എനിക്ക് 26 വയസ്സുണ്ട്. ആദ്യ പ്രസവമാണ്. സിസേറിയനിലൂടെയാണ് പ്രസവം നടന്നത്. സിസേറിയനുശേഷം സാധാരണ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
സഫാന മുഹമ്മദലി, ആലുവസിസേറിയനിലൂടെ പ്രസവിക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികം വര്‍ധിച്ചിരിക്കുന്നു. 20-25% സ്ത്രീകള്‍ ഇന്ന് സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്കുന്നത്. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യസ്ഥിതി പ്രതികൂലമായി വരുന്ന സാഹചര്യങ്ങളിലാണ് സിസേറിയന്‍ വേണ്ടിവരുന്നത്.


സിസേറിയന് ശേഷം


സിസേറിയന് ശേഷം നല്കുന്ന പരിചരണം, ചികിത്സ, കരുതല്‍, പ്രസവരക്ഷ എന്നിവ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓപ്പറേഷന്‍ ചെയ്യേണ്ടിവരുന്ന സാഹചര്യം, അമ്മയുടെ ആരോഗ്യസ്ഥിതി, ഓപ്പറേഷന്‍ സമയത്തുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്നിവ അവയില്‍ പ്രധാനപ്പെട്ട ചിലതാണ്.

ഗര്‍ഭകാലത്തേക്കാളും അധികം ശ്രദ്ധയും പരിചരണവും അവശ്യം വേണ്ട ദിനങ്ങളാണ് പ്രസവശേഷമുള്ള കാലഘട്ടം. മുറിവു മൂലമുണ്ടാകുന്ന അതികഠിനമായ വേദന പലര്‍ക്കും താങ്ങാനാവാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്കിലും വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മുലപ്പാലിലൂടെ ഇത് കുഞ്ഞിന്റെ ശരീരത്തില്‍ എത്തുകയും നവജാതശിശുവിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ആദ്യത്തെ 12 മണിക്കൂറിനുശേഷം പതുക്കെ എണീറ്റ് നടക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍. ആദ്യം എണീക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടാം. അല്പം ശ്രദ്ധിച്ചാല്‍ മാത്രം മതി. ഏതെങ്കിലും വശത്തേക്ക് ചരിഞ്ഞ് എണീക്കുന്നതാണ് ഉത്തമം. അതുമൂലം തയ്യലിലുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനാവും. ചുമയ്ക്കുകയോ മറ്റോ ചെയ്യേണ്ടിവന്നാല്‍ തയ്യലിന്റെ ഭാഗത്ത് കൈകൊണ്ട് താങ്ങ് നല്കാവുന്നതാണ്. മൂന്നാം ദിവസം മുറിവിന്റെ പുറത്തുള്ള ഡ്രസിംഗ് മാറ്റിക്കഴിഞ്ഞാല്‍ കുളിക്കാം. വൃത്തിയുള്ള തുണിയുപയോഗിച്ച് തയ്യലിന്റെ ഭാഗത്തുള്ള ഈര്‍പ്പം തുടച്ച് ഉണക്കുകയും വേണം. ഉപ്പുവെള്ളം കൊണ്ട് മുറിവിന്റെ ഭാഗം കഴുകുന്നത് മുറിവുണങ്ങാന്‍ സഹായിക്കും.
ഓപ്പറേഷന് ശേഷം സാധാരണ പ്രസവശേഷമുള്ളതുപോലെ രക്തസ്രാവം ഉണ്ടാവാം. അതുകൊണ്ടുതന്നെ നല്ല വൃത്തിയും വെടിപ്പുമുള്ള തുണിയോ പാഡോ ഉപയോഗിക്കണം. 6 മണിക്കൂറിനിടയ്ക്ക് അത് മാറ്റുകയും വേണം.


ആഹാരക്രമം


ഓപ്പറേഷനുശേഷം ആദ്യത്തെ 12 മണിക്കൂറിനുശേഷം വെള്ളവും മറ്റു പാനീയങ്ങളും ഉപയോഗിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരമാവണം എന്നുമാത്രം. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ പിറ്റേ ദിവസം കട്ടി കുറഞ്ഞ ആഹാരം കഴിച്ചുതുടങ്ങാം. മൂന്നാം ദിവസം മുതല്‍ സാധാരണ ആഹാരം കഴിക്കാം. മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. ഗര്‍ഭകാലത്തു കഴിച്ചതുപോലുള്ള പോഷകമൂല്യമുള്ള ആഹാരം കഴിക്കണം. വെള്ളം ധാരാളം കുടിക്കണം. വെള്ളം കുടിക്കാതിരുന്നാല്‍ ദോഷങ്ങള്‍ പലതാണ്, പ്രത്യേകിച്ചും മൂത്രാശയരോഗങ്ങള്‍. വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ മൂത്രാശയത്തില്‍ പഴുപ്പും അതുമൂലം പനിയും മൂത്രമൊഴിക്കുമ്പോള്‍ വേദനയും മറ്റു പ്രശ്‌നങ്ങളുമുണ്ടാകുന്നു.

പ്രസവത്തിനുശേഷം എത്രയും നേരത്തേ മുലയൂട്ടുന്നുവോ അത്രയും നല്ലത്. ശരിയായ രീതിയിലും അളവിലും മുലപ്പാലുണ്ടാവാന്‍ നേരത്തേ തന്നെ കുഞ്ഞിനെ മുലയൂട്ടണം.

5-6 ദിവസങ്ങള്‍ക്കുള്ളില്‍ വയറിലുള്ള മുറിവുണങ്ങും. എന്നാലും ഗര്‍ഭപാത്രത്തിലുള്ള മുറിവുണങ്ങാന്‍ ആറ് ആഴ്ചയെങ്കിലും എടുക്കാം. അതുകൊണ്ട് ഈ സമയത്ത് ആയാസകരമായ ജോലിയില്‍ ഏര്‍പ്പെടുന്നത് നല്ലതല്ല.

രക്തം ഉണ്ടാവാനുള്ള അയണ്‍ ഗുളിക, കാത്സ്യം ഗുളിക എന്നിവയല്ലാതെ മറ്റൊന്നും കഴിക്കേണ്ട ആവശ്യമില്ല. മറ്റ് ആരോഗ്യപ്രശ്‌നമുള്ളവര്‍ ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള ഗുളികകള്‍ കഴിക്കണം. ആറാഴ്ച കഴിഞ്ഞശേഷം യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ കൂടി നിര്‍ബന്ധമായും ഡോക്ടറെ കാണണം. അടുത്ത ഗര്‍ഭധാരണം രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞിട്ടാകുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. അതുകൊണ്ടുതന്നെ യോജിച്ച ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വീകരിക്കണം.