ഉദ്യോഗസ്ഥകള്‍ക്ക് ഗര്‍ഭകാലം ഒരു വെല്ലുവിളിതന്നെയാണ്. എന്നാല്‍,ഗര്‍ഭിണിയായിരിക്കുന്ന ഒന്‍പത് മാസം ആയാസരഹിതവും ആനന്ദപൂര്‍ണവുമായ അനുഭവമാക്കിത്തീര്‍ക്കാനാവും, അതിന് അല്‍പം കരുതലുകള്‍ സ്വീകരിക്കണമെന്നു മാത്രം.
വീട്ടമ്മമാരെപ്പോലത്തന്നെ ഉദ്യോഗസ്ഥകള്‍ക്കും ഗര്‍ഭകാലം അമിതഭാരമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരിയായ ഗര്‍ഭകാലപരിചരണം തേടുകയും, ആരോഗ്യപ്രശ്‌നങ്ങള്‍ വരാതെയും സൂക്ഷിച്ചാല്‍ ജോലിയോടൊപ്പം സുരക്ഷിതമായി ഗര്‍ഭകാലം തരണം ചെയ്യാനാവുകയും പ്രസവിക്കാനുമാവും.
ഗര്‍ഭകാലം സുരക്ഷിതമാക്കാനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെ?
- ധാരാളം കഠിനാധ്വാനം വേണ്ടിവരുന്ന ജോലികള്‍ ഒഴിവാക്കുക. അമിതഭാരം ഉയര്‍ത്തുക, തലയില്‍ ഭാരം ചുമക്കുക, നിത്യേന ധാരാളം പടിക്കെട്ടുകള്‍ കയറിയിറങ്ങുക തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്.
- മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്നതും നല്ലതല്ല. ഒരേ ഇരിപ്പില്‍ ജോലി ചെയ്യുന്നതും ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ആഹാരം ഇടവിട്ട് കഴിക്കുക. ബേക്കറി സാധനങ്ങള്‍, ഫാസ്റ്റ് ഫുഡ്, അമിതമായി കാപ്പി, ചായ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.
- ദോഷകരമായ രാസപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യേണ്ട ജോലികള്‍ ഒഴിവാക്കുക. രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവയുണ്ടാക്കുന്ന സ്ഥലത്ത് ജോലി ചെയ്യരുത്. ഡ്രൈക്ലീനിങ്, എക്‌സ്‌റേ എന്നീ മേഖലകളിലും ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജോലി ചെയ്യുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.
- ജോലി സ്ഥലത്തുള്ള മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കണം. അമിത ശബ്ദകോലാഹലങ്ങളുള്ള ചുറ്റുപാടില്‍ ജോലി ചെയ്യേണ്ടിവന്നാല്‍, ആരോഗ്യപ്രദമായ മറ്റു വിഭാഗങ്ങളിലേയ്ക്ക് മാറ്റം തേടേണ്ടതാണ്. പുകവലിക്കുന്ന സഹപ്രവര്‍ത്തകരെ ഒഴിവാക്കുന്നതും നല്ലതാണ്.
- മണിക്കൂറൂകളോളം (മൂന്ന് മണിക്കൂറിലധികം) നിന്ന് ജോലി ചെയ്യുമ്പോള്‍ കാലിലെ രക്തധമനികള്‍ തടിച്ചുവരാനും കാലില്‍ നീരു വരാനും സാധ്യത കൂടുതലാണ്. ഒരേയിരിപ്പില്‍ ജോലി ചെയ്യുന്നതുമൂലം രക്തം കെട്ടിനില്‍ക്കാനും രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനും ഇടയാകാം. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. അരമണിക്കൂറിലൊരിക്കല്‍ എഴുന്നേറ്റുനില്‍ക്കുക, കാലുകള്‍ അനക്കുക, ചെറുതായിട്ട് നടക്കുക എന്നിവയെല്ലാം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂട്ടാന്‍ സഹായിക്കും.
ജോലിസമ്മര്‍ദത്തെ ഒഴിവാക്കാം, ഗര്‍ഭകാലം ആസ്വദിക്കാം
കൃത്യമായ സമയത്തുള്ള ഭക്ഷണവും നല്ല ഉറക്കവും വ്യായാമവും സമാധാനവും ശാന്തതയും പിന്നെ കുറേ കുഞ്ഞു സ്വപ്‌നങ്ങളും ഗര്‍ഭകാലം ആഘോഷമാക്കാന്‍ ഇതില്‍ കൂടുതല്‍ ഇനി എന്തുവേണം. ഗര്‍ഭകാലത്ത് മാനസിക സമ്മര്‍ദം ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇതിനൊപ്പമുണ്ടാവുന്ന ജോലിസമ്മര്‍ദം കൂടി നിയിന്ത്രിച്ചു നിര്‍ത്താനാണ് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടത്.
