ദിവസം 28 ഗ്രാം എന്ന കണക്കില്‍ ശിശുവിന്റെ തൂക്കം കൂടിക്കൊണ്ടിരിക്കുകയാണ്. തൂക്കം ഇപ്പോള്‍ 2.7 കിലോയും നീളം 45 സെന്‍റിമീറ്ററുമാണ്. അടിവയറിന്റെ മര്‍ദം ഏറിവരും. കുഞ്ഞ് താഴേക്ക് ഇറങ്ങിവരുന്നതായി കാണാം.

ലൈറ്റനിങ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇപ്പോള്‍ ശ്വാസോച്ഛ്വാസം ആയാസരഹിതമാകും. എന്നാല്‍ നടപ്പ് ബുദ്ധിമുട്ടേറിയതായിവരും. കുഞ്ഞ് പുറത്തേക്ക് വരുമോ എന്നുപോലും തോന്നും. എപ്പോഴും കക്കൂസില്‍ പോകാനും തോന്നലുണ്ടാകും.

ഈ ആഴ്ചയുടെ അവസാനം ഗര്‍ഭകാലം പൂര്‍ണമാകും. പ്രസവം ഏതുസമയവും നടക്കാം. (37 മുതല്‍ 42 വരെ ആഴ്ചകളാണ് പൂര്‍ണഗര്‍ഭകാലം.

37 ആഴ്ചയ്ക്ക് മുമ്പ് നടക്കുന്ന പ്രസവങ്ങള്‍ മാസം തികയാത്തതും 42 ആഴ്ചയ്ക്ക് ശേഷം നടക്കുന്നവ മാസം കഴിഞ്ഞവയായും കണക്കാക്കപ്പെടുന്നു). യോനീമുഖം എത്രമാത്രം വികസിച്ചിട്ടുണ്ടെന്നും കുഞ്ഞ് പെല്‍വിസിലേക്ക് എത്രമാത്രം ഇറങ്ങിവന്നിട്ടുണ്ടെന്നും ഈ സമയത്ത് ഡോക്ടര്‍ പരിശോധിക്കും. ഇതുവഴി പ്രസവസമയത്ത് കുഞ്ഞിന്റെ കിടപ്പ് ഏതു രീതിയിലായിരിക്കും എന്ന് അറിയാന്‍ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* ഒമ്പതാം മാസത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്ടറെ കാണുക

* ചെറിയ അളവില്‍ ഇടക്കിടെ ഭക്ഷണം കഴിക്കുക.

* യാത്ര കുറയ്ക്കുക