രുടലില്‍ രണ്ടുയിരുമായി നടക്കുന്ന ഗര്‍ഭകാലം. അതിനൊടുവില്‍ രണ്ടും രണ്ടാവുന്ന പ്രസവം. സ്ത്രീയുടെ ശരീരവും മനസും സാഹചര്യങ്ങളുമെല്ലാം മാറ്റിമറിച്ചുകൊണ്ട് പുതുജീവന്റെ വരവ്. ഓര്‍ത്തെടുക്കുമ്പോള്‍ ഓരോ അമ്മയ്ക്കും പ്രസവാനുഭവം ഓരോന്നായിരിക്കും.

വേദനയുടെ പാരമ്യത്തിലെപ്പൊഴോ ഇപ്പൊഴാകും, ഇപ്പോള്‍ മാറുമെന്ന് പറഞ്ഞു കൈ പിടിച്ച ഒരു തലോടലാവാം, ഒട്ടുമേ അലിവില്ലാതെ ആരോ പറഞ്ഞ പരുക്കന്‍ വര്‍ത്തമാനമാവാം, വേദനയ്‌ക്കൊടുവില്‍ വന്ന വാവയുടെ മുഖമാവാം, സംഭവിക്കുന്നതെന്തെന്ന് മനസിലാകാതെ കിടന്ന നിമിഷങ്ങളിലെ ഭയമാകാം, ഒരു നിമിഷം എപ്പൊഴോ അമ്മയെക്കാണണമെന്ന് തീവ്രമായ ആഗ്രഹം തോന്നിയതാകാം, ആ ദിവസത്തിന്റെ ഓര്‍മ്മ.

ഒപ്പം കരുതലായി താങ്ങായി ഒരാള്‍, പ്രസവിക്കാന്‍ കിടക്കുമ്പോള്‍ അമ്മയ്ക്ക് ഏറ്റവും വിശ്വാസമുള്ള, അടുപ്പമുള്ള ഒരാള്‍ ഒപ്പമുണ്ടായാലോ? പുതിയ ആളെ വരവേല്‍ക്കുമ്പോള്‍, വലിയ ആശ്വാസമായി, പ്രസവത്തിനൊരു കൂട്ട്.

Companionship in labour, പ്രസവസമയത്ത് കൂട്ടിനൊരാള്‍ എന്ന രീതി ഇപ്പോള്‍ നമ്മുടെ നാട്ടിലും പ്രചാരത്തിലായി വരുന്നു. ഈയൊരു സേവനം സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാക്കിക്കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ്, അഭിനന്ദനാര്‍ഹമായ പുതിയൊരു കാല്‍വയ്പ് നടത്തിയിരിക്കുന്നു. 

സുരക്ഷിതമായ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിലും മാതൃമരണനിരക്ക്, ശിശു മരണനിരക്ക് എന്നിവ കുറയ്ക്കുന്നതിലും ശ്രദ്ധ ചെലുത്തുന്നതോടൊപ്പം തന്നെ, പ്രസവിക്കാന്‍ എത്തുന്ന അമ്മമാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നതാക്കുന്നതിലേയ്ക്കായുള്ള നടപടികളും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നുണ്ട്. അമ്മയ്ക്ക് വിശ്വാസമുള്ള ഒരാളെ കൂടെക്കൂട്ടുക വഴി പ്രസവം കൂടുതല്‍ സുഗമമായ രീതിയിലാകുമെന്നും, അമ്മയുടെ പ്രസവാനുഭവം മെച്ചപ്പെട്ടതാക്കാന്‍ കഴിയും എന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

ആരെ ഒപ്പം കൂട്ടും?

ഈ തീരുമാനം പൂര്‍ണമായും പ്രസവിക്കാന്‍ പോകുന്ന അമ്മയുടേത് മാത്രമാവണം. കൂട്ട് വേണോ വേണ്ടയോ എന്ന് അമ്മയ്ക്ക് തീരുമാനിക്കാം. വേണം എന്നാണ് തീരുമാനം എങ്കില്‍, ഏറ്റവും വിശ്വാസമുള്ള, സ്വാതന്ത്ര്യത്തോടെ ഇടപഴകാനാകുന്ന, കരുതലും പക്വതയുമുള്ള ഏതൊരാളെയും അമ്മയ്ക്ക് തെരഞ്ഞെടുക്കാം. അത് പങ്കാളിയാകാം, അമ്മയോ സഹോദരിയോ മറ്റു ബന്ധുക്കളോ, സുഹൃത്തോ ആരുമാകാം. ചില രാജ്യങ്ങളില്‍ ഡൂല (doula) എന്ന പേരില്‍ ഇത്തരം പരിചരണത്തിന് പരിശീലനം ലഭിച്ച സഹായികളും ലഭ്യമാണ്.

