ശാരീരികമായി ഏറെ ശ്രദ്ധ നല്‍കേണ്ട കാലമാണ് ഗര്‍ഭകാലം. ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ചെറിയ രോഗം പോലും പലപ്പോഴും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പലതരം പനികള്‍ ഇന്ന് പടര്‍ന്ന് പിടിക്കുന്നുണ്ടെങ്കിലും അത് ഗര്‍ഭിണികളെ ബാധിക്കാതെ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.   

ഡെങ്കി, മലേറിയ, പക്ഷി പനി തുടങ്ങിയവ ഗര്‍ഭാവസ്ഥയിലാണ് വരുന്നതെങ്കില്‍ അത് ഗൗരവമായെടുത്തില്ലെങ്കില്‍ മാരകമാകും. ഗര്‍ഭകാലത്തെ ഡെങ്കി അമ്മയ്ക്കും കുഞ്ഞിനും രക്തസ്രാവത്തിന് ഇടവരുത്താനുള്ള സാധ്യതയേറെയാണ്. മാസം തികയാതെയുള്ള ജനനത്തിനും കുഞ്ഞിന്റെ മരണത്തിനും വരെ ഇത് കാരണമാകാനും സാധ്യതയുണ്ട്. പ്രസവ സമയത്തിനോട് അടുത്താണ് രോഗം പിടിപെടുന്നതെങ്കില്‍ വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷനും സാധ്യതയുണ്ട്. 

ഗര്‍ഭകാലത്ത് മലേറിയയും പക്ഷി പനിയും പിടിപെട്ടാല്‍ ഗര്‍ഭം അലസുന്നതിനും സങ്കീര്‍ണമായ അണുബാധയ്ക്കും സാധ്യതയുണ്ട്. മലേറിയ ഗര്‍ഭിണികളില്‍ വിളര്‍ച്ചയുണ്ടാക്കും. കിഡ്‌നി അപകടത്തിലാകാനും കാരണമായേക്കും. ഡെങ്കി, മലേറിയ, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത് വരാതെ നോക്കേണ്ടത് അതുകൊണ്ടുതന്നെ പ്രധാന കാര്യമാണ്. 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
  • പരിസരം വൃത്തിയായി സൂക്ഷിക്കുക, കൊതുകുകള്‍ വീടിന് അകത്തേക്ക് കടക്കുന്നത് തടയാന്‍ രാവിലെയും വൈകീട്ടും ജനലുകള്‍ അടച്ചിടുക.
  • നീളമുള്ള പാന്റുകള്‍, കൈ പൂര്‍ണമായി മറയുന്ന വസ്ത്രങ്ങള്‍ ധരിച്ച് ശരീരത്തിന് സംരക്ഷണം നല്‍കുക.
  • കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ ഒഴിവാക്കാന്‍ ഗര്‍ഭിണികള്‍ക്ക് ദോഷമല്ലാത്ത കീടനാശിനികള്‍ ഉപയോഗിക്കാം.  
  • ധാരാളം വെള്ളം, ഫ്രെഷ് ജ്യൂസ്, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ഉപകരിക്കും.
  • ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ പനിക്ക് കഴിക്കാതിരിക്കുക. രക്തസ്രാവത്തിനും മറ്റു പല കുഴപ്പങ്ങള്‍ക്കും ഇത് ഇടവരുത്തിയേക്കും.
  • ആന്റി പൈറെക്ക്റ്റിക്കുകള്‍ പനി, ശരീരം വേദന എന്നിവ തടയാന്‍ സഹായിക്കും.
  • എത്രയും നേരത്തെ ഡോക്ടറെ കാണുക.

Content Highlight: Fever during Pregnancy, Pregnancy Care