സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും മഹത്വപൂര്‍ണവുമായ കാലമാണ് ഗര്‍ഭകാലം. ഈ അവസ്ഥയില്‍  ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കാറുണ്ട്. ഗര്‍ഭകാലത്ത് സ്ത്രീയുടെ വായില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ദന്താരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉളള അറിവ് പലര്‍ക്കും ഇല്ല എന്നതാണ് സത്യം. 

ഗര്‍ഭകാലം 

പ്രധാനമായി 270-280 ദിവസം നീളുന്ന ഗര്‍ഭകാലത്തെ മൂന്നു മാസങ്ങള്‍ വീതമുളള മൂന്നു കാലമായി തരംതിരിച്ചിരിക്കുന്നു. (trimesters)

ആദ്യ മൂന്നു മാസങ്ങള്‍ (first trimester)

ഈ 90 ദിവസങ്ങളില്‍ 17-57 വരെയുളള ദിവസങ്ങള്‍ സിക്താണ്ഡം, ഭ്രൂണം എന്ന അവസ്ഥയില്‍ നിന്ന് പല അവയവങ്ങളുടെയും ആദ്യ ഉള്‍പത്തിയിലേക്ക് നടക്കുന്ന ഏറ്റവും പ്രധാനമായ കാലാവധിയാണ്(Organogenesis). അമ്മ കഴിക്കുന്ന ചില മരുന്നുകള്‍ ഈ അവസ്ഥയില്‍ കുഞ്ഞില്‍ ഉണ്ടാകുന്ന ഈ പ്രക്രിയക്ക് തടസ്സം വരുത്തുകയും പല വൈകല്യങ്ങള്‍ക്കും കാരണമായിത്തീരുകയും ചെയ്യുന്നു. പണ്ട് ഗര്‍ഭിണികളില്‍ ഉപയോഗിച്ചിരുന്ന Thalidomide (താലിഡോമൈഡ്) എന്ന മരുന്ന് കുഞ്ഞിന്റെ കൈ കാല്‍ വളര്‍ച്ചയെ ബാധിച്ച് തിമിംഗലത്തിന്റെ അഥവാ കടല്‍ ജീവികളുടെ തുഴപോലെയുളള കൈകാലുകളുടെ ആകൃതി കൈവരിക്കുന്ന വൈകല്യത്തിനു (ഫോക്കോമീലിയ)കാരണമായിരുന്നു(seal limbs/phocomelia). ഇത് കണ്ടെത്തിയതോടെ ഈ മരുന്നിന്റെ ഉപയോഗം നിര്‍ത്തുകയും ചെയ്തു. 

രണ്ടാമത്തെ മൂന്ന് മാസങ്ങള്‍ (second trimester) 

ഈ സമയത്തുണ്ടാകുന്ന ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ ഹോര്‍മോണുകളുടെ വ്യതിയാനം വായിലും പ്രതിധ്വനിക്കുന്നു. മോണയില്‍ വീക്കം, കടും ചുവപ്പു നിറം, നീര്, രക്തസ്രാവം എന്നിവ ഈ സമയത്ത് ഉണ്ടാവാം. ഒപ്പം ചിലരില്‍  മോണയില്‍ ദശ വളര്‍ച്ചയും കാണാറുണ്ട്. ഇത് ക്യാന്‍സര്‍ ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. ശരിയായ ദന്തശുചിത്വം പാലിക്കുകയും ഒപ്പം നല്ലൊരു മോണരോഗ വിദഗ്ധന്റെ അടുത്ത് നിന്ന് ക്ലീനിംഗ് അഥവാ അള്‍ട്രാ സോണിക് സ്‌കെയിലിംഗ് ചെയ്യുകയും ചെയ്താല്‍ ഇതിന് ആശ്വാസം ഉണ്ടാകും. ദന്തചികിത്സകള്‍ ഈ കാലഘട്ടത്തില്‍ നടത്തുകയാണ് ഉചിതം.

