പ്രസവശേഷം എത്രനാള്‍വരെ രക്തസ്രാവമുണ്ടാകാം. ഏതുതരം അടിവസ്ത്രങ്ങളാണ് ഉത്തമം. എന്നീ സംശയങ്ങള്‍ സ്വാഭാവികമാണ്. പ്രസവം കഴിഞ്ഞ് ഏതാനും ദിവസങ്ങളോളം രക്തസ്രാവം തുടര്‍ന്നുപോകാം. ദിവസം കഴിയുംതോറും രക്തത്തിന്റെ അളവും നിറവും കുറഞ്ഞുവരും. ക്രമേണ രക്തം കലര്‍ന്ന ദ്രാവകം പോലെയായി പിന്നെ നില്‍ക്കുകയും ചെയ്യും.

ചില സ്ത്രീകളില്‍ ആറാഴ്ചവരെ നേരിയതോതില്‍, ചെറിയ ചെറിയ രക്തസ്രാവം ഉണ്ടായെന്നുവരാം. ഈ പറഞ്ഞവയില്‍നിന്ന് വ്യത്യസ്തമായി തീര്‍ത്തും ചുവന്ന നിറത്തിലോ കട്ടയായോ കഷ്ണങ്ങളായോ രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. മറുപിള്ളയുടേയോ, കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന അമ്‌നിയോട്ടിക് സ്തരത്തിന്റേയോ അവശിഷ്ടങ്ങള്‍ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്നാലോ ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടായാലോ ഇങ്ങനെ അമിത രക്തസ്രാവം ഉണ്ടാകാം.