ശിശുവിനിപ്പോള്‍ 29 സെന്‍റിമീറ്റര്‍ നീളം. 500 ഗ്രാം ഭാരം. നന്നായി കേള്‍ക്കാനാകും. പട്ടി കുരയ്ക്കുന്നതും വാക്വം ക്ലീനര്‍ പ്രവര്‍ത്തിക്കുന്ന ഒച്ചയും മറ്റും ശിശുവിന് കേള്‍ക്കാന്‍ കഴിയും.

ഗര്‍ഭസ്ഥ ശിശുവിന് ശാസ്ത്രീയസംഗീതം ഇഷ്ടമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സംഗീതം പ്ലെ ചെയ്ത് കുഞ്ഞിന്റെ ചലനങ്ങള്‍ക്ക് കാതോര്‍ക്കൂ.....

ഈ പ്രായത്തില്‍ കുഞ്ഞുജനിച്ചാല്‍ അതിജീവന സാധ്യത 85 ശതമാനമാണ്. 24 ആഴ്ച പ്രായമുള്ള കുഞ്ഞിനെ ഗര്‍ഭപാത്രത്തിന് പുറത്തു വളര്‍ത്താനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്.

ഈ സമയത്ത് പല്ലുതേക്കുമ്പോള്‍ അമ്മയുടെ മോണയില്‍ നിന്ന് ചോരവരാം. പൊക്കിള്‍ പുറത്തേക്ക് തള്ളിവരും. കൈകളും മുഖവും പെട്ടെന്ന് വീര്‍ത്താല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. ധാരാളം വെള്ളം കുടിക്കണം. ഇരിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തിവെക്കണം. തുടര്‍ച്ചയായി ഏറെനേരം ഇരിക്കരുത്. വെള്ളം കുടിക്കുന്നത് തലവേദന അകറ്റും. അതുമാത്രമല്ല മുത്രാശയ അണുബാധയും ഇല്ലാതാക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുക. എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

* ജങ്ക് ഫുഡ്, ടിന്‍ ഫുഡ്, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക

* എല്ലാദിവസവും കുറച്ചുനേരം വിശ്രമിക്കുക. ഇടതുഭാഗം ചേര്‍ന്ന് കിടക്കയില്‍ കിടക്കുന്നതാകും കൂടുതല്‍ സുഖകരം

* മാസംതോറുമുള്ള പരിശോധന നടത്തുക.