പ്രസവം കാത്ത് രോഗിയെപ്പോലെ കിടന്ന കാലം മാറി. ചിട്ടയായ വ്യായാമം, കലോറി കണക്കാക്കിയുള്ള ഭക്ഷണം, എന്തിനേറെ ഗര്‍ഭിണികള്‍ക്ക് പ്രത്യേക ഫാഷന്‍ വസ്ത്രങ്ങള്‍ വരെ വന്നുകഴിഞ്ഞു...കൊച്ചിയുടെ തിരക്കുകളില്‍ നിന്നകലെ പനമ്പിള്ളി നഗറിന്റെ സ്വസ്ഥമായ അന്തരീക്ഷത്തില്‍, റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു വീട്, 'ബര്‍ത്ത് വില്ലേജ്'. ചുറ്റിലും പൂച്ചെടികള്‍.

സ്വീകരണമുറിയില്‍ കണ്ണിന് ഇമ്പമേകുന്ന സ്വര്‍ണനിറമുള്ള പുല്‍ കാര്‍പെറ്റ്. ചുവരില്‍ മാതൃത്വത്തിന്റെ മുഗ്ദ്ധഭാവങ്ങള്‍ നിറയുന്ന ചിത്രങ്ങള്‍... മുറികളിലൂടെ സംഗീതത്തിന്റെ നേരിയ വീചികള്‍ ഒഴുകിനടക്കുന്നു. 'എന്ന തപം ചെയ്‌വനേ... യശോദാ...' പാട്ടില്‍ ലയിച്ച് ഏതാനും ഗര്‍ഭിണികള്‍ കാര്‍പെറ്റില്‍ ഇരിപ്പുണ്ട്. ഇത് ഗര്‍ഭിണികളുടെ സങ്കേതമാണ്. പ്രസവം എന്ന കടുത്ത അനുഭവത്തെ എങ്ങനെ സൗന്ദര്യമുള്ള മുഹൂര്‍ത്തങ്ങളായി മാറ്റാമെന്ന് ഇവിടുത്തെ ക്ലാസുകളില്‍ പഠിപ്പിക്കുന്നു. യൂറോപ്പില്‍ രൂപം കൊണ്ട 'ലാമാസെ' എന്ന ചൈല്‍ഡ് ബെര്‍ത് ടെക്‌നിക്കുകളാണ് അടിസ്ഥാനം. ഒരു സര്‍ട്ടിഫൈഡ് ലാമാസെ പ്രാക്ടീഷണര്‍ ആയ പ്രിയങ്കാ ഇടിക്കുളയാണ് ബെര്‍ത് വില്ലേജിന്റെ സ്ഥാപകയും പരിശീലകയും.

മുകളിലത്തെ നിലയില്‍ നിന്നും സ്ത്രീകളുടെ ആഹ്ലാദം തുളുമ്പുന്ന ചിരികള്‍ സ്റ്റെയര്‍കെയ്‌സ് ഇറങ്ങിവന്നു. ദീപ, റിതു, സുബി, റേഷ്മ... ഗര്‍ഭകാലത്തിന്റെ നിര്‍വൃതി അവരുടെയെല്ലാം മുഖങ്ങളിലുണ്ട്. എല്ലാവരും ഭംഗിയുള്ള ഫാഷന്‍ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ''ഇവിടെ പലരും എത്തുന്നത് 'അയ്യോ, ഞാന്‍ ഗര്‍ഭിണിയാണ്. ഇതെങ്ങനെ കഴിച്ചുകൂട്ടും എന്നറിയില്ല' എന്ന മട്ടിലാണ്. ഇവിടെനിന്ന് ലഭിക്കുന്ന ക്ലാസുകളും പരിശീലനങ്ങളും അവരെ പോസിറ്റീവായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഗര്‍ഭം ഒരു രോഗാവസ്ഥയല്ല. സന്തോഷം നിറഞ്ഞ, പ്രതീക്ഷാഭരിതമായ കാത്തിരിപ്പിന്റെ കാലമാണത്,'' -പ്രിയങ്ക പറഞ്ഞു.ഗര്‍ഭസ്ഥശിശുവിന്റെ ആഴ്ചതോറുമുള്ള വിവരങ്ങള്‍ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക

കൈ കൊണ്ട് കഴിക്കാമോ?