മൂന്നാമത്തെ മൂന്നു മാസങ്ങള്‍ (third trimester) 

ആദ്യ മൂന്നു മാസങ്ങള്‍ പോലെ തന്നെ വളരെ പ്രാധാന്യമുള്ളവയാണ് അവസാന മൂന്നു മാസങ്ങളും. രക്തസമ്മര്‍ദ്ദം കുറയാനുളള സാധ്യതയും തല കറക്കം, തലവേദന എന്നിവ കൂടാനുള്ള സാധ്യതയും ഉണ്ട്. ഒരു ദന്ത ചികിത്സയും ഈ കാലത്ത് ചെയ്യാന്‍ പാടുള്ളതല്ല. മോണരോഗങ്ങള്‍ മുന്‍കൂട്ടി കണ്ട് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. മോണരോഗം (periodontitis) ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ (low birth weight babies) ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. 

ഗര്‍ഭകാലത്ത് അറിയേണ്ട പ്രധാന ശാരീരിക വ്യതിയാനങ്ങള്‍ 

1. അമിതമായ അന്നനാള രസങ്ങളും ദന്തക്ഷയവും 

ഗര്‍ഭിണികള്‍ സ്ഥിരമായി ഛര്‍ദ്ദിക്കുന്നത് സാധാരണയാണല്ലോ. മാസം കഴിയുന്തോറും ഗര്‍ഭപാത്രം വികസിക്കുകയും, അന്നനാളി തുറക്കുകയും കൂടുതല്‍ ആമാശയ രസങ്ങള്‍ വായിലേയ്ക്കു വരികയും ചെയ്യുന്നു. ഈ രസങ്ങള്‍ (acid) പല്ലില്‍ വീഴുകയും പതിയെ പതിയെ ദന്തക്ഷയം ഉണ്ടാകുന്നതിനു കാരണമായിത്തീരുകയും ചെയ്യുന്നു. ഇത്തരത്തിലുളള ദന്തക്ഷയത്തിനു മുന്നോടിയായി പല്ലു ദ്രവിക്കുകയും (erosion) ചെയ്യുന്നു. 

2. രക്തചംക്രമണത്തിലെ വ്യതിയാനം 

ഗര്‍ഭാവസ്ഥയില്‍ രക്തത്തിന്റെ അളവ്, ഹൃദയമിടിപ്പ്, വൃക്കയിലേയ്ക്കുള്ള രക്തയോട്ടം എന്നിവ കൂടുന്നു. ഇതുമൂലം പലപ്പോഴും രക്ത സമ്മര്‍ദ്ദം ഗര്‍ഭിണികളില്‍ കുറവായിരിക്കും. തലകറക്കം, ക്ഷീണം എന്നിവ ഇതു കാരണം ഉണ്ടാകുന്നു. മൂന്നാമത്തെ കാലഘട്ടത്തില്‍ ഒത്തിരി നേരം ഇരുന്നാല്‍ തന്നെ ഗര്‍ഭപാത്രം ഇന്‍ഫീരിയല്‍ വീനക്കാവ എന്ന രക്തക്കുഴലില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം കാരണം തല ചുറ്റലുണ്ടാകുന്നു. അതിനാല്‍ ദന്ത ചികിത്സ ചെയ്യുമ്പോള്‍ ഇടത്തേയ്ക്കു ചരിച്ച് ഇരുത്തിയാണ് ചികിത്സ നല്‍കുന്നത് (left lateral position). ഈ സമയത്ത് അമിത രക്തസമ്മര്‍ദ്ദം ചിലരില്‍ കണ്ടുവരാറുണ്ട്. ഇത് അമിതരക്തസാവത്തിനും കാരണമാകുന്നു. ഈ left lateral position നില്‍ ഇരിക്കുന്നത് ഓക്കാനം കുറക്കുകയും, ചെറിയ ചികിത്സാ ഉപകരണങ്ങള്‍ വിഴുങ്ങി പോകാനുള്ള സാധ്യത ലഘൂകരിക്കുകയും ചെയ്യുന്നു.

3. ഹോര്‍മോണിലുള്ള വ്യതിയാനം 

ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളും അവയുടെ വ്യതിയാനവും മോണയിലുണ്ടാകുന്ന നീര്, രക്ത സ്രാവം, പ്രഗ്നന്‍സി ട്യൂമര്‍ (Pregnancy Tumour) എന്നറിയപ്പെടുന്ന മോണയില്‍ കാണപ്പെടുന്ന വളര്‍ച്ച എന്നിവയ്ക്ക് കാരണമാകുന്നു. ഇത് പലരിലും ക്യാന്‍സര്‍ എന്ന ഭീതി ഉണ്ടാക്കുമെങ്കിലും പേടിക്കേണ്ട ഒന്നല്ല. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടോ അമിത രക്തസ്രാവമോ ഉണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യേണ്ടതുളളൂ. 