- ജോലിസംബന്ധമായ പിരിമുറുക്കങ്ങള്‍ ഗര്‍ഭകാല ആരോഗ്യത്തെയും, കുഞ്ഞിന്റെ ഭാവിയിലെ മാനസിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മാനസികആരോഗ്യവും ജോലിയും ഗര്‍ഭകാലവും സമന്വയിപ്പിച്ചുകൊണ്ടുപോകാന്‍ പരിശീലിക്കണം.
- ഗര്‍ഭകാലത്തുണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം ശ്രദ്ധയില്ലായ്മ, കാര്യങ്ങള്‍ മറന്നുപോകാനുള്ള സാധ്യത എന്നിവ കൂടുതലാണ്. അതിനാല്‍ ചിട്ടയോടുകൂടിയ തൊഴില്‍സംസ്‌കാരം ഉണ്ടാകണം. ഓരോ ദിവസവും ജോലിസ്ഥലത്ത് ചെയ്യേണ്ട കാര്യങ്ങള്‍ എഴുതിവെച്ച് ഇടയ്ക്കിടെ അവ ഉറപ്പുവരുത്തണം.
- സുഹൃത്തുക്കളോടോ സഹപ്രവര്‍ത്തരോടോ പ്രശ്‌നങ്ങള്‍ പങ്കുവെക്കുക, ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടാതിരിക്കുക തുടങ്ങിയവ ജോലിസ്ഥലത്തെ സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കും. മനസ്സില്‍ നല്ല ചിന്തകള്‍ മാത്രം നിറയ്ക്കുക എന്നത് മാനസികസമ്മര്‍ദം ലഘൂകരിക്കും.
- ദേഷ്യം, വെറുപ്പ്, പക, അസൂയ, ദുഃഖം എന്നീ ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം കൊടുക്കരുത്. സന്തോഷം, സമാധാനം, സംതൃപ്തി, നന്ദിയുള്ള മനസ്സ് ഇവയെല്ലാം സമ്മര്‍ദം ഇല്ലാതാക്കും. സ്‌നേഹം നിറഞ്ഞ ഊഷ്മള ബന്ധങ്ങള്‍ ഉണ്ടാക്കണം. ധ്യാനം, പ്രാര്‍ഥന, യോഗ എന്നിവ ദിനചര്യയില്‍ ഉള്‍പ്പെടുത്തിയാല്‍ മനസ്സിനെ ശാന്തമാക്കാനാവും.
നന്നായി ഉണ്ണുക, ഉറങ്ങുക
കുഞ്ഞിനുള്ളതെല്ലാം അമ്മയിലൂടെയാണ് ലഭിക്കുന്നത്. അവന്‍ വളരുന്നതും പഠിക്കുന്നതും നിങ്ങളെ കണ്ടിട്ടാണ്, നല്ലത് മാത്രം കണ്മണിക്ക് കൊടുക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭകാലത്തുണ്ടാവുന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനംമൂലം അമിത ക്ഷീണമുണ്ടാവാം. ഇരുമ്പുസത്ത് ധാരാളം അടങ്ങിയിട്ടുള്ള ആഹാരം, പ്രോട്ടീന്‍ എന്നിവ ധാരാളമായി കഴിക്കുക. ഓഫീസില്‍ പോകുമ്പോള്‍ ശുദ്ധജലം, പോഷകസമൃദ്ധമായ ആഹാരം എന്നിവ കരുതാന്‍ മറക്കരുത്. ഇടവിട്ട് കഴിക്കുകയും വേണം. രാത്രി 9 മണിക്കൂറെങ്കിലും ഉറങ്ങുക. വസ്ത്രധാരണവും പ്രധാനമാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് സൗകര്യപ്രദം.
രാവിലെ ധൃതിപിടിച്ച് ജോലിക്ക് പുറപ്പെടുന്ന സ്വഭാവം മാറ്റുക. ധൃതിപിടിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് ഛര്‍ദി ക്ഷണിച്ചുവരുത്തലാവും. രാത്രി നല്ലതുപോലെ ഉറങ്ങുക, ഇടവിട്ട് വെള്ളം കുടിക്കുക എന്നീ മുന്‍കരുതലുകള്‍ മതിയാവും. ഒരു ടവല്‍, കുറച്ച് വെള്ളം, നാരങ്ങ എന്നിവ കരുതുന്നത് നല്ലതാണ്.