അതായിരുന്നു അമ്മായിയമ്മയുടെ പ്രധാന സംശയം... മരുമകള്‍ക്ക് ഡോക്ടര്‍ ബെഡ്‌റെസ്റ്റ് പറഞ്ഞു. ഇപ്പോള്‍ ഏഴാം മാസം. ഡോക്ടര്‍ പ റഞ്ഞത് 'അക്ഷരംപ്രതി' അനുസരിച്ചതാണവര്‍. അതിനുശേഷം ഗര്‍ഭിണി സദാസമയവും കിടക്കയിലാണ്. ബാത്‌റൂമിലേക്ക് പോവാന്‍മാത്രം എഴുന്നേല്‍ക്കും. ഇപ്പോഴവര്‍ ചോദിക്കുന്നത് മരുമകള്‍ക്ക് ഭക്ഷണം കൈകൊണ്ട് വാരിക്കഴിക്കാമോ എന്നാണ്. ബെഡ്‌റെസ്റ്റ് എന്ന് പറഞ്ഞാല്‍ കഠിനാധ്വാനം ഒഴിവാക്കുക എന്നേ ഉദ്ദേശിക്കുന്നുള്ളൂ. സാധാരണ ചെയ്യാവുന്ന എല്ലാകാര്യങ്ങളും ഗര്‍ഭിണി ചെയ്യുകതന്നെ വേണം. ശരീരം അനങ്ങാതിരുന്നാല്‍ മറ്റു പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനാണിട.

ബര്‍ത് വില്ലേജില്‍ ഗര്‍ഭിണികള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ സ്റ്റോര്‍ മുകളിലത്തെ നിലയിലാണ്. ലിഫ്റ്റില്ല. പൂര്‍ണഗര്‍ഭിണികള്‍ ശ്രദ്ധയോടെ കോണി കയറുകയും ഇറങ്ങുകയും ചെയ്യും. ഇത് ശരീരത്തിന് ഊര്‍ജം നല്‍കും. പേശികള്‍ക്ക് ചലനം സാധ്യമാക്കും. കുഞ്ഞിന്റെ ചലനത്തിനും സഹായകമാണ്.

വെറും നിലത്ത് ഇരിക്കാന്‍ പൊതുവെ എല്ലാവര്‍ക്കും മടിതന്നെ. ഗര്‍ഭിണിയായാല്‍ പിന്നെ കസേര വിട്ടൊരു കളിയേയില്ല. തറയില്‍ പായയോ കാര്‍പെറ്റോ വിരിച്ച് അതില്‍ ഇരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കുറച്ചധികം നേരം ഇരിക്കുമ്പോള്‍ ഇടയ്ക്ക് ഇരിപ്പിന്റെ പൊസിഷന്‍ മാറ്റണമെന്ന് മാത്രം. ഏറ്റവും നല്ലരീതി ചമ്രം പടിഞ്ഞുള്ള ഇരിപ്പാണ്. മുന്നോട്ട് അല്പം ചാഞ്ഞ് ഇരിക്കുക. ''ദിവസം രണ്ട് മണിക്കൂറാണ് ക്ലാസുകള്‍. ഗര്‍ഭാവസ്ഥ, പ്രസവം, കുഞ്ഞിനെ വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളാണ് ക്ലാസിലെ വിഷയങ്ങള്‍. '' പ്രിയങ്ക പറയുന്നു.


വ്യായാമം, ധ്യാനം


ഗര്‍ഭിണികളെ വീടിന് പുറത്ത് വിടാന്‍ പലര്‍ക്കും ഭയമാണ്. സത്യത്തില്‍ എന്നും പ്രഭാതത്തില്‍ കുറച്ച് ദൂരം നടക്കുന്നത് വളരെ നല്ലതാണ്. രാവിലത്തെ ഇളംചൂടുള്ള സൂര്യപ്രകാശം ഗര്‍ഭിണിയുടെ വയറില്‍ പതിക്കുന്നത് ആരോഗ്യകരംതന്നെ. ശരീരത്തിനാവശ്യമായ പല ധാതുക്കളും സൂര്യപ്രകാശത്തിലുണ്ട്. വൈകീട്ടോ രാവിലെയോ കുറച്ച് സമയം ധ്യാനം (മെഡിറ്റേഷന്‍) ശീലിക്കുന്നതും വളരെ ഗുണം ചെയ്യും. സ്വസ്ഥമായ ഒരു മുറിയില്‍, നല്ല വെളിച്ചവും ശുദ്ധവായുവുമുള്ള അന്തരീക്ഷത്തില്‍ കുറച്ച് നേരം ഏകാഗ്രമായിരിക്കുക. പോസിറ്റീവായി ചിന്തിക്കുക. ഗര്‍ഭത്തിലെ കുഞ്ഞിനോട് സംസാരിക്കുന്നത് പോലെയിരിക്കും ഈ അനുഭവം. നല്ല ശാന്തമായ സംഗീതം കേട്ടിരിക്കുന്നതും നല്ലത്.

