പ്രകൃതി സ്ത്രീക്കുനല്‍കിയ വരദാനമാണ് മാതൃത്വം. ഇതോടൊപ്പം ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും അവളില്‍ ഉണ്ടാകുന്നു. ശാരീരികമാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍, മാനസിക സംഘര്‍ഷങ്ങള്‍ ഇവയെല്ലാം ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ ഗര്‍ഭകാലപരിചര്യപോലെതന്നെ പ്രസവശേഷമുള്ള പരിചര്യയ്ക്കും പ്രാധാന്യമുണ്ട്. പ്രസവശേഷമുള്ള ഒന്നരമാസം അല്ലെങ്കില്‍ പ്രസവശേഷമുള്ള ആര്‍ത്തവാരംഭംവരെയുള്ള കാലഘട്ടത്തെ സൂതികാകാലമായി കണക്കാക്കാം. നവജാതശിശു പരിചരണത്തോടൊപ്പം അമ്മയുടെ ആഹാരവിഹാരങ്ങള്‍, ഉറക്കം, ഔഷധങ്ങള്‍ ഇവയ്‌ക്കെല്ലാം പ്രഥമപരിഗണന നല്‍കേണ്ടതുണ്ട്.

പ്രസവാനന്തര ആഹാരരീതികള്‍

* ഗര്‍ഭാവസ്ഥയില്‍ കൊടുക്കുന്ന പരിചരണംതന്നെ പ്രസവശേഷവും ആവശ്യമാണ്. ഗര്‍ഭാവസ്ഥയില്‍ ശാരീരഭാരം വര്‍ധിക്കുന്നു. എന്നാല്‍, പ്രസവശേഷം പെട്ടെന്ന് തടികുറയുന്നത് ആരോഗ്യത്തെ ബാധിക്കും

* ആദ്യത്തെ ദിവസങ്ങളില്‍ എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരങ്ങള്‍ ഉപയോഗിക്കണം

* ദഹനക്കേട് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യ ദിവസങ്ങളില്‍ കഞ്ഞി മുതലായ എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം

* മുറിവ് ഉണങ്ങാന്‍ സഹായിക്കുന്നതും മുലപ്പാല്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നതുമായ ആഹാരങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം. ചുവന്നുള്ളി ഇത്തരത്തില്‍ ഉള്ളതാണ്. ചുവന്നുള്ളിയും അല്‍പം വെളുത്തുള്ളിയും ചേര്‍ത്ത് ആഹാരത്തോടൊപ്പം ഉപയോഗിക്കാം

* ചുവന്ന മുളക് ഒഴിവാക്കി കുരുമുളക്, പച്ചമുളക് ഇവ ചേര്‍ത്ത് കറികള്‍ ഉണ്ടാക്കാം

* ഉലുവ, ജീരകം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗ്യാസ് ഉണ്ടാവുന്നത് തടയുകയും മുലപ്പാല്‍ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും

* പ്രോട്ടീന്‍ കൂടുതല്‍ ആവശ്യമായതിനാല്‍ ചെറുപയര്‍, മുട്ട എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം

* വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക, ഓറഞ്ച് തുടങ്ങിയവയും ചീര, മുരിങ്ങ തുടങ്ങിയ ഇലക്കറികളും ആഹാരത്തില്‍ ഉപയോഗിക്കേണ്ടതാണ്

* ആയുര്‍വേദ ശാസ്ത്രപ്രകാരം മത്സ്യമാംസാദികള്‍ 12 ദിവസങ്ങള്‍ക്കുശേഷം ഉപയോഗിക്കാം

* വെള്ളം ആവശ്യത്തിന് കുടിക്കണം. മല്ലി, ശര്‍ക്കര, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം ഇവ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം കുടിക്കാം

* ജലാംശം കൂടുതലുള്ള ആഹാരങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചെറുപയര്‍ 16 ഇരട്ടി വെള്ളം ചേര്‍ത്ത് വേവിച്ച് കുരുമുളക്, അല്പം ഉപ്പ് ഇവ ചേര്‍ത്ത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രോട്ടീന്‍ ലഭ്യതയോടൊപ്പം ആഹാരത്തില്‍ ജലാംശം ഉറപ്പുവരുത്തുന്നു

* 1000 മില്ലിഗ്രാം കാത്സ്യം ദിവസവും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യമായതിനാല്‍ രണ്ടു ഗ്ലാസ് പാല്‍ ദിവസവും കുടിക്കുന്നത് നല്ലതാണ്. മുലയൂട്ടല്‍മൂലം ഉണ്ടാകുന്ന നിര്‍ജലീകരണം തടയാനും പാലുത്പാദനം കൂട്ടാനും ഇത് സഹായിക്കും.