ആദ്യ മാസങ്ങളിലെ ഛര്‍ദിയെ സൂക്ഷിക്കണ്ടേ?
ആദ്യത്തെ മൂന്നു മാസങ്ങളില്‍ ഛര്‍ദി സാധാരണയാണെങ്കിലും ഉദ്യോഗസ്ഥകള്‍ക്ക് ഇതൊരു പ്രശ്‌നം തന്നെയാണ്. എന്നാല്‍, അല്പം ശ്രദ്ധിച്ചാല്‍മാത്രം മതി. ലീവും എടുക്കേണ്ടിവരില്ല. ചില പ്രത്യേക മണം, ആഹാര സാഹചര്യം എന്നിവയെല്ലാം ഛര്‍ദിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇവ ഒഴിവാക്കുക. ഇടവിട്ട് ഛര്‍ദി ഉണ്ടാവുന്നത് കഠിനമായ ക്ഷീണമാവും ഉണ്ടാക്കുന്നത്. ഇതി പ്രതിരോധിക്കാന്‍ നന്നായി വെള്ളം കുടിക്കുക. ജലാംശം കൂടിയ അളവിലുള്ള പഴങ്ങള്‍ കഴിക്കുന്നതും ഉത്തമമാണ്.
പ്രസവാവധി എപ്പോള്‍ മുതല്‍
ശരിയായ ഗര്‍ഭകാല പരിചരണം നടത്തുന്ന, മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഗര്‍ഭിണികള്‍, ജോലിയുടെ സ്വഭാവമനുസരിച്ച് പ്രസവത്തിന്റെ തീയതി വരെ ജോലി ചെയ്യാം. അതിനു മുന്‍പേ പ്രസവാവധി എടുക്കേണ്ട ആവശ്യമില്ല.
എന്നാല്‍, മുന്‍പ് ഒന്നിലധികം തവണ ഗര്‍ഭം അലസിയിട്ടുള്ളവര്‍, ഗര്‍ഭപാത്രത്തില്‍ തകരാറുള്ളവര്‍, മുന്‍പ് മാസം തികയാതെ പ്രസവം നടന്നവര്‍, ഈ ഗര്‍ഭകാലത്ത് ബ്ലീഡിങ് ഉണ്ടായിട്ടുള്ളവര്‍, ഹൃദയം, ശ്വാസകോശം എന്നിവയുടെ രോഗമുള്ളവര്‍ മറുപിള്ള താഴേക്ക് വളരുന്ന അവസ്ഥയുള്ളവര്‍ തുടങ്ങി ഗര്‍ഭകാലത്തിനു മുന്‍പോ, ഗര്‍ഭകാലത്തോ പ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ മേല്‍നോട്ടത്തിലും ഉപദേശങ്ങളിലും മാത്രമേ എത്രനാള്‍ വരെ ജോലിയിലേര്‍പ്പെടാം, ലീവ് എപ്പോള്‍ എടുക്കണം എന്നിവ തീരുമാനിക്കാവൂ.
അമിതമായ സമ്മര്‍ദം, ജോലി സംബന്ധമായ പിരിമുറുക്കം എന്നിവ ഉള്ളവരിലാണ് എല്ലാ ഗര്‍ഭകാലപ്രശ്‌നങ്ങളും ഉണ്ടാവുന്നത്. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.
ജോലിക്കിടിയില്‍ വ്യായാമത്തിന് അൽപം സമയം
ഗര്‍ഭകാലത്ത് മിതമായി വ്യായാമം ചെയ്യുന്നത് ക്ഷീണം, കാലിലെ നീര്, കാലില്‍ രക്തം കട്ടപിടിക്കുക, വെരിക്കോസ് വെയിന്‍ തുടങ്ങിയ പല ഗര്‍ഭകാലപ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ്. ശരിയായി ഉറക്കം കിട്ടാനും മാനസിക പിരിമുറുക്കം അമിത ഉത്കണ്ഠ എന്നിവ മാറ്റിനിര്‍ത്താനുമുള്ള നല്ലൊരു മാര്‍ഗം കൂടിയാണ്.
സ്ഥിരമായി വ്യായാമം ചെയ്യുന്നവരില്‍ പ്രസവവേദനയുടെ കാഠിന്യവും ദൈര്‍ഘ്യവും കുറയുകയും പ്രസവം സുഗമമാവുകയും ചെയ്യുന്നു. ഗര്‍ഭകാലപ്രശ്‌നങ്ങളായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ ഒഴിവാക്കാനുള്ള നല്ലൊരു മാര്‍ഗം കൂടിയാണിത്.
