ഗര്‍ഭിണികളില്‍ ജനിതകപരിശോധന നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ കരട് രൂപരേഖ. കുഞ്ഞുങ്ങളില്‍ ജനിതകത്തകരാറുകള്‍ മൂലമുണ്ടാകുന്ന തലസീമിയ, അരിവാള്‍ രോഗം എന്നിവ തടയാന്‍വേണ്ടിയാണിത്.

'പോളിസി ഫോര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഹീമോഗ്ലോബിനോപ്പതിസ് തലസീമിയ, സിക്കിള്‍സെല്‍ ഡിസീസ് ആന്‍ഡ് വേരിയന്റ് ഹീമോഗ്ലോബിന്‍സ് ഇന്‍ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന കരടുരേഖ, ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ട്. ഇതുസംബന്ധിച്ച് തത്പരകക്ഷികള്‍ക്ക് അവരുടെ നിര്‍ദേശങ്ങള്‍ 30 വരെ അറിയിക്കാം.

പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള വ്യവസ്ഥയും മേക്ക് ഇന്‍ ഇന്ത്യയുമായി ചേര്‍ന്ന് മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍ എന്നിവ നിര്‍മിക്കാനും കരടില്‍ നിര്‍ദേശമുണ്ട്. ഇങ്ങനെയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി.യും കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കും. ജനിതകരോഗങ്ങളെപ്പറ്റിയുള്ള ബോധവത്കരണത്തിനാണ് കരട് ഊന്നല്‍ നല്‍കുന്നത്.

ദമ്പതിമാരെ പരിശോധിക്കുകയും ഗര്‍ഭസ്ഥശിശുവിന്റെ ഹീമോഗ്ലോബിന്‍ ഘടനയില്‍ അസ്വാഭാവികതയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. 'കാരിയര്‍ സ്‌ക്രീനിങ്ങി'ന് ഹൈസ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളെയും വിധേയരാക്കണം. പരിശോധനയ്ക്കുശേഷം ആരോഗ്യനില വിശകലനം ചെയ്യുന്ന കാര്‍ഡ് വിതരണം ചെയ്യും. അരിവാള്‍ രോഗം വ്യാപകമായി കാണുന്ന സ്ഥലങ്ങളില്‍ ശിശുക്കള്‍ ജനിച്ചയുടനെ പരിശോധിക്കും.

അരിവാള്‍ രോഗവും തലസീമിയയും ബാധിച്ച രോഗികള്‍ക്ക് സേവനം യഥാസമയം ലഭ്യമാകാന്‍ രജിസ്ട്രി തയ്യാറാക്കുമെന്നും കരടില്‍ പറയുന്നു.

Content Highlights: Genetic screening of pregnant women to prevent inherited disorders