തെരഞ്ഞടുക്കുന്ന ആള്‍ക്കും പൂര്‍ണമായ സമ്മതം ഉണ്ടാവണം. അമ്മയ്ക്ക് വൈകാരികവും മാനസികവും പ്രായോഗികവുമായ പിന്തുണ നല്‍കി കൂടെയുണ്ടാവുന്ന ആളാകണം കൂട്ടിന് നില്‍ക്കേണ്ടത്. കൂടെക്കരയാന്‍ സാധ്യതയുള്ള ചേച്ചിയെക്കാളും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കുഞ്ഞമ്മയാവും ചിലപ്പോള്‍ നന്ന്. പങ്കാളി ഒരു നല്ല പ്രസവക്കൂട്ട് ആണെന്ന് തോന്നുന്ന പക്ഷം, ആശുപത്രിയില്‍ അത് അനുവദിക്കാന്‍ തക്ക സ്വകാര്യതയുള്ള പക്ഷം, അങ്ങനെ തെരഞ്ഞെടുക്കാം.

അമ്മയുടെ സ്വകാര്യതയും അന്തസ്സും മാനിക്കപ്പെടുകയും വേണം. കൂട്ടൊക്കെ വന്നിട്ട് പിന്നെ നാടുനീളെ 'ഓ അവളെന്നാ കാറിച്ചയാരുന്ന്, ഞാനൊന്നും ഒന്നു മൂളിയിട്ടു പോലുമില്ല' എന്നു പറയുന്ന ആളെ തെരഞ്ഞെടുത്ത് തലവേദനയായിത്തീരരുതെന്നു സാരം.

കൂട്ടു നില്‍ക്കുന്നയാളുടെ റോള്‍?

പ്രസവത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അമ്മയ്‌ക്കൊപ്പം ഉണ്ടാവുക, അമ്മയ്ക്കാവശ്യമായ വൈകാരികവും മാനസികവുമായ പിന്തുണ നല്‍കുക, സാധ്യമായ പരിചരണം നല്‍കുക, ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളനുസരിച്ച് അമ്മയെ വിവിധ ഘട്ടങ്ങളില്‍ സഹായിക്കുക, വിവിധ സാഹചര്യങ്ങളില്‍ അമ്മയ്ക്ക് ഡോക്ടറോടോ മറ്റു ആരോഗ്യ പ്രവര്‍ത്തകരോടോ പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പറയുവാനും തീരുമാനങ്ങള്‍ എടുക്കാനും സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ് കൂട്ടാളിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ഒന്നു കൈപിടിച്ച് ക്ഷമയോടെ സംസാരിക്കുന്നതോ, പുറം തലോടി കൊടുക്കുന്നതോ, കുടിക്കാന്‍ വെള്ളം നല്‍കുന്നതോ ഒക്കെ ഈ പരിചരണത്തിന്റെ ഭാഗമാണ്. പ്രസവമുറിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന ഒരു സഹായി അമ്മയ്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യും. മാത്രവുമല്ല, ഏതെങ്കിലും തരത്തിലുള്ള വൈകാരികമായ ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്നും അമ്മയെ കരുതലോടെ സംരക്ഷിക്കുവാനും കൂട്ട് സഹായിക്കും.

എന്താണ് ഗുണം?

പ്രസവസമയത്ത് ഒപ്പം ഒരാള്‍ ഉണ്ടാകുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനുമുള്ള ഗുണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മേല്‍ പഠനങ്ങളിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍, അമ്മമാരില്‍ ഉത്കണ്ഠയും ഭയവും കുറയുക, പ്രസവം കൂടുതല്‍ സുഗമമാവുക, പ്രസവഘട്ടങ്ങളുടെ സമയദൈര്‍ഘ്യം കുറയുക, സാധാരണ പ്രസവം നടക്കാനുള്ള സാധ്യത കൂടുക, അമ്മമാര്‍ക്ക് മെച്ചപ്പെട്ട പ്രസവാനുഭവം പ്രദാനം ചെയ്യുക എന്നീ ഗുണഫലങ്ങള്‍ ഈ സമ്പ്രദായത്തിന് ഉണ്ട്.