ഗര്‍ഭിണി അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കണം എന്ന് പഴമക്കാര്‍ പറയും. സത്യമാണ്. രുചി തോന്നുന്നതുതന്നെ കഴിക്കാം. പക്ഷേ, വലിയ അളവില്‍ വാരി വലിച്ച് കഴിച്ചാല്‍ തടി കൂടും. ഷുഗര്‍, ബി.പി., കൊളസ്‌ട്രോള്‍പോലുള്ള അനുബന്ധരോഗങ്ങളും പിടിപെടും. ചിലര്‍ക്ക് മത്സ്യം തീരെ കഴിക്കാന്‍ സാധിക്കില്ല. അപ്പോള്‍ ആ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഇഷ്ടമുള്ളത് കഴിക്കാം എന്ന് കരുതി മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കേണ്ട. പ്രമേഹസാധ്യതതന്നെ പ്രശ്‌നം. ഒരു കലോറിചാര്‍ട്ട് ഉണ്ടാക്കി നിത്യഭക്ഷണം ക്രമീകരിക്കുകയാണ് നല്ല വഴി.

നാടന്‍ഭക്ഷണം, വീട്ടില്‍തന്നെ ഉണ്ടാക്കുന്ന വിഭവങ്ങള്‍തന്നെ കഴിക്കുക. ചൈനീസ് ഫുഡ് തീര്‍ത്തും ഒഴിവാക്കണം. വെള്ളം ധാരാളം കുടിക്കണം. ദിവസം 8-12 ഗ്ലാസ് എന്ന തോതില്‍. വെള്ളം ശരിക്ക് ശരീരത്തിലെത്താത്തതിനാലാണ് ചിലര്‍ക്ക് എപ്പോഴും തലവേദന വരുന്നത്.
വീട്ടില്‍ വെറുതെ കിടന്ന് കഴിച്ചുകൂട്ടുന്നത് തടി കൂട്ടും, അലസത വര്‍ധിപ്പിക്കും. എന്തിലെങ്കിലും മുഴുകുന്നതാണ് ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിനും നല്ലത്. ''ഒരിക്കല്‍ ഒരു ഗര്‍ഭിണി പറഞ്ഞു; 'ഞാന്‍ നല്ലോണം പഠിക്കുമായിരുന്നു' എന്ന്. ഏതെങ്കിലും ഒരു പുതിയ ഭാഷ പഠിക്കാന്‍ ഞാനവരോട് നിര്‍ദേശിച്ചു. ഗര്‍ഭകാലത്ത് അവര്‍ ജര്‍മന്‍ഭാഷ പഠിച്ചുതുടങ്ങി. പിന്നീട് കാണുമ്പോഴെല്ലാം ഉത്സാഹഭരിതയായിരുന്നു അവര്‍. തലച്ചോറ് ചടുലമായി പ്രവര്‍ത്തിച്ചതിന്റെ ഫലം. പഠിക്കുമ്പോള്‍ തലച്ചോറ് സജീവമാവുകയാണല്ലോ''- പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇഷ്ടമുള്ള ഏതെങ്കിലും ഹോബി തെരഞ്ഞെടുക്കുക. വരയ്ക്കാനാണ് ഇഷ്ടമെങ്കില്‍ പെയിന്റിങ്ങോ ഡ്രോയിങ്ങോ ചെയ്യുക. തുന്നല്‍, കൗതുകവസ്തുനിര്‍മാണം, എഴുത്ത് എന്നിങ്ങനെ.


പേടി വേണ്ടേ വേണ്ട


ഗര്‍ഭിണിയായാല്‍ പിന്നെ പ്രസവത്തെക്കുറിച്ചാണ് പേടി മുഴുവനും. പ്രസവവേദനയെക്കുറിച്ചും മറ്റും. ഭയത്തെ ഇല്ലാതാക്കാനുള്ള നല്ല വഴി ഭയപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുകയാണ്. പ്രസവത്തിന്റെ വിവിധ വശങ്ങള്‍, ശസ്ത്രക്രിയ ഉണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍, ലേബര്‍ റൂമിലെ ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

പ്രസവവേദന വരുന്നതും കാത്തിരിക്കരുത്. പലരും ഉത്കണ്ഠാകുലരായി കിടക്കുകയാണ് പതിവ്. മറ്റുള്ളവരോട് സംസാരിക്കുകയും മുറിയില്‍ നടക്കുകയും ചെയ്യണം. ഇത് പ്രസവവേദന എളുപ്പം വരാന്‍ സഹായിക്കും. ലേബര്‍ റൂമില്‍ ഭര്‍ത്താവും ഉണ്ടാവുന്നത് ഇപ്പോള്‍ സാധാരണമാണ്. അത് സ്ത്രീക്ക് മാനസികപിന്തുണ നല്‍കും.

