അമ്മയാവുക എന്നതിനോളം മനോഹരമായി ഒരു സ്ത്രീയുടെ ജീവിതത്തിൽ മറ്റൊന്നുമില്ല. ഏറ്റവും സവിശേഷകരമായ അനുഭവങ്ങളിലൂടെ കടന്നുപോവുന്ന ഗർഭകാലത്ത് തന്റെ പൊന്നോമനയെ സ്വപ്‌നം കണ്ട് അവനെ/അവളെ വരവേൽക്കാൻ തയ്യാറെടുക്കുന്ന അമ്മമാരുടെ പ്രതീക്ഷകളും ആശങ്കകളും വാനോളമാണ്. എന്നാൽ,ആ ഒമ്പതുമാസ കാലയളവിൽ അവർക്ക് മറവി കൂടുതലായിരിക്കുമോ? 

അധികമാരും ശ്രദ്ധിക്കാറില്ലെങ്കിലും ഗർഭകാലത്ത് എപ്പോഴെങ്കിലുമൊക്കെയായി  ഈ മറവി സ്ത്രീകളെ കാര്യമായി പിടികൂടാറുണ്ടെന്ന് ശാസ്ത്രീയപഠനങ്ങൾ പറയുന്നു. എന്നുകരുതി ഇതിനെ ഒരസുഖമായൊന്നും കണ്ടുകളയല്ലേ! പ്രെഗ്നൻസി ബ്രെയിൻ അഥവാ മോംനേസിയ എന്ന അവസ്ഥ ഹോർമോണുകളുടെ കണ്ണുകെട്ടിക്കളയാണെന്ന് മാത്രം കരുതിയാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

പതിനഞ്ച് മുതൽ നാല്പതിരട്ടി വരെ വർധനയാണ് ഗർഭകാലത്ത് സ്ത്രീഹോർമോണുകളിൽ ഉണ്ടാവുന്നത്. ഈസ്ട്രജനും പ്രൊജസ്‌ട്രോണും ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെടുന്നത് ഗർഭാവസ്ഥയിലാണെന്ന് ചുരുക്കം. ഈ സമയത്ത് സ്ത്രീകളുടെ തലച്ചോർ ചുരുങ്ങുമെന്ന് നേച്ചർ ന്യൂറോസയൻസ് ജേർണൽ നടത്തിയ ഗവേഷണഫലം പറയുന്നു. വികാരങ്ങളോടും വാക്കാൽ അല്ലാതെയുള്ള ആശയവിനിമയത്തോടും ചിലപ്പോഴെങ്കിലും ഗർഭിണികൾ പ്രതികരിക്കാത്തത് ഇക്കാരണം കൊണ്ടാണത്രേ. ഇവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഇക്കാലയളവിൽ പ്രവർത്തനം മന്ദഗതിയിലാക്കുക.

ഇതൊന്നും തലച്ചോർ വെറുതെയങ്ങ് ചെയ്യുന്നതല്ല,കുഞ്ഞിന്റെ ആവശ്യങ്ങളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും ഗർഭിണികളെ ചിന്തിപ്പിക്കാനുള്ള തലച്ചോറിന്റെ സൂത്രപ്പണിയാണിത്.എന്നെക്കുറിച്ച് മാത്രം അമ്മ ചിന്തിച്ചാൽ മതിയെന്ന് കുഞ്ഞ് തലച്ചോറിന് നിർദേശം കൊടുക്കുന്നതാണെന്ന് രസകരമായി പറയാം. അതുകൊണ്ട് തന്നെ ഗർഭകാലത്ത് എന്തെങ്കിലുമൊക്കെ മറക്കുന്നത് പതിവായാലും ആശങ്കപ്പെടേണ്ടതില്ല.