പ്രസവരക്ഷ എങ്ങനെയാണ് ചെയ്യേണ്ടത്? ആയുർവേദത്തിൽ പറയുന്നത് ഇക്കാര്യങ്ങളാണ്


ഡോ. നീത സുരേന്ദ്രൻ

പ്രസവരക്ഷ എല്ലാവർക്കും ഒരുപോലെയല്ല ആയുർവേദം നിഷ്കർഷിക്കുന്നത്. ​ഗർഭധാരണ സാഹചര്യം, പ്രസവരീതി തുടങ്ങി പല ഘടകങ്ങളെയും വിലയിരുത്തിയാണ് ഇതിൽ മാറ്റങ്ങൾ വരുത്തുന്നത്

Representative Image| Photo: GettyImages

ര്‍ഭകാലംപോലെത്തന്നെ സ്ത്രീയുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണ് പ്രസവത്തിനുശേഷമുള്ള ഒന്നരമാസം. മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നിറഞ്ഞ ഈ ദിവസങ്ങളില്‍ അമ്മയുടെ പരിചരണം കുഞ്ഞിന്റെ പരിചരണത്തോളംതന്നെ പ്രധാനമാണ്.

പ്രസവശേഷമുള്ള ഒന്നരമാസമോ അല്ലെങ്കില്‍ അടുത്ത മാസമുറ തുടങ്ങുന്നതുവരെയോ ഉള്ള സമയമാണ് ആയുര്‍വേദത്തില്‍ സൂതികാകാലം. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ 'സൂതിക' എന്ന് വിളിക്കുന്നു. സൂതികാകാലം തന്നെയാണ് പ്രസവരക്ഷയില്‍ ഏറ്റവും നിര്‍ണായകം.

പ്രസവത്തോടെ ദുര്‍ബലമായ ശരീരത്തിന്റെ ബലം വീണ്ടെടുക്കുക, പ്രസവത്തെ തുടര്‍ന്നുണ്ടായ വിവിധ വേദനകളെ ഇല്ലാതാക്കുക, രോഗാണുബാധ തടയുക, ശരീരം പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നതിനെ സഹായിക്കുക, ഗുണസമൃദ്ധമായ മുലപ്പാലിന്റെ ശരിയായ അളവിലുള്ള ഉത്പാദനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ളത്. ഇതിനുതകുന്ന പ്രത്യേകതരം ആഹാരവും ജീവിതരീതിയും ഉള്‍ക്കൊള്ളുന്നതാണ് ശുശ്രൂഷാരീതികള്‍.

അറിവില്ലായ്മയോ സമയക്കുറവോ സാഹചര്യങ്ങളുടെ സമ്മര്‍ദമോമൂലം പ്രസവരക്ഷ വിധിപ്രകാരം ചെയ്യാതിരിക്കുന്ന സ്ത്രീകളില്‍ പിന്നീട് അനവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ആയുര്‍വേദം ഈ അവസ്ഥയെ വളരെ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെയും തുടര്‍ന്നുള്ള ജീവിതത്തെയും അനുകൂലമായോ പ്രതികൂലമായോ ആയി സ്വാധീനിക്കാന്‍ പോകുന്നത് ഈ സമയത്തെ ജീവിതരീതികളാണ്.

