മാറിയ ജിവിതശൈലിയും ഭക്ഷണക്രമത്തിലെ മാറ്റവും ഇന്ന് ദമ്പതികള്‍ക്ക് സമ്മാനിച്ചിരിക്കുന്ന പ്രധാന ദുരിതങ്ങളിലൊന്നാണ് വന്ധ്യത. സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ വന്ധ്യതയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ നിരക്ക് കൂടുതല്‍ സ്ത്രീകളിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീകളിലെ വന്ധ്യതയ്ക്കുള്ള പ്രധാന കാരങ്ങളെ അറിയാം.

അണ്ഡങ്ങളിലെ തകരാര്‍
സ്ത്രീകളുട വന്ധ്യതയ്ക്കുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് അണ്ഡോല്‍പ്പാദനത്തിലെ തകരാറുകളാണ്. ഒരു ആര്‍ത്തവ സമയത്ത് ഒരിക്കല്‍ മാത്രമാണ് അണ്ഡം ഉല്‍പ്പാദിപ്പിക്കുന്നത് ഇത് കൃത്യമായി നടന്നില്ലെങ്കില്‍ ബീജസംയോഗം നടക്കില്ല. നാല്‍പത് വയസിന് മുമ്പ് തന്നെ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം, അണ്ഡങ്ങളുടെ ഗുണനിലവാരമില്ലായ്മ എന്നിവയും വന്ധ്യതയ്ക്ക് പ്രധാന കാരണമാകാറുണ്ട്. 

എന്താണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ?
അണ്ഡാശയ ഭിത്തിയില്‍ അനേകം തരികള്‍നിറഞ്ഞിരിക്കുന്നതുപോലെയുള്ള അവസ്ഥയാണ് പി.സി.ഒ.ഡി അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം. കൗമാരപ്രായത്തിലാണ് ഇതിന്റെ തുടക്കം. ക്രമരഹിത ആര്‍ത്തവമാണ് പ്രധാന ലക്ഷണം. ചിലപ്പോള്‍ രണ്ടോ മൂന്നോ മാസം ആര്‍ത്തവമുണ്ടാവില്ല. വരുമ്പോള്‍ പത്തോ ഇരുപതോ ദിവസം തുടര്‍ച്ചയായി രക്തസ്രാവം. ആദ്യ ആര്‍ത്തവം മുതല്‍ ഒരു വര്‍ഷത്തിനുശേഷവും ആര്‍ത്തവം ക്രമപ്പെട്ടിട്ടില്ലെങ്കില്‍ ശ്രദ്ധിക്കണം. ആര്‍ത്തവം ക്രമമല്ലാത്തിനാല്‍ത്തന്നെ ഇത് ഗര്‍ഭധാരണത്തെയും പ്രതികൂലമായി ബാധിക്കും.

ഗര്‍ഭപാത്രത്തിലെ തകരാര്‍
എന്തെങ്കിലും കാരണത്താല്‍ ഗര്‍ഭാപാത്രത്തിനുണ്ടാകുന്ന തകരാര്‍ വന്ധ്യതയുണ്ടാക്കാവുന്ന മറ്റൊരു പ്രധാന കാരണമാണ്. ബീജ സംയോഗത്തിന് ശേഷം അണ്ഡം ഗര്‍ഭപാത്രത്തിലേക്കാണ് എത്തിച്ചേരേണ്ടത്. എന്നാല്‍ ഗര്‍ഭപാത്രത്തിനുണ്ടാകുന്ന തകരാറുകള്‍ സ്വാഭാവിക ഗര്‍ഭധാരണത്തെ തടസപ്പെടുത്തും.  ലൈംഗീക അവയവത്തിനോ അല്ലെങ്കില്‍ അതിനടുത്തായോ ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍ ഒരു പക്ഷെ ഇതും ഗര്‍ഭധാരണത്തിന് തടസമാകാറുണ്ട്

