തിളങ്ങുന്നതും പാടുകളില്ലാത്തതുമായ ചര്‍മ്മമാണ് ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രധാന ലക്ഷണമായി പറയുന്നത്. ക്രീമുകളും മരുന്നുകളുമല്ല ഇതിനുപയോഗിച്ചിരുന്നത്. വിശേഷമായ കുളിയായിരുന്നു അമ്മമാരുടെ ചര്‍മ്മസൗന്ദര്യത്തിന്റെ രഹസ്യം.

പ്രസവം കഴിഞ്ഞ് 15 ദിവസം വരെ 4, 7, 10, 13 ദിവസങ്ങളിലാണ് മുത്തശ്ശിമാര്‍ കുളി ഉപദേശിച്ചിരുന്നത്. 15-ാം നാള്‍ മുതല്‍ എന്നും കുളിയാവാം. കുളിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോള്‍ ചേര്‍ക്കുന്നത് ഇഞ്ച, മഞ്ഞള്‍, വാതക്കൊടി, പുല്ലാനി, തൊമരായം, ആവണക്ക് എന്നിവയാണ്. തിളച്ച വെള്ളത്തില്‍ നിന്ന് ഇവ ഊറ്റിയെടുത്ത് ശരീരം തേയ്ക്കണം.

വെന്ത മഞ്ഞള്‍ അരച്ച് ശരീരമാകെ തേച്ചതിനുശേഷമാണ് കുളിക്കേണ്ടത്. എന്നാല്‍ പ്രസവശേഷം പനിയൊ മറ്റ് രോഗങ്ങളൊ ഇല്ലെങ്കില്‍ ദിവസവും കുളിക്കണമെന്ന് ആയുര്‍വേദവും അലോപ്പതിയും നിര്‍ബന്ധിക്കുന്നുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ധന്വന്തരം കുഴമ്പ് തേച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുന്നത് ശരീരത്തിന് വഴക്കം നല്‍കും; നടുവേദനയുണ്ടെങ്കില്‍ ഭേദമാകും.