ഒരുപോലെയല്ല ശുശ്രൂഷ

എല്ലാ സ്ത്രീകള്‍ക്കും പ്രസവരക്ഷ ഒരുപോലെയല്ല ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. ഗര്‍ഭധാരണ സാഹചര്യം (സ്വാഭാവികമായതോ വന്ധ്യതാചികിത്സകള്‍ക്കുശേഷം ഉണ്ടായതോ), ഗര്‍ഭകാലത്ത് ചികിത്സ ആവശ്യമായിവന്ന അസ്വാസ്ഥ്യങ്ങള്‍, രോഗങ്ങള്‍, പ്രസവകാലം (മാസം തികഞ്ഞോ തികയാതെയോ ഉള്ള പ്രസവം), പ്രസവരീതി (സുഖപ്രസവം, ശസ്ത്രക്രിയ, ഫോര്‍സെപ്സ്, വാക്വം തുടങ്ങിയവയുടെ സഹായത്തോടുകൂടിയത്) എന്നീ ഘടകങ്ങളെയെല്ലാം പരിഗണിച്ചാണ് ശുശ്രൂഷ ഏതുരീതിയില്‍ വേണമെന്ന് തീരുമാനിക്കുന്നത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള പ്രസവരക്ഷ ആയുര്‍വേദത്തില്‍ പ്രത്യേകമായിത്തന്നെ പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ, ഗര്‍ഭകാലത്ത് പ്രമേഹം, അതിയായ രക്തസമ്മര്‍ദം, അമിതമായ ഛര്‍ദി തുടങ്ങിയ ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ക്കും പ്രസവരക്ഷാരീതികള്‍ വ്യത്യസ്തമാണ്.

വിവിധ ഘട്ടങ്ങള്‍

സാധാരണമായ ഗര്‍ഭകാലവും സുഖപ്രസവവുമാണെങ്കില്‍ പ്രസവാനന്തര ശുശ്രൂഷയ്ക്ക് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യഘട്ടം പ്രസവിച്ച് നാലാംദിവസംമുതല്‍ (സ്ത്രീ ആശുപത്രിയില്‍നിന്ന് മടങ്ങിയെത്തിയതിനുശേഷംമാത്രം പ്രസവരക്ഷ ആരംഭിക്കുക) ഏഴാംദിവസംവരെ നീണ്ടുനില്‍ക്കുന്നതാണ്. ഈ ദിവസങ്ങളില്‍ ഗര്‍ഭാശയ ശുദ്ധിക്കും വേദനാശമനത്തിനും സഹായിക്കുന്ന ഔഷധപ്രയോഗങ്ങള്‍ക്കാണ് പ്രാധാന്യം. ചൂടുകഞ്ഞിയില്‍ അല്പം നെയ്യും പഞ്ചകോല ചൂര്‍ണവും ചേര്‍ത്ത് നല്‍കുന്നതും കുറഞ്ഞ മാത്രയില്‍ യവക്ഷാരം നെയ്യോ ചെറുചൂടുവെള്ളമോ ചേര്‍ത്ത് നല്‍കുന്നതും ഈ ഉദ്ദേശ്യത്തെ സഹായിക്കും. പുളിലേഹ്യം, ചുക്കും ചക്കരയും ചേര്‍ത്ത പ്രയോഗങ്ങള്‍, ചുവന്നുള്ളി, വെള്ളുള്ളി മുതലായവയുടെ പ്രയോഗങ്ങള്‍, മുക്കുടി, കുറിഞ്ഞിക്കുഴമ്പ് തുടങ്ങിയവയെല്ലാം വിവിധ സ്ഥലങ്ങളില്‍ സൂതികാപരിചരണരീതികളില്‍ ഉള്‍പ്പെടുന്നു.

രണ്ടാംഘട്ടം എട്ടാംദിവസംമുതല്‍ തുടങ്ങുന്ന പതിന്നാല് ദിവസങ്ങള്‍ ചേര്‍ന്നതാണ്. പ്രസവത്തോടനുബന്ധിച്ച് ഉണ്ടാവാനിടയുള്ള വാതവികാരങ്ങള്‍ ശമിക്കുന്നതിനും ഗര്‍ഭാശയത്തിനും അനുബന്ധ പേശികള്‍ക്കും അസ്ഥികള്‍ക്കും സന്ധികള്‍ക്കും ബലമുണ്ടാകുന്നതിനും ഉതകുന്ന ഔഷധപ്രയോഗങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിധിച്ചിട്ടുള്ളത്. ഉലുവക്കഞ്ഞി, ഉള്ളി ലേഹ്യം, ജീരകക്കഞ്ഞി, ധാന്വന്തരം കഷായം, രാസ്നാദി കഷായം, മര്‍മ കഷായം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, തെങ്ങിന്‍പൂക്കുലാദി ലേഹ്യം, പഞ്ചജീരകഗുഡം തുടങ്ങിയവ ഈ കാലഘട്ടത്തില്‍ ഉപയോഗിക്കാവുന്ന ചില ഔഷധങ്ങളാണ്.

