ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് 'അമ്മയാകുക' എന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞുള്ള ദിവസങ്ങളില്‍ പല സ്ത്രീകള്‍ക്കും മാനസികസംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. ഭൂരിപക്ഷം പേരിലും ഈ പ്രശ്‌നങ്ങള്‍ കുറച്ചുദിവസങ്ങള്‍കൊണ്ട് മാറുമെങ്കിലും ചെറിയൊരു ശതമാനം പേരില്‍ ഇത് ചികിത്സ ആവശ്യമുള്ള മനോരോഗങ്ങളായി മാറാറുണ്ട്.

പോസ്റ്റ് നേറ്റല്‍ ബ്ലൂസ്
പ്രസവം കഴിഞ്ഞ് നാലഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ലഘുവായ മാനസികപ്രശ്‌നങ്ങളെയാണ് 'പോസ്റ്റ്‌നേറ്റല്‍ ബ്ലൂസ്' എന്നു വിശേഷിപ്പിക്കുന്നത്. ആദ്യപ്രസവം കഴിഞ്ഞ അമ്പതുശതമാനത്തിലേറെ സ്ത്രീകള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഉത്കണ്ഠ, മനഃപ്രയാസം, പെട്ടെന്ന് കരച്ചില്‍ വരിക, അമിതദേഷ്യം എന്നിവയാണ് ലക്ഷണങ്ങള്‍. പ്രസവം കഴിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടുതുടങ്ങുന്ന ലക്ഷണങ്ങള്‍ മിക്കവാറും രണ്ടാഴ്ചകൊണ്ട് മാറാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ക്ക് പ്രത്യേകമായ ചികിത്സ ആവശ്യമില്ല. വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സ്‌നേഹപൂര്‍ണമായ സമീപനവും ആവശ്യത്തിന് വിശ്രമവും ലഭിച്ചാല്‍ ഈ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറാറുണ്ട്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അസ്വസ്ഥതകള്‍ നിലനില്ക്കുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കണം.

പ്രസവത്തെത്തുടര്‍ന്ന് ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവില്‍ പൊടുന്നനെയുണ്ടാകുന്ന കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം.

വിഷാദരോഗം
പത്തുശതമാനം സ്ത്രീകള്‍ക്ക് പ്രസവത്തെത്തുടര്‍ന്ന് വിഷാദരോഗം ഉണ്ടാകാറുണ്ട്. പ്രസവം കഴിഞ്ഞ് നാലാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ്, ജോലികള്‍ ചെയ്യാനുള്ള താത്പര്യമില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. തന്റെ കുട്ടി സുഖമായി ഉറങ്ങുന്ന സമയത്തുപോലും ഈയവസ്ഥ ബാധിച്ച അമ്മമാര്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. കുട്ടിയെ താന്‍ ഉപദ്രവിക്കുമോ എന്ന ചിന്തയും ഇവരെ ഇടയ്ക്കിടെ അലട്ടും. ഒരു കാരണവുമില്ലാതെ ഉറക്കെ കരയുക, ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുക, കുട്ടിയെ ഉപദ്രവിക്കുക എന്നിവയും കണ്ടെന്നുവരാം. ചികിത്സിക്കാത്തപക്ഷം ഇവര്‍ ആത്മഹത്യ ചെയ്യാനും കുട്ടിയെ കൊന്നുകളായാനുമുള്ള സാധ്യതയുമുണ്ട്.

പാരമ്പര്യമായി വിഷാദരോഗസാധ്യത കൂടുതലുള്ളവരില്‍ പ്രസവാനന്തര വിഷാദം കൂടുതലായി കണ്ടുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രസവാനന്തരം ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, ജീവിതപങ്കാളിയുമായുള്ള പൊരുത്തക്കേടുകള്‍, കുടുംബാംഗങ്ങളില്‍നിന്ന് പിന്തുണയില്ലാത്ത അവസ്ഥ, മനസ്സിന് ഏറെ വിഷമമുണ്ടാക്കുന്ന ഗൃഹാന്തരീക്ഷം, ഗര്‍ഭം ധരിക്കാന്‍ താത്പര്യമില്ലായ്മ എന്നിവയൊക്കെ ഈയസ്ഥയ്ക്ക് വഴിതെളിച്ചേക്കാം. ആദ്യപ്രസവത്തെത്തുടര്‍ന്ന് വിഷാദരോഗമുണ്ടായ സ്ത്രീകള്‍ക്ക് പിന്നീടുള്ള പ്രസവങ്ങളില്‍ ഇതാവര്‍ത്തിക്കാന്‍ അമ്പതു ശതമാനത്തോളം സാധ്യതയുണ്ട്. നേരത്തേ വിഷാദരോഗം വന്നിട്ടുള്ള സ്ത്രീകള്‍ക്കും പ്രസവാനന്തരവിഷാദം വരാന്‍ സാധ്യത കൂടുതലാണ്.

