പ്രസവം കഴിഞ്ഞയുടനെ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ മുലയൂട്ടുന്ന സമയത്ത് ഡയറ്റിങ്ങിന് ശ്രമിക്കുന്നത് നല്ലതല്ല. പകരം പോഷകസമൃദ്ധമായ ആഹാരരീതിയിലൂടെ ഭാരം നിയന്ത്രിക്കാം. ഇത് ഓരോരുത്തരുടേയും ശരീരപ്രകൃതവും ആരോഗ്യസ്ഥിതിയും ആശ്രയിച്ചു വേണം ചെയ്യാന്‍. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ലഭിക്കുന്ന അതേ പരിചരണം ഗര്‍ഭശേഷവും വേണം. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുള്ള ആഹാരക്രമീകരണമാണ് വേണ്ടത്. ഏകദേശം 2500 കലോറി ഊര്‍ജം ലഭിക്കുന്ന ആഹാരമാണ് ഈ സമയത്ത് കഴിക്കേണ്ടത്. 

മുലപ്പാലിന് പാലും വെള്ളവും

മുലയൂട്ടുന്ന അമ്മമാര്‍ ഒരു ദിവസത്തെ ഭക്ഷണത്തില്‍ 75 ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്തണം. ചെറുപയര്‍, പീസ്, പരിപ്പുകള്‍, മുട്ട, മീന്‍, മാംസം,ബദാം, കശുവണ്ടി,നിലക്കടല എന്നിവയിലെല്ലാം ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രസവസമയത്ത് നഷ്ടമായ രക്തത്തിന്റെ വീണ്ടെടുക്കലിനും, കോശനിര്‍മാണത്തിനും രക്തചംക്രമണത്തിനും ഇവ സഹായിക്കുന്നു.

രക്തത്തോടൊപ്പം ശരീരത്തിലെ അയണും നഷമായിട്ടുണ്ട്. അയണിന്റെ അംശം കൂടുതലുള്ള, ഇലക്കറികള്‍, ഈത്തപ്പഴം, ശര്‍ക്കര,നട്സ് എന്നിവ കഴിക്കുന്നത് വിളര്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കാം. ഇവയില്‍ അരണിനൊപ്പം വിറ്റാമിന്‍ സി, ബീറ്റ കരോട്ടിന്‍, ഫോളിക് ആസിഡ് എന്നിവയുമുണ്ട്. ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാന്‍ ഇവ മതി. തവിടോട് കൂടിയുള്ള അരി കഴിക്കുന്നതിലൂടെ ബി വിറ്റാമിനുകളും ശരീരത്തിലെത്തും, 

കാത്സ്യം ധാരാളം അടങ്ങിയ പാല്‍, പാലുല്‍പ്പന്നങ്ങള്‍ ഇലക്കറികള്‍, മത്തി(ചെറിയ മത്സ്യങ്ങള്‍) എന്നിവ ഒഴിവാക്കരുത്. അമ്മയുടെ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് നിലനിര്‍ത്തുന്നതിനൊപ്പം മുലപ്പാലിലൂടെ കുഞ്ഞിന്റെ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും കാല്‍സ്യം സഹായിക്കുന്നു. ദിവസവുംമൂന്നു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണ്.

റാഗി, ഓട്സ്, എള്ള്, നട്സ് എന്നിവ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് നല്ലതാണ്, ജീരകം, ഉലുവ, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ഇതേ ഗുണം ചെയ്യും. പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

ഒരു ദിവസം 15 ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. വെള്ളത്തിന്റെ അളവ് കുറയുന്നത് പാലുല്‍പ്പാദനത്തെ സാരമായി ബാധിക്കും.

നെയ്യും ചായയും സൂക്ഷിച്ച്

കാപ്പി, ചായ, ആല്‍ക്കഹോള്‍, സോഫ്റ്റ് ഡിങ്കുകള്‍, പ്രോസസ്ഡ് ഫുഡ്, പ്രിസര്‍വ്ഡ് ഫുഡ്സ്, ജങ്ക് ഫുഡ് എന്നിവ ഉപയോഗിക്കാതിരിക്കുക. മിക്ക സ്ത്രീകളും പ്രസവശേഷം ധാരാളം ഊര്‍ജം അടങ്ങിയ നെയ്യ്, വെണ്ണ, പഞ്ചസാര എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രസവശേഷമുള്ള ശുശ്രൂഷയുടെ ഭാഗമായി നെയ്യ്, വെണ്ണ എന്നിവ ചേര്‍ത്തുള്ള ലേഹ്യങ്ങള്‍ കഴിക്കുന്നത് പരമ്പരാഗതമായ രീതിയാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം
ഡയബറ്റിക്സ്, അമിതവണ്ണം, അമിതരക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം.

Content Highlight: Post Delivery Care,Food for motherhood,What mother should eat after delivery