അതിനുശേഷം 45 ദിവസങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെയാണ് പ്രസവരക്ഷയുടെ മൂന്നാംഘട്ടം. ഈ കാലയളവില്‍ ദേഹപുഷ്ടി ഉണ്ടാക്കുന്നതിനും മുലപ്പാലിന്റെ ഉത്പാദനം കുറയാതെ നിലനിര്‍ത്തുന്നതിനും ആവശ്യമായ ഔഷധങ്ങളാണ് നല്‍കുന്നത്. വിദാര്യാദി കഷായം, അശ്വഗന്ധാരിഷ്ടം, സൗഭാഗ്യശുണ്ഠി, അശ്വഗന്ധാദി ലേഹ്യം, അമൃതപ്രാശം, ച്യവനപ്രാശം, തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു. ശരീരഭാരം വളരെയധികം വര്‍ധിക്കാത്തവിധത്തില്‍ ശ്രദ്ധിച്ച് ശരിയായ അളവില്‍ വേണം ഈ ഔഷധങ്ങള്‍ ഉപയോഗിക്കാന്‍.

മേല്‍പ്പറഞ്ഞ ഔഷധങ്ങളുടെയെല്ലാം യുക്തിപൂര്‍വമായ തിരഞ്ഞെടുക്കലും ഉപയോഗവുമാണ് പ്രസവരക്ഷയെ അതിന്റെ ശരിയായ അര്‍ഥത്തിലെത്തിക്കുന്നത്. പ്രസവിച്ച സ്ത്രീയുടെ പ്രകൃതി, ദേശം, വിശപ്പ്, ദഹനശക്തി, ശീലങ്ങള്‍ ഇവ ശരിയായി വിലയിരുത്തിയതിനുശേഷമേ അവര്‍ക്ക് ആവശ്യമായ ഔഷധങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ. ശാരീരിക സ്ഥിതിക്ക് യോജിച്ചതല്ലാത്ത ഔഷധപ്രയോഗങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഔഷധങ്ങള്‍, വൈദ്യനിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കണം.

ഉദരവേഷ്ടനം

സുഖപ്രസവം കഴിഞ്ഞ സ്ത്രീകളില്‍, വേതുകുളിയോടൊപ്പംതന്നെ ഉദരവേഷ്ടനവും തുടങ്ങാം. കുഴമ്പുപുരട്ടിയതിനുശേഷം വയര്‍ പൂര്‍വസ്ഥിതിയിലാക്കി കട്ടിയും ആവശ്യത്തിന് വീതിയുമുള്ള പരുത്തിത്തുണി ഉപയോഗിച്ച് നട്ടെല്ലിന് മര്‍ദം കൊടുക്കാത്ത വിധത്തില്‍ മുറുക്കി ചുറ്റിക്കെട്ടുകയാണ് ചെയ്യുന്നത്. ധന്വന്തരം കുഴമ്പോ സഹചരാദി കുഴമ്പോ ഇതിനുവേണ്ടി ഉപയോഗിക്കാം. പ്രസവത്തോടെ അയഞ്ഞുതാഴ്ന്ന വയര്‍ പൂര്‍വസ്ഥിതിയിലാകുന്നതിനും ഉദരത്തില്‍ അമിതമായ വാതകോപം ഉണ്ടാകാതിരിക്കുന്നതിനും ശരിയായ രീതിയില്‍ ചെയ്യുന്ന ഉദരവേഷ്ടനം സഹായിക്കുന്നു.