മനസ്സിലെ ചിന്തകളെ ക്രമീകരിക്കാന്‍ സഹായിക്കുന്ന കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, വിഷാദവിരുദ്ധ ഔഷധങ്ങള്‍, കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിങ് എന്നിവയാണ് പ്രധാന ചികിത്സ. രോഗലക്ഷണങ്ങള്‍ തീവ്രമാകുകയും രോഗി ആത്മഹത്യാപ്രവണത പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ ഔഷധചികിത്സ ആവശ്യമാകും.

അപൂര്‍വമായി രോഗി ഭക്ഷണം കഴിക്കാതെയോ മരുന്നുകഴിക്കാതെയോ ഇരിക്കുന്ന സ്ഥിതി വന്നാല്‍ 'ഇലക്‌ട്രോ കണ്‍വള്‍സീവ് തെറാപ്പി' അഥവാ 'ഷോക്ക് ചികിത്സ' വേണ്ടിവന്നേക്കാം. തൊണ്ണൂറ് ശതമാനം പേരിലും ഒരു മാസത്തിനുള്ളില്‍ രോഗം മാറുന്നതായാണ് കാണുന്നത്.
പ്രസവാനന്തര വിഷാദം ബാധിച്ചിട്ടുള്ള സ്ത്രീകള്‍ അടുത്ത തവണ ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നത് ഈയവസ്ഥ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

പ്രസവാനന്തര വിഭ്രാന്തി
പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ചില സ്ത്രീകള്‍ക്ക് കടുത്ത മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഈയവസ്ഥയ്ക്ക് 'പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്' അഥവാ 'പ്രസവാനന്തര വിഭ്രാന്തി' എന്നാണ് പറയുന്നത്. സ്ഥായിയായ ഉറക്കക്കുറവ്, അമിതദേഷ്യം, അകാരണമായ ഭയം, അക്രമസ്വഭാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇക്കൂട്ടര്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ താത്പര്യം കാണിക്കാറില്ല. ചിലപ്പോള്‍ ഇവര്‍ക്കു ചുറ്റും ആരുമില്ലാത്ത സമയങ്ങളില്‍പ്പോലും ആരോ അവരോട് സംസാരിക്കുന്നതുപോലെയുള്ള 'അശരീരിശബ്ദങ്ങള്‍' കേള്‍ക്കാന്‍ കഴിയും.

ഇത്തരം അശരീരികള്‍ കുഞ്ഞിനെ കൊന്നുകളയാന്‍ പറയുന്നതുകേട്ട് കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മമാര്‍വരെയുണ്ട്. ആരോ തന്നെയും തന്റെ കുഞ്ഞിനെയും കൊല്ലാന്‍ വരുന്നുണ്ട് എന്ന മട്ടിലുള്ള മിഥ്യാവിശ്വാസങ്ങളും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്. ഇവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. അമ്മയുടെ മാനസികനില സാധാരണമാകുന്നതുവരെ കുട്ടിയെ അമ്മയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാവും നല്ലത്. മോശമായ കുടുംബാന്തരീക്ഷവും ജീവിതപങ്കാളിയുടെ അസാന്നിധ്യവും ഈ പ്രശ്‌നത്തിന് കാരണമായേക്കാം.

മാനസികവിഭ്രാന്തി മാറ്റാന്‍ സഹായിക്കുന്ന ആന്റിസൈക്കോട്ടിക് ഔഷധങ്ങളും മനസ്സിന്റെ വൈകാരികാവസ്ഥ ക്രമപ്പെടുത്താന്‍ സഹായിക്കുന്ന മൂഡ് സ്റ്റെബിലൈസര്‍ ഔഷധങ്ങളും ഉപയോഗിച്ചാണ് ചികിത്സ നടത്തേണ്ടത്. ഔഷധചികിത്സയോടൊപ്പം കൃത്യമായ ഭക്ഷണവും വിശ്രമവും ലഭിക്കേണ്ടതും അനിവാര്യമാണ്.