ഗര്‍ഭകാലത്ത് സ്ത്രീക്ക് സന്തോഷം നല്‍കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭര്‍ത്താവിന്റെ ശ്രദ്ധയും പരിചരണവും അവര്‍ പ്രത്യേകം ആഗ്രഹിക്കുന്ന സമയമാണിത്.


പ്രഗ്‌നന്‍സി ഫാഷന്‍


സ്റ്റൈലിഷ് ആയ വസ്ത്രധാരണം ഗര്‍ഭകാലത്തും സാധിക്കും. നല്ല ഷെയ്പ്പുള്ള കുര്‍ത്തകളും ടോപ്പുകളും ട്യൂണിക്കുകളും ഗര്‍ഭിണികള്‍ക്ക് ഉപയോഗിക്കാം. വയറില്‍ മുറുകാതെ നില്‍ക്കുന്ന സ്‌ട്രെച്ച് ജീന്‍സ് നല്ലത്. ഒഴുകിക്കിടക്കുന്ന ജോര്‍ജറ്റ്, ഷിഫോണ്‍ തുണിത്തരങ്ങള്‍ ഭംഗി നല്‍കും. ശരീരത്തിന് സുഖകരം കോട്ടണ്‍, ബനിയന്‍ തുണിത്തരങ്ങളാണ്. പലതരം ഫ്രോക്കുകള്‍ പ്രെഗ്‌നന്‍സി ഫാഷനില്‍ വരുന്നു. ടോപ്പും ലെഗ്ഗിന്‍സും നല്ലത്.


വാട്ടര്‍ ബര്‍ത്ത് കേരളത്തിലും


കേരളത്തില്‍ പിറന്ന ആദ്യത്തെ 'വാട്ടര്‍ ബേബി' ആണ് ജാന്‍വി. മാവേലിക്കര സ്വദേശികളായ ഹണി-സോണി ദമ്പതികളുടെ കുഞ്ഞ്. കഴിഞ്ഞ ജനവരി എട്ടിന് എറണാകുളം പി.വി.എസ് ആശുപത്രിയില്‍ വാട്ടര്‍ബര്‍ത്തിലൂടെയാണ് ജാന്‍വി ജനിച്ചത്.

പലതരം പ്രസവ രീതികളില്‍ ഒന്നാണ് വാട്ടര്‍ ബര്‍ത്ത്. ശരീരോഷ്മാവിന് തുല്യമായ ചൂടില്‍ ശുദ്ധീകരിച്ച ജലം നിറച്ച ഒരു മിനി സ്വിമ്മിങ് പൂളിലാണ് പ്രസവം നടക്കുന്നത്. വെള്ളത്തില്‍ ഗര്‍ഭിണിയ്ക്ക് ഇഷ്ടംപോലെ ചലിയ്ക്കാന്‍ സാധിക്കുന്നു. തീരെ സ്ട്രസ്സ് ഇല്ലാതെ വരുന്നതിനാല്‍ പ്രസവം എളുപ്പമാവുന്നു. ഗര്‍ഭാവസ്ഥയില്‍ ഫ്ലയിഡിനകത്ത് കഴിയുന്നതിനാല്‍ ശിശുവിനും ജലത്തിലേക്കുള്ള പിറവി സുഖകരമാവുന്നു. ജനിച്ച ഉടന്‍ കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് മാറ്റുന്നു. വാട്ടര്‍ബര്‍ത്തിന് തയ്യാറെടുക്കുന്ന ഗര്‍ഭിണി ആരോഗ്യവതിയായിരിക്കണം എന്നത് പ്രധാനം. കൂടാതെ ഈ രീതിയില്‍ താത്പര്യവും വേണം, ഗൈനക്കോളജിസ്റ്റ് ഡോ. അഗത മോണിസ് പറയുന്നു. വിദഗ്ധരുടെ സഹായത്തോടെ നടക്കുന്ന വാട്ടര്‍ബര്‍ത്തിന് ചെലവ് 35,000 രൂപയ്ക്ക് മുകളിലാണ്.