ആഹാരം

ദഹനശക്തി കുറയാന്‍ സാധ്യതയുള്ളതിനാല്‍, പ്രസവിച്ച് 12 ദിവസംവരെ മത്സ്യമാംസാദികള്‍ ഒഴിവാക്കണമെന്നാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. മലബന്ധമുണ്ടാക്കാവുന്ന ആഹാരങ്ങള്‍ ഒഴിവാക്കി ധാരാളം നാരുകളടങ്ങിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ശീലിക്കണം. ദേഹരക്ഷയ്ക്കായും ബലം വര്‍ധിക്കുന്നതിനായും സാധാരണയായി ഉപയോഗിക്കുന്ന ആട്ടിന്‍സൂപ്പ്, കോഴിമരുന്ന് തുടങ്ങിയ മാംസം ചേര്‍ത്തുള്ള പ്രയോഗങ്ങളെല്ലാംതന്നെ 12 ദിവസത്തിനുശേഷംമാത്രം. എരിവും പുളിയും ധാരാളമുള്ളതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ആഹാരങ്ങളും തിളപ്പിക്കാത്ത ജലവും ഉപയോഗിക്കരുത്. പ്രസവിച്ച സ്ത്രീക്ക് ചുക്കും മല്ലിയുമിട്ടോ ചുക്കും ജീരകവുമിട്ടോ തിളപ്പിച്ച വെള്ളം ധാരാളമായി കൊടുക്കാം. അമ്മയുടെ ആഹാരമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് അടിസ്ഥാനമെന്നതിനാല്‍ പോഷകസമൃദ്ധമായ ആഹാരം വിശപ്പിനനുസരിച്ച് ആവശ്യത്തിന് കഴിക്കണം.

വിശ്രമം

ആഹാരവും തേച്ചുകുളിയുംപോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രസവശേഷമുള്ള ശരിയായ വിശ്രമവും. ശാരീരികാരോഗ്യം വീണ്ടെടുക്കാനും മുലപ്പാലിന്റെ ഉത്പാദനത്തിനും പ്രസവരക്ഷാ മരുന്നുകള്‍ സഹായിക്കും. എന്നാല്‍ മതിയായ വിശ്രമം ലഭിച്ചില്ലെങ്കില്‍ നടുവേദന, സന്ധിവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ ഭാവിയില്‍ ഉണ്ടാക്കാനിടയാക്കും. ഗര്‍ഭകാലത്ത് വലിയതോതില്‍ വികസിച്ച ഗര്‍ഭാശയം ബലം വീണ്ടെടുത്ത് പൂര്‍വസ്ഥിതിയിലേക്ക് ചുരുങ്ങുന്നതിനും സൂതികാകാലത്തെ വിശ്രമം സഹായിക്കുന്നു. ശരിയായ വിശ്രമമില്ലാത്തപക്ഷം ഗര്‍ഭാശയപേശികള്‍ അയഞ്ഞിരിക്കുകയും കാലക്രമത്തില്‍ ഗര്‍ഭാശയത്താഴ്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.

തേച്ചുകുളി

പ്രസവരക്ഷ തുടങ്ങുന്ന ദിവസം മുതൽ തന്നെ തേച്ചുകുളി ആരംഭിക്കാവുന്നതാണ്. ധാന്വന്തരം തെെലം, ബലാശ്വ​ഗന്ധാദി തെെലം, സഹചരാദി തെെലം, പിണ്ഡതെെലം, ധാന്വന്തരം കുഴമ്പ് ഇവയിലേതെങ്കിലും ഒന്ന് അവസ്ഥാനുസരണം ദേഹത്ത് പുരട്ടാൻ ഉപയോ​ഗിക്കാം. കുളിക്കുന്നതിനുള്ള വെള്ളം വാതംകൊല്ലിയില, കരിനൊച്ചിയില, ആവണക്കില, പുളിയില, ദശമൂലം, നാൽപ്പാമരപ്പട്ട തുടങ്ങിയവയിൽ യുക്തമായവ ഇട്ട് തിളപ്പിച്ച് സഹിക്കാവുന്ന ചൂടിൽ ഉപയോ​ഗിക്കാം. പ്രസവശേഷം ഉണ്ടാകുന്ന വാതകോപം മൂലമുള്ള വേദനകളിൽ നിന്ന് മുക്തി നേടുന്നതിനും ത്വക്പ്രസാദമുണ്ടാകുന്നതിനും ശരീരം പ്രസവപൂർവ സ്ഥിതിയിലെത്തുന്നതിനും തേച്ചുകുളി സഹായിക്കുന്നു. എന്നാൽ ശസ്ത്രക്രിയയോട് അനുബന്ധിച്ചുണ്ടാവുന്ന മുറിവുകളിൽ, മുറിവ് മുഴുവനായും ഉണങ്ങുന്നതുവരെ തെെലം പടരാതെ നല്ലവണ്ണം ശ്രദ്ധിക്കണം.