മുറിവ് പരിപാലനം

പ്രസവം സുഗമമാക്കാനായി പ്രസവസമയത്ത് കൃത്രിമമായി മുറിവ് (episiotomy) ചെയ്യാറുണ്ട്. മുറിവ് നന്നായി ഉണങ്ങുന്നതിനും വേദന ശമിപ്പിക്കുന്നതിനുമായി ഔഷധങ്ങള്‍ പ്രയോഗിക്കാം. കറ്റാര്‍വാഴയും മഞ്ഞളും ചേര്‍ത്ത് ചെയ്യുന്ന ബാന്‍ഡേജ് പെട്ടെന്ന് കരിയാനും പഴുക്കാതിരിക്കാനും സഹായിക്കുകയും വേദന ശമിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വ്രണങ്ങള്‍ ഉണക്കാന്‍ കഴിവുള്ള നാല്‍പ്പാമരപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കഴുകാന്‍ ഉപയോഗിക്കുന്നതും ഗുണപ്രദമാണ്.

പ്രസവാനന്തര ഔഷധങ്ങള്‍

കഷായങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യങ്ങള്‍ തുടങ്ങിയുള്ള ഔഷധങ്ങള്‍ ക്രമപ്രകാരം ഉപയോഗിക്കുന്നത് ഹിതകരമാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആരോഗ്യാവസ്ഥയ്ക്കും അനുസരണമായാണ് ഔഷധങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് എന്നതിനാല്‍ വൈദ്യനിര്‍ദേശത്തോടുകൂടി മാത്രമേ ആകാവൂ. ധന്വന്തരം കഷായം, നാഡീകഷായം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, തെങ്ങിന്‍പൂക്കുല ലേഹ്യം, പഞ്ചജീരകഗുഡം, കല്യാണകാഘൃതം ഇവയെല്ലാംതന്നെ അവസ്ഥയ്ക്കനുസരിച്ച് സേവിക്കാവുന്നതാണ്.

ദേശഭേദങ്ങള്‍ക്കനുസരിച്ച് പ്രസവശേഷം ഉപയോഗിക്കുന്ന ആഹാരങ്ങളിലും ഔഷധങ്ങളിലും വ്യത്യാസങ്ങള്‍ കാണാറുണ്ട്.

ശതപുഷ്ടലേഹ്യം: ശതകുപ്പ, അയമോദകം, ചുക്ക്, ഏലക്ക, കുരുമുളക്, നെയ്യ്, തേന്‍, ശര്‍ക്കര ഇവ ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്നു

ഉലുവലേഹ്യം: ഉലുവ വേവിച്ച് അരച്ച് ശര്‍ക്കരയും തേങ്ങാപ്പാലും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്നു

മുരിങ്ങയില ലേഹ്യം: മുരിങ്ങയില വേവിച്ച് നെയ്യില്‍ തൂളിച്ച് ശര്‍ക്കര ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്നു.

ഇലക്കുറുക്ക്: തിരുവനന്തപുരം ഭാഗത്ത് കൂടുതലായി നല്‍കിവരുന്ന ഔഷധപ്രയോഗമാണിത്. മുക്കുറ്റി, കരാ, ശീലാന്തി, മലതാങ്ങി കിളിമരത്തിന്റെ ഇല, യശങ്ക്

കറിവേപ്പില അടങ്ങിയ ഇലകള്‍ ഓരോന്നായി മൂന്നുദിവസംവീതം പച്ചരി, ശര്‍ക്കര ചേര്‍ത്ത് കുറുക്കിനല്‍കുന്നു. പെരിങ്ങേലത്തിന്റെ വേരും ഈ അവസരത്തില്‍ ഉപയോഗിക്കാവുന്നതാണ്.

സൂപ്പുകള്‍: ആടിന്റെ എല്ലുചേര്‍ത്ത സൂപ്പ് ഈ അവസരത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതില്‍ ധന്വന്തരം കഷായത്തിന്റെ മരുന്നുകളുംകൂടി ചേര്‍ത്ത് തയ്യാറാക്കുന്നത് നല്ല ശോധനയ്ക്കും ഉപയോഗപ്രദമാണ്.