നവജാതശിശുക്കളുടെ പൊതു ആരോഗ്യ അവസ്ഥയെ സൂചിപ്പിക്കുന്ന ഒരു സൂചകമാണ് അപ്ഗാര്‍ സ്‌കോര്‍. ഈ രീതിയില്‍ നടത്തുന്ന പ്രസവത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, ജനിച്ച് അഞ്ചാം മിനിട്ടില്‍ രേഖപ്പെടുത്തുന്ന അപ്ഗാര്‍ സ്‌കോര്‍ മോശമാകാനുള്ള സാധ്യത സാധാരണ കുഞ്ഞുങ്ങളെക്കാള്‍ കുറവാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തുടക്കത്തില്‍ കൂടുതല്‍ സുഗമമാക്കാനും ഒരു നല്ല സഹായിയുടെ സാന്നിധ്യം ഉപകാരപ്പെടും.

എന്തൊക്കെ മുന്നൊരുക്കങ്ങള്‍?

കൂടെക്കൂട്ടാനുള്ള ആളെ ഗര്‍ഭകാലത്ത് തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് പ്രസവത്തിന്റെ വിവിധ ഘട്ടങ്ങള്‍, പ്രസവമുറിയുടെ പൊതുവായ അന്തരീക്ഷം, വിവിധ സാഹചര്യങ്ങളില്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍, സഹായത്തിന് ആരെ സമീപിക്കണം, ചെയ്യരുതാത്ത കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദമായ ബോധവത്കരണം ആശുപത്രിയില്‍ നിന്നും നേരത്തേ തന്നെ നല്‍കേണ്ടതുണ്ട്.

ആശുപത്രികളെ സംബന്ധിച്ചിടത്തോളം ഭരണപരമായ തീരുമാനങ്ങളും, ഭൗതിക സൗകര്യങ്ങള്‍ ഒരുക്കലും, വ്യക്തമായ പ്രോട്ടോകോളുകള്‍ രൂപവത്കരിക്കലും ആവശ്യമാണ്.

അമ്മമാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന, അതേസമയം സുരക്ഷിതമായ പ്രസവത്തെ യാതൊരു തരത്തിലും ബാധിക്കാത്ത തരത്തിലുള്ള പ്രസവമുറികളും മറ്റു സജ്ജീകരണങ്ങളും ഒരുക്കേണ്ടതുണ്ട്.

ഈ സമ്പ്രദായത്തെ സംബന്ധിച്ചുള്ള കൃത്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ടതുമുണ്ട്.

ദോഷങ്ങളെന്തെങ്കിലും?

കൃത്യമായ പരിശീലനം സിദ്ധിക്കാത്ത പക്ഷം, കൂടെ നില്‍ക്കുന്ന ആളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ ലഭിക്കാതെ വരാം. ഇത് അമ്മയെ ഒരുപക്ഷേ ബുദ്ധിമുട്ടിലാക്കിയേക്കാം.
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത ഒരു സഹായി പ്രശ്‌നങ്ങളുണ്ടാക്കാം. വിവിധ ഘട്ടങ്ങളിലെ ചികിത്സാ തീരുമാനങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നത് മോശം സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാം. ഭൗതിക സാഹചര്യങ്ങള്‍ പരിമിതമായ ഇടത്ത് ഒരു അമ്മയുടെ കൂട്ടാളി മറ്റ് അമ്മമാരുടെ സ്വകാര്യതയെ ഹനിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വെല്ലുവിളികള്‍?

പുതിയതെന്തും ആദ്യം പ്രചാരത്തില്‍ വരുമ്പോള്‍ വെല്ലുവിളികള്‍ പലതാണ്. നിലവിലുള്ള സാമൂഹിക സാഹചര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ഗുണഫലങ്ങളെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരില്‍ തന്നെ ഉള്ള അറിവില്ലായ്മ, പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ തുടങ്ങി പല കാരണങ്ങള്‍ ഈ സമ്പ്രദായം വ്യാപകമായി നടപ്പിലാക്കുന്നതിന് വിലങ്ങുതടിയായി ഉണ്ട്. എന്നിരിക്കിലും, തുടക്കത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ ഈ സൗകര്യം ലഭ്യമാക്കുകയും, ആരോഗ്യ പ്രവര്‍ത്തകരിലും മെഡിക്കല്‍ വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും ഗുണഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും വഴി ഭാവിയില്‍ കൂടുതല്‍ പേരിലേക്ക് ഈ സേവനം എത്തിക്കാന്‍ കഴിയും.

ഓരോ അമ്മയും പ്രിയമുള്ളൊരാളെ കൂട്ടി പ്രസവിക്കാന്‍ പോകട്ടെ, പ്രസവം ഓര്‍ക്കാനിഷ്ടമുള്ള അനുഭവമാകട്ടെ.

Content Highlights: Companionship in labour, Delivery care, delivery companionship