ഗര്‍ഭാശയ മുഴ
പ്രായഭേദമന്യേ ഇന്ന് പല സ്ത്രീകളിലും കാണപ്പെടുന്ന പ്രശ്‌നമാണ് ഗര്‍ഭാശയ മുഴ. പലപ്പോഴും പാരമ്പര്യമായി സ്ത്രീകളില്‍ ഗര്‍ഭാശയ മുഴ കാണപ്പെടുന്നുണ്ടെങ്കിലും തുടക്കത്തില്‍ തന്നെ ഇത് കണ്ടെത്തുകയെന്നതാണ് വന്ധ്യത പിടിപെടാതിരിക്കാനുള്ള പ്രധാന മാര്‍ഗം. ഗര്‍ഭാശയ ഭിത്തിക്കുള്ളിലും, പുറത്തും ഗര്‍ഭാശയ മുഴയുണ്ടാകാറുണ്ട്. ഇത് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെങ്കിലും പലപ്പോഴും ഗര്‍ഭധാരണത്തിനും തടസമാകാറുണ്ട്.

ചികിത്സാരീതി
ലൈംഗിക അവയവ പരിശോധന, ഹോര്‍മോണ്‍ പരിശോധന, അണ്ഡ വിസര്‍ജന പരിശോധന എന്നിവയാണ് വന്ധ്യതാ ചികിത്സയിലെ ആദ്യ ഘട്ട ചികിത്സാ രീതി. യോനിയിലൂടെ ഗര്‍ഭാശയത്തിലേക്ക് റേഡിയോഗ്രാഫിക് കോണ്‍ട്രാസ്റ്റ് എന്ന ഒരു ഡൈ കുത്തിവെച്ചുള്ള ഹിസ്റ്ററോസാല്‍ പിന്‍ജോഗ്രാഫി എന്ന ചികിത്സയും ആവശ്യമായവര്‍ക്ക് നിര്‍ദേശിക്കാറുണ്ട്.

ചിലര്‍ക്ക് ലാപ്പറോസ്‌കോപ്പി ശസ്ത്രക്രിയയും നടത്തും. ഗര്‍ഭാശയം, അണ്ഡവാഹിനിക്കുഴല്‍, അണ്ഡാശയങ്ങള്‍ എന്നിവയെ അടിവയറിലൂടെ കടത്തുന്ന ഉപകരണം കൊണ്ടുള്ള പരിശോധനയാണ് ലാപ്പറോസ്‌കോപ്പി പരിശോധന. അറ്റത്ത് ചെറിയൊരു ക്യാമറ ഘടിപ്പിച്ച ഈ ഉപകരണം അകത്തേക്ക് കടത്തിയാണ് പരിശോധന ടത്തുന്നത്. ഇതിലൂടെ വയറിന്റെ ഉള്‍ഭാഗം നിരീക്ഷിക്കാനും ചെറിയ ശസ്ത്രക്രിയകള്‍ നടത്താനും പരിശോധനയ്ക്കായി സാംപിളുകള്‍ എടുക്കാനും കഴിയും. 

പ്രതിരോധം എങ്ങനെ

  • ക്രമം തെറ്റിയ ആര്‍ത്തവവും അമിത ആര്‍ത്തവും തുടക്കത്തില്‍ തന്നെ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കൗമാരകാലത്താണ് രോഗത്തിന്റെ ആരംഭം എന്നത് കൊണ്ടു തന്നെ പ്രശ്‌നങ്ങളെ സ്വയം പ്രതിരോധിക്കാതെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടാം.
  • എക്‌സറെ വന്ധ്യതയ്ക്ക് കാരണമാകാമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ എക്‌സറെ എടുക്കുമ്പോള്‍ അപകടമല്ലാത്ത തരത്തിലാണെന്ന് ഉറപ്പ് വരുത്തണം.
  • വിവാഹപൂര്‍വ്വ ബന്ധങ്ങളും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇത് പല ലൈംഗിക രോഗങ്ങള്‍ക്കും കാരണമാവുന്നുണ്ട്.
  • 22-25 വയസിനുള്ളില്‍ ആദ്യ ഗര്‍ഭധാരണം ഉണ്ടാവണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 35 വയസിന് മുകളിലുള്ള ഗര്‍ഭധാരണം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും
  •  ഗര്‍ഭപാത്ര ശസ്ത്രക്രിയ, അപ്പന്‍ഡിസൈറ്റിസ് രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ എന്നിവ അപകടമില്ലാതെയാണെന്ന് ഉറപ്പ് വരുത്തണം.