സ്ത്രീത്വത്തെ മഹത്തരമാക്കുന്നത് മാതൃത്വമാണ്. ഹോര്‍മോണ്‍ ഉത്പാദനത്തിലുള്ള വ്യതിയാനങ്ങള്‍ മൂലം സ്ത്രീ ശരീരത്തില്‍ ഭൗതികവും ജീവശാസ്ത്രപരവുമായി ധാരാളം മാറ്റങ്ങളുണ്ടാകുന്ന കാലമാണ് ഗര്‍ഭകാലം.ഗര്‍ഭകാലത്തുണ്ടാകുന്ന ദന്ത രോഗങ്ങളും അവയുടെ ചികിത്സയുമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം . 

വായയുടെ ശുചിത്വം നിലനിര്‍ത്തേണ്ടത് ഗര്‍ഭകാലത്ത് വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണ് അല്ലാത്ത പക്ഷം അവ മോണരോഗത്തിനും മാറ്റ് ദന്ത രോഗങ്ങള്‍ക്കും കാരണമാകും. ഗര്‍ഭധാരണത്തിന്റെ ഫലമായി ശരീരത്തില്‍ പ്രൊജസ്റ്റീറോണ്‍,ഈസ്‌ട്രോജന് തുടങ്ങിയ ഹോര്‍മോണുകളുടെ ഉത്പാദനം കൂടുകയും തല്‍ഫലമായി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ഇത്തരത്തില്‍ ഗര്‍ഭിണികളില്‍ ദന്ത രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂട്ടുന്നത്. ഗര്‍ഭകാലത്ത് സാധാരണ കണ്ട് വരുന്ന ദന്ത രോഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
 

  • ഗര്‍ഭകാല മോണരോഗം  (Pregnancy  Gingivitstis) 

ഗര്‍ഭാവസ്ഥയില്‍ കാണപ്പെടുന്ന പ്രത്യേകതരം മോണരോഗമാണിത് . ഗര്‍ഭധാരണത്തിന്റെ രണ്ടാം മാസം മുതല്‍ എട്ടാം മാസം വരെ ഇത് കാണപ്പെടാറുണ്ട്. സ്ത്രീ ലൈംഗിക ഹോര്‍മോണുകളുടെ അളവ് രക്തത്തില്‍ കൂടുന്നതും വായില്‍ പ്ലാക്ക് അടിഞ്ഞു കൂടുന്നതും അതോടൊപ്പം തന്നെ രോഗ പ്രതിരോധ ശേഷിയിലുണ്ടാക്കുന്ന മാറ്റവുമാണ് ഈ രോഗമുണ്ടാകുന്നത് .  പല്ല് ക്ലീന്‍ (scaling) ചെയ്യുകയും വായയുടെ ശുചിത്വം നിലനിര്‍ത്തുകയുമാണ് ഇതിന്റെ പ്രതിവിധി .

  • Pregnancy  Granuloma 

5% ഗര്‍ഭിണികളിലാണ് ഇത് കാണപ്പെടുന്നത്. വായിലുണ്ടാകുന്ന ഇന്‍ഫെക്ഷന്റെ ഫലമായി മോണയിലോ  വായയുടെ മറ്റ് ഭാഗങ്ങളിലോ പര്‍പ്പിള്‍ നിറത്തില്‍  കുമിളകള്‍ പോലെയോ അല്ലെങ്കില്‍ വ്രണങ്ങള്‍ പോലെയോ പെട്ടെന്ന് രക്തം വരാവുന്ന രീതിയിലാണിത് കാണപ്പെടുന്നത്. ഇന്‍ഫെക്ഷന്റെ കാരണത്തെ ചികിത്സിക്കുകയും പല്ല് ക്ലീന്‍ ചെയ്യുകയും തുടര്‍ന്ന് വായയുടെ ശുചിത്വം ശരിയായ രീതിയില്‍ പാലിക്കുകയുകയുമാണ് ചികിത്സരീതി , എന്നാല്‍ പ്രസവത്തിന് ശേഷവും അവ നിലനില്‍ക്കുകയാണേല്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യേണ്ടി വരും.
 

  • Perimylolysis  (Acid  Erosion )

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സാധാരണ കാണപ്പെടുന്ന തുടര്‍ച്ചയായ ഛര്‍ദി (vomiting) മൂലം വയറിനകത്തെ  ആസിഡ് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ പല്ലുമായി സ്ഥിരമായി സമ്പര്‍ക്കത്തില്‍ വരികയും തല്‍ഫലമായി പല്ലുകളുടെ നിറം മാറുകയോ പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണിത്. സംഭവിച്ച കേടുപാടുകള്‍ക്ക് അനുസരിച്ച് പല്ല് അടച്ചുകൊണ്ടോ അല്ലെങ്കില്‍ റൂട്ട് കനാല്‍ ചെയ്ത് ക്യാപ് ഇട്ടുകൊണ്ടോ ഇതിനെ മറികടക്കാവുന്നതാണ് .
 
