സിസേറിയൻ കഴിഞ്ഞ് എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്നിങ്ങനെയുള്ള സംശയങ്ങൾ നിരവധിയാണ്. ഇതിൽ വളരെ പ്രധാനപ്പെട്ട സംശയങ്ങളാണ് സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം, അടുത്ത ഗര്‍ഭധാരണം എപ്പോഴാകാം, സിസേറിയന് ശേഷം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ. ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിതാ...

സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാം?

സിസേറിയന്‍ കഴിഞ്ഞ് മിനിമം ആറാഴ്ച കഴിഞ്ഞേ ലൈംഗികമായി ബന്ധപ്പെടാവൂ. ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും. ബന്ധപ്പെടുമ്പോള്‍ വയറില്‍ മുറിപ്പാടുണ്ടെന്ന ബോധം ഉണ്ടായിരിക്കണം.  

അടുത്ത ഗര്‍ഭധാരണം എപ്പോഴാകാം?

ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത് മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നത് അപകടമാണ്.   ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങള്‍ തമ്മില്‍ രണ്ടു വര്‍ഷത്തെ ഇടവേളയാണ് ഏറ്റവും ഉചിതം.

സിസേറിയന് ശേഷം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണോ?

സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ആറാഴ്ചയ്ക്കുശേഷം നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്കു വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.

സിസേറിയന് ശേഷം എപ്പോള്‍ വ്യായാമം ചെയ്തു തുടങ്ങാം?

സിസേറിയന്‍ കഴിഞ്ഞ് കഴിയുന്നതും നേരത്തേ ലഘു വ്യായാമങ്ങളില്‍ ഏര്‍പ്പെടാം. ഡീപ് ബ്രീതിങ്, മിതമായ നടത്തം എന്നിവ ഇതില്‍പ്പെടും. അടുത്തപടിയായി അടിവയറിനുള്ള വ്യായാമം, ഭഗപേശികളുടെ (pelvic floor muscles)  വ്യായാമം തുടങ്ങിയവ ചെയ്യാം. മുറിവ് ഉണങ്ങാന്‍ ഏറ്റവും കുറഞ്ഞത് ആറ് ആഴ്ച എടുക്കും. ഇതു കഴിഞ്ഞേ എയ്‌റോബിക്‌സ്, ബ്രിസ്‌ക് വോകിങ്, നീന്തല്‍, ജോഗിങ്, സൈക്കിള്‍ സവാരി പോലുള്ള കഠിന വ്യായാമങ്ങള്‍ ചെയ്യാവൂ. ഇത് തുടക്കത്തില്‍ 10-15 മിനുട്ട് ചെയ്യാം. ഓരോ ദിവസവും സമയദൈര്‍ഘ്യം കൂട്ടാം.

കടപ്പാട് ഡോ. ഷീലാമണി

 

Content Highlights: c-section cesarean delivery confusions