പ്രസവ സമയം അടുക്കുന്നതോടെ സ്ത്രീകളിൽ സംശയങ്ങൾ മുളപൊട്ടി തുടങ്ങും. സ്വാഭാവിക പ്രസവത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞാൽ പിന്നെ ടെൻഷൻ കൂടാൻ മറ്റൊന്നും വേണ്ട. സിസേറിയന്‍ സംബന്ധിച്ച് സ്ത്രീകൾക്ക് ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാറുണ്ട്. 
 
ആദ്യപ്രസവം സിസേറിയന്‍ വഴിയായാല്‍ പിന്നീട് സ്വാഭാവിക പ്രസവം ആകുമോ?

ആദ്യത്തെ തവണ സിസേറിയന്‍ കഴിഞ്ഞ് വീണ്ടും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവത്തിനു മുമ്പായി മുറിവു വിട്ടുപോകാനുള്ള സാധ്യതയുണ്ട്. ഒരു ചെറിയ ശതമാനം പേരിലേ (0.5-2%) ഇതു സംഭവിക്കുകയുള്ളൂ.ഇതിന് വി.ബി. എ. സി. ട്രയല്‍ ഓഫ് ലേബര്‍ (Vaginal Birth After Caesarean Section) എന്നു പറയും.

ഏതൊക്കെ പ്രശ്‌നമുള്ള ഗര്‍ഭിണികള്‍ക്കാണ് വിബിഎസി ട്രയല്‍ വേണ്ടിവരിക?

പല കാര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് ആദ്യത്തെ തവണ സിസേറിയന്‍ കഴിഞ്ഞ വ്യക്തിക്ക് രണ്ടാമത് സ്വാഭാവിക പ്രസവമാകാമോ എന്നു തീരുമാനിക്കുന്നത്.

ഇതില്‍ ഏറ്റവും പ്രധാനം എന്തു കാരണംകൊണ്ടാണ് മുമ്പ് ചെയ്യേണ്ടി വന്നത് എന്നാണ്. ഉദാ. കുഞ്ഞിന്റെ ശ്വാസംമുട്ടല്‍, കിടപ്പിലുള്ള വ്യത്യാസം തുടങ്ങിയവയാണെങ്കില്‍ ഇത്തവണ സ്വാഭാവിക പ്രസവത്തിനു തിരഞ്ഞെടുക്കാം.

നേരേ മറിച്ച് ഇടുപ്പെല്ലിന് വികാസമില്ലാത്തതുകൊണ്ട് അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണ സിസേറിയന്‍ കഴിഞ്ഞ വ്യക്തിയാണെങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു ട്രയലിന് തയ്യാറാവില്ല. ഇവര്‍ക്ക് വേദന തുടങ്ങുമ്പോള്‍ തന്നെ മുറിവ് വിട്ടുപോകാനുള്ള സാധ്യതയുണ്ട്.

അതുപോലെതന്നെ ആദ്യത്തെ സിസേറിയനില്‍ അണുബാധ ഉണ്ടായിരുന്നോ എന്നതും മുറിവ് വിട്ടുപോകാന്‍ കാരണമാകും.

ഇതിനെല്ലാമുപരി കുഞ്ഞിന്റെ കിടപ്പ് എങ്ങനെ എന്നുള്ളതാണ് ഏറ്റവും പ്രധാനം. കുഞ്ഞിന്റെ തൂക്കം ശരാശരിയും കിടപ്പ് ശരിയായ രീതിയിലും, ആണെങ്കില്‍ സ്വാഭാവിക പ്രസവം മതി. ഇതിന്റെ വിജയത്തോത് 70% ആണ്. ട്രയല്‍ എല്ലാ സൗകര്യങ്ങളുമുള്ള സൂക്ഷ്മ നിരീക്ഷണത്തില്‍ ചെയ്യേണ്ട ഒരു കാര്യമാണ്. മുറിവ് വിട്ടുപോകാനുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ എമര്‍ജന്‍സി സിസേറിയന്‍ ചെയ്യേണ്ടിവരും.

 

വിവരങ്ങൾ: ഹെൽത്ത് ഡെസ്ക്