പോഷകാഹാര കുറവ് പരിഹരിക്കുന്നതിനും ഓക്കാനം തടയുന്നതിനുമായി ഗര്‍ഭിണികളോട് സാധാരണ ഭക്ഷണ സമയം കൂടാതെ അതിനിടക്കും ലഘു ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട് അത്തരത്തിലുള്ളവരില്‍ പല്ലുകള്‍ കേട് വരാനുള്ള സാധ്യത കൂടുതലാണ്, സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പല്ലുകള്‍ക്കിടയില്‍ പറ്റിപിടിക്കുന്ന ഭക്ഷണത്തിന്റെ തോത് കൂടുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ളവര്‍ ഓരോ തവണ ഭക്ഷണം കഴിച്ചതിന് ശേഷവും വായ വൃത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ് .

ദീര്‍ഘ കാലമായി ചികിത്സയെടുക്കാത്ത മോണരോഗമുള്ള ഗര്‍ഭിണികളില്‍  മാസം തികയാതയുള്ള പ്രസവം സംഭവിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, ഇത്തരത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണിയായി മാറാന്‍ സാധ്യതയുള്ള ദന്ത രോഗാങ്ങളെ അതാത് സമയത്ത് ചികിത്സിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം .

മാനസികവും ശാരീരികവുമായി ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന സമയമാണ് ഗര്‍ഭകാലം അവിടെ കൂനിന്മേല്‍ കുരു പോലെ ദന്ത രോഗങ്ങള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കാതിരിക്കാന്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ പ്രതേകം ശ്രദ്ധിക്കേണ്ടതുണ്ട് .ഗര്‍ഭിണിയുടെ ആരോഗ്യ സംരക്ഷണം  ആ കുടുംബത്തോടൊപ്പം തന്നെ നമ്മുടെ ആരോഗ്യ വ്യവസ്ഥിതിയുടെയും ആവശ്യമാണ് കാരണം ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകുമ്പോഴാണ് ആരോഗ്യമുള്ള ജനതയുണ്ടാകുന്നത് ആരോഗ്യമുള്ള ജനതയുണ്ടാകുമ്പോഴാണ് രാഷ്ട്ര പുരോഗതിയുണ്ടാകുന്നത്..

ഇതൊക്കെ ഗര്‍ഭാവസ്ഥയില്‍ കാണപ്പെടുന്ന ദന്ത രോഗങ്ങളാണ് എന്നാല്‍ നേരത്തെയുള്ള ദന്ത രോഗങ്ങളുടെ തീവ്രത ഗര്‍ഭകാലത്ത് കൂടാറുണ്ട് അവ അല്ലെങ്കില്‍ പൊതുവെ ദന്ത രോഗങ്ങള്‍ ഗര്‍ഭകാലത്ത് ചികില്‍സിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • എല്ലാ ഗര്‍ഭിണികളുടെയും ആരോഗ്യ സ്ഥിതി ഒരുപോലെ ആയിരിക്കണമെന്നില്ല അതുകൊണ്ട് തന്നെ ഏത് ദന്ത ചികിത്സയാണെങ്കിലും ഗര്‍ഭിണിയുടെ ഗൈക്കോളജിസ്റ്റുമായി കൂടിയാലോചിച്ച് മാത്രമേ ചെയ്യാവു 
  • മൂന്നാം മാസം മുതല്‍ ആറാം മാസം വരെയുള്ള ഗര്‍ഭധാരണത്തിന്റെ രണ്ടാം ഘട്ടമാണ് ദന്ത ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. രോഗിക്ക് മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കാന്‍ സാധ്യതയുള്ള  പല്ല് പറിക്കുന്നത് പോലെയുള്ള ചികിത്സകള്‍ ഈ ഘട്ടത്തില്‍ മാത്രമേ ചെയ്യാവൂ. എന്നാല്‍ അടിയന്തിര ചികിത്സ ആവശ്യമുള്ള ഘട്ടങ്ങളില്‍ ഗെയ്‌നക്കോളജിസ്റ്റുമായി കൂടിയാലോചിച്ച് ഗര്‍ഭിണിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഗര്‍ഭധാരണത്തിന്റെ ഏത് ഘട്ടത്തിലും ചികിത്സ നേടാവുന്നതാണ് 
  • ഒട്ടുമിക്ക ദന്ത ചികിത്സകളിലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് x ray  എന്നാല്‍  ഗര്‍ഭിണികളില്‍   ഇതൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം പ്രതേകിച്ചും ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിലും . ഒരു രീതിയിലും x- ray ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ x-ray എടുക്കാവൂ.
  • ദന്ത ചികിത്സയുമായി ബന്ധപ്പെട്ട് ചികിത്സക്ക് മുന്‍പോ ശേഷമോ മരുന്ന് കഴിക്കേണ്ടതായി വരാറുണ്ട് അത്തരം സാഹചര്യങ്ങളില്‍ കഴിക്കുന്ന മരുന്നുകള്‍ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിന് ഒരു തരത്തിലും ദോഷകരമാകാത്തതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ് 

 

തയ്യാറാക്കിയത് ..
ഷെരീഫ് കെ ബാവ 
ഹൗസ് സര്‍ജന്‍,
 ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജ് 

Content HighlightDental Problems in Pregnancy Period