Representative Image|Gettyimages.in
ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബര്ഗിയില് ഗോസിയാമെതമാരോ സിതോലിന് എന്ന 37 വയസ്സുകാരി ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ വാര്‍ത്ത ഈ അടുത്താണ് ശ്രദ്ധ നേടിയത്. നമ്മുടെ നാട്ടിലും ഒറ്റപ്രസവത്തിലെ അഞ്ചും ആറും കണ്മണികള് അപൂര്‍വമായെങ്കിലും സംഭവിക്കാറുണ്ട്. ഒറ്റ പ്രസവത്തില്‍ രണ്ടോ മൂന്നോ ചിലപ്പോള്‍ നാലോ കുഞ്ഞുങ്ങള്‍ ഒക്കെ ഉണ്ടാകുന്നത് അത്ര അപൂര്‍വ്വമായ കാര്യമല്ല. എന്നാല്‍ 10 കുട്ടികള്‍ വരെയുണ്ടാകുന്നത് അപൂര്‍വ്വത എന്നോ അവിശ്വസനീയത എന്നോ ഒക്കെ തന്നെ വിശേഷിപ്പിക്കാവുന്നതാണ്.
എങ്ങിനെയാണ് ഒരേ സമയം ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകുന്നത്?
പലര്‍ക്കുമുള്ള പൊതുവായ സംശയം കൂടിയാണിത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. അണ്ഡവും ബീജവും തമ്മില്‍ സമന്വയിച്ച ശേഷം ഗര്ഭപാത്രത്തിലെത്തുന്നതിന് മുന്‍പ് വിഘടിച്ച് എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതാണ് ഒരു കാരണം. ഒന്നിലധികം അണ്ഡവും ബീജവും ഒരേ സമയം തമ്മില്‍ സമന്വയിക്കുന്നതാണ് രണ്ടാമത്തെ കാരണം. ഇതില്‍ ഒരേ സമന്വയിച്ച ഒറ്റ അണ്ഡം വിഭജിച്ച് ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് പരസ്പരം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള രൂപസാദൃശ്യമുള്ള ഇരട്ടകള്‍ ഉണ്ടാകുന്നത്. ഇവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരുമായിരിക്കാനാണ് സാധ്യത. എന്നാല്‍ രണ്ടാമത്തെ രീതിയില്‍ വ്യത്യസ്ത ലിംഗത്തില്‍ പെട്ടവരും പരസ്ര സാദൃശ്യത കുറവുള്ളവരുമാവാന് സാധ്യത കൂടുതലാണ്.
കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത കൂടുതല്‍ ആര്‍ക്കൊക്കെയാണ്?
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പൊതുവായ സംശയങ്ങളില്‍ ഒന്നാണിത്. ഐ വി എഫ് പോലുള്ള ചികിത്സ സ്വീകരിക്കുന്നവരില്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കളില്‍ ഒരാള്‍, പ്രത്യേകിച്ച് അമ്മ ഇരട്ട കുഞ്ഞുങ്ങളിലൊന്നായിരുന്നെങ്കിലോ കുടുംബത്തില്‍ ഇരട്ടകളുണ്ടായിരുന്നെങ്കിലോ ഒന്നിലധികം കുഞ്ഞുങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പ്രായവും മറ്റൊരു പ്രധാന ഘടകമാണ്. മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഒരേ സമയം ഒന്നിലധികം അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഒന്നലധികം കുഞ്ഞുങ്ങള്‍ ഉള്ള ഗര്‍ഭധാരണത്തില്‍ പ്രസവം നേരത്തെയാകുവാനും സിസേറിയനാകുവാനും സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ പ്രസവം നേരത്തെയാവുകയാണെങ്കില് സ്വാഭാവികമായും കുഞ്ഞുങ്ങള്‍ക്ക് ശരീരഭാരം കുറയുവാനും പ്രതിരോധ ശേഷി കുറയുവാനുമുള്ള സാധ്യതകളുമുണ്ട്. രക്താതിസമ്മര്‍ദ്ദം, വിളര്‍ച്ച, പ്ലാസന്റ തിരിഞ്ഞ് പോവുക തുടങ്ങിയവയും ഗര്‍ഭിണികളില്‍ ഉത്കണ്ഠ, ഭയം, നിരാശ മുതലായവയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഇത്തരം പ്രസവങ്ങളില്‍ പ്രത്യേക ശ്രദ്ധ പൂലര്‍ത്തേണ്ടതുണ്ട്.
2. കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായും ഗര്‍ഭിണിയുടെ ഭക്ഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായി വരും. പോഷകാഹാര ലഭ്യത നിര്‍ബന്ധമാണ്. ഇതിന് ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായം തേടണം.
3. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും ചെക്കപ്പുകളും കൃത്യമായി പിന്തുടരണം. മറ്റ് യാതൊരു തരത്തിലുമുള്ള ചികിത്സകളോ മറ്റാരുടേയെങ്കിലും നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകളോ സ്വീകരിക്കരുത്.
4. നടുവേദന, പുറം വേദന ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. അതിനാല്‍ കിടക്കുന്നതും, ഇരിക്കുന്നതും നില്‍ക്കുന്നതിലുമെല്ലാം പ്രത്യേകം ശ്രദ്ധപുലര്‍ത്തണം.
5. അമിതമായ ശാരീരികാദ്ധ്വാനം പാടില്ല. ബെഡ് റെസ്റ്റ് നിര്ദ്ദേശിക്കപ്പെട്ടവരാണെങ്കില് കര്‍ശനമായി പാലിക്കണം. ദീര്‍ഘയാത്ര, ടു വീലര്‍ യാത്ര, മുതലായവ ഒഴിവാക്കണം. ഉറക്കം ഒരു കാരണവശാലും തടസ്സപ്പെടരുത്. ധാരാളം വെള്ളം കുടിക്കണം.
6. സങ്കീര്‍ണ്ണതകള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ നവജാത ശിശു ഐ സി യു സൗകര്യം ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ മാത്രമേ പ്രസവം നടത്താന്‍ പാടുള്ളൂ. കൂടാതെ പരിചയ സമ്പന്നരായ ഗൈനക്കോളജിസ്റ്റുകള്‍, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകള്‍ എന്നിവരുടെ സാന്നിദ്ധ്യവും നല്ലതാണ്.
(കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഗൈനക്കോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ആന്‍ഡ് ലാപറോസ്കോപിക് സര്‍ജനാണ് ലേഖിക)
Content Highlights: Multiple Birth: Twins, Triplets, Complications & Symptoms
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..