ഥയില്‍ ഇവ ഒഴിവാക്കാം  

പപ്പായ 
 പപ്പായയുടെ കറയില്‍ പാപെയ്ന്‍ എന്ന രാസപദാര്‍ഥം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭപാത്രം സങ്കോചിക്കുന്നതിനും അതുവഴി ഗര്‍ഭം അലസുന്നതിനും കാരണമാകും. ഈ കറ ഓക്‌സിടോസിന്‍ പോലെയും പ്രവര്‍ത്തിക്കും. പ്രസവസമയത്തേതു പോലെ വേദന അനുഭവപ്പെടാനും കാരണമാകും. വളരെ ചെറിയ അളവിലുള്ള പപ്പായക്കറ പോലും ഗര്‍ഭകാലത്ത് അപകടകരമായി പ്രവര്‍ത്തിക്കും.

പെെനാപ്പിൾ
വിറ്റാമിനുകളുടെയും പ്രോട്ടീനുകളുടെയും മികച്ച  സ്രോതസ്സാണ് പെെനാപ്പിൾ. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ബ്രോമിലെയ്ൻ എന്ന എൻസെെം  ഗര്‍ഭപാത്രം സങ്കോചിക്കുന്നതിന് കാരണമാകും. ഗര്‍ഭപാത്രം സങ്കോചിക്കുമ്പോൾ  ഗര്‍ഭം അലസാൻ സാധ്യയുണ്ട്.

കാപ്പി
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ   ഗര്‍ഭമലസാന്‍ കാരണമായേക്കും. അത് അമ്മയിൽ അസിഡിറ്റിയും ഹൃദയമിടിപ്പും കൂടുന്നതിന് കാരണമാകും. അതിനാൽ കാപ്പിയുടെയും കഫീന്‍ അടങ്ങിയ പാനീയങ്ങളുടെയും ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക.

ജ്യൂസുകള്‍​
വൃത്തിയുണ്ടെന്ന് ഉറപ്പുള്ള സാഹചര്യങ്ങളില്‍ ലഭിക്കുന്ന പഴച്ചാറുകള്‍ മാത്രമേ കഴിക്കാൻ പാടുള്ളു.  പല കടകളിലും ജ്യൂസുകള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലായിരിക്കും. ഇവ കഴിക്കുന്നതിലൂടെ  സാല്‍മൊണെല്ല, ഇ-കോളി ബാക്ടീരിയകള്‍ ഗര്‍ഭിണിയുടെ ശരീരത്തിൽ എത്തും. 

മുളപ്പിച്ച ധാന്യങ്ങള്‍
മുളപ്പിച്ച ധാന്യങ്ങള്‍ പാകം ചെയ്യാതെ കഴിക്കുന്നത് ഒഴിവാക്കണം. കാരണം  മുളയ്ക്കുന്നതിന് മുമ്പ് തന്നെ അവയില്‍ ബാക്ടീരിയ കടന്നുകൂടാന്‍ സാധ്യതയുണ്ട് അത് പൂര്‍ണമായി കഴുകിക്കളയാൻ സാധിക്കില്ല. 

 കടപ്പാട്: ഡോ. എലോണ ടോം