ഇത്തരം മുറിവുകൾ കഴുകുന്നതിന് പച്ചമഞ്ഞളും ആര്യവേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളം വളരെ കുറഞ്ഞ ചൂടിൽ ഉപയോ​ഗിക്കാം.

തലകഴുകുന്നതിന് തിളപ്പിച്ചാറിയ വെള്ളമുപയോ​ഗിക്കണം. തലയിൽ എള്ളെണ്ണയോ പ്രസവത്തിന് മുൻപ് സ്ത്രീ ഉപയോ​ഗിച്ച് പരിചിതമായ അതേ എണ്ണ തന്നെയോ ഉപയോ​ഗിക്കാം. പ്രസവശേഷം 28 ദിവസം വരെ വേതുകുളി തുടരാവുന്നതാണ്.

വ്യായാമം

പ്രസവാനന്തരം ഒരു മാസത്തിനുശേഷം ശരീരബലം അനുസരിച്ച് മിതവും ആയാസരഹിതവുമായ വ്യയാമം ശീലിക്കാവുന്നതാണ്. പേശികളുടെ ദൃഢതയ്ക്കും ശരീരബലം വീണ്ടെടുക്കുന്നതിനും ഇത് സഹായിക്കുന്നു. ഗര്‍ഭാശയത്തിനും അനുബന്ധ പേശികള്‍ക്കും ബലം നല്‍കാന്‍ ഇടുപ്പ് ഭാഗത്തിനുള്ള വ്യായാമങ്ങള്‍ ആരോഗ്യസ്ഥിതി അനുസരിച്ച് നേരത്തേ തുടങ്ങാവുന്നതാണ്.

പ്രസവരക്ഷാരീതികള്‍ ശാസ്ത്രീയമായി ചെയ്യുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുകയും ശരീരം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ഗര്‍ഭകാലത്തോ പ്രസവസമയത്തോ ശസ്ത്രക്രിയയ്ക്ക് വിധേയരാവേണ്ടിവന്നവരിലും മറ്റസുഖങ്ങള്‍ക്ക് ദീര്‍ഘകാലമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവരിലും പ്രസവശുശ്രൂഷാ രീതികള്‍ വ്യത്യസ്തമാണ്. ഇത്തരക്കാര്‍ വൈദ്യനിര്‍ദേശപ്രകാരംമാത്രം പ്രസവശുശ്രൂഷ ചെയ്യേണ്ടതാണ്.

മാറിയ ജീവിതസാഹചര്യത്തില്‍ ആശുപത്രികളില്‍ സൂതികാകാലം ചെലവഴിക്കുന്നവരും എണ്ണത്തില്‍ കുറവല്ല. ശരിയായ ഔഷധനിര്‍ദേശം, അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ കൃത്യമായ പരിചരണം എന്നിവ വൈദ്യന്റെ മേല്‍നോട്ടത്തില്‍തന്നെ നിര്‍വഹിക്കപ്പെടുന്നുഎന്നത് ഇതിന്റെ മേന്മയായി കണക്കാക്കാം. പ്രസവപരിരക്ഷയില്‍ ശാസ്ത്രജ്ഞാനമില്ലാത്തവരുടെ ഇടപെടലുകളെയും സ്‌നേഹസമ്മാനമായി കൊണ്ടുവരുന്ന യുക്തിക്കുനിരക്കാത്ത ഔഷധങ്ങളെയും ഒഴിവാക്കാന്‍കൂടി ഇത് സഹായിക്കും.

(കോട്ടയ്ക്കൽ ആയുർവേദ കോളേജിലെ സ്ത്രീ ആരോ​ഗ്യവിഭാ​ഗം പ്രൊഫസറാണ് ലേഖിക)

Content Highlights: Prasava Raksha - Post Delivery Care in Ayurveda, Health, Pregnancy, Post Delivery, Women's Health

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented