കുഞ്ഞിന്റെ പിറവിക്കായി നിങ്ങള്‍ കാത്തിരിക്കുകയാണ്. പ്രസവിക്കാനിരിക്കുന്ന കുഞ്ഞിനെ നമുക്ക് 'അച്ചു' വെന്ന് വിളിക്കാം. പുറംലോകം സ്വപ്‌നംകണ്ട് ഗര്‍ഭപാത്രത്തിനകത്ത് കഴിയുകയാണ് അവനിപ്പോള്‍.... പ്രസവത്തിന്റെ ഒരോ ഘട്ടത്തിലും അച്ചു നേരിടുന്ന നിമിഷങ്ങള്‍ എങ്ങനെയാണെന്ന് അനുഭവിച്ചറിയാം. പ്രസവിക്കാനിരിക്കുന്ന ഓരോ അമ്മമാരും ഈ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടത് അനിവാര്യതയാണ്.....

ഒമ്പത് മാസവും ഏഴുദിവസവും, അതായത് 280 ദിവസങ്ങള്‍, അല്ലെങ്കില്‍ 40 ആഴ്ചയാണ് ഒരു കുഞ്ഞിന്റെ ഗര്‍ഭാശയ വാസക്കാലം. കണക്കുകൂട്ടിയ തിയതികളില്‍ത്തന്നെ ഭൂജാതരാകുന്നവര്‍ ചുരുക്കം. അച്ചുവിന്റെ കാര്യം തന്നെയെടുക്കാം. കണക്കുകൂട്ടിയ തിയതിയുടെ പത്തുനാള്‍ മുമ്പായിരുന്നു അവന്റെ ജനനം. വാസ്തവത്തില്‍ 38 ആഴ്ചയായപ്പോഴേക്കും അച്ചു പുറം ലോകത്തെത്താന്‍ റെഡിയായിരുന്നു. അവന്‍ മാത്രമല്ല, ആരോഗ്യമുള്ള ഏത് ഗര്‍ഭസ്ഥശിശുവും 38 ആഴ്ചയാകുമ്പോഴേക്കും ഗര്‍ഭസ്ഥവാസവും പുറംലോക വാസവും ഒരുപോലെ നേരിടാന്‍ പ്രാപ്തരാകുന്നുണ്ട്. അവരുടെ ശ്വാസകോശങ്ങള്‍ ശ്വാസോച്ഛ്വാസത്തിനും പ്രാണവായു സ്വീകരണത്തിനും പ്രാപ്തമായിക്കഴിഞ്ഞിരിക്കും. കരള്‍, വൃക്കകള്‍ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി.പുറത്തിറങ്ങാന്‍ തയ്യാര്‍


പ്രസവവേദന തുടങ്ങി. ഇനി അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തിറങ്ങിയാല്‍മാത്രം മതി. അതെങ്ങനെയാണ് തുടങ്ങുകയെന്ന് അച്ചുവിനറിയില്ലായിരുന്നു അന്ന്. പ്രസവ വേദന തുടങ്ങി, ഗര്‍ഭപാത്രത്തില്‍നിന്ന് തലകീഴായി പുറത്തുവരുന്നതുവരെയുള്ള ആ മണിക്കൂറുകള്‍ തനിക്ക് വളരെ നിര്‍ണായകമായ, എപ്പോള്‍ വേണമെങ്കിലും അപകടം വന്നുപെടാവുന്ന മണിക്കൂറുകളാണെന്നും അച്ചുവിനറിയില്ലായിരുന്നു.

പ്രസവത്തോടനുബന്ധിച്ച് മറുപിള്ളയും (placenta) അനുബന്ധാവയവങ്ങളും കൂടുതലായി ഉല്പാദിപ്പിച്ച ഈസ്ട്രജന്‍ (estrogen), പ്രോസ്റ്റാഗ്ലാന്റിന്‍ (prostaglandin) എന്നീ ഹോര്‍മോണുകളും അമ്മയുടെ പിറ്റിയൂറ്ററി ഗ്രന്ഥി പുറപ്പെടുവിച്ച ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണുമാണ് പ്രസവ സമയത്തെ മാംസപേശികളുടെ വേദനയോടുകൂടിയ സങ്കോച വികാസങ്ങള്‍ക്കു കാരണമായത്. അച്ചുവിന്റെ തന്നെ അഡ്രിനല്‍ഗ്രന്ഥി ഉല്പാദിപ്പിച്ച സ്റ്റിറോയ്ഡ് ഹോര്‍മോണും ഇതിനെ ത്വരിതപ്പെടുത്തി എന്നത് അച്ചുവിന് അഭിമാനമേകി. തന്റെ ജനനത്തിന് താന്‍തന്നെ കാരണക്കാരനാകുന്നു എന്ന അഭിമാനം.

ഗര്‍ഭപാത്രത്തില്‍ അച്ചുവിന്റെ വളര്‍ച്ച പൂര്‍ണ്ണതയോടടുത്തപ്പോള്‍ത്തന്നെ അച്ചുവിനൊന്നു മനസ്സിലായി. ഗര്‍ഭപാത്രത്തിനകത്ത് സൈ്വരവിഹാരത്തിനിനി ഇടംപോരാ. അതുകൊണ്ടുതന്നെ, പരിമിതമായ സ്ഥലത്തെ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന രീതിയില്‍ ഗര്‍ഭപാത്രത്തിന്റെ വീതികുറഞ്ഞ കീഴ്ഭാഗത്ത് തലയും വീതികൂടി മുകള്‍ ഭാഗത്ത് മറ്റ് ശരീരഭാഗങ്ങളും ഒതുക്കിവെച്ചാണ് അച്ചു പ്രസവം കാത്തു കിടന്നത്. 95 ശതമാനം കുഞ്ഞുങ്ങളും ഇങ്ങനെ തന്നെയാണ് ഭൂമിലേയ്ക്ക് ആനയിക്കപ്പെടാറ്. അമ്മയുടെ ഇടുപ്പെല്ലുകള്‍ക്കകത്ത് കുഞ്ഞിന് താഴ്ന്നുവരാനുള്ള വിസ്താരം ആവശ്യത്തിനുണ്ടായിരിക്കുകയും കുഞ്ഞ് താഴോട്ടിറങ്ങുന്നതിനനുസരിച്ച് ഗര്‍ഭാശയ മുഖം വികസിക്കുകയും ചെയ്താല്‍ കുഞ്ഞിന്റെ പ്രയാണം സുഗമമാകും. അച്ചു ഇക്കാര്യത്തില്‍ ഭാഗ്യവാനായിരുന്നു.


പ്രയാണം തുടങ്ങുന്നു


എങ്ങനെയാണ് അമ്മയ്ക്കു പ്രസവവേദന തുടങ്ങിയപ്പോള്‍ തന്റെ താഴോട്ടുള്ള പ്രയാണം ആരംഭിച്ചതെന്ന് അച്ചുവിന്റെ അനുഭവങ്ങളില്‍ത്തന്നെ തിരയട്ടെ. ഗര്‍ഭപാത്രത്തിന്റെ ആവരണ മാംസപേശികളുടെ വേദനയോടുകൂടിയ സങ്കോച വികാസങ്ങളാണ് പ്രസവ വേദനയായി അച്ചുവിന്റെ അമ്മയ്ക്കനുഭവപ്പെട്ടത് എന്നുപറഞ്ഞുവല്ലോ. ഗര്‍ഭപാത്രത്തിന്റെ മാംസപേശികള്‍ ശരീരത്തിലെ മറ്റു മാംസപേശികളെപ്പോലെയല്ലാതെ, ഓരോ സങ്കോച (contraction) ശേഷവും വികാസത്തിന് (relaxation) പകരം ചുരുങ്ങല്‍ (retraction) എന്ന പരിണാമത്തിന് വിധേയമാകുന്നത്. അതായത് സങ്കോചത്തിനു മുമ്പുള്ളതിനേക്കാള്‍ നീളക്കുറവ്, ഒരോ സങ്കോചശേഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ഒരോ സങ്കോച ശേഷവും ഗര്‍ഭപാത്രത്തിന്റെ മുകള്‍ഭാഗത്ത് അച്ചുവിനെ ഉള്‍ക്കൊള്ളാനുള്ള വിസ്താരം കുറഞ്ഞുവരികയും അങ്ങനെ അവന്‍ താഴേയ്ക്കിറങ്ങിവരാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. ഗര്‍ഭപാത്രത്തിന്റെ താഴപ്പാതി ഈ സമയത്ത് വളരെയധികം വികസിച്ച് വിസ്താരമുള്ളതായിത്തീരുകയും ചെയ്തത് അച്ചുവിന്റെ പ്രയാണം സുഗമമാക്കി. അങ്ങനെ ഒരോ സങ്കോചവികാസങ്ങള്‍ക്കു ശേഷവും അച്ചു ഇടുപ്പെല്ലിനകത്തേക്കും അങ്ങനെ അവസാനം യോനീമാര്‍ഗം പുറത്തേക്കും ആനയിക്കപ്പെടുകയാണുണ്ടായത്.

പ്രസവ വേദന തുടങ്ങി, ഗര്‍ഭാശയമുഖം പൂര്‍ണമായി തുറന്ന്, അച്ചു പുറത്തേയ്ക്കുവരാന്‍ തുടങ്ങുന്നതുവരെയുള്ള ഘട്ടത്തെ പ്രസവത്തിന്റെ ആദ്യഘട്ടം എന്ന് പ്രസവരോഗ വിദഗ്ദര്‍ വിളിക്കുന്നു.

അച്ചുവിന്റെ തല മുതല്‍ പൂര്‍ണ ശരീരഭാഗങ്ങളും ഘട്ടംഘട്ടമായി വളരെ ആസുത്രിതമായ ചലനങ്ങളോടെ പുറത്തുവന്നു കഴിയുന്നതുവരെയുള്ള ഘട്ടത്തെയാണ് പ്രസവത്തിന്റെ രണ്ടാംഘട്ടം എന്നു വിളിക്കുന്നത്. ഒരു ഡോക്ടറുടെ, അല്ലെങ്കില്‍ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകയുടെ സാന്നിധ്യവും കൂടുതല്‍ ആവശ്യമുള്ള ഘട്ടമാണിതെന്നു പറയാം. കുഞ്ഞിനും അമ്മയ്ക്കും പ്രസവസമത്തുണ്ടായേക്കാവുന്ന അപകടങ്ങളും മുറിവുകളും വളരെയേറെ കുറയ്ക്കാന്‍ അനുഭവ സമ്പന്നരായ ഇവരുടെ സാന്നിധ്യം സഹായിക്കും. അച്ചു അക്കാര്യത്തിലും ഭാഗ്യവാന്‍ തന്നെയായിരുന്നു.


ആദ്യത്തെ കരച്ചില്‍

പുറത്തുവന്നയുടനെ അച്ചു ശ്വാസം നീട്ടിയെടുക്കുകയും പിന്നെ ഉച്ചത്തില്‍ കരയുകയും ചെയ്തല്ലോ. ആരോഗ്യമുള്ള, പ്രസവസമയത്ത് അപകടങ്ങളൊന്നും സംഭവിക്കാത്ത ഏതു കുഞ്ഞും ഇങ്ങനെത്തന്നെ ചെയ്യും. പക്ഷേ ചുരുക്കം ചിലര്‍ ഇക്കാര്യത്തില്‍ നിര്‍ഭാഗ്യവാന്മാരായിരിക്കും. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളും വളരെയധികം വളര്‍ച്ചക്കുറവുള്ളവരും പ്രമേഹ ബാധിതരായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും ജന്മവൈകല്യങ്ങളുള്ള ഹതഭാഗ്യരും പിറന്ന ഉടനെ ശരിയായി ശ്വാസോച്ഛ്വാസം തുടങ്ങിയില്ലെന്നുവരാം. പൊക്കിള്‍ക്കൊടി വേര്‍പ്പെട്ട് അമ്മയില്‍നിന്നുള്ള പ്രാണവായു ലഭ്യതയും നിലച്ചുപോയ കുഞ്ഞിന് തന്റെ ശ്വാസകോശത്തിന്റെ ഈ അമാന്തം അപകടത്തിലേയ്ക്ക്, മരണത്തിലേയ്ക്കുതന്നെയുള്ള ചവിട്ടുപടിയാകാം.