നിത്യേനയുള്ള യാത്ര ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുേമാ?
നിത്യേന ജോലിസ്ഥലത്തേക്കുള്ള യാത്ര പ്രശ്‌നമാവില്ല. ട്രെയിന്‍യാത്രയാണ് ഏറെ സുരക്ഷിതം. ബസ്സിലായാലും ട്രെയിനിലായാലും ഏറെ നേരം നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കണം.
വേഗം ക്ഷീണം ഉണ്ടാവാനും തലകറക്കം ഉണ്ടായി വീണുപോകാനുമുള്ള സാധ്യത ഏറെയാണ്. ടൂവീലറിലുള്ള യാത്രയും ടൂവീലര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കാര്‍യാത്ര പ്രശ്‌നമാവില്ല. സ്വന്തമായി കാര്‍ ഓടിക്കുന്നതും പ്രശ്‌നമാവില്ല. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഇടുന്നത് ശ്രദ്ധിക്കണം. താഴത്തെ ബെല്‍റ്റ് അടിവയറിനു താഴേക്കൂടിയും മുകളിലത്തേത് നെഞ്ചിന്റെ നടുവിലൂടെയും വേണം ഇടാന്‍.
ദീര്‍ഘയാത്രകള്‍ വേണ്ടിവരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ട് എഴുന്നേറ്റുനില്‍ക്കുക, ചെറുതായി നടക്കുക, കൈകാലുകള്‍ അനക്കുക എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധയോടെ ചെയ്യണം. രാത്രിയില്‍ ഭക്ഷണം, വെള്ളം, ഇവ വേണ്ട അളവില്‍ കഴിക്കാന്‍ മറക്കരുത്.
കമ്പ്യൂട്ടര്‍ ഉപേയാഗിച്ചുള്ള ജോലി, മൊബൈല്‍ ഫോണിന്റെ ഉപയോഗം എന്നിവ ഹാനികരമാേണാ?
കമ്പ്യൂട്ടറില്‍ നിന്നുള്ള റേഡിയേഷന്‍ വളരെ ചെറിയ തോതിലുള്ളതായതുകൊണ്ട് ഗര്‍ഭസ്ഥശിശുവിന്റെ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയില്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നാലും ശരീരത്തില്‍നിന്ന് കുറച്ചകലത്തില്‍ കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ വെക്കുന്നതാണ് അഭികാമ്യം. ലാപ്‌ടോപ് മടിയിലോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ ചേര്‍ത്തിടുന്നതും നല്ലതല്ല.
ലാപ്‌ടോപ്പില്‍നിന്നുള്ള ചൂട് ഗര്‍ഭിണിയുടെ ശരീരത്തില്‍ തട്ടുന്നത് നല്ലതല്ല. സ്ഥിരമായി കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവ ശരീരത്തോട് ചേര്‍ത്തുപയോഗിക്കുന്നത് ഗര്‍ഭിണികളില്‍ ഗര്‍ഭസ്ഥശിശുവിനു ചുറ്റുമുള്ള ഫ്‌ലായിഡ് (എഹൗശറ) കുറയ്ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിത്യേന കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണിക്ക് കണ്ണുവേദന, നടുവേദന എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. കാലുകളിലെ ധമനികള്‍ തടിച്ച് വെരിക്കോസ് വെയിന്‍ എന്ന അവസ്ഥയ്ക്കും വഴിവെക്കാം. ഇതുമൂലം കാലുകളില്‍ ഞരമ്പുകള്‍ തടിച്ച് രക്തയോട്ടം തടസ്സപ്പെടാനും വേദന, കഴപ്പ് എന്നിവയ്ക്കും വഴിവെക്കും.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിന് ഹാനികരമാണോ എന്നത് തര്‍ക്കവിഷയമാണ്. കുട്ടികളിലെ ചില പഠനവൈകല്യങ്ങള്‍ക്ക് കാരണം ഗര്‍ഭിണിയുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിരുന്നാലും റേഡിയേഷന്‍ സാധ്യതയും കണ്ണിന് ഉണ്ടാവുന്ന ആയാസവും പരിഗണിച്ച് ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കഴിയുന്നതും കുറയ്ക്കുന്നതാണ് നല്ലത്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. നിര്‍മ്മല സുധാകരന്‍
Content Highlight: Working women's pregnancy, Pregnancy care, Guide to working womes's pregnancy