സ്വാഭാവിക പ്രസവം സാധ്യമല്ലാത്ത അവസരത്തില്‍ ഗര്‍ഭപാത്രം തുറന്ന് വയറുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയന്‍. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ചെയ്തുവരുന്ന ഒരു ശസ്ത്രക്രിയയാണിത്. ലോകാരോഗ്യസംഘടന 10-15 ശതമാനം മാത്രമേ സിസേറിയന്‍ ശുപാര്‍ശ ചെയ്യുന്നുള്ളൂവെങ്കിലും സിസേറിയന്റെ എണ്ണം ഇന്ന് അനുദിനം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.  

എന്തുകൊണ്ട് സിസേറിയന്റെ എണ്ണം വര്‍ധിക്കുന്നു?

മുമ്പൊക്കെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ അനിവാര്യ ഘട്ടത്തിലുള്ള മാര്‍ഗമായിട്ടാണ് സിസേറിയനെ കണ്ടിരുന്നത്. അതിനുപകരം, സുരക്ഷിതമായ ഒരു മാര്‍ഗമെന്ന നിലയിലാണ് ഇന്ന് സിസേറിയനെ കരുതുന്നത്.

നല്ലൊരു ശതമാനം പെണ്‍കുട്ടികളും ഒരു ജോലി കിട്ടിയതിനുശേഷം മാത്രം വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. അങ്ങനെ താമസിച്ചുള്ള വിവാഹം വൈകിയുള്ള ഗര്‍ഭധാരണത്തിലേക്കു നയിക്കുന്നു. നീണ്ട കാത്തിരിപ്പിനുശേഷവും വന്ധ്യതാ ചികിത്സയ്ക്കുശേഷവുമൊക്കെ ഗര്‍ഭിണിയാകുന്നവര്‍ ഒരു ചെറിയ റിസ്‌ക് പോലും എടുക്കാന്‍ തയ്യാറാകുകയില്ല. ഏതു മാര്‍ഗത്തില്‍ കൂടിയും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ സുരക്ഷിതമായി കിട്ടണം എന്നുമാത്രം ആഗ്രഹിക്കും.

വൈദ്യചികിത്സാരംഗത്ത് ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ കടന്നുവരവ് കൂടി. ഇപ്പോള്‍ അള്‍ട്രാസോണോഗ്രാം, സി.ടി.ജി., തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും സങ്കീര്‍ണതകളും മനസ്സിലാക്കി ഉടന്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നു. ഇതും സിസേറിയന്റെ എണ്ണം കൂടാന്‍ കാരണമായി.

സിസേറിയന്‍ ആവശ്യപ്പെട്ടുവരുന്നവരുടെയും എണ്ണം ഇന്നു കൂടുതലാണ്. വര്‍ധനവിന്റെ മറ്റൊരു കാര്യം ആദ്യത്തെ സിസേറിയന് ശേഷം അടുത്ത ഗര്‍ഭത്തില്‍ വീണ്ടും സിസേറിയന്‍ ആകാം എന്നതാണ്.

വിവരങ്ങൾ: ഹെൽത്ത് ഡെസ്ക്