മറുപിള്ളയും പുറത്തേക്ക്


അച്ചു പിറന്നു കഴിഞ്ഞു. എന്നിട്ടും അവന്റെ അമ്മയെ സംബന്ധിച്ച് പ്രസവം പൂര്‍ണമായിട്ടില്ല. പ്രസവത്തിന്റെ മുന്നാംഘട്ടം, ഒരു പക്ഷേ കൂടുതല്‍ അപകടമുണ്ടാക്കാവുന്ന ഘട്ടം കഴിയാനിരിക്കുന്നതേയുള്ളൂ. അച്ചുവിന് അമ്മയില്‍നിന്ന് പ്രാണവായുവും പോഷകങ്ങളും ഇത്രകാലം നല്‍കിക്കൊണ്ടിരുന്ന മറുപിള്ള (placenta) തന്റെ കലാപരിപാടികള്‍ അവസാനിപ്പിച്ച് കര്‍ട്ടനഴിച്ച് പുറപ്പെടാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. അതിന് മുന്നോടിയായി പ്ലാസന്റ ഗര്‍ഭപാത്രഭിത്തിയില്‍നിന്ന് പതുക്കെ അടര്‍ന്നുപോരുന്ന അമ്‌നിയോട്ടിക് സ്തരം (amniotic membrane) എന്ന ലോലമായ കര്‍ട്ടന്‍പോലെയുള്ള പാളിയുമായി അത് താഴോട്ടിറങ്ങുകയായി. അച്ചുവന്ന വഴിയേതന്നെ. പ്രശ്‌നം അവിടെയല്ല. അമ്മയില്‍നിന്ന് ഒട്ടനവധി രക്തക്കുഴലുകള്‍ പ്ലാസന്റയിലേയ്ക്ക് രക്തവാഹിനികളായി ഉണ്ടായിരുന്നു. പ്ലാസന്റയില്‍വെച്ചാണ് അമ്മയുടേയും കുഞ്ഞിന്റേയും രക്തം ഒരു ലോലഭിത്തിയുടെ അപ്പുറവും ഇപ്പുറവുമായിനിന്ന് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നത്. ഈ രക്തക്കുഴലുകള്‍, പ്ലാസന്റ അടര്‍ന്നുപോരുന്നതോടെ ഗര്‍ഭപാത്രത്തിലേയ്ക്ക് നേരിട്ട് തുറക്കുന്ന രൂപത്തിലായിപ്പോകുന്നു. പ്ലാസന്റ അടര്‍ന്നുപോന്ന ഉടനെയുള്ള രക്തസ്രാവത്തിന് ഇതാണ് കാരണം.

അവയെ വളരെ വേഗം തന്നെ അടച്ചുകളഞ്ഞില്ലെങ്കില്‍ അമ്മയുടെ ശരീരത്തില്‍നിന്ന് നഷ്ടപ്പെടുക ജീവന്റെ തുള്ളികളാണ്. കൈയിലോ കാലിലോ ചെറിയ മുറിവുണ്ടായാല്‍ രക്തസ്രാവം നിലക്കുന്നത് ചെറിയ രക്തക്കുഴലുകള്‍ക്കകത്ത് രക്തം കട്ടപിടിക്കുന്ന പ്രകൃതിയുടെ രക്ഷാമാര്‍ഗം മുലമാണെന്നറിയാമല്ലോ. പക്ഷേ, ഇവിടെ രക്തക്കുഴലുകള്‍ സമാന്യം വലിയവതന്നെയാണ്. രക്തംകട്ടപിടിച്ച് അവ അടഞ്ഞുപോകാന്‍ സമയമേറെയെടുക്കും. പിന്നെയെന്താണ് വഴി ?

ചിന്തിച്ച് തലപുണ്ണാക്കേണ്ട. നിങ്ങള്‍ ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും ആ രക്തക്കുഴലുകള്‍ അതാ, വലിച്ചുകെട്ടിയപോലെ അടഞ്ഞുപോയിരിക്കുന്നു! ജീവനുള്ള കെട്ടുകള്‍(Living ligatuers) ആ തുറന്ന രക്തക്കുഴലുകള്‍ക്കുമേല്‍ വിണുകഴിഞ്ഞിരിക്കുന്നു. ഗര്‍ഭപാത്രത്തില്‍ തലങ്ങും വിലങ്ങുമായി സംവിധാനംചെയ്തിരിക്കുന്ന മാംസപേശികളുടെ ശക്തമായ സങ്കോചം മൂലം അവയ്ക്കിടയില്‍ക്കൂടി പ്ലാസന്റയിലേയ്ക്കു ഗമിപ്പിക്കുന്ന രക്തക്കുഴലുകളെല്ലാം കെട്ടപ്പെട്ടുപോയിരിക്കുന്നു! അങ്ങനെ അച്ചുവിന്റെ അമ്മയ്ക്ക് പ്രസവത്തോടനുബന്ധിച്ചുണ്ടായ രക്തസ്രാവവും പരിമിതമായിരുന്നു. പ്രസവ സമയത്ത് യോനിയുടെ വിസ്താരം വര്‍ധിപ്പിച്ച് അച്ചുവിന്റെ നിര്‍ഗമനം സുഗമമാക്കാന്‍ ഡോക്ടര്‍മാര്‍ ഉണ്ടാക്കയി മുറിവ് (episiotomy) കൂടി തുന്നിക്കഴിഞ്ഞതോടെ അച്ചുവിന്റെ അമ്മയ്ക്ക് വിശ്രമിക്കാനും അച്ചുവിനെ മുലയൂട്ടാനുമുള്ള സമയമായി. ഇനി അച്ചുവിനും അമ്മയ്ക്കും കൂട്ടുകൂടാനുള്ള സമയമായി.