വേതുകുളി: പ്രസവചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് വേതുകുളി. സാധാരണ പ്രസവംകഴിഞ്ഞ് നാല്, അഞ്ച് ദിവസങ്ങള്‍ക്കുശേഷം കുളിപ്പിക്കാവുന്നതാണ്. ശസ്ത്രക്രിയ ചെയ്തവര്‍ക്ക് മുറിവുണങ്ങിയശേഷം കുളിപ്പിക്കാം. (രണ്ടാഴ്ചകള്‍ക്കുശേഷം തുടങ്ങുന്നതാണ് നല്ലത്). ശസ്ത്രക്രിയയുടെ മുറിവില്‍ എണ്ണ പുരട്ടരുത്. മുക്കൂട്ടുകള്‍, കുഴമ്പുകള്‍ എന്നിവയ്ക്കാണ് ഈ അവസരത്തില്‍ പ്രാധാന്യം. മഞ്ഞള്‍ അല്ലെങ്കില്‍ വേപ്പിലയും മഞ്ഞളുംചേര്‍ത്ത് അരച്ചു കുഴമ്പിനൊടൊപ്പം ദേഹത്ത് പുരട്ടും. 20 മിനിറ്റോളം ദേഹത്ത് എണ്ണപുരട്ടാം. കുളിക്കാനുള്ള വെള്ളം തയ്യാറാക്കാനായി ദശമൂലം, നാല്പാമരം, കരിനൊച്ചിയില, ആവണക്കില, പ്‌ളാവില, പേരയില, വാതംകൊല്ലിയില, തെച്ചിയില എന്നിവയെല്ലാം ലഭ്യതയ്ക്കനുസരിച്ച് ഉപയോഗിക്കാം. ചൂടുവെള്ളം വാതഹരവും വേദനയെ ശമിപ്പിക്കുന്നതുമാണ്. സഹിക്കാവുന്ന ചൂടില്‍ വെള്ളം ഉപയോഗിക്കാം. പൊള്ളുന്ന ചൂടുവെള്ളം ഉപയോഗിക്കണമെന്നില്ല. ഇതോടൊപ്പം കിഴികള്‍കൂടി പിടിക്കുന്നത് ശരീരവേദനകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ജീരകം കിഴികെട്ടി കുളിക്കുന്ന വെള്ളത്തില്‍തന്നെ മുക്കി കിഴിപിടിക്കാന്‍ ഉപയോഗിക്കാം. ഉണങ്ങിയ നെല്ലിക്കയിട്ട തിളപ്പിച്ചാറിയ വെള്ളം തലകഴുകാന്‍ ഉപയോഗിക്കാം. ഇത് ശരിയായ ഉറക്കംകിട്ടാന്‍ സഹായിക്കുകയും മുടിപൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.

ധൂപനം: വയമ്പ്, ഗുഗ്ഗുലു, വേപ്പില നെയ് ചേര്‍ത്ത് അമ്മയും കുഞ്ഞും കിടക്കുന്ന മുറിയില്‍ നിത്യവും പുകയ്ക്കുന്നത് പകര്‍ച്ചവ്യാധികളെ തടയാന്‍ സഹായിക്കും.

ഉദരവേഷ്ടനം: വേതുകുളിയ്ക്കുശേഷമാണ് ഉദരവേഷ്ടനം. വൃത്തിയുള്ള കോട്ടണ്‍തുണികൊണ്ട് ബെല്‍റ്റുപോലെ പ്രത്യേകം തയ്യാറാക്കിയെടുക്കാം. അല്ലെങ്കില്‍ കോട്ടണ്‍സാരികളും ഉപയോഗിക്കാം. അടിവയറില്‍നിന്ന് തുടങ്ങി മുകളിലേക്കാണ് ഉദരബന്ധനം ചെയ്യേണ്ടത്. ശരിയായ ബലം ലഭിക്കുമെന്നതിനാല്‍ കോട്ടണ്‍ തുണികള്‍ തന്നെ ഇതിനായി ഉപയോഗിക്കുന്നതാണ് നല്ലത്. രാവിലെയും വൈകുന്നേരവും മൂന്നുമണിക്കൂര്‍വീതം വയറുകെട്ടി കിടക്കാം.

