ശിശുവിന്റെ തൂക്കം ഇപ്പോള്‍ 360 ഗ്രാം. നീളം 27 സെന്‍റിമീറ്റര്‍. പുരികവും കണ്‍പോളകളും പൂര്‍ണമായി വളര്‍ന്നു. വിരല്‍ത്തുമ്പുകളെ നഖം മൂടി.

ഇപ്പോള്‍ കുഞ്ഞിന് അമ്മയുടെ സംഭാഷണങ്ങള്‍ കേള്‍ക്കാം. ഈ സമയം അമ്മ വായിക്കുന്ന പുസ്തകം ജനിച്ചുകഴിഞ്ഞാല്‍ കുഞ്ഞ് താത്പര്യത്തോടെ കേള്‍ക്കാനാഗ്രഹിക്കും.
കുഞ്ഞ് കളരിയും കരാട്ടെയും അഭ്യസിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിശയിക്കാനില്ല.

കിക്കുകളും സ്മാഷുകളും യഥേഷ്ടം അമ്മയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ചില കുഞ്ഞുങ്ങള്‍ വൈകുന്നേരങ്ങളില്‍ അസ്വസ്ഥരാകാറുണ്ട്. ശരീരഭാരം വര്‍ധിക്കുന്നതിനാല്‍ കാല്‍വേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്റ്റോക്കിങ്‌സ് പോലുള്ള മെറ്റേണിറ്റി സപ്പോര്‍ട്ട് ഹോസുകള്‍ ഉപയോഗിക്കാം.

മൂത്രനാളിയിലെ അണുബാധയാണ് ഇപ്പോള്‍ കാണുന്ന പ്രധാന പ്രശ്‌നം. ചികിത്സിച്ചില്ലെങ്കില്‍ വൃക്കകളെ ബാധിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുക. എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

* ജങ്ക് ഫുഡ്, ടിന്‍ ഫുഡ്, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക

* എല്ലാദിവസവും കുറച്ചുനേരം വിശ്രമിക്കുക. ഇടതുഭാഗം ചേര്‍ന്ന് കിടക്കയില്‍ കിടക്കുന്നതാകും കൂടുതല്‍ സുഖകരം

* മാസംതോറുമുള്ള പരിശോധന നടത്തുക.