* 2016-17ല്‍ 132 അമ്മമാര്‍ക്ക് ജീവന്‍ നഷ്ടമായി

* ശിശുമരണനിരക്ക് ആയിരത്തിന് ആറ്
തിരുവനന്തപുരം:
ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് പ്രസവശസ്ത്രക്രിയാ നിരക്ക് വീണ്ടും കുതിച്ചുയരുന്നു. സിസേറിയന്‍ പരമാവധി കുറയ്ക്കാന്‍ ആരോഗ്യവകുപ്പ് കഠിനശ്രമം നടത്തുന്നതിനിടെയാണിത്.

സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. 58.86 ശതമാനം. ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിലും 50 ശതമാനത്തിനു മുകളിലാണ്. മറ്റ് അഞ്ചുജില്ലകളില്‍ 40 ശതമാനത്തിന് മുകളിലും. സംസ്ഥാനത്തെ ശരാശരി നിരക്ക് 41.29 ശതമാനവും.

സിസേറിയന്‍ നിരക്ക് 50 ശതമാനത്തിനു മുകളിലാകുന്നത് ജാഗ്രതയോടെയാണ് സര്‍ക്കാര്‍ വീക്ഷിക്കുന്നത്. 10-15 ശതമാനമാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദിഷ്ട നിരക്ക്. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാകുന്നതടക്കം ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ സിസേറിയന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആരോഗ്യമന്ത്രാലയവും സിസേറന്‍ കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 132 മാതൃമരണങ്ങള്‍

2016-17 കാലയളവില്‍ സംസ്ഥാനത്ത് 132 അമ്മമാര്‍ക്ക് പ്രസവത്തിനിടെ ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് മാതൃമരണനിരക്ക് 2020-ല്‍ (ഒരു ലക്ഷത്തിന്) മുപ്പതും 2030-ല്‍ ഇരുപതിലും എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേന്ദ്രസര്‍ക്കാരിന്റെ 2013-ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ നിരക്ക് 61 ആണ്. ഇപ്പോഴിത് 50 എത്തിയെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു. രണ്ടു മരണം മാത്രമുള്ള പത്തനംതിട്ട ജില്ലയിലാണ് കഴിഞ്ഞ വര്‍ഷം മാതൃമരണം കുറവ്. 22 മരണവുമായി മലപ്പുറം മുന്നിലും.സിസേറിയന്‍, മാതൃമരണ, ശിശുമരണ കണക്കുകള്‍

ജില്ല സിസേറിയന്‍ (ശതമാനത്തില്‍) മാതൃമരണം (2016-17ലെ എണ്ണം) ശിശുമരണം (ആയിരത്തിന്)

ആലപ്പുഴ 52.44 8 7

എറണാകുളം 53.64 6 3

ഇടുക്കി 50.72 6 8

കണ്ണൂര്‍ 42.59 14 4

കാസര്‍കോട് 25.24 8 10

കൊല്ലം 55.59 6 6

കോട്ടയം 46.23 8 5

കോഴിക്കോട് 38.05 7 4

മലപ്പുറം 30.64 22 6

പാലക്കാട് 34.58 18 6

പത്തനംതിട്ട 58.86 2 3

തിരുവനന്തപുരം 45.46 13 6

തൃശ്ശൂര്‍ 42.91 10 5

വയനാട് 29.69 4 8

കേരളം 41.29 132 6

സിസേറിയന്‍ നിരക്ക് താഴ്ത്തിക്കൊണ്ടുവരാന്‍ നിര്‍ദേശമുണ്ടെങ്കിലും ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകളും മറ്റും കാരണം ചില ജില്ലകളില്‍ നിരക്ക് ഉയരുന്നുണ്ട്. ദേശീയ സര്‍വേകളുടെ വിലയിരുത്തല്‍ പ്രകാരം ശിശുമരണനിരക്ക് ആയിരത്തില്‍ ആറ് ആണ്. സംസ്ഥാനത്തെ സാഹചര്യം വ്യത്യസ്തമാണ്. 2020-ഓടെ ഒറ്റയക്കമായ എട്ടില്‍ പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. മാതൃമരണനിരക്ക് 2030-ഓടെ 20-ല്‍ എത്തിക്കാനും.

- ഡോ. ഉഷാകുമാരി

അഡീഷണല്‍ ഡയറക്ടര്‍ (ആരോഗ്യ കുടുംബക്ഷേമം)