4.രക്തത്തിലെ പഞ്ചസാരയുടെ അളവ് 

പ്രമേഹവും മോണരോഗങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഗര്‍ഭിണികളില്‍ 24ാ മത്തെ ആഴ്ച മുതല്‍ പഞ്ചസാരയുടെ അളവ് കൂടുന്നു. ഇതിനെ Gestational Diabetes Mellitus എന്നു പറയുന്നു. മോണരോഗങ്ങള്‍ യഥാസമയം ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ പ്രമേഹം കൂടുന്നതിനും തിരിച്ച് ഈ പ്രമേഹം ചികിത്സിച്ചില്ലെങ്കില്‍ മോണരോഗം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കേണ്ടതും ദന്തശുചിത്വം കാത്തുസൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. 

ചികിത്സയില്‍ ദന്തരോഗവിദഗ്ധര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

  1.  എക്സറേ കഴിവതും ഒഴിവാക്കുക. 
  2. ചികിത്സ പരമാവധി 4-6 മാസങ്ങളില്‍ (second triemester) ആക്കാന്‍ ശ്രമിക്കുക 
  3. ചികിത്സ നല്‍കുമ്പോള്‍ Position-Left Lateral എന്ന രൂപത്തില്‍ ഇരിക്കാന്‍ ശ്രമിക്കുക. വലതു വശത്ത് 
  4. ഒരു തലയിണ കൂടി വച്ചുകൊടുക്കാവുന്നതാണ്.
  5.  മരുന്നുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. എങ്കിലും അമോക്‌സിലിന്‍ പോലുള്ള സ്ഥിരം ആന്റിബയോട്ടിക്കുകളും, പാരസെറ്റമോള്‍ പോലുളള വേദനാ സംഹാരികളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
  6. മോണയുടെ ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം സി (vitamin c) അടങ്ങിയ നെല്ലിക്ക, ഓറഞ്ച് മുതലായവ കഴിക്കാന്‍ ഉപദേശിക്കുക. ഒപ്പം വായില്‍ അഴുക്ക് (plaque) അടിയാതെ രണ്ടു നേരം ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാന്‍ ഉപദേശിക്കുക. 

ഗര്‍ഭിണികള്‍ അറിയേണ്ടത് 

  1.  വായിലുണ്ടാകുന്ന രക്തസാവം, ദശവളര്‍ച്ച എന്നിവ കണ്ട് ക്യാന്‍സര്‍ എന്ന് തെറ്റിദ്ധരിക്കാതെ മോണരോഗ വിദഗ്ധനെ കണ്ട് ചികിത്സ നേടുക. 
  2. രണ്ടു നേരം ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുക. മൂന്നു മാസത്തിലൊരിക്കല്‍ ദന്തരോഗ വിദഗ്ദ്ധനെ സന്ദര്‍ശിക്കുക.
  3.  ജീവകം സി അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കുക.
  4. അമിതമായ മധുരത്തിന്റെ ഉപയോഗം കുറയ്ക്കുക 

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ ദന്താരോഗ്യം വളരെ നല്ല രീതിയില്‍ തന്നെ നിലനിര്‍ത്തിപ്പോരാന്‍ സാധിക്കും. സര്‍ക്കാര്‍ പരിപാടിക ളിലും ഗര്‍ഭിണികള്‍ക്കായി ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന ലഘുലേഖ കളിലും ആരോഗ്യമാസികകളിലും ഇതിനെക്കുറിച്ചുള്ള കൂടുതല്‍ അറിവ് നല്‍കേണ്ടത് അത്യാവശ്യമാണ്. 

ലേഖകന്‍

ഡോ. മണികണ്ഠന്‍ ജി.ആര്‍
കണ്‍സള്‍ട്ടന്റ് പെരിയോഡോണ്‍ഡിസ്റ്റ്
തിരുവനന്തപുരം

Content Highlight: dental care during pregnancy, Pregnancy Care, Pregnancy and Dental Care