അതിനുശേഷം കാലുകള്‍ നന്നായി നീട്ടിവെച്ച് കണങ്കാലുകള്‍ പിണച്ചുകൊണ്ട് കിടക്കണം. ഇത് പേശീബലം വീണ്ടെടുക്കാനും വയര്‍ കുറയ്ക്കാനും സഹായിക്കുന്നതോടൊപ്പം ഗര്‍ഭാശയഭ്രംശം തുടങ്ങിയവയെ പ്രതിരോധിക്കുന്നതാണ്.

പ്രസവശേഷമുണ്ടാകുന്ന പ്രശ്‌നങ്ങള്‍

മുടിപൊഴിച്ചില്‍ -ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം പ്രസവശേഷം കുറച്ച് ആഴ്ചകള്‍ പ്രതീക്ഷിക്കാത്ത മുടിപൊഴിച്ചാല്‍ ഉണ്ടാകാം. എന്നാല്‍, ഇത് ചുരുങ്ങിയ കാലം മാത്രമേ നിലനില്‍ക്കൂ. ശേഷം പോയമുടി തിരിച്ചുവരാനുള്ള സാധ്യതയുണ്ട്

ചര്‍മത്തിലെ വ്യത്യാസങ്ങള്‍: ഗര്‍ഭകാലത്ത് ചര്‍മത്തില്‍ നിറവ്യത്യാസങ്ങള്‍ ഉണ്ടാകാം. കണ്ണിനുചുറ്റും പിന്നീട് ചുണ്ടുകളിലേക്കും കവിളിലേക്കും വ്യാപിക്കുന്ന മങ്ങിയനിറം പലരിലും ആശങ്ക ഉണ്ടാക്കാറുണ്ട്. എന്നാല്‍, പ്രസവശേഷം ഇവയെല്ലാം പതിയെ മാറിക്കിട്ടും അതുപോലെതന്നെ ചുളിവുകള്‍ ചര്‍മത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ചിലര്‍ക്ക് ഇതിനൊപ്പം ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഏഴുമാസങ്ങള്‍ക്കുശേഷം വൈദ്യനിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ പതിയെ തേയ്ക്കുന്നത് ഒരുപരിധിവരെ ഇവയെ കുറയ്ക്കാന്‍ സഹായിക്കും

മലബന്ധം: പ്രസവശേഷം മലബന്ധം കൂടുതലായിക്കാണാം. വെള്ളം, ജൂസ്, പാല്‍ ഇവയെല്ലാം ഉപയോഗിക്കുന്നത് മലബന്ധത്തെ കുറയ്ക്കാന്‍ സഹായിക്കും

മാനസികപ്രശ്‌നങ്ങള്‍: ആദ്യപ്രസവം കഴിഞ്ഞ അന്‍പതുശതമാനത്തിലേറെ സ്ത്രീകള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഉത്കണ്ഠ, മനഃപ്രയാസം, പെട്ടെന്ന് കരച്ചില്‍വരിക, അമിതദേഷ്യം എന്നിവ കാണാറുണ്ട്.

പ്രസവത്തെത്തുടര്‍ന്ന് ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവില്‍ പൊടുന്നനെ ഉണ്ടാകുന്ന കുറവാണ് ഈ അവസ്ഥയ്ക്ക് കാരണം. പോസ്റ്റ് നേറ്റല്‍ ബ്ലൂസ് എന്നു വിശേഷിപ്പിക്കുന്ന ഇത്തരം ലക്ഷണങ്ങള്‍ പ്രത്യേക ചികിത്സ ആവശ്യമില്ലാതെതന്നെ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സ്‌നേഹപൂര്‍ണമായ പരിചരണവും ആവശ്യത്തിന് വിശ്രമവും ലഭിച്ചാല്‍ രണ്ടാഴ്ചകൊണ്ട് മാറാറുണ്ട്.

പത്തുശതമാനം സ്ത്രീകള്‍ക്ക് പ്രസവത്തെത്തുടര്‍ന്ന് വിഷാദരോഗം

കാണാറുണ്ട്. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ് എന്നിവ ഇതോടൊപ്പം കാണാം. സ്ഥായിയായ ഉറക്കക്കുറവ്, അമിതദേഷ്യം, അക്രമസ്വഭാവം എന്നിവയോടുകൂടി പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് എന്ന അവസ്ഥയും ചിലരില്‍ കാണാം. ഈ അവസ്ഥകള്‍ക്കെല്ലാം ചികിത്സ ആവശ്യമായിവരും.

Content Highlights: Post Pregnancy Care After Giving Birth